
നോഹയുടെ രണ്ടാമത്തെ മകനാണ് ഹാം. ചൂടുള്ളത് എന്നാണ് ഈ പേരിന്റെ അര്‍ഥം. പേര് സൂചിപ്പിക്കുന്നതുപോലെ, ഹാമിന്റെ പിന്‍തലമുറ ജീവിച്ചി രുന്നത് ചൂടുകൂടിയ നാടുകളി ലായിരുന്നു. ഈജിപ്ത്യന്‍ ഭാഷയില്‍ 'കറുത്ത നിലം' എന്നാണ് ഹാമിന്റെ അര്‍ഥം. ഈജിപ്തിന്റെ പഴയ പേരും കറുത്ത നാട് എന്നായിരുന്നു.
പിതാവായ നോഹയോടും സ്വസഹോദരങ്ങളോടുംകൂടെ ജലപ്രളയത്തെ അതിജീവിച്ചവനാണ് ഹാം. എന്നിരിക്കിലും ബൈബിളില്‍ കുപ്രസിദ്ധനായ ഒരു കഥാപാത്രമാണ് ഹാം. പിതാവ് മദ്യപിച്ചു കിടക്കുന്നുവെന്ന് കളിയാക്കി പറയുകയും അവന്റെ നഗ്‌നത കാണുകയും ചെയ്തു എന്നത് അവന്റെ വലിയ പാപമായി കരുതപ്പെടുന്നു. അരമായ പാരമ്പര്യമനുസരിച്ച് മാതാപിതാക്കളുടെ നഗ്‌നത കാണുന്നത് വലിയ പാപമാണ്. അതിനാലാണ് ഷേമും യാഫെത്തും മുഖംതിരിച്ചുപിടിച്ചുവന്ന് തങ്ങളുടെ പിതാവിന്റെ നഗ്‌നത മറച്ചത് (Lev 18:7-19; 20:11-21). പഴയ ചില പാരമ്പര്യങ്ങളനുസരിച്ച്, അപ്പന്റെ മദ്യപാനത്തെക്കുറിച്ച് ആരോടെങ്കിലും പറയുന്നതും കുറ്റകരമായി കരുതിയിരുന്നു. ഈ രണ്ടു കാര്യങ്ങളും ഹാം വിലവച്ചില്ല എന്നതാണ് അവന്റെ കുറ്റമായി കരുതപ്പെടുന്നത്.
പതിനേഴ് പ്രാവശ്യം ഹാമിന്റെ പേര് ബൈബിള്‍ ഉദ്ധരിക്കുന്നുണ്ട്; അവന്റെ തലമുറകളുടെ പേരുകളാകട്ടെ നിരവധി പ്രാവശ്യവും. ഒരു മോശം ചിത്രമാണ് ഹാമിനെക്കുറിച്ചുള്ളതെങ്കിലും വലിയ ജനതതികളുടെ പിതാവാണ് അവന്‍. പാലസ്തീന്റെ തെക്കും, പടിഞ്ഞാറും ഭാഗങ്ങളും മറ്റു ചില രാജ്യങ്ങളും അവന്റെ പിന്‍തലമുറയുടേതാണ്. നാല് ആണ്‍മക്കളാണ് ഹാമിനുള്ളത്: കുഷ്, മീസ്രായീം, ഫുത്ത്, കാനാന്‍. കുഷ് വംശജര്‍ എത്തിയോപ്യയിലും, ഫുത്ത് വംശജര്‍ ലിബിയയിലും വസിക്കുന്നു. ഹീബ്രുവില്‍ ഈജിപ്റ്റിന്റെ പേര് മിസ്രായ്യിം എന്നാണ്. അതില്‍നിന്നും ഈജിപ്റ്റുകാര്‍ മീസ്രായീം വംശജരാണെന്ന് മനസിലാക്കാവുന്നതാണ്. കാനാന്റെ വംശജര്‍ പാലസ്തീനായിലും അധിവസിച്ചു. അവരില്‍നിന്നാണ് വാഗ്ദത്ത ദേശത്തിന്റെ ആദ്യ പേരായ കാനാന്‍ എന്ന പേര് ഉത്ഭവിച്ചത്.
ഹാം തന്നെ അപമാനിച്ചെന്ന് അറിഞ്ഞ നോഹ ശപിക്കുന്നത് ഹാമിന്റെ മകനായ കാനാനെയാണ് (ഏലി 9:2424). എന്തുകൊണ്ടാണ് അങ്ങനെയെന്നതിന് തൃപ്തികരമായ ഒരു ഉത്തരവും ആരും നല്‍കിയിട്ടില്ല. ചില യഹൂദ വിശദീകരണമനുസരിച്ച്, ഹാമല്ല, അവന്റെ മകന്‍ കാനാനാണ് മോശയെ അപമാനിച്ചത്. അതിനാലാണ് അവന്‍ ശപിക്കപ്പെട്ടത്. പക്ഷെ, പില്‍ക്കാലത്തു യഹൂദരും കാനാന്‍കാരുംതമ്മിലുള്ള ശത്രുതയുടെ ഫലമാകാം ആ ശാപം എന്ന് കരുതുന്നതാകാം കുറച്ചുകൂടി സ്വീകാര്യം.
ചില പണ്ഡിതന്മാര്‍, ഹാമിനെ അവന്റെ ചില പൂര്‍വ്വികരോട് താരതമ്മ്യം ചെയ്യുന്നുണ്ട്. ആദത്തിലൂടെ മരണം കടന്നുവന്നതുപോലെ ഹാമിന്റെ പാപത്തിലൂടെ (നോഹ ശപിച്ചതിന്‍പ്രതി) മനുഷ്യരുടെ ഇടയില്‍ അടിമത്തം കടന്നുവന്നു (ഏലി 9:25). കായേനെപ്പോലെ അവന്‍ സഹോദരരെയോ പിതാവിനെയോ സ്‌നേഹിക്കാത്തവനായി ജീവിച്ചു.
'കറുത്ത നിലം' എന്ന അര്‍ഥം ഹാമിന് ഉള്ളതുകൊണ്ട്, മധ്യയുഗത്തില്‍, ഹാമിനുവേണ്ടി അടിമത്വത്തിന്റെ ശാപം ഏറ്റുവാങ്ങിയ കാനാന്റെ മക്കളായി കരുതിക്കൊണ്ട് കറുത്തവര്‍ഗ്ഗക്കാരെ അടിമകളാക്കാന്‍ ഈ വചനം ദുരുപയോഗിച്ചു എന്നത് സങ്കടകരമായ ഒരു ചരിത്ര സത്യവുമാണ്.