വിശുദ്ധ കുര്‍ബാന: ജീവിതത്തിന്റെ കൂദാശ

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 'കൂദാശകള്‍': ഒരു പുനര്‍വായന [ഭാഗം 6] -
വിശുദ്ധ കുര്‍ബാന: ജീവിതത്തിന്റെ കൂദാശ
കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാനയുടെ കൗദാശികമായ മാനം, ദൈവശാസ്ത്ര ചരിത്രപശ്ചാത്തലം, ബലിയും വിരുന്നുമായ വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തു സാന്നിധ്യം, ശുദ്ധാശുദ്ധതയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള യഹൂദ വിരുന്നുകളുടെ പശ്ചാത്തലത്തില്‍ ക്രിസ്തുനാഥന്റെ വിരുന്നിന്റെ സവിശേഷത തുടങ്ങിയ വിഷയങ്ങളെല്ലാം കഴിഞ്ഞ രണ്ട് ലക്കങ്ങളിലൂടെ വിവരിക്കുകയുണ്ടായല്ലോ. വിശുദ്ധ കുര്‍ബാന ജന ജീവിതത്തിന്റെ കൂദാശയാണ്. വ്യക്തിപരവും സാമൂഹികപരവും സഭാപരവുമായ മാനങ്ങളെ സമന്വയിപ്പിക്കുന്ന കൂദാശയാണത്. നിത്യജീവിതത്തില്‍ നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവും പ്രതിവിധിയുമാണത്.
  • വിശ്വാസ ജീവിതത്തിന്റെ കൂദാശ

എന്തിനാണ് നാം എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നത്? ഈ ചോദ്യത്തിന് ഒരു ശരാശരി വിശ്വാസി നല്‍കുന്ന ഉത്തരം കടം ഉള്ളതുകൊണ്ട് എന്നാണ്. അതായത് സഭ നിയമം വഴി അനുശാ സിക്കുന്നതുകൊണ്ട്. എ ഡി 1215 ല്‍ ലാറ്ററന്‍ സൂനഹദോസിലാണ് ഇനി മുതല്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന കണ്ടില്ലെങ്കില്‍ കടം ഉണ്ടാകും എന്ന് സഭ ഔദ്യോഗികമായി പഠിപ്പിച്ചത്. അന്നുവരെ അത്തരം ഒരു നിയമം ഉണ്ടായിരുന്നില്ല. നീണ്ട 12 നൂറ്റാണ്ടുകള്‍ ജീവിച്ചിരുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലല്ലോ.

അപ്പോള്‍ സഭ ഇങ്ങനെ ഒരു നിഷ്ഠ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത് വിശുദ്ധ കുര്‍ബാനയെ ശരിയാം വിധം നാം അറിയുന്നില്ല എന്ന ആകുലതയില്‍ നിന്നുമാവണം. അറിയാത്തതിനെ നമുക്ക് സ്‌നേഹിക്കാനാവില്ല. സ്‌നേഹിക്കാത്തതിനെ സ്വന്തമാക്കാനാകില്ല. സ്വന്തമാക്കാത്തതിനെ പ്രാവര്‍ത്തികമാക്കുവാനുമാകില്ല.

നമ്മോടുള്ള സ്‌നേഹത്തെപ്രതി സകലതും അടിയറവച്ച് സ്വയം ഇല്ലാതായി സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ പൂര്‍ണ്ണതയായ ക്രിസ്തുവിന്റെ ബലിയില്‍ പങ്കുചേര്‍ന്ന്, സമര്‍പ്പണത്തിന്റെ കൂദാശയായി നാം ഓരോരുത്തരും മാറിത്തീരാനുള്ള പ്രക്രിയയിലേക്ക് നമ്മെ നയിക്കുന്ന, നമ്മെ ഒരുക്കുന്ന കൂദാശയാണത്. നാമോരോരുത്തരും കുര്‍ബാനയായി തീരാനുള്ള വിളിയാണത്. കാരണം സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് വിശ്വാസത്തിന്റെ ഉച്ചസ്ഥായി (peak stage) വിശ്വാസത്തിന്റെ പിതാവായ പഴയ നിയമത്തിലെ അബ്രഹാമും വിശ്വാസികളുടെ മാതാവായ പുതിയ നിയമത്തിലെ പരിശുദ്ധ കന്യകാമറിയവും ഈ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ മഹനീയമായ മനുഷ്യ മാതൃകകളാണ്.

ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടവും കേന്ദ്രവും ഉച്ചസ്ഥായിയുമായ വിശുദ്ധ കുര്‍ബാനയാണ് ഒരു വിശ്വാസിയുടെ ശക്തിയും സ്രോതസ്സും. ആഴ്ചയിലെ ആദ്യ ദിവസമായ കര്‍ത്താവിന്റെ ദിനത്തില്‍ ബലിവേദിക്ക് ചുറ്റും വിശ്വാസികള്‍ ഒന്നിച്ച് അണയുന്നത് നിയമത്തിന്റെ അനുശാസനത്തില്‍ ആകരുത്. മറിച്ച് സ്‌നേഹത്തിന്റെ നിറവിനാലാകണം. വിശ്വാസത്തിന്റെ വെളിച്ചത്തിലാവണം. വിശ്വാസം എന്നത് ദൈവിക വെളിപാടിനോടുള്ള മനുഷ്യന്റെ പ്രത്യുത്തരമാണ്. ക്രിസ്തുവിലൂടെ നമുക്ക് വെളിപ്പെടുത്തി കിട്ടിയ വെളിപാടിനോടുള്ള മനുഷ്യകുലത്തിന്റെ അതിശക്തമായ അതിസാന്ദ്രമായ പ്രതികരണമാണ് ഓരോ വിശുദ്ധ കുര്‍ബാനയും.

  • സമാധാനത്തിന്റെ കൂദാശ

ഞാന്‍ നിങ്ങള്‍ക്ക് എന്റെ സമാധാനം തന്നിട്ട് പോകുന്നു (യോഹ. 14:23). ക്രിസ്തുനാഥന്‍ ഈ ലോകം വിട്ട് പിതാവിന്റെ പക്കലേക്ക് പോകുന്നതിനു മുമ്പ് തന്റെ ശിഷ്യര്‍ക്ക് കൈമാറിയ ഏകസമ്പത്ത് സമാധാനമാണ്. അനുരഞ്ജനവും ഐക്യവുമാണ് സമാധാനത്തിലേക്കുള്ള വാതില്‍. അനുരഞ്ജിതരായിത്തീര്‍ന്ന്, ക്രിസ്തുവില്‍ ഒന്നായി സമാധാനത്തിന്റെ നവമായ പീഠം ഒരുക്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാന.

ഐക്യത്തിലേക്കും ബന്ധങ്ങളിലേക്കും വിളിക്കപ്പെട്ടവനാണ് ദൈവച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍. ദൈവം തന്നെ ബന്ധത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് (ത്രിത്വം). ഈ ബന്ധം നശിക്കലാണ് പാപം എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (G.S. 13). തന്നോടു തന്നെയും മറ്റുള്ളവരോടും സൃഷ്ടവസ്തുക്കളോടുമുള്ള ബന്ധം നഷ്ടപ്പെടുന്നതുവഴി ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടുന്ന അവസ്ഥയാണത്. അനുരഞ്ചനത്തിലൂടെ നഷ്ടപ്പെട്ട ബന്ധങ്ങളിലേക്ക് നമ്മെ മടക്കി കൊണ്ടുവന്ന് ഐക്യവും സമാധാനവും പുനഃസ്ഥാപിക്കുന്ന ക്രിസ്തുവിന്റെ കൂദാശയാണ് വിശുദ്ധ കുര്‍ബാന. കര്‍തൃമേശയില്‍ നിന്ന് നാം ഈ സമാധാനം കണ്ടെത്തണമെന്നത് ക്രിസ്തുനാഥന്റെ ആഗ്രഹമാണ് (യോഹ. 16:13). സീറോ-മലബാര്‍ സഭയിലെ വി. കുര്‍ബാനയില്‍ 3 പ്രാവശ്യമാണ് വൈദികന്‍ സമാധാനം ആശംസിക്കുന്നത്. ആദ്യത്തേത് വചനശുശ്രൂഷയില്‍ വി. ഗ്രന്ഥം ഉയര്‍ത്തി സമാധാനം നല്കുന്നു. ദൈവ വചന ശ്രവണത്തിലൂടെ സജീവവും ഊര്‍ജ്ജസ്വലവുമായ വചനം നമ്മുടെ ഹൃദയത്തിലേക്ക് തുളച്ചുകയറി നമ്മെ വിവേചിച്ചറിയുന്നു (ഹെബ്രാ. 3:12) ദൈവവചനത്തിലൂടെ സ്വയം വിശുദ്ധീകരിച്ച് നമ്മോടുതുന്നെ അനുരഞ്ജനപ്പെട്ട് ആന്തരികസമാധാനം അനുഭവിക്കുന്നു.

രണ്ടാമതായി വൈദികന്‍ സമാധാനം ആശംസിക്കുന്ന് വി. കുര്‍ബാനയുടെ പ്രധാനഭാഗമായ അനാഫോറയുടെ ആരംഭത്തിലാണ്. തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം സമാധാനം ആശംസിക്കുന്നു. തൊട്ടടുത്ത് നില്‍ക്കുന്നവരെ സമൂഹത്തിന്റേയും മനുഷ്യകുലത്തിന്റേയും സൃഷ്ടവസ്തുക്കളുടേയും പ്രതീകമായി കണ്ട് സമാധാനം ആശംസിക്കുന്നതിലൂടെ സഹോദരങ്ങളോടും സകല മനുഷ്യരോടും സൃഷ്ടവസ്തുക്കളോടും അനുരഞ്ജനപ്പെട്ട് ഐക്യപ്പെടുന്നു.

മൂന്നാമതായി വി. കുര്‍ബാനയുടെ സ്വീകരണത്തിനു മുമ്പായി വൈദികന്‍ സമാധാനം ആശംസിക്കുന്നത് ദൈവവുമായി ഐക്യപ്പെടുവാനുള്ള ആഹ്വാനമാണ്. തന്നോടുതന്നെയും മറ്റുള്ളവരോടും സര്‍വപ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് ദൈവവുമായി ഐക്യപ്പെട്ടുകൊ ണ്ട് സമാധാനത്തിന്റെ പൂര്‍ണ്ണതയിലേക്ക് നാം പ്രവേശിക്കുന്നു.

  • സാമൂഹ്യ-സാര്‍വത്രിക മാനം

യേശു തന്റെ പരസ്യജീവിത ദൗത്യം ആരംഭിക്കുന്നത് ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഒരു പ്രഖ്യാപനത്തോടെയാണ്. ''ദരിദ്രരെ സുവിശേഷം അറിയിക്കാനും ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും'' പ്രഖ്യാപിക്കുന്ന (ലൂക്കാ 4:18-20) നവ സുവിശേഷത്തിന്റെ വിളംബരമാണ് ഓരോ വി. ബലിയും. വ്യക്തിപരമായ വിശുദ്ധിയിലേക്ക് വിളിക്കപ്പെടുന്നതോടൊപ്പം സുവിശേഷത്തിന്റെ കാതലായ സത്യവും നീതിയും നടമാടുന്ന ഒരു സമൂഹനിര്‍മ്മിതിക്കുള്ള ശക്തിസ്രോതസ്സുമാണത്. അഷ്ഠഭാഗ്യങ്ങളില്‍ രണ്ടെണ്ണം നീതിയെക്കുറിച്ചാണ്. സത്യത്തിന് സാക്ഷ്യം വഹിച്ച് നീതിക്കുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ സ്വന്തം മതനേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായി കുരിശിലേറ്റപ്പെട്ടവന്റെ ബലിയില്‍ പങ്കുചേരുന്നവര്‍ സ്വന്തമാക്കേണ്ടത് അവന്റെ നിലപാടുകളും സാമൂഹ്യസാര്‍വത്രിക ദര്‍ശനങ്ങളുമാണ്.

സഭയിലും സമൂഹത്തിലും ക്രിസ്തുവിന് പകരക്കാരനാകാന്‍ നമ്മെ പ്രാപ്തരാക്കുന്ന ദിവ്യകൂദാശയാണ് വിശുദ്ധ കുര്‍ബാന.

ഓരോ ദിവസവും 24000 പേര്‍ ലോകത്ത് പട്ടിണി മൂലം മരിക്കുന്നുണ്ട് എന്നത് എന്നെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ കര്‍ത്താവിന്റെ മേശയില്‍ നിന്ന് ദിവസവും ഞാന്‍ ഭക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. സഭാ പിതാവായ ജോണ്‍ ക്രിസോസ്റ്റം പറയുന്നു 'നീ കര്‍ത്താവിന്റെ രക്തം രുചിച്ചു എന്നിട്ടും നീ നിന്റെ സഹോദരനെ തിരിച്ചറിയുന്നില്ല. ഈ ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഒരാള്‍ക്ക് നിന്റെ ഭക്ഷണം പങ്കുവയ്ക്കാന്‍ അര്‍ഹതയില്ലെന്ന് നീ വിചാരിക്കുമ്പോള്‍ നീ ഈ ഭക്ഷണമേശയെ അപമാനിക്കുകയാണ്.' വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഒരു വിശുദ്ധ ജനത്തിനുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയുടെ സാമൂഹ്യമാനവും സാര്‍വത്രിക മാനവും വിസ്മരിക്കപ്പെടരുത്.

എല്ലാം മനുഷ്യരും രക്ഷപ്പെടണമെന്ന ദൈവത്തിന്റെ ആഗ്രഹം (1 തിമോ. 2:4) എന്ന വിശുദ്ധ ഗ്രന്ഥ അടിസ്ഥാനവും സകല മനുഷ്യര്‍ക്കും ക്രിസ്തുവിന്റെ പെസഹാ രഹസ്യവുമായി സംയോജിക്കാനുള്ള സാധ്യത കല്‍പ്പിക്കുന്ന (G.S. 22) സഭാ പഠനവും ലക്ഷ്യമാക്കുന്നത് വിശുദ്ധ കുര്‍ബാനയുടെ സാര്‍വത്രികമാനമാണ്. അള്‍ത്താരയിലെ ഓരോ ബലിയും ലോകം മുഴുവനും വേണ്ടിയുള്ളതാണ്. ദൈവം തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രം എന്ന സങ്കുചിതത്വത്തെ മറികടന്ന് സകലരെയും ആശ്ലേഷിക്കുന്ന സാകല്യ മോചനത്തിന്റെയും സമ്പൂര്‍ണ്ണ സമാധാനത്തിന്റെയും വിളഭൂമിയാണ് ഓരോ വിശുദ്ധ കുര്‍ബാനയും.

  • കുര്‍ബാനയുടെ മനുഷ്യാഭിമുഖ്യം

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു (യോഹ. 1:14). മനുഷ്യര്‍ക്ക് പേരു പറഞ്ഞ് വിളിക്കാനോ കണ്ട് അനുഭവിക്കാനോ കഴിയാത്ത വണ്ണം അകലങ്ങളിലും അഭ്രപാളികളിലും ആയിരുന്ന ദൈവം മനുഷ്യരോടുള്ള അളവറ്റ സ്‌നേഹത്തെ പ്രതി മാത്രം (യോഹ. 3:16) ദൈവത്തിന്റെ സമാനതകള്‍ എല്ലാം മാറ്റിവച്ച് ഇമ്മാനുവേലായി നമ്മുടെ കൂടെ വസിച്ചു. സര്‍വാധിപനും സര്‍വശക്തനും സൈന്യങ്ങളുടെ കര്‍ത്താവുമായ ദൈവം എന്ന പഴയ നിയമ സങ്കല്‍പ്പത്തെ വിട്ട് നിസ്സാരനില്‍ നിസ്സാരനായി കാലിത്തൊഴുത്തില്‍ പിറന്ന് തന്റെ മനുഷ്യാഭിമുഖ്യം വ്യക്തമാക്കി. രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുന്നിടത്ത് അവരുടെ മധ്യത്തില്‍ ഞാനുണ്ട് എന്ന് പ്രഖ്യാപിച്ചതിലൂടെ ദൈവാരാധനയുടെ മനുഷ്യാഭിമുഖ്യം വെളിപ്പെടുത്തി.

പാവപ്പെട്ട മനുഷ്യരുടെ കൂടെ ഭക്ഷണത്തിരുന്ന് അവരുടെ നൊമ്പരങ്ങളിലും നെടുവീര്‍പ്പുകളിലും നിശ്വാസങ്ങളിലും പങ്കുചേര്‍ന്ന് ദൈവം തന്റെ മനുഷ്യാഭിമുഖ്യത്തെ ഊട്ടി ഉറപ്പിച്ചു. യഹൂദബലി നിയമങ്ങള്‍ക്ക് വിരുദ്ധമായി കാല്‍വരിയില്‍ അവന്‍ അര്‍പ്പിച്ച കുരിശിലെ ബലി ജനാഭിമുഖമായിരുന്നു. അവന്റെ ബലി മുഖാമുഖം ദര്‍ശിച്ച ശതാധിപന്‍ വിളിച്ചു പറഞ്ഞു സത്യമായും ഇവന്‍ ദൈവപുത്രനാണ് (മാര്‍ക്കോ. 15:39). കാല്‍വരിയിലെ ബലിക്ക് മുന്നോടിയായി തലേന്നാള്‍ അവന്‍ കൗദാശികമായി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് ശിഷ്യര്‍ക്ക് പുറംതിരിഞ്ഞായിരുന്നില്ല. അവര്‍ക്ക് മുഖാമുഖം ഇരുന്ന് അവരുടെ കണ്ണുകളിലേക്ക് നോക്കി തന്റെ ശരീരരക്തങ്ങളെ അവര്‍ക്കായി പകുത്തു നല്‍കി.

അപ്പസ്‌തോലന്മാരുടെ കാലഘട്ടത്തിലും ആദിമ നൂറ്റാണ്ടുകളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ഉണ്ടായിരുന്ന ഈ ജനാഭിമുഖം പിന്നീട് അധികാരത്തിന്റെ വഴികളില്‍ സഭയ്ക്ക് എപ്പോഴോ കൈമോശം വന്നു. വിശുദ്ധ കുര്‍ബാന ദേവാലയങ്ങളില്‍ ആവുകയും അതിന് നിയതമായ രൂപങ്ങളും ചട്ടങ്ങളും ഉണ്ടാവുകയും ചെയ്തതോടെ ജനത്തിന് പുറംതിരിഞ്ഞ് യഹൂദ ബലിശാഠ്യങ്ങളിലേക്ക് സാവധാനം ചുവടുമാറ്റം സംഭവിച്ചു. ക്രിസ്തുവിന്റെ കാല്‍വരി ബലിയുടെ പാരമ്യതയില്‍ നെടുകെ കീറിപ്പോയ ദേവാലയവിരി (മത്താ. 27:51) തിരികെ തുന്നി ചേര്‍ത്ത് ദൈവ മനുഷ്യബന്ധത്തിന് മറ തീര്‍ത്തു.

നൂറ്റാണ്ടുകളായി നഷ്ടപ്പെട്ട ഈ മനുഷ്യാഭിമുഖ്യെത്ത പുനസ്ഥാപിക്കാന്‍ വഴിയൊരുക്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആണ്. അന്ധകാരത്തിന്റെ വഴികളില്‍ സഭയില്‍ ഉണ്ടായ ഒരു സൂര്യോദയമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ലോകത്തിലായിരുന്നു കൊണ്ട് ലോകത്തിനുവേണ്ടി ക്രിസ്തുവിനെ അടയാളപ്പെടുത്തുമ്പോള്‍ സഭ തന്റെ തന്നെ അസ്തിത്വത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ അതിമനോഹരമായ നിര്‍വചനമാണ് സഭ ദൈവജനത്തിന്റെ കൂട്ടായ്മയാണ് എന്നത്. ലോകത്തിനു നേരെ തിരിഞ്ഞ ദൈവത്തിന്റെ മുഖമായ ക്രിസ്തുവിന്റെ സഭ ജനാഭിമുഖമായിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നുമാണ് അവളുടെ ഏറ്റവും പ്രധാനപ്പെട്ട നിധിയായ വിശുദ്ധ കുര്‍ബാനയും ജനാഭിമുഖമായത്. ദൈവജനത്തിന് പുറം തിരിയുന്ന ഒരു സഭയില്‍ നിന്നും ദൈവജനത്തിന് നേരെ തിരിയുന്ന ഒരു സഭയിലേക്കുള്ള ചുവടുമാറ്റം സഭ ക്രിസ്തുവിന്റെ കൂദാശയാണ് എന്ന സഭാ മാനത്തെയും സഭ രക്ഷയുടെ കൂദാശയാണ് എന്ന സാര്‍വത്രിക മാനത്തെയും ഒരുപോലെ പ്രകാശിപ്പിക്കുന്നു.

വിശുദ്ധ കുര്‍ബാന ഒരു രഹസ്യമാണ് എന്ന് പറയുന്നത് മറച്ചു വയ്ക്കപ്പെട്ടത് (secret) എന്ന അര്‍ത്ഥത്തില്‍ അല്ല. പെസഹാ രഹസ്യങ്ങള്‍ വിശ്വാസികള്‍ക്ക് അനുഭവമാക്കിക്കൊണ്ട് അവയുടെ രഹസ്യാത്മകതയെ (mystery) കണ്ടെത്താനും ധ്യാനിക്കാനും കഴിയും വിധം സജീവവും കര്‍മ്മോത്സുകവുമായ ഭാഗഭാഗിത്വം ഉറപ്പാക്കിക്കൊണ്ട് കുര്‍ബാനയുടെ സാമൂഹ്യമാനത്തിന് ഊന്നല്‍ നല്‍കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു (sc 26, 27, 49, 50). ആരാധനക്രമത്തിന്റെ മുഖ്യ മാനദണ്ഡം ജനങ്ങളുടെ ഭാഗ്യഭാഗിത്വം ആയിരിക്കണം. നിങ്ങള്‍ ഇത് വാങ്ങി ഭക്ഷിക്കുവിന്‍ എന്ന് ജനത്തിന് പുറംതിരിഞ്ഞ് പറയുന്നതിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞിട്ടാവണം ആരാധനക്രമത്തിന്റെ ആന്തരിക ഭാവത്തോട് പൊരുത്തപ്പെടാത്തതോ യോജിക്കാത്തതോ ആയ എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതും വരുത്തേണ്ടതുമാണ് എന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചത് (sc 21, 49).

ജനാഭിമുഖമായ ഒരു സഭയെ ജനത്തിന് പുറംതിരിഞ്ഞ് പുറകോട്ട് അടിക്കാനുള്ള ഏതൊരു ശ്രമവും കൗണ്‍സില്‍ വിഭാവനം ചെയ്ത നവീകരണ ചൈതന്യത്തിന് എതിരാണ്. ആത്മാവിന്റെ നിമന്ത്രണങ്ങള്‍ക്ക് ചെവി കൊടുക്കാതെ കാറ്റ് അകത്തേക്ക് വീശാന്‍ അനുവദിക്കാതെ വാതിലുകള്‍ കൊട്ടിയടച്ച് വിരിയിട്ട് മറച്ച് പാരമ്പര്യത്തിന്റെ ശവക്കല്ലറകളില്‍ അഭയം തേടുന്നത് ആത്മഹത്യാപരമായിരിക്കും. പുറമേ വെള്ളയടിച്ച കുഴിമാടമായി (മത്താ. 23:27) ഫലങ്ങള്‍ ഇല്ലാതെ തളിരിട്ടു നില്‍ക്കുന്ന അത്തിവൃക്ഷമായും (മര്‍ക്കോ. 11:13) നമ്മുടെ സഭയെ മാറ്റിക്കളഞ്ഞാല്‍ വിദൂര ഭാവിയില്‍ ജീവരസം നഷ്ടപ്പെട്ട് അവള്‍ ഉണങ്ങിപ്പോവുക തന്നെ ചെയ്യും (മര്‍ക്കോ. 11:20).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org