
പൂമരം കുളിരുന്ന ധനുമഞ്ഞിന്‍ രാവില്‍
തീമഞ്ഞുതിര്‍ക്കുന്ന ബത്‌ലേഹം നാട്ടില്‍
കാമന പുരളാത്ത കാലിതന്‍ കൂട്ടില്‍
കാലത്തിന്‍ നാഥന്‍ പിറന്നതിരുട്ടില്‍
മിന്നാമിനുങ്ങുകള്‍ കൂട്ടമായ്‌ചേര്‍ന്നു
മിന്നുംവെളിച്ചത്തില്‍ മാലകള്‍ കോര്‍ത്തു
വാര്‍മണിതിങ്കള്‍ നിലാത്തിരികത്തിച്ച
താര്‍നിരവിട്ടിങ്ങു താഴേക്ക് പോന്നു.
ആതിരാനക്ഷത്രം പാതിരാകാറ്റിന്റെ
മോതിരകയ്യിലൂടൂര്‍ന്നിങ്ങു വീണു
ശ്രീലേ ഗലേല കടത്തിരമാലകള്‍
ചാലേ സങ്കീര്‍ത്തനമാലപിക്കുന്നു.
കാലിത്തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ വെറും
കീറത്തുണിയില്‍ വിറയ്ക്കുന്നു ഉണ്ണി
ഇല്ലാമറുതുണിപോലുമാകുഞ്ഞിനെ
ചെല്ലമായൊന്നു പുതപ്പിച്ചണയ്ക്കാന്‍
ഇല്ലൊരു കൊച്ചുതലയിണപോലുമാ-
വല്ലഭന്‍ കുഞ്ഞിനു തലയൊന്നു ചായ്ക്കാന്‍
എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചായമ്മ
വല്ലഭന്‍ ദൈവത്തെ ഹൃദയത്തില്‍ വാഴ്ത്തി
പൈതലാമുണ്ണിക്ക് നല്കുവാനെന്നിടം
കൈതവമില്ലാത്ത മാനസം മാത്രം
ഇല്ലെന്റെ കൈകളില്‍ പൊന്നും കുന്തിരിക്കം
ഇല്ലല്ലോ മീറയും വെള്ളിക്കൊലുസ്സും.