
ജോസ്‌മോന്‍ ആലുവ
1912 ഏപ്രില്‍ 12-ന് "ദൈവത്തിനുപോലും തകര്‍ക്കാന്‍ കഴിയില്ല" എന്ന് ആലേഖനം ചെയ്തുകൊണ്ട് യാത്ര ആരംഭിച്ച ടൈറ്റാനിക്ക് കപ്പല്‍ അതിന്റെ കന്നിയാത്രയില്‍ തന്നെ ഒരു കൂറ്റന്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നു. അതിലെ 1522 യാത്രക്കാര്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താണു.
1961-ല്‍ യൂറിഗഗാറിന്‍ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തി. വിജയ ശ്രീലാളിതനായി തിരിച്ചെത്തിയ അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. "ഞാന്‍ ആകാശത്തിലും ഭൂമിയിലും ചുറ്റി സഞ്ചരിച്ചു. പക്ഷെ, ഒരിടത്തും ആ ദൈവത്തെ കണ്ടില്ല." പ്രഖ്യാപനം നടത്തി ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ഒരു വിമാന അപകടത്തില്‍ അയാള്‍ മരണപ്പെട്ടു.
"വിജ്ഞാനി എവിടെ…? നിയമജ്ഞന്‍ എവിടെ…? ഈ യുഗത്തിന്റെ താര്‍ക്കികന്‍ എവിടെ…? ലൗകിക വിജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ…?" (1 കൊറി. 1:20) വിജ്ഞാനി വീമ്പടിച്ച് ദൈവത്തെ നിഷേധിച്ച വിഡ്ഢികളായ മനുഷ്യരുടെ 'അഹന്ത'യാണ് യഥാര്‍ത്ഥ ത്തില്‍ 1912-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താണതും 1961-ല്‍ ആകാശത്ത് ചിന്നിചിതറിയതും.
ഇന്ത്യയിലെ മെട്രോ സര്‍വ്വീസുകളില്‍ ഏറ്റവും മികച്ചതും സുരക്ഷിതവുമാണ് കൊച്ചി മെട്രോ എന്നായിരുന്നു അതിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. ഒരിക്കല്‍ മെട്രോ സര്‍വ്വീസ് പെട്ടെന്ന് നിര്‍ത്തിവെച്ചു. എറണാകുളം കലൂര്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍ മ്മാണത്തിലിരുന്ന ഒരു കെട്ടിടം താഴ്ന്നു പോയി. അതിനാല്‍ മെട്രോയും അപകടത്തില്‍പ്പെടുമോ എന്ന ഭയമായിരുന്നു സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാന്‍ കാരണം.
ചുരുക്കത്തില്‍, മനുഷ്യന്റെ ശാസ്ത്രസാങ്കേതിക നേട്ടങ്ങളും നിര്‍മ്മാണ വൈദഗ്ദ്ധ്യവും ഇത്രയേയുള്ളൂ. "അതുകൊണ്ട് മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല. ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം" (റോമാ 9:16). അവിടുന്ന് നമ്മെ ഓര്‍മ്മെപ്പടുത്തുന്നു. "നീ കഴുകനെപ്പോലെ ഉയര്‍ ന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുകൂട്ടിയാലും അവിടെ നിന്ന് നിന്നെ ഞാന്‍ താഴെയിറക്കും" (ഒബാദിയ 1:5). അതുകൊണ്ട് ഒന്നിന്റെയും പേരില്‍ നമുക്ക് അഹങ്കരിക്കാനാവില്ല – എല്ലാം ദൈവത്തിന്റെ ദാനം മാത്രമാണ്.
ഒരു നിസ്സാരനായ വൈറസിന്റെ മുമ്പില്‍ ലോകം അടിമുടി വിറച്ച്, വിറങ്ങലിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബുദ്ധിശാലിയായ മനുഷ്യന്‍ ലോകത്തിന്റെ നാലുപാടും ചിതറി ഓടുന്നു. അദൃശ്യനായ ഒരു രോഗാണുവിനെ ഭയന്ന് എല്ലാവരും വീട്ടില്‍ അടച്ച് പൂട്ടിയിരിക്കുന്നു. പകച്ചുപോയ ഭരണാധികാരികള്‍ക്ക് എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. അടക്കിഭരിക്കാന്‍ ജനത്തെ കിട്ടാതെ നേതാക്കന്മാര്‍ 'പിച്ചും പേയും' പറഞ്ഞ് നടക്കുന്നു. പണത്തിന് പിന്നാലെ പരക്കം പാഞ്ഞവര്‍ ഒരു നേരത്തെ ആഹാരത്തിനായി അലയുന്നു.
'ഇന്ദ്രനെയും ചന്ദ്രനെയും' വകവയ്ക്കാതെ നാട്ടില്‍ വിലസിയിരുന്ന പ്രമാണികള്‍ അവസാനം മാസ്‌ക് വെച്ചു. കൈകഴുകി തുടങ്ങി. എന്നിട്ടും അനുസരിക്കാതെ കേമത്വം നടിച്ച് നടന്നവരുടെ അന്നത്തിനുള്ള വകപോലും കൊറോണ മുട്ടിച്ചു. എങ്കില്‍ പിന്നെ അനുസരിക്കാമെന്നായി, സാമൂഹ്യ അകലം പാലിക്കാമെന്നായി. പണത്തിനും പദവിക്കും ആരെയും രക്ഷിക്കാനായില്ല.
ആറുമാസക്കാലം കൊണ്ട് സമൂഹത്തിന്റെ സര്‍വ്വമേഖലയിലും അവന്‍ ആധിപത്യം ഉറപ്പിച്ചു. ദൈവത്തെയും മനുഷ്യരെയും മാനിക്കാത്തവര്‍ കൊറോണയെ ബഹുമാനിക്കാന്‍ തുടങ്ങി. അവന്‍ സകലരെയും ചിലതെല്ലാം പഠിപ്പിച്ചു. നന്മയുടെ ചില നല്ല പാഠങ്ങള്‍…
അധികാരത്തിന്റെയും പദവിയുടെയും അഹന്ത വെടിയാന്‍… ആഢംബരവും ധൂര്‍ത്തും അവസാനിപ്പിച്ച് ലാളിത്യം ശീലിക്കാന്‍, അനുസരണവും അച്ചടക്കവും ജീവിതത്തില്‍ പാലിക്കാന്‍… കുടുംബത്തിന്റെ മഹത്വവും വിലയും മനസ്സിലാക്കാന്‍…. അയല്‍വാസിയോട് അല്പം കൂടി അലിവ് കാട്ടാന്‍… അങ്ങനെ പലതും.
എന്റെ ജീവിതശൈലിയിലും മനോഭാവത്തിലും ഒരു മാറ്റം അനിവാര്യമായിരുന്ന കൃത്യസമയത്താണ് കൊറോണ എന്റെ വിരുന്നുകാരനായി എത്തിയത്. തെറ്റ് തിരുത്താന്‍ ഞാന്‍ തയ്യാറാകുന്ന മുറയ്ക്ക് അവന്‍ (കൊറോണ) മടങ്ങും. എന്റെ രോഗഭീതി വിട്ടകലും, മരണഭയം മാറും… എന്റെ മാനസാന്തരത്തില്‍ കവിഞ്ഞ് മറ്റൊന്നും അവിടുന്ന് ഇതിലൂടെ ആഗ്രഹിക്കുന്നില്ല.