
യേശു പറഞ്ഞു: ''ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളുവാനും, നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്'' (യോഹ. 15:11). ഇതെല്ലാം ലോകത്തില്‍ വച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂര്‍ണ്ണതയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ് (യോഹ. 17:13). ''ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും, നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും'' (യോഹ. 16:24). യേശുവിന്റെ സുവിശേഷം സന്തോഷത്തിന്റെ സുവിശേഷമാണ്. യേശുവിന്റെ സന്തോഷത്തിലേക്കുള്ള വിളിയായി സുവിശേഷത്തെ കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമ്പോഴാണ് അതിന് കൂടുതല്‍ ആകര്‍ഷണീയത ലഭിക്കുക. സഹനം, ത്യാഗം തുടങ്ങിയ പുണ്യങ്ങള്‍ക്കു മൂല്യമുണ്ടാകുന്നത് അവ അത്യന്തികമായി നമ്മെ ദിവ്യമായ സന്തോഷത്തിലേക്കു (ആനന്ദം, Joy) നയിക്കുമ്പോഴാണ്. സുവിശേഷം വാഗ്ദാനം ചെയ്യുന്ന 'സന്തോഷത്തിന്' ഊന്നല്‍ കൊടുക്കുന്ന അവതരണ രീതിയിലേക്കു വിശ്വാസ പരിശീലന രംഗം വളരണം. 'സ്‌നേഹത്തിന്റെ സന്തോഷം' എന്ന പ്രബോധന രേഖയിലൂടെ ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്താന്‍ നമുക്കു കഴിയണം എന്ന് ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു. 'ദൈവം യുവജനങ്ങളുടെ ആനന്ദത്തെ സ്‌നേഹിക്കുന്നു' (christus vivit. 167) എന്നാണ് മാര്‍പാപ്പ പറയുന്നത്. മദര്‍ തെരേസയും അല്‍ഫോന്‍സാമ്മയും, ചാവറയച്ചനും, മറിയം ത്രേസ്യയും, എവുപ്രാസ്യാമ്മയും, ദൈവസഹായം പിള്ളയും, ഫാദര്‍ ഡാമിയനുമൊക്കെ ജീവിതത്തെ സ്‌നേഹിച്ചവരാണ്. എന്നാല്‍ അവരുടെ ജീവിതത്തിലെ സഹനവും, ത്യാഗവും, വേദനകളുമൊക്കെ, സുവിശേഷം പകര്‍ന്നു തരുന്ന 'ഒരിക്കലും നഷ്ടമാകാത്ത' സന്തോഷത്തിലേക്കാണ് അവരെ നയിച്ചത്. നമ്മുടെ കുടുംബങ്ങളില്‍ മെഴുകുതിരികളായി എരിഞ്ഞു തീരുന്ന മാതാപിതാക്കളെ, കഷ്ടപ്പാടുകള്‍ക്കു നടുവിലും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും യേശു വാഗ്ദാനം ചെയ്യുന്ന 'ദിവ്യമായ സന്തോഷം' തന്നെ. നമ്മുടെ പുരോഹിതരും സന്യസ്തരും അല്മായ പ്രേഷിതരും അവരുടെ പ്രവര്‍ത്തനമേഖലകളില്‍ തുടരുന്നതും, ലോകത്തില്‍ വെളിച്ചം വിതറുന്നതും മറ്റൊന്നു കൊണ്ടുമല്ല; സുവിശേഷത്തിന്റെ സന്തോഷം സ്വന്തം ജീവിതത്തില്‍ അനുഭവിക്കാന്‍ അവര്‍ ക്കാകുന്നതിനാലാണ്. യേശുവിന്റെ വാക്കുകളില്‍ ജ്വലിച്ചു നില്‍ക്കുന്ന 'സന്തോഷ'ത്തിന് പ്രാധാന്യം കൊടുക്കുന്ന വിശ്വാസ കൈമാറ്റ രീതി സ്വീകരിക്കാം. ''ഞാന്‍ വീണ്ടും നിങ്ങളെ കാണും, നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തുകളയുകയുമില്ല'' (യോഹ. 16:22). ഇളംമനസ്സുകളില്‍ സന്തോഷം നിറയ്ക്കുന്ന മാര്‍ഗ്ഗമായും, ലക്ഷ്യമായും യേശുവിനെ പകര്‍ന്നു നല്കാം. കുഞ്ഞുമനസ്സുകളില്‍ ഈശോ പോസിറ്റീവ് എനര്‍ജിയുമായി വളരട്ടെ. ഈശോ നല്കുന്ന സന്തോഷം അവര്‍ അനുഭവിക്കട്ടെ.