
ഗോമര്‍ എന്ന പേരില്‍ രണ്ട് വ്യക്തികളാണ് ബൈബിളിലുള്ളത്. ആദ്യത്തെ വ്യക്തിയെ പരിചയപ്പെടാം. ജാ ഫെത്തിന്റെ മൂത്തപുത്രനും നോഹയുടെ ചെറുമകനും അഷ്‌കെനാസ്, റിഫാത്ത്, തോഗര്‍മ എന്നിവരുടെ പിതാവുമാണ് ഗോമര്‍ (ഉല്‍പത്തി 10:2; 1 ദിനവൃ 1:6).
ബി സി ആറാം നൂറ്റാണ്ടില്‍, ഗോമറിന്റെ പിന്‍ഗാമികള്‍ ഗോമറിന്റെ സഹോദരന്മാരായ മാഗോഗ്, മെഷെക്ക്, തൂബല്‍ എന്നിവരെ പിന്തുണച്ച് തോഗര്‍മായുടെ സന്തതികളുമായി സഖ്യത്തിലായിരുന്നതായി ബൈബിള്‍ ചിത്രീകരിക്കുന്നു. ഇസ്രായേല്യര്‍ക്ക് എതിരായുള്ള മാഗോഗിലെ രാജാവായ ഗോഗിനെക്കുറിച്ചുള്ള ദൈവത്തിന്റെ ന്യായവിധിയുടെ ഭാഗമായി ഇവരെല്ലാവരും പരാജയപ്പെടുമെന്ന് പ്രവചിക്കപ്പെട്ടു (Eze. 38:2-6).
ഉക്രെയ്‌നില്‍ നിന്നുള്ള ഇന്തോ-യൂറോപ്യന്‍മാരായിട്ടുള്ള സിമ്മേറിയന്‍ ജനതയാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. സിഥിയന്‍മാരാല്‍ മാതൃരാജ്യത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോഴാണ് അവര്‍ ഇവിടേക്ക് എത്തിയത്. ഇവര്‍ ബി സി എട്ടാം നൂറ്റാണ്ടില്‍വാന്‍ തടാകത്തിന്റെ പ്രദേശത്തെ യുറാര്‍ട്ടിയന്‍മാരുടെ നേരെ മുന്നേറുകയും അസീറിയാക്കാര്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. ഏഷ്യാമൈനറിലേക്ക് മുന്നേറിക്കൊണ്ട്, സിമ്മേറിയക്കാര്‍ ഗോര്‍ഡിയനെയും അതിന്റെ ഫ്രിജിയന്‍ രാജാവായ മിഡാസിനെയും (ബി സി 676) കീഴടക്കി. തുടര്‍ന്ന് അവര്‍ ലിഡിയയിലെ ഗൈഗസിനെ അദ്ദേഹത്തിന്റെ തലസ്ഥാനമായ സാര്‍ഡിസില്‍ (ബി സി 644) പരാജയപ്പെടുത്തി. സിമ്മേരിയക്കാരില്‍ ചിലര്‍ പ്രത്യക്ഷത്തില്‍ കപ്പഡോഷ്യയില്‍ സ്ഥിരതാമസമാക്കി, പില്‍ക്കാല അരാമിയക്കാര്‍ അതിനെ ഗോമിര്‍ എന്ന് വിളിച്ചിരുന്നു. ബി സി ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അസീറിയക്കാര്‍ പരാജയപ്പെടുത്തിയ സിമ്മേറിയക്കാര്‍ തങ്ങളുടെ അയല്‍ക്കാരുമായി മിശ്രവിവാഹം ചെയ്യുകയും ബി സി ആറാം നൂറ്റാണ്ടില്‍ ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
ഗോമര്‍
ഗോമര്‍ ദിബ്ലായിമിന്റെ മകളായിരുന്നു. അവള്‍ ഒരു വേശ്യ ആയിരുന്നു. ദൈവത്തിന്റെ കല്‍പ്പനപ്രകാരം ഹോസിയാ പ്രവാചകന്‍ അവളെ വിവാഹം കഴിച്ചു (ഹോസി 1:23). വിവാഹശേഷവും അവള്‍ തന്റെ അവിശ്വസ്തത തുടര്‍ന്നു. വിവാഹത്തില്‍ അവള്‍ മൂന്ന് മക്കളെ പ്രസവിച്ചു. എന്നാല്‍ ആദ്യത്തേത് ഹോസിയയുടേതാണെന്ന് വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു (1:3; cf. 1:6, 8). അവളുടെ തുടര്‍ച്ചയായ അവിശ്വസ്തത നിമിത്തം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും സ്വീകരിക്കപ്പെട്ടു.
ഇവളുടെ ജീവിതത്തില്‍ നടന്ന വിവാഹം, കുട്ടികളുടെ പേരുകള്‍, വേര്‍പിരിയല്‍, പുനഃസ്ഥാപിക്കല്‍ എന്നിവയെല്ലാം ഇസ്രയേലും ദൈവവുമായുള്ള ബന്ധത്തിന്റെ പ്രതീകങ്ങളാണ്. സീനായ് പര്‍വതത്തില്‍വച്ച് ഇസ്രയേലിനെ ദൈവം വിവാഹം കഴിച്ചു. എങ്കിലും അന്യദേവന്മാരുടെ പിറകെപോയി ഇസ്രായേല്‍ അവിശ്വസ്ഥത കാണിച്ചു. അങ്ങനെ ഭര്‍ത്താവായ ദൈവം അവളെ ഇറക്കിവിട്ടു. അതാണ് വിപ്രവാസങ്ങള്‍. എന്നാല്‍ ഒടുവില്‍ എസ്രയുടെയും നെഹമിയായുടെയും കാലത്ത് ദൈവം ഇസ്രായേലിനെ വീണ്ടും തന്റെ ഭാര്യയായി സ്വീകരിച്ചു. ഈ സംഭവങ്ങളുടെ പ്രതീകമാണ് ഹോസിയാ പ്രവാചകന്റെയും ഗോമറിന്റെയും ദാമ്പത്യജീവിതത്തിലെ സംഭവങ്ങള്‍.