നന്മ എന്നില്‍ നിന്നായാലോ?

സി. പ്രവീണ CSN
നന്മ എന്നില്‍ നിന്നായാലോ?

പ്രിയ കൂട്ടുകാരേ, നന്മ കാണാനും നന്മ ചെയ്യാനുമുള്ള നന്മ നിറഞ്ഞ ഹൃദയവുമായിട്ടാണ് ദൈവം നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മുടെ സൗഹൃദവലയത്തിലേക്ക് ചുരുങ്ങി നന്മ ചെയ്യാന്‍ നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കിക്കളയുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്റെ കൂടെയുളളവര്‍ നന്മ ചെയ്യുകയാണെങ്കില്‍ ഞാനും ചെയ്യാം, അല്ലെങ്കില്‍ ഞാന്‍ മാത്രം ചെയ്താല്‍ അവര്‍ എന്തു വിചാരിക്കും എന്ന ചിന്ത ചിലപ്പോഴെങ്കിലും നമ്മെ പിടികൂടാറില്ലേ. ഒരിക്കല്‍ ഗൂഗിള്‍ സേര്‍ച്ചില്‍ വീഡിയോകള്‍ അന്വേഷിച്ച് പോയപ്പോള്‍ മനസ്സില്‍ ഉടക്കിയ വീഡിയോ ഇപ്രകാരമായിരുന്നു. ഏകദേശം ഏഴു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ബാലന്‍ അവന്‍ സ്‌കൂളിലേക്കുള്ള യാത്രയിലാണ്. പാഠപുസ്തകങ്ങളുള്ള ബാഗ് പുറത്ത് തൂക്കിയിട്ട് ഒത്തിരി വാഹനങ്ങള്‍ പ്രവഹിക്കുന്ന റോഡരികിലൂടെ അവന്‍ നടന്നു വരികയാണ്. മഴ ചെറുതായി പെയ്തുകൊണ്ടിരിക്കുന്നുണ്ട്. പെട്ടെന്നാണ് അത് അവന്റെ ശ്രദ്ധയില്‍പ്പെട്ടത്. മുന്നോട്ടുപോകാന്‍ കഴിയാതെ നില്ക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. അവന്റെ കൊച്ചു ബുദ്ധികൊണ്ട് അവന്‍ കാര്യം പെട്ടെന്ന് ഗ്രഹിച്ചു. വാഹനങ്ങളുടെ നീണ്ട നിരയുടെ മുന്‍ഭാഗത്ത് ഒരു വന്‍വൃക്ഷം കടപുഴകി വീണിരിക്കുന്നു. നിരയില്‍ കിടക്കുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ഈ തടസ്സം മാറി കിട്ടുവാന്‍ അവരവരുടെ വാഹനങ്ങളില്‍തന്നെ കാത്തു കിടക്കുകയായിരുന്നു. യാത്രക്കാര്‍ പലരും പാതി ഉറക്കത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് നമ്മുടെ ഈ കൊച്ചുബാലന്‍ തന്റെ സര്‍വശക്തിയും ഉപയോഗിച്ച് നടുറോഡില്‍ വീണു കിടക്കുന്ന ഈ മരം മാറ്റാന്‍ പരിശ്രമിക്കുന്നത്. വീണുകിടക്കുന്ന മരത്തിന്റെ നടുഭാഗത്ത് തന്റെ കൊച്ചുകൈകള്‍ ചേര്‍ത്തുവച്ച് അവന്‍ മരത്തെ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചു. ഈ ബാലന്റെ പലപ്രാവശ്യമുളള പരിശ്രമം കണ്ട അതേ പ്രായത്തിലുളള കുട്ടികള്‍ ഉത്സാഹത്തോടെ അവനോടൊപ്പം ചേര്‍ന്നു. കുട്ടികളുടെ ഈ പ്രവര്‍ത്തി കണ്ട യാത്രക്കാര്‍ ഓരോരുത്തരായി തങ്ങളുടെ വണ്ടിയില്‍ നിന്നും ഇറങ്ങി ഈ കുട്ടികളോടൊപ്പം ചേരുവാന്‍ തുടങ്ങി. ആരുടെയൊക്കെ മനസ്സ് ഈ ബാലന്റെ പ്രവൃത്തിയില്‍ ഉടക്കിയോ അവരൊക്കെ തങ്ങളുടെ അടുത്തിരുന്നവരെ കൂടെക്കൂട്ടി വീണുകിടന്ന മരം മാറ്റാന്‍ ഉത്സാഹത്തോടെ കടന്നുവന്നു. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ലു പോലെ അവരെല്ലാം ഒത്തു ചേര്‍ന്ന് ആ മരം റോഡില്‍ നിന്നു നീക്കി. എല്ലാവരും ഈ ബാലനെ അഭിനന്ദിച്ചുകൊണ്ട് അവരുടെ യാത്ര തുടര്‍ന്നു.

നോക്കൂ കൂട്ടുകാരേ, വലിയ മരത്തെ കണ്ട് ഈ കൊച്ചുബാലന്‍ പിന്മാറിയിരുന്നെങ്കില്‍ ഇങ്ങനെയൊരു പരിഹാരമാര്‍ഗം അവിടെ ഉണ്ടാകുമായിരുന്നില്ല. എന്നെക്കൊണ്ട് ആകുന്നത് ഞാന്‍ ചെയ്യും എന്ന ആ ബാലന്റെ സന്നദ്ധതയ്ക്കുമുമ്പില്‍ കണ്ടു നിന്നവരെല്ലാം തങ്ങളുടെതായ പങ്ക് നല്കിയപ്പോള്‍ അത് വലിയ വിജയമായിത്തീര്‍ന്നു. പ്രിയ കൂട്ടുകാരേ, നമ്മെക്കൊണ്ടാകുന്ന നന്മ ചെയ്ത് നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവിനെ നമുക്ക് മഹത്വപ്പെടുത്താം. 'മനുഷ്യര്‍ നിങ്ങളുടെ സല്‍പ്ര വൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (മത്താ. 5:16).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org