ജീവിതത്തെ വിശുദ്ധീകരിക്കുന്ന വിശ്വാസ പരിശീലന ശുശ്രൂഷ

നല്ല മാസ് ജീവിതങ്ങള്‍
ജീവിതത്തെ വിശുദ്ധീകരിക്കുന്ന വിശ്വാസ പരിശീലന ശുശ്രൂഷ

ഡോ. ജിയോ ബേബി മഴുവഞ്ചേരി

തുരുത്തിപ്പുറം, സെന്റ് ലൂയീസ് ഇടവക

വേദപാഠം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്നത്തെ ഗ്ലാമര്‍ ഇല്ലാത്ത 1977-87 കാലഘട്ടത്തിലാണ് പറവൂര്‍ ഫൊറോനയിലെ തുരുത്തിപ്പുറം സെന്റ് ലൂയീസ് ദേവാലയത്തില്‍ ഞാന്‍ വേദപാഠം പഠിച്ചത്. ഒരു വേദപാഠ പുസ്തകത്തിനപ്പുറത്ത് ഇന്നത്തെപ്പോലെ ആകര്‍ഷണീയമായ പാഠ്യപദ്ധതിയോ, വളരെ സജീവമായ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റോ ഇല്ലാത്തകാലം. ടെക്സ്റ്റ് പുസ്തകം ക്ലാസ്സില്‍ വായിച്ച് വിശദീകരിക്കലായിരുന്നു മിക്ക അധ്യാപകരുടെയും രീതി. പക്ഷെ, അവര്‍ പഠിപ്പിച്ച പാഠങ്ങളൊന്നും ഓര്‍മ്മയില്‍ ഇല്ലെങ്കിലും ആ മതാദ്ധ്യാപകരുടെ ജീവിതങ്ങള്‍ മനസ്സിലെ വിടെയോ ഒരു മാതൃകയായി ഇന്നും സൂക്ഷിക്കുന്നു. 8-ാം ക്ലാസ്സില്‍ എന്ന പഠിപ്പിച്ച ജോസ് കുനിയന്തോടത്ത് സാര്‍ ഇന്നും ഞാന്‍ ഏറെ മതിപ്പോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എന്റെ 'കാറ്റിക്കിസം സാറാണ്.' മെലിഞ്ഞ ശരീരപ്രകൃതിയും ഉയരവും വലിയ കണ്ണടയുമുള്ള ആ രൂപം എന്റെ വേദപാഠ ക്ലാസ്സുകളുടെ ഓര്‍മ്മകളില്‍ സജീവമാണ്. വളരെ ഉത്സാഹിയായിരുന്നു ജോസ് സാര്‍. ദേവാലയത്തിന്റെ മൂന്നാമത്തെ ജനലിനടുത്തായി നില്‍ക്കാറുള്ള ജോസ് സാര്‍ ഒരിക്കലും ദുഃഖിതനായി ഞാന്‍ കണ്ടിട്ടില്ല. മുഖത്ത് പ്രസരിക്കുന്ന സന്തോഷവും പ്രകാശവും അദ്ദേഹം ഇടപഴകുന്നവരിലേയ്ക്ക് പ്രവഹിക്കുമായിരുന്നു. ആരോടും കയര്‍ത്ത് സംസാരിക്കാത്ത എന്നാല്‍ പറയേണ്ടതു പറയാന്‍ മടിക്കാത്ത സ്വഭാവം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. ഇടവകയിലെ 'അടിപൊളി' ഗ്രൂപ്പുകളിലൊന്നും ജോസ് സാറിനെ ഞാന്‍ കണ്ടിട്ടില്ല. ജീവിതത്തിലെ എല്ലാക്കാര്യങ്ങളിലും ഒരു മിതത്വവും ലാളിത്യവും അദ്ദേഹം പുലര്‍ത്തിയിരുന്നു. സെമിനാരി പഠനവും മറ്റുമൊക്കെയായി ദീര്‍ഘനാള്‍ ഇടവകയില്‍ നിന്നും എനിക്ക് മാറി നില്‍ക്കേണ്ടി വന്നു. ജോസ് സാര്‍ ഇന്ന് ഒരു തടിമില്ല് നടത്തുന്നു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ വീടുപണിയുമായി ബന്ധപ്പെട്ട് കുറച്ചു തടി അറക്കുന്നതിനായി സാറിന്റെ മില്ലില്‍ പോയി. ഇന്ന് ജോസ് സാറിന്റെ കാഴ്ചശക്തി ഏകദേശം നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. ഉണ്ടായിരുന്ന കാഴ്ചശക്തി ഇടക്കാലത്ത് നഷ്ടപ്പെടുക, പരസഹായം കൂടാതെ പലതും ചെയ്യാനാകാതെ വരിക ഇതെല്ലാം ആരെയും വിഷമത്തിലാക്കുന്ന അവസ്ഥയാണ്. എന്നാല്‍ തന്റെ സന്തോഷത്തിനോ, സ്‌നേഹത്തിനോ ഒരുകുറവും ഇല്ലാതെ കച്ചവട കണ്ണില്ലാതെ എന്നോട് ഇടപഴകിയപ്പോള്‍ ആ ജന്മത്തെ വിശുദ്ധീകരിച്ച അനുഭവം എന്തായിരിക്കാമെന്ന് ഞാന്‍ ചിന്തിച്ചു. പിന്നീട് ദേവാലയ നിര്‍മ്മാണവുമായി ജോസ് സാര്‍ സഹകരിച്ച രീതി കണ്ടപ്പോഴും ജോസ് സാറിന്റെ ആത്മീയ ബോധ്യത്തെക്കുറിച്ച് എനിക്ക് ബോധ്യമായി. ഇന്ന് മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞ് മില്ലിലെ ബിസിനസ്സില്‍ സാധിക്കുന്ന പോലെ പങ്കാളിയായി ഇരുള് കയറിയ കണ്ണുമായി ഇരിക്കുന്ന ജോസ് സാറിനെ ഈ പംക്തിയിലേയ്ക്ക് ഒരു ഫോട്ടോ ചോദിച്ച് ഞാന്‍ വിളിച്ചു. എന്നെ അത്ഭുതപ്പെടുത്തിയത് മനസ്സില്‍ അല്പം പോലും ഇരുളുകയറാതെ വളരെ സന്തോഷവാനായി സംസാരിച്ചതാണ്. ഫോട്ടോ തരാമെന്നു പറഞ്ഞിട്ട് അദ്ദേഹം എന്നോടു പറഞ്ഞത് 'ജിയോ ഉള്ള കാര്യങ്ങളേ എഴുതാവൂ കേട്ടോ.' നരച്ചമുടി കറുപ്പിച്ചും ഇല്ലാത്ത മുടി ഫിറ്റ് ചെയ്തും മറ്റുള്ളവരുടെ മുമ്പില്‍ കേമന്‍ മാരാകുന്നവരുടെ കാലത്ത് സത്യസന്ധതയുടെ വിശുദ്ധിയുടെ ഈ നിറവ് ജോസ് സാറിന് എവിടന്നു കിട്ടി? ഞാന്‍ വിശ്വസിക്കുന്നു, ആത്മാര്‍ത്ഥമായുള്ള മതബോധന ശുശ്രൂഷ ആരെയും വിശുദ്ധീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org