എലീഷാ [Elishah

സിപ്പോറിം 22
എലീഷാ [Elishah

യാവാന്റെ നാല് പുത്രന്മാരില്‍ ആദ്യത്തേതാണ് എലീഷാ Elishah (ഏലി. 10:4). ഈ പേരിന്റെ അര്‍ത്ഥം വ്യക്തമല്ല. പക്ഷെ പേരിന്റെ സാമ്യതകൊണ്ട് ഏലീഷാ Elisha പ്രവാചകന്റെ പേരിന്റെ അര്‍ത്ഥം ചിലയിടങ്ങളില്‍ തെറ്റായി ഈ പേരിന് കല്പിക്കപ്പെടുന്നുണ്ട്. പ്രവാചകനായ ഏലീശായുടെ പേരിന്റെ അര്‍ത്ഥം 'ദൈവം രക്ഷയാകുന്നു' എന്നാണ്. ഹീബ്രുവില്‍ ഈ രണ്ടു പേരുകളുടെയും അവസാന അക്ഷരം വ്യത്യസ്തമാണ്. അതിനാലാണ് നമ്മുടെ കഥാപാത്രമായ എലീഷായുടെ പേര് ഇംഗഌഷില്‍ 'H' എന്ന അക്ഷരത്തില്‍ അവസാനിക്കുന്നത്. അതിനാല്‍ ഈ പേരിന്റെ അര്‍ത്ഥം മറ്റെന്തെങ്കിലും ആയിരിക്കാം.

എലീഷായുടെ പേര്, അവന്റെ പിന്‍ഗാമികള്‍ സ്ഥിരതാമസമാക്കിയ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. യാവാന്റെ മകനാകയാല്‍ ഈജിയന്‍ റീജണിലാവാം അയാളുടെ ദേശം. എലിഷായെ പലപ്പോഴും ഗ്രീസിലെ പുരാതന പ്രദേശമായ എലിസുമായി ബന്ധപ്പെടുത്തുന്നു അത്‌ലറ്റിക്ക് മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ച് ഒളിമ്പിക് ഗെയിംസിന് പേരുകേട്ട പുരാതന ഗ്രീസിലെ ഒരു പ്രധാന പ്രദേശമായിരുന്നു എലിസ്. ഗ്രീക്ക് ദേവനായ സിയൂസിന്റെ ബഹുമാനാര്‍ത്ഥം നടന്ന ഒളിമ്പിക് ഗെയിംസിന്റെ സ്ഥലമായിരുന്നു എലിസില്‍ സ്ഥിതി ചെയ്യുന്ന ഒളിമ്പിയ നഗരം. എലിസ് പ്രദേശം അതിന്റെ കാര്‍ഷിക സമ്പത്തിനും പേരുകേട്ടതാണ്.

ചെമ്പ് ഉല്‍പാദനത്തിന് പേരുകേട്ട പുരാതന നഗരമായ അലഷിയ (സൈപ്രസ്) എന്ന പേരുമായും എലിഷാ എന്ന പേര് ബന്ധപ്പെട്ടിരിക്കുന്നു. പ്രമുഖ പുരാതന നഗരമായ ടയറുമായി വ്യാപാര പങ്കാളികളായിരുന്ന രാഷ്ട്രങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയില്‍ എലീശായെ പരാമര്‍ശിച്ചിരിക്കുന്നു (Eze 27:7). എലീഷാ അല്ലെങ്കില്‍ അവനുമായി ബന്ധപ്പെട്ട ആളുകള്‍ അക്കാലത്ത് സമുദ്രവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഇത് സൂചിപ്പിക്കുന്നു. തുണിത്തരങ്ങള്‍ ചായംപൂശുന്നതില്‍ വളരെ പ്രസിദ്ധിയാര്‍ജിച്ച നാടായിരുന്നു ടയര്‍. അങ്ങനെയുള്ള ടയറിനുപോലും തങ്ങളുടെ ചായംപൂശിയ തുണിത്തരങ്ങള്‍ വിറ്റിരുന്നവരായിരുന്നു എലീഷായുടെ വംശം എന്ന് എസക്കിയേല്‍ പരാമര്‍ശിക്കുമ്പോള്‍ അത് അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org