നെവിന്‍ കളത്തിവീട്ടില്‍
ഒന്‍പതാം പീയൂസ് പാപ്പ 1854 മെയ് 8 ന് ജെര്‍മെയിനെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തി. ജെര്‍മെയിന്റെ വലിയ ഛായാ ചിത്രത്തിന് മുന്നില്‍ നിന്നുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു: ''ജെര്‍മെയിന്‍ ഒരു പുതിയ നക്ഷത്രമാണ്.'' തന്റെ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സില്‍ നിന്നുള്ള വിശ്വാസികളെ നോക്കി മാര്‍പാപ്പ തുടര്‍ന്നു, ''നിങ്ങള്‍ ജെര്‍മെയിന്റെ പക്കലേക്കു പോവുക.'' ജെര്‍മെയിന്റെ ജീവിതവും അത്ഭുതങ്ങളും മാര്‍പാപ്പയെ ഒത്തിരി സ്വാധീനിച്ചതായി പാപ്പ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതും ജെര്‍മെയിനെ വിശുദ്ധയാക്കണമെന്ന ആവശ്യവുമായി നിരന്തരം കത്തുകള്‍ റോമിലേക്ക് വന്നുകൊണ്ടിരുന്നു. ജെര്‍മെയിന്റെ മാധ്യസ്ഥത്തില്‍ നടന്നുകൊണ്ടിരുന്ന അത്ഭുതങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. അനേകം ആളുകളാണ് പീബ്രാക്കിലെ ദേവാലയത്തിലേക്ക് വന്നുകൊണ്ടിരുന്നത്.
1867 ജൂണ്‍ 29, വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വ ശതാബ്ദി ആഘോഷ ദിവസത്തില്‍ തന്നെ റോമില്‍ വലിയൊരു ജനാവലിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഒന്‍പതാം പീയൂസ് പാപ്പ ആ വാര്‍ത്ത അറിയിച്ചു: ''പീബ്രാക്കിലെ ജെര്‍മെയിനെ ഞാന്‍ വിശുദ്ധയായി പ്രഖ്യാപിക്കുന്നു.'' ഈ പ്രഖ്യാപനത്തിനു പിന്നാലെ റോമിലെ പള്ളികളിലെ മണികള്‍ എല്ലാം ഈ ആനന്ദകരമായ വാര്‍ത്ത മണിനാദം മുഴക്കിക്കൊണ്ട് അറിയിച്ചു. വലിയ ആഘോഷങ്ങളാണ് അന്ന് റോമില്‍ നടന്നത്.
അതിലും വലിയ ആഘോഷമായിരുന്നു ഫ്രാന്‍സിലും, പീബ്രാക്കിലും നടന്നത്. ടുളൂസില്‍ ഭരണാധികാരികള്‍ തങ്ങളുടെ കുഞ്ഞു വിശുദ്ധയുടെ ഒരു മാര്‍ബിള്‍ പ്രതിമ നിര്‍മ്മിച്ചു. ആളുകള്‍ ഒത്തിരി എത്തുന്ന പ്രധാന വഴിത്താരയില്‍ അത് സ്ഥാപിച്ചു. അവിടെ വരുന്നവരെല്ലാവരും ജെര്‍മെയിന്റെ സുന്ദരമായ മുഖത്തു നോക്കി തങ്ങളുടെ സങ്കടങ്ങളും, സന്തോഷങ്ങളും പങ്കുവച്ചു.
എന്നാല്‍ പിന്നീട് വന്ന ഭരണാധികാരികള്‍ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ജെര്‍മെയിന്റെ പ്രതിമ തകര്‍ത്തുകളയുകയും ചെയ്തു. ജനങ്ങള്‍ മാറി മാറി ആവശ്യപ്പെട്ടിട്ടും അവര്‍ ജെര്‍മെയിനുവേണ്ടി ഒന്നും തന്നെ ചെയ്തില്ല. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ടുളൂസ് രൂപത നേരിട്ട് ഇടപെട്ട് പട്ടണത്തില്‍ തന്നെ വിശുദ്ധ ജെര്‍മെയിന്റെ നാമത്തില്‍ ഒരു ദേവാലയം പണിയുകയും വിശുദ്ധയുടെ തിരുശേഷിപ്പ് കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയും ചെയ്തു.
പിന്നീട് ഭരണാധികാരികളെ അതിശയിപ്പിച്ചുകൊണ്ടുള്ള ജനാവലിയാണ് അവിടേക്കൊഴുകി എത്തിക്കൊണ്ടിരുന്നത്. വിശുദ്ധയുടെ പേരും പ്രസക്തിയും വളരുവാനും ഇത് കാരണമായി.
(തുടരും)