'ഒപ്പം നടക്കാം' ലോഗോയിലെ പ്രതീകങ്ങളുടെ വിശദീകരണം

'ഒപ്പം നടക്കാം' ലോഗോയിലെ പ്രതീകങ്ങളുടെ വിശദീകരണം

ഭൂമി

ലോഗോയുടെ വൃത്താകൃതി സൂചിപ്പിക്കുന്നത് ദൈവം മനുഷ്യനായി സൃഷ്ടിച്ച മനോഹരമായ ഭൂമിയെയാണ്. ഭൂമിയെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള വെള്ളിനിറത്തിലുള്ള പ്രകാശം ദൈവപരിപാലനയെ സൂചിപ്പിക്കുന്നു. ഭൂമിയുടെ നീലനിറം പരി. കന്യാമാതാവിന്റെ നീലകാപ്പയാല്‍ പൊതിഞ്ഞ് ഭൂമിയെയും നമ്മളെല്ലാവരയെും സംരക്ഷിക്കുന്നതിന്റെ പ്രതീകമാണ്. ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്വര്‍ഗ്ഗത്തിലെ ഏറ്റവും വലിയ മദ്ധ്യസ്ഥയും പരി. കന്യകാമറിയമാണ്. എപ്പോഴും നമ്മോടപ്പമായിരിക്കുന്ന, നമ്മെ താങ്ങുന്ന, നമ്മുടെ പാദം പതിയുന്ന നമുക്ക് ജീവവായു നല്കുന്ന ഈ പ്രപഞ്ചത്തിന്റെ പരിരക്ഷകരാകാനുള്ള ആഹ്വാനം സ്വന്തമാക്കാം.

വെളുത്ത പ്രാവ്

വെളുത്ത പ്രാവ് പരിശുദ്ധാത്മാവിനെയാണ് സൂചിപ്പിക്കുന്നത്. ഈശോമിശിഹായുടെ മാമോദീസാവേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ എഴുന്നുള്ളിവന്നതിനെയും ഐക്യത്തിലേയ്ക്ക് സഭാമക്കളെ നയിക്കുന്ന ദൈവത്തിന്റെ ചൈതന്യവത്തായ സ ജീവസാന്നിധ്യത്തെയും ഈ പ്രതീകം അനുസ്മരിപ്പിക്കുന്നു.

മഴവില്ല്

ഏഴു നിറങ്ങളുടെ സമന്വയം ഒരുക്കുന്ന മനോഹരകാഴ്ച വ്യത്യസ്തകളെ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചസൗന്ദര്യത്തെ സൂചിപ്പിക്കുന്നു. എല്ലാ ഏഴു വര്‍ണ്ണങ്ങളും ഒരുമിച്ചു ചേര്‍ന്നാലേ മഴവില്ലാകൂ. നമ്മളെല്ലാവരും വ്യത്യസ്തകള്‍ പേറുന്നവരാണ്. സ്വഭാവത്തില്‍, സമ്പത്തില്‍, കഴിവില്‍, നിറത്തില്‍, ഉയരത്തില്‍. എല്ലാവരും തുല്യരായി സമ ഭാവനയോടെ ഒരുമിച്ചു ജീവിക്കുമ്പോളാണ് ഈ വര്‍ണ്ണപ്രപഞ്ചത്തിലെ ഏഴഴകിന്റെ നിറപ്പകിട്ടായ മാരിവില്ലിന്റെ ഭാഗമാകാന്‍ നമുക്കാകൂ. ഏഴു നിറങ്ങളും പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളെയും സൂചിപ്പിക്കുന്നു. തൈലാഭിഷേകത്താല്‍ പരിശുദ്ധാത്മാവിന്റെ ഈ ഏഴ് ദാനങ്ങളും നമ്മില്‍ വര്‍ഷിക്കപ്പെട്ടിരിക്കുന്നു. ഈ സപ്തദാനങ്ങള്‍ ദൈവത്തിങ്കലേക്കും മനുഷ്യരിലേക്കും നമ്മെ നയിക്കുന്നു.

സൂര്യന്‍

ഭൂമിയില്‍ മനുഷ്യനായ് പിറന്ന്, മനുഷ്യരുടെ പാപമോചനത്തിനായ് പീഡകള്‍ സഹിച്ച് മരിച്ച്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നളളിയ ഈശോ മനുഷ്യരോടുളള അഗാധമായ സ്‌നേഹത്തെപ്രതി തന്റെ മക്കളെ ചേര്‍ത്ത് പിടിച്ചുകൊണ്ട്, അപ്പത്തിന്റെ രൂപത്തില്‍ ഇപ്പോഴും ഭൂമിയില്‍ നമ്മോടപ്പമായിരിക്കുന്ന ഈശോയാകുന്ന ദിവ്യകാരുണ്യത്തെയാണ് ഇവിടെ കാണുന്ന ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിന് ഊര്‍ജ്ജവും വെളിച്ചവും നല്‍കുന്ന സൂര്യനെക്കാള്‍ എത്രയോ പതിന്മടങ്ങായി ദിവ്യകാരുണ്യം നമ്മുടെ ജീവിതത്തെ പ്രശോഭിപ്പിക്കുന്നു. ദിവ്യമായ ശക്തിസ്രോതസ്സും ജീവിതത്തിനാവശ്യമായ സകലതും പ്രദാനം ചെയ്യുന്നത് ദിവ്യകാരുണ്യമാണ്. ജീവജാലത്തെ നിത്യഹരിതാഭമാക്കുന്ന സൂര്യനില്ലായെങ്കിലുള്ള ഭൂമിയുടെ അവസ്ഥപോലെയാണ് ദിവ്യകാരുണ്യമില്ലാത്ത നമ്മുടെ ജീവിതവും.

മരം

ജീവന്റെ വൃക്ഷമായ കുരിശിലൂടെ കൈവന്ന രക്ഷയുടെ ശീതളച്ഛായയിലേക്ക് മനുഷ്യമക്കളെ ആനന്ദത്തോടെ ക്ഷണിക്കുന്നതിന്റെ പ്രതീകമാണ് മനോഹരമായ് പൂത്തുലഞ്ഞു നില്‍ക്കുന്ന നന്‍മയുടെ തണല്‍ മരം. മാത്രമല്ല, മനുഷ്യകുലത്തിന്റെ പ്രതീക്ഷയും, രക്ഷകനുമായ ഈശോമിശിഹാ സഭയുടെ ശിരസ്സായി സകലത്തിന്റെയും നാഥനായി വിരാജിക്കുന്നതിനെയും ഉത്ഥിതനായ ഈശോമിശിഹായെയും ഇത് സൂചിപ്പിക്കുന്നു.

മരത്തിലെ 24 ഇലകള്‍

ബൈബിളില്‍ 24 എന്ന സംഖ്യ പലപ്പോഴായി പ്രാധാന്യത്തോടെ ഉപയോഗിക്കുന്നതായി കാണാം. ദൈവത്തിന്റെ അധികാരത്തേയും ശക്തിയേയും ഇത് സൂചിപ്പിക്കുന്നു. ഭൂമിയിലെ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പുരോഹിതഗണവുമായി 24 എന്ന സംഖ്യ ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ദൈവാരാധനയുമായി 24 എന്ന സംഖ്യ ബന്ധപ്പെട്ട് നില്‍ക്കുന്നു. സങ്കീര്‍ത്തനം 72-ല്‍ വരാനിരിക്കുന്ന നീതിമാനായ വിധികര്‍ത്താവും രാജാവും പുരോഹിതനുമായ മിശിഹായുടെ 24 ശുശ്രൂഷകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഉത്ഥിതനായ ഈശോമിശിഹായുടെ ഈ ശുശ്രൂഷകള്‍ എല്ലാ മനുഷ്യര്‍ക്കും സംലഭ്യമാണ് എന്നതാണ് മരത്തിലെ 24 ഇലകള്‍ പ്രതിനിധാനം ചെയ്യുന്നത്.

ദൈവജനം

ദൈവജനത്തിന്റെ ഒരുമിച്ചുളള നടത്തം സഭയുടെ സിനഡാത്മക അനുഭവത്തെ സൂചിപ്പിക്കുന്നു. കുട്ടികളും യുവജനങ്ങളുമാണ് യാത്രയ്ക്ക് തുടക്കമിടുന്നത്. അവരോടൊപ്പം മുതിര്‍ന്നവരും, വൃദ്ധരും, രോഗികളും, ഭിന്നശേഷിക്കാരും, ഏകസ്ഥരും, സമര്‍പ്പിതരും, വൈദികരും, മെത്രാന്‍മാരും ഒരുമിച്ച് ഒരേ പാതയില്‍ മുന്നേറുന്നു. മെത്രാന്‍മാരും, വൈദികരും, സമര്‍പ്പിതരും മുന്നിലോ പിന്നിലോ അല്ലാതെ ജനത്തിനൊപ്പം നടക്കുന്നുവെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ചിത്രത്തിലെ വിവിധ വര്‍ണ്ണങ്ങള്‍ ആനന്ദത്തിന്റെ അടയാളമാണ്.

കാല്‍പ്പാടുകള്‍

ദൈവവും മനുഷ്യനും ഒപ്പം നടക്കുന്നതിന്റെ പ്രതീകമാണ് കാല്‍പ്പാടുകള്‍. ദൈവവചനങ്ങള്‍ പാലിച്ച് ദൈവത്തോടൊപ്പം നടന്ന് വ്യത്യസ്തരായ മനുഷ്യരോടൊപ്പം ജീവിച്ച് ആത്മാവിന്റെ നിറവില്‍ ദിവ്യമായ പ്രകാശത്തിലേക്ക് നടന്നുപോകുന്ന മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഇവിടെ കാണുന്നത്. ഉല്പത്തി മുതല്‍ യുഗാന്ത്യംവരെ മനുഷ്യനോടൊപ്പം കുടെനടക്കാന്‍ ഉടമ്പടി ചെയ്ത ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org