പ്രിയപ്പെട്ട അപ്പച്ചന്‍ സാര്‍

പ്രിയപ്പെട്ട അപ്പച്ചന്‍ സാര്‍

പാലുകാച്ചി മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചുഗ്രാമം. കാടും തോടും പുഴയും വെള്ളച്ചാട്ടവുമൊക്കെയുള്ള സമൃദ്ധിയുടെ നാട്. വാഹനങ്ങളുടെ ഇരമ്പലുകള്‍ക്ക് പകരം കിളികളുടെ കൊഞ്ചലുകളും മനസ്സിനെ കുളിര്‍പ്പിക്കുന്ന പ്രകൃതിഭംഗിയും മലയിടുക്കുകളില്‍ നിന്നും സ്വച്ഛമായി ഒഴുകിയിറങ്ങുന്ന കൊച്ചരുവികളുടെ നാദവും നെഞ്ചിലേറ്റി ശാന്തിഗിരിയുടെ മലഞ്ചെരുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊച്ചു ദൈവാലയം.

മനസ്സിന്റെ ഉള്ളില്‍ നിന്നും ചിതലരിക്കാതെ കിടക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണ് വേദപാഠ ക്ലാസ്സുകള്‍. കാലമെത്ര കഴിഞ്ഞാലും ആ ദൈവാലയമുറ്റവും ക്ലാസ്സ് മുറിയായി മാറിയിരുന്ന പുളിമരചുവടും ജാതിമരതണലും മറക്കുവാനേ കഴിയില്ല. എന്റെ ജീവിതത്തില്‍ എന്നെ ഏറെ സ്വാധീനിച്ച ഒത്തിരിയേറെ അദ്ധ്യാപകരുണ്ട്. അതില്‍ ജീവിതം കൊണ്ട് എന്നെ സ്വാധീനിച്ച മതാദ്ധ്യാപകനാണ് അപ്പച്ചന്‍ സാര്‍ (തോമസ് വള്ളോക്കരിയില്‍). എന്നെ അഞ്ചാം ക്ലാസ്സില്‍ പഠിപ്പിച്ച അപ്പച്ചന്‍ സാര്‍ ഞങ്ങള്‍ക്കെല്ലാം ഒരു അപ്പച്ചന്‍ തന്നെയായിരുന്നു. പ്രത്യേകിച്ചും സാറിന്റെ ശാന്തവും സൗമ്യവുമായ പെരുമാറ്റം. ദൈവാലയത്തില്‍ കൈകൂപ്പിനിന്ന് പ്രാര്‍ത്ഥിക്കുന്ന അപ്പച്ചന്‍ സാര്‍ തന്റെ ജീവിതം കൊണ്ട് ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. സൗഹാര്‍ദ്ദത്തോടെയുള്ള സാറിന്റെ പെരുമാറ്റം എന്നെ ഒത്തിരി ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിന്റെ ക്ലാസ്സുകള്‍ ഞാന്‍ വളരെ ആസ്വദിച്ചിരുന്നു. മിക്കവാറും പുളിമര ചുവട്ടിലും ജാതിമരതണലിലുമൊക്കെയാണ് ക്ലാസ്സുകള്‍. മതബോധനത്തിന്റെ എല്ലാ കാര്യങ്ങളിലും അപ്പച്ചന്‍ സാറിന്റെ ഒരു സാന്നിധ്യം ഉണ്ടാകും. ഒച്ചപ്പാടോ ബഹളങ്ങളോ ശാസനയോ ഒന്നുമില്ല. സ്‌നേഹത്തില്‍ ചാലിച്ച സമീപനമായിരുന്നു എപ്പോഴും. വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിക്കും. സാറിന് എന്നെയും എന്റെ കുടുംബത്തെയും നന്നായി അറിയാം. ഇത് സാറിനോടുള്ള ആത്മബന്ധത്തിനിടയാക്കി.

വി. കുര്‍ബാനയ്ക്ക് നേതൃത്വം കൊടുക്കാനുളള അവസരം വരുമ്പോള്‍ എല്ലാവര്‍ക്കും അവസരം കൊടുക്കുവാന്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കാന്‍ സാറ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വേദപാഠ ക്ലാസ്സുകള്‍ക്ക് പുറമേ പള്ളിപറമ്പിലുള്ള കൃഷിയും പരിസരം വൃത്തിയാക്കലും അലങ്കരിക്കലും ഇവയിലെല്ലാം ഞങ്ങളിലൊരാളായി കൂടെ നിന്ന് ഞങ്ങളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയിട്ടുണ്ട്. ഉള്ളിലുള്ള കഴിവുകളെ കണ്ടെത്താന്‍ ഇടയാക്കിയിട്ടുണ്ട്. വേദപാഠ ക്ലാസ്സിന് ശേഷം മിഷന്‍ ലീഗ് പ്രാര്‍ത്ഥനയും കഴിഞ്ഞാലുടന്‍ പള്ളിപറമ്പിലെ മാവിലും ചാമ്പമരത്തിലും പേര മരത്തിലുമൊക്കെ കയറിയിറങ്ങി അത്യാവശ്യം വിശപ്പടക്കി വീട്ടിലേക്ക് തിരിച്ച് പോകുന്ന കുട്ടികളുടെ മേല്‍ സാറിന് നല്ല ശ്രദ്ധയുണ്ടായിരുന്നു. സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്‌നേഹിച്ച സാറിന്റെ ജീവിതശൈലി ചെറുപ്പം മുതല്‍ ഒരു അദ്ധ്യാപികയാകാന്‍ ആഗ്രഹിച്ച എന്നില്‍ കുറേ മാതൃകയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ ഞാനാക്കിയ ഈശോയിലേയ്ക്ക് അടുപ്പിച്ച വചനത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച വ്യത്യസ്ത സാഹചര്യങ്ങളിലൂടെ എന്നില്‍ ദൈവവിളിയുടെ വിത്ത് പാകിയ അപ്പച്ചന്‍ സാര്‍ ഇന്നും എന്റെ മനസ്സില്‍ ഒരു കെടാവിളക്കായി ജ്വലിച്ചു നില്‍ക്കുന്നു.

കേവലം പുസ്തകത്തില്‍ പറഞ്ഞപ്രകാരം അറിവ് പകര്‍ന്നവരെയല്ല, ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ച സ്‌നേഹത്തോടെ പെരുമാറിയവരെയാണ് നാം ഓര്‍മ്മിക്കാറുള്ളത്. മതാദ്ധ്യാപനം ഒരു ദൈവവിളിയാണ്. ദൈവദത്തമായ ഒരു നിയോഗമാണ്. നമ്മുടെ മുന്നിലുള്ള കുഞ്ഞുങ്ങളെ ഹൃദയം കൊണ്ട് കേള്‍ക്കാന്‍ മതാദ്ധ്യാപകര്‍ക്ക് സാധിക്കണം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ തൊട്ടറിയാന്‍ അവരുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ അവരുടെ വിജയപരാജയങ്ങളില്‍ ചേര്‍ന്നു നില്‍ക്കാന്‍ മതാദ്ധ്യാപകരായ നമുക്ക് സാധിക്കണം. പഠിക്കുന്ന കുട്ടികളെ നോക്കി നല്ലത് എന്നൊക്കെ പറയുന്നതോടൊപ്പം പഠിക്കാത്ത പിന്‍ബഞ്ചിലിരിക്കാന്‍ ആഗ്രഹിക്കുന്നവരിലും എന്തെങ്കിലും നന്മ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ഊര്‍ജ്ജം പകരുന്നവരാകണം നമ്മള്‍. സുകൃതം ചെന്ന മതാദ്ധ്യാപനത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് നല്ല ദിശാബോധം നല്‍കുന്നവരാകാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

സി. ലിസ്‌ന എസ്.ഡി.

(മതാദ്ധ്യാപിക, സെ. ജോണ്‍ നെപുംസ്യാന്‍ ദൈവാലയം-കോന്തുരുത്തി)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org