ദൈവമേ എന്നെ…

ദൈവമേ എന്നെ…

എം.ജെ. തോമസ് എസ്.ജെ.

യേശുവിന്‍റെ പ്രബോധനം സുവ്യക്തവും ആധികാരികവുമാണ്. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എന്തായിരിക്കാമെന്നും യേശുവിന് അറിയാം. അനുയായികളെപ്പറ്റി വലിയ സ്വപ്നങ്ങളുണ്ട്. അവര്‍ പിതാവിനെപ്പോലെ അനുകമ്പയുള്ളവരും നല്ല സമരിയാക്കാരനെപ്പോലെ പ്രതികരിക്കുന്നവരും തിന്മയെ നന്മകൊണ്ടു ജയിക്കുന്നവരും ആയിരിക്കുമെന്ന്. പക്ഷേ, പലരും യേശുവിനെ അനുഗമിച്ചു ഭൂമി പറുദീസയാക്കുവാന്‍ ശ്രമിക്കുന്നതിനു പകരം ഭക്തകൃത്യങ്ങളിലും യേശുവിനെ അധരങ്ങള്‍കൊണ്ടു പുകഴ്ത്തുന്നതിലും ബാഹ്യമായി ആരാധിക്കുന്നതിലും സംതൃപ്തരായി കഴിയുന്നു (ലൂക്കാ 6:46). ആത്മാര്‍ത്ഥമായി അനുഗമിക്കാനാഗ്രഹിക്കുന്നവരില്‍ ചിലര്‍ പ്രതിബന്ധങ്ങളും പരാജയവും നേരിടുമ്പോള്‍ വിശുദ്ധി അസാദ്ധ്യമെന്നു കരുതി നിരാശയിലേക്കു നിപതിച്ചേക്കാം. മറ്റു ചിലര്‍ സ്വാശ്രയത്തിലും കൂടുതല്‍ പരിശ്രമത്തിലും ശ്രദ്ധിക്കുന്നു. അധികം പേരും "ദൈവമേ, എന്നെ… ആക്കണമേ." അല്ലെങ്കില്‍ "…ഉള്ള അനുഗ്രഹം തരണമേ" എന്നുള്ള പ്രാര്‍ത്ഥനയില്‍ ഒതുങ്ങുന്നു. മാനസാന്തരവും വളര്‍ച്ചയും ദൈവത്തെ ഏല്പിക്കുന്നു.

സ്വന്തം പരിശ്രമത്തില്‍ അമിതമായി ആശ്രയിക്കുന്നവന്‍ മറക്കുന്നത്, സ്വന്തം വിശുദ്ധിയില്‍ തന്നേക്കാള്‍ ദൈവം തന്നെ തത്പരനാണെന്നും അതിനായി, വിശുദ്ധ ഇഗ്നേഷ്യസ് ലെയോള പറയുന്നതുപോലെ ദൈവവചനംതന്നെ തീവ്രമായി ആസ്വദിച്ചുകൊണ്ടിരിക്കുന്നു എന്നുള്ള വിശ്വാസസത്യമാണ്. തന്നില്‍ത്തന്നെ ആശ്രയിക്കുന്നവര്‍ക്കു കടുത്ത ഏകാന്തതയും കുറ്റബോധവും പരാജയത്തില്‍ നിരാശയും അനുഭവപ്പെട്ടേക്കാം. അപ്രാപ്യമെന്നു കരുതി വിശുദ്ധിയുടെ മാര്‍ഗം ഉപേക്ഷിച്ചെന്നും വരാം.

അമിതമായി ദൈവത്തില്‍ 'പ്രാര്‍ത്ഥന'യിലാശ്രയിക്കുന്നവര്‍ ദൈവം എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നൊക്കെ പറഞ്ഞുകൊടുത്ത്, യാതനയില്‍ കഴിയും. സ്വന്തം മാനസാന്തരത്തിനും വളര്‍ച്ചയ്ക്കുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ. യേശുവിന്‍റെ കല്പന ഓരോരുത്തരും എന്തായിരിക്കണം (ഉദാ. പിതാവിനെപ്പോലെ അനുകമ്പയുള്ളവര്‍) എന്നാണ്, എന്തിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കണമെന്നല്ല.

പ്രാര്‍ത്ഥന അല്ലെങ്കില്‍ പരിശ്രമം ദൈവത്തെ ഏല്പിക്കുക അല്ലെങ്കില്‍ ഏറ്റെടുക്കുക എന്നതല്ല ഉചിതം. രണ്ടിന്‍റെയും ശരിയായ മിശ്രിതമാണാവശ്യം. വിശുദ്ധ പീറ്റര്‍ ഫേബര്‍ (1506-1546) പറയുന്നതുപോലെ, "എല്ലാം ദൈവത്തിലാശ്രയിച്ചിരിക്കുന്നു" എന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുക. അതേസമയം "എല്ലാം എന്നിലാശ്രയിച്ചിരിക്കുന്നു" എന്ന വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുക.

എല്ലാ കുടുംബപ്രാര്‍ത്ഥനയിലും ചുറ്റുപാടുമുള്ള ദരിദ്രരെപ്പറ്റിയും അവര്‍ക്കു സുഭിക്ഷമായ ഭക്ഷണം ലഭിക്കട്ടെയെന്നും കുടുംബനാഥന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഏറെ നാളായിട്ടും മാറ്റമൊന്നും ഉണ്ടായില്ല എന്നു കണ്ട്, ഒരിക്കല്‍ കൊച്ചുമോള്‍ പറഞ്ഞു. "അപ്പച്ചാ, ഞാന്‍ അപ്പച്ചന്‍റെ പ്രാര്‍ത്ഥന കേള്‍ക്കാം." ഞെട്ടലോടെ പിതാവു ചോദിച്ചു: "എങ്ങനെ?" "നമ്മുടെ കലവറയുടെ താക്കോലിങ്ങു തരൂ." ഗാന്ധിജി പറഞ്ഞതുപോലെ എല്ലാവര്‍ക്കും വേണ്ട ഭക്ഷണം ഭാരതത്തിലുണ്ട്. എല്ലാവര്‍ക്കും കിട്ടുന്നില്ല എന്നു മാത്രം! പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥന, വിശ്വാസം നിരര്‍ത്ഥകം (ജെറെ. 2:20). അനാഥരെയും നിസ്സഹായരെയും സഹായിക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയത (ജെറ. 1:22-27). കൈകള്‍കൊണ്ടുകൂടിയാണു നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത്. എത്ര മനോഹരമായ ആത്മീയതയാണ് അമ്മ ത്രേസ്യയുടേത്. "നിന്‍റേതല്ലാത്തൊരു ശരീരം യേശുവിന് ഇന്നില്ല. നിന്‍റേതല്ലാത്ത കാലുകളും കൈകളും…"

യേശു മനസ്സിലാക്കിയതുപോലെ ദൈവത്തെ അറിയുക എന്നതു സുപ്രധാനമാണ്. അകലെയല്ല ദൈവം, തൊട്ടടുത്തുണ്ട്. ഏവരെയും അഗാധമായി സ്നേഹിക്കുന്ന അപ്പച്ചനും അമ്മച്ചിയുമാണു ദൈവം. ഓരോ മുടിയിലും ശ്രദ്ധയുള്ളവന്‍. ചോദിക്കുന്നതിനുമുമ്പേ, ചോദിക്കാതെ തന്നെ ഏറ്റവും ഉചിതമായതു തരുന്നവന്‍. നമ്മെ കാത്തിരിക്കുന്നവനും നമ്മോടുകൂടി ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നവനും. ഈ ബന്ധം (പ്രാര്‍ത്ഥന) അത്രയും വ്യക്തിപരവും തീവ്രവുമായതുകൊണ്ടു മദ്ധ്യസ്ഥനായി വരിക അനുചിതമായി യേശു കരുതുന്നു (യോഹ. 18:26-27).

നീണ്ട പ്രാര്‍ത്ഥനയാലും ആവര്‍ത്തനത്താലും ദൈവത്തെ സ്വാധീനിക്കാമെന്നു കരുതരുത്. നിശ്ശബ്ദതയിലുള്ള നീണ്ട പ്രാര്‍ത്ഥനയിലൂടെ ദൈവഹിതം അറിയുകയും ചെയ്യുകയുമാണു വേണ്ടത്. പ്രാര്‍ത്ഥനയുടെ ഒരു പ്രധാന ഫലം ദൈവത്തിനു നമ്മോടുള്ള പ്രാര്‍ത്ഥന നമ്മള്‍ കേള്‍ക്കുന്നു എന്നതായിരിക്കട്ടെ. നല്ല ദാസനെപ്പോലെ 'ദൈവമേ, എന്തൊക്കെയാണു ഞാന്‍ ഇന്നു ചെയ്യേണ്ടത്?' എന്നായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന. 'Reporting for daily' പ്രാര്‍ത്ഥനയ്ക്കു നല്ലൊരു നിര്‍വചനമാണ്.

എങ്ങനെയാണു യാചനാപ്രാര്‍ത്ഥന ഫലപ്രദമാവുക എന്നറിയുക എളുപ്പമല്ല. എങ്കിലും പ്രാര്‍ത്ഥിക്കുന്നയാളിന്‍റെ വിശ്വാസവും ആഗ്രഹവും സുപ്രധാനമാണ്. വിശ്വസിക്കുകയെന്നാല്‍ ദൈവത്തിലാശ്രയിക്കുക, ദൈവത്തിനു വിട്ടുകൊടുക്കുക എന്നാണ്. അതിനാധാരം ദൈവം നല്ലവനും സ്നേഹസമ്പന്നനും സര്‍വശക്തനും ഏറ്റവും നല്ലത് എന്തെന്ന് അറിയാവുന്നവനുമാണ് എന്ന വിശ്വാസമാണ്. നല്ലതെന്തും ചെയ്യാന്‍ ദൈവം നമ്മെ ശക്തിപ്പെടുത്തുന്ന (ഫിലി. 4:13) എന്ന ഉറപ്പും "എനിക്കിതിന്‍റെ ആവശ്യമുണ്ട്, എനിക്കിതു വേണം" എന്ന ബോദ്ധ്യമാണ് ആഗ്രഹം. വിശ്വാസവും ആഗ്രഹവും പല അളവിലായിരിക്കാം. രണ്ടും എത്രയധികമുണ്ടോ അത്രയും നല്ലത്. വിശ്വാസവും ആഗ്രഹവുമില്ലാത്ത പ്രാര്‍ത്ഥന ശൂന്യമാണ്, വെറും അധരസേവ.

ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ് ഒപ്പം ഞാനും എനിക്കുള്ളതെല്ലാവും എന്‍റെ കഴിവുകളും നല്ല ആഗ്രഹങ്ങളും തീരുമാനങ്ങളും പരിശ്രമവും അതിന്‍റെ ഫലവും ദൈവത്തില്‍ നിന്നാണെന്നു മറക്കാതെ. അപ്പോള്‍ എനിക്കു പറയുവാന്‍ സാധിക്കും 'ദൈവമേ നന്ദി.' ദൈവം പറയും, 'കൊള്ളാം.' നല്ലവനും വിശ്വസ്തനുമായവനേ ഇതല്ലേ നിര്‍വൃതി, സംതൃപ്തി."

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org