
''കത്തോലിക്കരുടെ പ്രണയപരമ്പര പത്താം ഭാഗമായിരിക്കുകയാണ്.''
''അതെ. 2022 മാര്‍ച്ച് 2 ലക്കത്തിലാണ് ആദ്യഭാഗം ആരംഭിച്ചത്. യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദിവ്യകാരുണ്യം (2), ദൈവവചനം (2), പരിശുദ്ധ കന്യകാമറിയം (2) എന്നിവയ്ക്ക് ശേഷം ക്രൂശിതനായ യേശു എന്ന ആറാം പ്രണയത്തില്‍ എത്തിനില്‍ക്കുന്നു.''
''മിടുക്കി! ആറാം പ്രണയത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?''
''കുരിശിലെ യേശുവിനെയും യേശുവിന്റെ കുരിശിനെയും പ്രണയിക്കാതെ ഒരു ക്രിസ്ത്യാനിയുടെ പ്രണയജീവിതം പൂര്‍ണ്ണമാകില്ല എന്നാണ് പറഞ്ഞത്. ഓരോ മനുഷ്യന്റെയും ജീവിതം ഒരു കുരിശുയാത്ര ആയതിനാല്‍ കുരിശുകള്‍ എപ്രകാരം വഹിക്കണമെന്ന് ക്രൂശിതനില്‍ നിന്ന് പഠിക്കണമെന്നും പറഞ്ഞു. ക്രൂശിതരൂപത്തിന്റെ പേരില്‍ നമ്മുടെ സഭയില്‍ ഇപ്പോള്‍ നടക്കുന്ന 'കുരിശുയുദ്ധത്തെ' പരാമര്‍ശിച്ചുകൊണ്ട് ക്രൂശിതരൂപത്തെ നിരാകരിച്ചുള്ള ഭക്തിയും വിശ്വാസജീവിതവും നമുക്ക് അംഗീകരിക്കാനാവില്ല എന്നും പറഞ്ഞു.''
''ശരിയാണ്. ആമുഖവും വിഷയാവതരണവും കഴിഞ്ഞ് ക്രൂശിത രൂപത്തിന്റെ പ്രാധാന്യത്തെപ്പറ്റി മാത്രമാണ് ആദ്യഭാഗത്ത് വിവരിക്കാനായത്. കുരിശിന്റെ അര്‍ത്ഥത്തെപ്പറ്റിയാണ് ഈ ഭാഗത്ത് പറയുന്നത്. വലിയ നോമ്പ് ആരംഭിച്ചിരിക്കുകയാണല്ലോ. ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ ദിനങ്ങളിലൂടെ നാം കടന്നുപോകുകയാണ്. അനുതാപത്തിന്റെയും പാപപരിഹാരത്തിന്റെയും പുണ്യദിനങ്ങള്‍. വിശുദ്ധ അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തുന്ന മനോഹരമായ ഒരു ചിന്ത ഇപ്രകാരമാണ്. ''ഓ കഷ്ടം! എന്റെ വഴികള്‍ എത്രയോ വളഞ്ഞതും കുടിലവുമായിരുന്നു! അങ്ങയെ ഉപേക്ഷിച്ചിട്ട് അങ്ങയേക്കാള്‍ ശ്രേഷ്ഠമായ മറ്റൊന്ന് നേടാമെന്ന് വ്യാമോഹിച്ചുപോയ എന്റെ ആത്മാവിന് ശാപം! തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും മലര്‍ന്നും കമിഴ്ന്നും കിടന്ന് പലവിധത്തില്‍ എന്റെ ആത്മാവ് ശയിച്ചു നോക്കി. എങ്ങനെ കിടന്നിട്ടും അസ്വസ്ഥത മാത്രമേ അതിന് കിട്ടിയുള്ളൂ. എന്തുകൊണ്ടെന്നാല്‍ അങ്ങു മാത്രമാണ് വിശ്രമവും വിശ്രാന്തിയും. കണ്ടാലും, അങ്ങ് അരികത്തുതന്നെ ഉണ്ടായിരുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ വഴികളിലൂടെ അലഞ്ഞു തിരിഞ്ഞ ഞങ്ങളെ അങ്ങയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ തയ്യാറായി അങ്ങു നിന്നിരുന്നു. ''ഈ വഴിയെ നിങ്ങള്‍ ഓടുവിന്‍, നിങ്ങളെ ഞാന്‍ കൈകളില്‍ താങ്ങിക്കൊള്ളാം. ലക്ഷ്യത്തില്‍ എത്തുന്നതുവരെ എന്റെ കൈകളില്‍ നിങ്ങളെ ഞാന്‍ വഹിച്ചു കൊള്ളാം'' എന്ന സാന്ത്വനവാക്കുകളോടെ അങ്ങ് എപ്പോഴും അരികിലുണ്ടായിരുന്നു (പുസ്തകം 6, ഖണ്ഡിക 16). നമ്മുടെ ജീവിത വഴികളെ പരിശോധിക്കാനുള്ള സമയമാണ് നോമ്പുകാലം. 'മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍' എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകളാണ് (40:3) തന്റെ ആദ്യ പ്രഭാഷണത്തില്‍ സ്‌നാപക യോഹന്നാന്‍ ഉദ്ധരിച്ചത്. നമ്മുടെ ജീവിതമാകുന്ന മരുഭൂമിയില്‍ കര്‍ത്താവിന് സവിശേഷമായി വഴിയൊരുക്കേണ്ട സമയമാണ് നോമ്പുകാലം. തൃഷ്ണകളും മോഹങ്ങളും ആസക്തികളും തിന്മകളുമെല്ലാം നിറഞ്ഞിരിക്കുന്ന നമ്മുടെ ഹൃദയത്തിന്റെ 'വിജനതയില്‍' ദൈവത്തിന് വിശാലവീഥി ഒരുക്കാന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കേണ്ട സമയം. 'കുരിശിന്റെ തണലില്‍ അഭയം തേടാനും ക്രൈസ്തവന്റെ പടവാളും സ്‌നേഹത്തിന്റെ പതാകയുമായ കുരിശില്‍ അഭിമാനിക്കാനും കുരിശിലെ ബലി വഴി തന്റെ ശരീരരക്തങ്ങള്‍ നമുക്ക് നല്‍കിയ കര്‍ത്താവിനെ സ്തുതിക്കാനുമുള്ള' വിശിഷ്ടമായ സന്ദര്‍ഭം. അതിനാല്‍, ഈ നോമ്പുകാലത്തില്‍ ക്രൂശിതനെക്കുറിച്ചുള്ള ധ്യാനം തുടരാനായത് ദൈവപരിപാലനയായി കരുതുകയാണ്. 'അങ്ങയുടെ വഴി' എന്ന് വിശുദ്ധ അഗസ്റ്റിന്‍ വിശേഷിപ്പിച്ചത് എന്താണെന്ന് മനസ്സിലായോ?''
''കുരിശിന്റെ വഴിയാണോ?''
''അതെ. ദൈവത്തിന്റെ വഴി എന്നത് സ്‌നേഹത്തിന്റെ വഴിയാണ്. സ്‌നേഹത്തിന്റെ വഴിക്കാകട്ടെ കുരിശിന്റെ വഴിയോളം നല്ല മാതൃകയും ഉദാഹരണവും ഇല്ല. 'നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം' എന്ന്, സ്‌നേഹത്തിന്റെ സ്‌നേഹം കൂടുതലായി നുകര്‍ന്ന ശിഷ്യന്‍ പഠിപ്പിക്കുന്നുണ്ടല്ലോ (1 യോഹ. 4:10). ദൈവം സ്‌നേഹമായതിനാല്‍ ആ സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമാണ് ക്രൂശിതനായ യേശു. കുരിശിന്റെ വഴി ചൊല്ലാനുള്ള പ്രാര്‍ത്ഥന മാത്രമല്ല; ജീവിക്കാനുള്ള സത്യവുമാണ്. കുരിശിന്റെ വഴിയെ ഓടുന്നവരെ തന്റെ കൈകളില്‍ താങ്ങിക്കൊള്ളാം എന്നത് ക്രൂശിതന്റെ വാക്കാണ്. ''ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്നത് അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ സകല മനുഷ്യര്‍ക്കുമുള്ള അവന്റെ വാഗ്ദാനമാണ് (മത്താ. 11:28). യേശുവിന്റെ ആദ്യ പ്രലോഭനങ്ങള്‍ നമുക്ക് സുപരിചിതമാണ്. മരുഭൂമിയില്‍ വച്ച് പിശാചാണ് അത് സം ഘടിപ്പിച്ചത്. മൂന്ന് പരീക്ഷകളാണ് അയാള്‍ നടത്തിയത്. മൂന്നിലും യേശു വിജയിച്ചു. അതുപോലെ സ്പഷ്ടമല്ലെങ്കിലും 'അന്ത്യപ്രലോഭനങ്ങള്‍' എന്ന് വിശേഷിപ്പിക്കാവുന്ന പ്രച്ഛന്നമായ മൂന്നു പരീക്ഷണമുഹൂര്‍ത്തങ്ങള്‍ കുരിശിലെ തന്റെ മരണവിനാഴികയിലും യേശു നേരിടുന്നുണ്ട്. 'അതിലെ കടന്നുപോയവരും', പ്രധാന പുരോഹിതന്മാരും നിയമജ്ഞരും പ്ര മാണികളുമാണ് യേശുവിന്റെ അന്ത്യപ്രലോഭകര്‍. അവരുടെ പ്രലോഭനങ്ങള്‍ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ: 1) ''ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക. നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരിക.'' 2) ''ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങി വരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം.'' 3) ''ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്'' (മത്താ. 27:40, 42, 43).''
''അതെങ്ങനെയാണ് പ്രലോഭ നമാകുന്നത്?''
''നോക്കൂ, മരണമുഹൂര്‍ത്തത്തിലും യേശു പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ്! ഈ മൂന്ന് വാചകങ്ങള്‍ യേശുവിനെ വ്യക്തിപരമായി വെറുക്കുന്നവരുടെ മൂന്ന് 'കമന്റുകള്‍' അല്ല; പിന്നെയോ, യേശുവിന്റെ ദൈവപുത്രത്വത്തിനും രാജത്വത്തിനും മിശിഹാത്വത്തിനും എതിരായ വെല്ലുവിളിയും പരിഹാസവുമാണ്. ആ അര്‍ത്ഥത്തില്‍ അത് പ്രലോഭനങ്ങളുമാണ്. തലേന്ന് സന്ധ്യയ്ക്ക് പത്രോസിനോട് പറഞ്ഞതുപോലെ, ഇപ്പോഴും യേശുവിന് പിതാവിനോട് അപേക്ഷിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ഞൊടിയിടയില്‍ തന്റെ ദൂതന്മാരുടെ എത്ര വ്യൂഹങ്ങള്‍ വേണമെങ്കിലും അവിടുന്ന് അയച്ചു കൊടുക്കുമായിരുന്നു. അതുമല്ലെങ്കില്‍ യേശുവിന് സ്വന്തം ദൈവികശക്തി പ്രയോഗിക്കാമായിരുന്നു. എന്നാല്‍ യേശു അതിനൊന്നും തുനിയാതെ എല്ലാം നി ശബ്ദം സഹിച്ചു. അങ്ങനെ ആദ്യ പ്രലോഭനങ്ങളിലേതുപോലെ അന്ത്യപ്രലോഭനങ്ങളിലും അവന്‍ പരിപൂര്‍ണ്ണമായി വിജയിച്ചു. മരണ തുല്യമായ വേദനകള്‍ സഹിച്ചതു പരിഗണിച്ചും ക്രൂരമായി ക്രൂശിച്ചതിനുശേഷവും തുടര്‍ന്ന വെല്ലുവിളികളില്‍ പ്രകോപിതനായും അവസാനനിമിഷത്തില്‍ അപ്രതീക്ഷിതമായി യേശു കുരിശില്‍നിന്ന് സ്വയം രക്ഷപ്പെടുകയോ പിതാവ് യേശുവിനെ രക്ഷിക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?''
''രക്ഷാകരദൗത്യം അപ്പാടെ പരാജയപ്പെടുമായിരുന്നു.''
''അതെ. യേശു ഒരു വലിയ തോല്‍വിയായി ചിത്രീകരിക്കപ്പെടുമായിരുന്നു. ദൈവം സ്‌നേഹമാണെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെടില്ലായിരുന്നു. 'സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പ്പിച്ചു തന്നവന്‍' എന്ന് (റോമാ 8:32) പിതാവിനെപ്പറ്റി പറയാനാവില്ലായിരുന്നു. 'തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' എന്ന (യോഹ. 3:16) ദൈവസ്‌നേഹത്തിന്റെ അനശ്വരമായ 'ടാഗ്‌ലൈന്‍' എഴുതപ്പെടില്ലായിരുന്നു. എന്നാല്‍, 'മരണംവരെ - അതെ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തിയ യേശു (ഫിലി. 2:8) ദൈവം സ്‌നേഹമാണെന്ന നിത്യസത്യം മുദ്രവച്ചുറപ്പിച്ചു. അവന്റെ നില വിളിയാണ് നമ്മുടെ സമാശ്വാസം. ഏശയ്യാ പ്രവാചകന്‍ പറയുന്നതു പോലെ, അവന്റെ മേലുള്ള ശിക്ഷയാണ് നമുക്ക് രക്ഷ നല്‍കിയത്, അവന്റെ ക്ഷതങ്ങളാണ് നമുക്കു സൗഖ്യമേകിയത് (53:6). 'പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണ്ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി' എന്ന ഹെബ്രായ ലേഖനകാരന്റെ വാക്കുകള്‍ (5:8, 9) ക്രൂശിതന്റെ നിത്യമഹത്വം സ്പഷ്ടമാക്കുന്നുണ്ട്.''
(തുടരും)