കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 6]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 6]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''

''കത്തോലിക്കരുടെ പ്രണയങ്ങള്‍ അവസാനിക്കുന്നേയില്ലല്ലോ?''

''അതെ; ഇതിപ്പോള്‍ ആറാം മാസമാണ്.''

''ഓഹോ! അപ്പോള്‍ മൂന്നു മാസം കൂടികഴിഞ്ഞാല്‍ ഒരു 'ഗര്‍ഭകാലം' പൂര്‍ത്തിയാകും. അതോടെ പൂര്‍ണ്ണ ആരോഗ്യവും ചൈതന്യവുമുള്ള ഒരു കത്തോലിക്കാ വിശ്വാസി പിറവിയെടുക്കും! ആട്ടെ; ഏത് പ്രണയഭാജനത്തെപ്പറ്റിയാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ഓര്‍മ്മയുണ്ടോ?''

''ഉണ്ടല്ലോ! യേശുക്രിസ്തു, പരിശുദ്ധാത്മാവ്, പരിശുദ്ധ പരമദിവ്യകാരുണ്യം എന്നിവയ്ക്കു ശേഷം ദൈവവചനത്തെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്.''

''കത്തോലിക്കരുടെ നാലാം പ്രണയമായ ദൈവവചനത്തെപ്പറ്റി എന്താണ് ആദ്യഭാഗത്ത് പറഞ്ഞത്?''

''ദൈവവചനമെന്നാല്‍ യേശുക്രിസ്തു എന്ന വ്യക്തിയാണെന്നാണ് പറഞ്ഞത്. നമുക്കു വേണ്ടി മാംസമായി അവതരിച്ചത് കുറെ അക്ഷരങ്ങളും വാക്കുകളുമല്ല; 'ദൈവത്വത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ മൂര്‍ത്തീഭവിച്ചിരിക്കുന്ന' (കൊളോ. 2:9) യേശു എന്ന വ്യക്തിയാണെന്നാണ് പറഞ്ഞത്.''

''മിടുക്കി! നന്നായി ഓര്‍ക്കുന്നുണ്ടല്ലോ. 'വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണ്' എന്ന സഭാ പിതാവായ വിശുദ്ധ ജെ റോമിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കഴിഞ്ഞ ലക്കത്തിലെ ഭാഗം അവസാനിച്ചത്. നാം എന്തിന് ദൈവവചനത്തെ പ്രണയിക്കണമെന്നും ആ പ്രണയം നമ്മുടെ ആത്മീയജീവിതത്തെ എപ്രകാരം ഏകാഗ്രമാക്കുമെന്നാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്. ലത്തീന്‍ ആരാധനാക്രമത്തിലെ ഒരു സമിതി പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണ്ണമാണ്. 'വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ, അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം അങ്ങേ ജനത്തിനു നല്കണമേ. അങ്ങനെ, ഈ ലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെ മധ്യേ, എവിടെയാണോ യഥാര്‍ത്ഥ സന്തോഷമുള്ളത് അവിടെ, ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.' എത്ര മനോഹരമായ പ്രാര്‍ത്ഥനയാണെന്ന് നോക്കൂ! യഥാര്‍ത്ഥ സന്തോഷം എന്തെന്നും അതിന്റെ ഉറവിടം ഏതെന്നും കണ്ടെത്തുന്നതും അതില്‍ ഹൃദയം ഉറപ്പിക്കുന്നതുമാണ് ഈ ലോക ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ കാര്യം. 'ആനന്ദത്തിനുവേണ്ടിയുള്ള ആഗ്രഹമാണ് മനുഷ്യനെക്കൊണ്ട് തെറ്റ് ചെയ്യിക്കുന്നത്' എന്ന് മഹാനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. ഭൂമിയിലെ എല്ലാ മനുഷ്യരും തേടുന്നത് സന്തോഷം അഥവാ ആനന്ദമാണ്. സമ്പത്ത്, അധികാരം, പദവികള്‍, പ്രശസ്തി, ജഡമോഹങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ചിലര്‍ അത് തേടുന്നത്. മറ്റു ചിലരാകട്ടെ ആത്മീയത, ജീവകാരുണ്യ പ്രവര്‍ത്തികള്‍, നിസ്വാര്‍ത്ഥമായ ജീവിതം എന്നിവയിലൂടെയും സന്തോഷം തേടുന്നു. മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ. ചിലര്‍ക്ക് നൈമിഷികവും നശ്വരവും ഉപരിപ്ലവവുമായ സന്തോഷം മതി. മറ്റു ചിലര്‍ക്കാകട്ടെ ശാശ്വതവും അനശ്വരവും അഗാധവുമായ ആനന്ദം വേണം. നിത്യമായ ആ ആനന്ദം കണ്ടെത്താനാണ് കൃപ വേണ്ടത്. ആ ആനന്ദത്തിന്റെ ഉറവിടവും പാരമ്യവുമാണ് യേശുക്രിസ്തു. അതുകൊണ്ടാണ്, 'നിങ്ങള്‍ തേടുന്ന സന്തോഷത്തിന്, ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുള്ള സന്തോഷത്തിന്, ഒരു പേരും മുഖവുമുണ്ട് - നസറത്തിലെ യേശുക്രിസ്തു' എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ യുവജനങ്ങളോട് പറഞ്ഞത്. 'ആത്മസ്വരൂപാ; ആനന്ദരൂപാ' എന്നാരംഭിക്കുന്ന അതിമനോഹരമായ ഒരു ഗാനം നമ്മുടെ സ്വന്തം ഗന്ധര്‍വ്വനായ യേശുദാസ് ആലപിച്ചിട്ടുണ്ട്. യേശുക്രിസ്തുവാണ് ആ ആത്മസ്വരൂപനും ആനന്ദരൂപനും. അത് നമുക്ക് വെളിപ്പെടുത്തുന്നത് ദൈവവചനമാണ്. അനശ്വരമായ ആനന്ദത്തിന്റെ സാമ്രാജ്യമാണ് യേശുക്രിസ്തു എന്ന അവബോധം നമുക്ക് നല്കുന്നത് വിശുദ്ധ ഗ്രന്ഥമാണ്. ''ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകാനും വേണ്ടിയാണ്'' എന്ന് യേശു പറയുന്നുണ്ട് (യോഹ. 15:11). 'ആരും എടുത്തു കളയാത്ത സന്തോഷം' (യോഹ. 16:22) എന്നത് യേശുവിന് മാത്രം നല്കാന്‍ കഴിയുന്ന വാഗ്ദാനമാണ്. ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത് വേദപുസ്തകമാണ്. ദൈവം കല്പിച്ചിരിക്കുന്നത് എന്തെന്നറിഞ്ഞാലേ അവയെ സ്‌നേഹിക്കാനാകൂ. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്തെന്നറിഞ്ഞാലേ അവ ആഗ്രഹിക്കാനാകൂ. ഈ അറിവും ആഗ്രഹവും സ്‌നേഹവുമാണ് നമ്മുടെ ഹൃദയത്തെ യഥാര്‍ത്ഥ ആനന്ദത്തില്‍ ഉറപ്പിക്കുന്നത്. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദൈവചനത്തെ പ്രണയിക്കുക എന്നതാണ്. സങ്കീര്‍ത്തകന് സൂക്ഷ്മമായ ഈ സത്യത്തെപ്പറ്റി അവബോധമുണ്ടായിരുന്നു. അതുകൊണ്ടാണ്, 'വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്ദിക്കുന്നു' എന്ന് അദ്ദേഹം പറയുന്നത് (119:162). ദൈവവചനത്തില്‍ വെറുതെ ആനന്ദിക്കുന്നു എന്നല്ല; വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ആനന്ദിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ സാരാംശം ഇതാണ് - വിശുദ്ധ ഗ്രന്ഥം ആനന്ദത്തിന്റെ ഗ്രന്ഥമാണ്. ദൈവവചനമാണ് യഥാര്‍ത്ഥ ആനന്ദത്തിലേക്ക് നമ്മെ വഴിനടത്തുന്നത്. നമ്മെ യഥാര്‍ത്ഥമായ പ്രകാശത്തിലേക്ക് ആനയിക്കുന്നതും ദൈവവചനമാണ്. അതുകൊണ്ടാണ്, 'അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു' എന്നും (119:130) 'അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്' എന്നുമൊക്കെ (119:105) സങ്കീര്‍ത്തകന്‍ പറയുന്നത്. 'പ്രകാശത്തിന്റെ വഴി പരിചയിക്കുകയോ അതില്‍ സഞ്ചരിക്കുകയോ ചെയ്യാതെ അതിനെ എതിര്‍ക്കുന്നവരുണ്ട്' എന്ന ഉജ്ജ്വലമായ ഒരു വാചകം ജോബ് പറയുന്നുണ്ട് (24:13). പ്രകാശത്തിന്റെ വഴി പരിചയിക്കാനും അതില്‍ സഞ്ചരിക്കാനുമുള്ള ഏറ്റവും നല്ല വഴി ദൈവചനത്തെ ഉപാസിക്കുക എന്നതാണ്. 'പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്?' എന്ന് ദൈവം ജോബിനോട് ചോദിക്കുന്നുണ്ട് (38:19). ആ ചോദ്യത്തിന് നമുക്ക് കണ്ടെത്താവുന്ന ഏറ്റവും മികച്ച ഉത്തരം ദൈവവചനത്തിന്റെ വഴി എന്നതാണ്. നമ്മെ ശുദ്ധീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതും ദൈവവചനമാണ്. കര്‍ത്താവ് ഏല്പിച്ച ദൗത്യത്തില്‍ നിന്ന് ഒഴിവാകാന്‍ ന്യായങ്ങള്‍ നിരത്തുന്ന ജറെമിയാ പ്രവാചകനുള്ള അവിടുത്തെ മറുപടി ശ്രദ്ധേയമാണ്. 'അനന്തരം കര്‍ത്താവ് കൈ നീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ ജനതകളുടെയും രാജ്യങ്ങളുടെയും മേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു' (1:9,10). 'കേവലം ബാലന്‍' എന്ന് സ്വയം വിശേഷിപ്പിച്ചയാളെ ദൈവത്തിന്റെ മഹാപ്രവാചകനാക്കുന്നത് ദൈവവചനമാണ്. 'ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു' എന്ന് യേശു പറയുന്നുണ്ട് (യോഹ. 15:3). ചുരുക്കത്തില്‍, നമ്മെ 'പിതാവിന്റെ പരിപൂര്‍ണ്ണതയിലേക്ക്' (മത്താ. 5:48) നയിക്കുന്നതും 'നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്ന് വിവേചിച്ചറിയാന്‍' (റോമാ 12:2) സഹായിക്കുന്നതും ദൈവവചനമാണ്. ക്രിസ്തീയ ജീവിതത്തിന്റെ പക്വതയിലേക്കും പരിപൂര്‍ണതയിലേക്കും നമ്മെ നയിക്കുന്നത് ദൈവവചനമാണ്. അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നത് നോക്കൂ: 'യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷപ്രാപിക്കുന്നതിനു നിന്നെജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ നീ ബാല്യം മുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റു തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാവുകയും ചെയ്യുന്നു' (2 തിമോ. 3:15-17). കത്തോലിക്കരുടെ നാലാം പ്രണയം ഇതോടെ പൂര്‍ണ്ണമാകുകയാണ്.''

''സന്തോഷം; നന്ദി.''

''അപ്പസ്‌തോലന്‍ പറഞ്ഞതുപോലെ ബാല്യം മുതലേ വിശുദ്ധ ലിഖിതങ്ങള്‍ പഠിച്ചറിയുക. ദൈവവചനത്തെ സ്‌നേഹിക്കുക. 'അങ്ങയുടെ കല്പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു' എന്ന് (119:20) സങ്കീര്‍ത്തകനെപ്പോലെ നമുക്കും ആവര്‍ത്തിക്കാം. ഈശോ അനുഗ്രഹിക്കട്ടെ.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org