
''കത്തോലിക്കരുടെ പ്രണയപരമ്പര പതിനൊന്നാം ഭാഗമായിരിക്കുകയാണ്. യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദിവ്യകാരുണ്യം (2), ദൈവവചനം (2), പരിശുദ്ധ കന്യകാമറിയം (2) എന്നിവയ്ക്കു ശേഷം ക്രൂശിതനായ യേശു എന്ന ആറാം പ്രണയത്തിന്റെ മൂന്നാം ഭാഗത്തില്‍ എത്തിയിരിക്കുന്നു.''
''ആറാം പ്രണയമായ ക്രൂശിതന്‍ രണ്ടു ഭാഗങ്ങളില്‍ വിവരിച്ചിട്ടും തീര്‍ന്നില്ലല്ലോ?''
''ശരിയാണ്. ആദ്യമായാണ് ഒരു പ്രണയം മൂന്നാം ഭാഗത്തേക്ക് കടക്കുന്നത്. പറഞ്ഞു തീര്‍ക്കാനും തീര്‍ത്തു പറയാനും കഴിയാത്ത പ്രണയമാണ് ക്രൂശിതനായ യേശു. നോക്കൂ, ഈ രാത്രി നിലാവില്ലാത്തതാണ്. തണുത്ത കാറ്റ് വീശുന്നുണ്ട്. എവിടെയോ മഴ പെയ്യുന്നുണ്ടാകും! ദേവാലയത്തിന്റെ മുകളറ്റത്ത് ഒരു ചെന്താരകം പോലെ കുരിശ് പ്രശോഭിക്കുന്നത് കണ്ടോ?''
''വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ ചുവന്നു തിളങ്ങുന്ന കുരിശ് ആകാശത്ത് ഒട്ടിച്ചുവച്ചതുപോലെ തോന്നുന്നു!''
''മറ്റൊരര്‍ത്ഥത്തിലും അതു ശരിയാണ്. കുരിശ് ആകാശങ്ങളുടെ ആകാശത്തുനിന്ന് വന്നവന്റേതാണ്. ആകാശങ്ങളുടെ ആകാശത്തേക്ക് നമ്മെ കൊണ്ടുപോകുന്നതും കുരിശാണ്. ഈ ഘോരരാത്രിയിലും ആ ചെങ്കുരിശിന്റെ പ്രഭ ആത്മാവില്‍ നിലാവ് പടര്‍ത്തുന്നില്ലേ?''
''സത്യം!''
''കുരിശ് അന്ധകാരമല്ല; പ്രകാശമാണ്. കുരിശ് അമാവാസിയല്ല; നിത്യനിലാവാണ്, കുരിശ് വേനലും വറുതിയുമല്ല; ഋതുഭേദങ്ങളേശാത്ത ദൈവശക്തിയുടെയും ദൈവസ്‌നേഹത്തിന്റെയും നിത്യവസന്തമാണ്. അവന്റെ നിണമണിഞ്ഞ കാല്പാടുകള്‍ പിഞ്ചെല്ലുന്ന നാം ഒടുവില്‍ എത്തിച്ചേരുന്നത് കാല്‍വരിയിലെ ആ കുരിശിന്‍ചുവട്ടിലാണ്. അതാണ് പരമപദം. അവിടെയാണ് പരമാനന്ദം. അതിനപ്പുറം വഴിയും യാത്രയുമില്ല. അതിന്റെ ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം! 'അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു' എന്ന ഒറ്റവചനത്താല്‍ (റോമാ 8:17) നമ്മുടെ ജീവിതത്തിലെ സമസ്ത സങ്കടങ്ങളെയും സഹനങ്ങളെയും വ്യാഖ്യാനിക്കാം. യേശുവിന്റെ കുരിശിനെയും കുരിശിലെ യേശുവിനെയും നന്നായി 'മനസ്സില്‍ ആയവര്‍ക്കു' മാത്രമേ സ്വന്തം കുരിശുകളെയും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. മനസ്സിലാകാത്ത കുരിശിനോളം നമ്മെ ഭാരപ്പെടുത്തുകയും ഞെരുക്കുകയും ചെയ്യുന്ന മറ്റൊന്നുമില്ല. അപ്പോഴാണ് നാം വിലപിക്കുകയും ആക്രോശിക്കുകയും ശപിക്കുകയും പല്ലിറുമ്മുകയും പരാതിപ്പെടുകയും പിറുപിറുക്കുകയും നെടുവീര്‍പ്പിടുകയുമൊക്കെ ചെയ്യുന്നത്?''
''നമ്മുടെ കുരിശുകളെ മനസ്സിലാക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്?''
''യേശുവിന്റെ കുരിശിലേക്കും കുരിശിലെ യേശുവിലേക്കും നോക്കണം. അപ്പസ്‌തോലന്‍ പറയുന്നതു നോക്കൂ: 'നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു' (1 കോറി. 2:2). ക്രൂശിതനെക്കുറിച്ചുള്ള നമ്മുടെ അറിവാണ് ക്രൂശിതനോടുള്ള നമ്മുടെ സ്‌നേഹം നിര്‍ണ്ണയിക്കുന്നത്. ആ അറിവും സ്‌നേഹവുമാണ് ജീവിതത്തിലെ കുരിശുകളോടുള്ള നമ്മുടെ സമീപനം നിര്‍ണ്ണയിക്കുന്നത്. യേശുവിന്റെ കുരിശിന്റെ ദൈവശാസ്ത്രമെന്നത് രക്ഷയുടെയും സ്‌നേഹത്തിന്റെയും ദൈവശാസ്ത്രമാണ്. പരസ്പരം കുറുകെ ഛേദിക്കുന്ന ആ രണ്ടു മരപ്പാളികളില്‍ ദൈവവും മനുഷ്യനും സ്വര്‍ഗവും ഭൂമിയും ജീവനും മരണവും പ്രപഞ്ചവും പറുദീസയുമെല്ലാം സമ്മോഹനമായി സമ്മേളിക്കുന്നുണ്ട്. 'പ്രപഞ്ചത്തിന്റെ ഏറ്റവും അകലെയുള്ള കോണുകളെപ്പോലും ആശ്ലേഷിക്കാന്‍ ദൈവം കുരിശില്‍ തന്റെ കൈകള്‍ വിരിച്ചു' എന്ന് സഭാപിതാവായ ജറുസലെമിലെ വിശുദ്ധ സിറിള്‍ പഠിപ്പിക്കുന്നുണ്ട്. കുരിശില്‍ വിരിച്ച ആ കൈകളില്‍ നിന്ന് പ്രപഞ്ചത്തിലെ ഒരു കണികയ്ക്കും ഇനി മോചനമില്ല. ആ കൈകളില്‍ നിന്ന് ഒഴുകിയിറങ്ങിയ ചുടുനിണത്തിന്റെ രക്ഷാകരമായ നനവില്‍ നിന്ന് ഒരു മനുഷ്യനും ഇനി ഒഴിഞ്ഞു മാറാനാവില്ല. "a mark resembling a cross made instead of signature by a person unable to write - എഴുതാനറിയാന്‍ പാടില്ലാത്തയാള്‍ കൈയ്യൊപ്പിനു പകരം കുരിശുപോലെ വരയ്ക്കുന്ന അടയാളം' എന്നും cross എന്ന വാക്കിന് 'ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു' അര്‍ത്ഥം നല്കുന്നുണ്ട്. ഈ പദാ(ര്‍ത്ഥത്തെ) മറ്റൊരു രീതിയിലും വ്യാഖ്യാനിക്കാം. നിത്യതയുടെ അക്ഷരമാലയിലും വ്യാകരണത്തിലും ദയനീയമാം വിധം നിരക്ഷരരായ നമുക്ക് രക്ഷയുടെ കൈയ്യൊപ്പും അടയാളവുമായി മാറിയത് യേശുവിന്റെ കുരിശാണ്. ''മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു'' എന്ന് യേശു പറയുന്നുണ്ട് (യോഹ. 3:14). ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ട യേശുവാണ് എല്ലാ മനുഷ്യരെയും നിത്യമായി ആകര്‍ഷിക്കുന്നത് (യോഹ. 12:32). അതിനാല്‍ ക്രൂശിതനെ തൊട്ടുകളിക്കരുത്. ക്രൂശിതരൂപത്തെ കലഹത്തിനും കലാപത്തിനും ഉപകരണമാക്കരുത്. 'ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് അപകടമാകുന്നത്' (അ. പ്രവ. 26:14) സാവൂളിന് മാത്രമല്ല; തൊഴിക്കുന്ന എല്ലാവര്‍ക്കുമാണ്. 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ ഇടയാകാതിരിക്കേണ്ട' (ഗലാ. 6:14). അനേകര്‍ ഇന്ന് വ്യര്‍ത്ഥമായ പാരമ്പര്യങ്ങളിലും പഴമയുടെയും തനിമയുടെയും ദുഃശാഠ്യങ്ങളിലും അധികാരഗര്‍വിലും പ്രതികാര ചിന്തയിലും മേന്മ ഭാവിച്ചുകൊണ്ട് യേശുവിന്റെ കുരിശിനെയും കുരിശിലെ യേശുവിനെയും ശക്തിയായി തൊഴിക്കുന്നുണ്ട്. അവര്‍ ആരായാലും അവര്‍ക്ക് 'ഹാ, കഷ്ടം' എന്നേ പറയാനുള്ളൂ. നമ്മുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും കൂട്ടായ്മയുടെയും ആരാധനക്രമത്തിന്റെയും എല്ലാ പാരമ്പര്യങ്ങളും ആരംഭിക്കുന്നത്, കാല്‍വരിയിലെ ആ രൂപത്തില്‍ നിന്നാണ്. ഒടുവില്‍, തലവരകളുടെയൊക്കെ ഒടുക്കത്തില്‍, പാരമ്പര്യമായി തലയ്ക്കു പിന്നില്‍ ചേര്‍ത്തുവയ്ക്കുന്നതും ആ രൂപം തന്നെയാണ്! ഒരര്‍ത്ഥത്തില്‍ കുരിശ് 'തലയ്ക്കു പിടിച്ചവരാണ്' ക്രിസ്ത്യാനികള്‍. യേശുവിന്റെ കുരിശും കുരിശിലെ യേശുവും തലയ്ക്കു പിടിച്ചു കഴിഞ്ഞാല്‍ മാത്രമേ 'ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കാനും മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കാനും' (റോമാ 14:8) നമുക്ക് കഴിയുകയുള്ളൂ. 'ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്' എന്ന് അവിരാമമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമുക്കുവേണ്ടി ജീവിക്കുകയും നമുക്കുവേണ്ടി കുരിശില്‍ മരിക്കുകയും ചെയ്ത യേശുക്രിസ്തുവാണ്. അതിനാല്‍ യേശുവിന്റെ കുരിശില്‍ നിന്ന് ഉത്ഭവിച്ച്, യേശുവിന്റെ കുരിശിലൂടെയൊഴുകി, യേശുവിന്റെ കുരിശില്‍ സംഗമിക്കുന്ന ഒരു ജീവനദിയാണ് നമ്മുടെ വിശ്വാസജീവിതം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ ജീവനദിയുടെ ഒഴുക്കിനെ അനുദിനം പരിശോധിക്കാനും നവീകരിക്കാനും നമുക്ക് കടമയുണ്ട്. ഉയിര്‍പ്പ് തിരുനാളിന് ഒരുക്കമായുള്ള വലിയ നോമ്പ് ആരംഭിച്ചത് അനുതാപശുശ്രൂഷയോടെയാണെന്ന് ഓര്‍ക്കുന്നുണ്ടാകുമല്ലോ. വിഭൂതി എന്നും കുരിശുവരത്തിരുനാള്‍ എന്നുമൊക്കെ അറിയപ്പെടുന്ന അന്നത്തെ കര്‍മ്മക്രമത്തിലെ സമാപന പ്രാര്‍ത്ഥനയിലെ സമാപന വാക്യം ഇപ്രകാരമാണ്: 'ദൈവത്തിന്റെ ജനമേ, ദൈവവചനത്തിലാശ്രയിച്ച് പ്രലോഭനങ്ങളെ ജയിച്ച് ആത്മീയസൗഭാഗ്യം അനുഭവിക്കാന്‍ മിശിഹായുടെ കുരിശ് നിങ്ങളെ ശക്തരാക്കട്ടെ.' എത്ര മനോഹരമായ പ്രാര്‍ത്ഥനയും ആശംസയുമാണ് ഈ വാക്കുകള്‍! മിശിഹായുടെ കുരിശാണ് നമുക്ക് എല്ലാ ആത്മീയസൗഭാഗ്യങ്ങളും നേടിത്തരുന്നത്. അങ്ങനെയെങ്കില്‍ ആത്മീയ സൗ ഭാഗ്യം എന്താണ് എന്ന ചോദ്യമുണ്ട്. ഇഹത്തിലും പരത്തിലുമുള്ള ദൈവൈക്യം എന്നതാണ് ലളിതവും കൃത്യവുമായ ഉത്തരം. നിത്യത, നിത്യജീവന്‍ എന്നതുകൊണ്ടൊക്കെ അര്‍ത്ഥമാക്കുന്ന ഈ ദൈവൈക്യത്തിലേക്കുള്ള കവാടം യേശുവിന്റെ കുരിശാണ്. 'നമുക്കു സ്വര്‍ഗത്തിലേക്കു കയറാന്‍ കുരിശല്ലാതെ മറ്റൊരു കോവണിയില്ല' എന്ന് ലീമയിലെ വിശുദ്ധ റോസ പഠിപ്പിക്കുന്നുണ്ട്. ''തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.'' എന്നാണ് തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവരോട് യേശു പറഞ്ഞത് (ലൂക്കാ 9:23). കുരിശ് വഹിക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം എന്തു മനോഭാവത്തോടെ അത് വഹിക്കുന്നു എന്നതാണ്. ''നിങ്ങള്‍ നിങ്ങളുടെ കുരിശ് സന്തോഷപൂര്‍വം വഹിച്ചാല്‍ അതു നിങ്ങളെ വഹിച്ചുകൊള്ളും.'' എന്ന് ക്രിസ്ത്വാനുകരണത്തിന്റെ രചയിതാവായ തോമസ് അകെംപിസ് പഠിപ്പിക്കുന്നുണ്ട്.''
''ക്രൂശിതനെക്കുറിച്ചുള്ള മൂന്നു ക്ലാസ്സുകളും ഒത്തിരി ഇഷ്ടമായി! നന്ദി.''
''ക്രൂശിതന്‍ നല്കിയ പരിശുദ്ധാരൂപിക്ക് മഹത്വമുണ്ടാകട്ടെ! അവിടുന്നാണല്ലോ എല്ലാം പഠിപ്പിക്കുന്നത്.''
(തുടരും)