കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 8]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 8]

''കത്തോലിക്കരുടെ പ്രണയപരമ്പര അവസാനിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ!''

''അതെ. മാര്‍ച്ച് 2 ലക്കത്തില്‍ തുടങ്ങിയതാണ്. ഇടയ്ക്ക് രണ്ട് മാസം മുടങ്ങുകയും ചെയ്തു. ഇതാ ഇപ്പോള്‍ ഡിസംബര്‍ കഴിയാറായി.''

''ഡിസംബര്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രണയാര്‍ദ്രമായ മാസമാണെന്ന് അറിയാമല്ലോ?!''

''അറിയാം. ക്രിസ്മസ് മാസമാണ് ഡിസംബര്‍.''

''നിഘണ്ടു പറയുന്നതുപോലെ 'പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ഇംഗ്ലീഷ് മാസം' മാത്രമല്ല ഡിസംബര്‍. പിന്നെയോ, ദൈവത്തിന് മനുഷ്യനോടുള്ള അഗാധമായ പ്രണയത്തിന്റെ നിത്യസ്മാരകമായ ക്രിസ്തുജനനോത്സവം കൊണ്ടാടുന്ന മാസമാണ്. ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെ കൃത്യമായി മനസ്സിലാക്കാന്‍ രണ്ട് അനശ്വരമുഹൂര്‍ത്തങ്ങളെ ധ്യാനിച്ചാല്‍ മതി. ഏതൊക്കെയാണെന്ന് പറയാമോ?''

''പ്രയാസമുള്ള ചോദ്യമാണല്ലോ.''

''പ്രയാസപ്പെടേണ്ട. സഹായത്തിന് പരിശുദ്ധാത്മാവിനെ വിളിക്കൂ. അവിടുന്ന് പറഞ്ഞു തരും.''

''ശരി. ഒരു നിമിഷം... പറയട്ടെ? ആദ്യത്തേത് കാലിത്തൊഴുത്ത്. രണ്ടാമത്തേത് കാല്‍വരി!''

''മിടുക്കി! പരിശുദ്ധാത്മാവ് സഹായിച്ചു; അല്ലേ?''

''പിന്നല്ലാതെ!''

''അതാണ് പരിശുദ്ധ റൂഹാ തമ്പുരാന്റെ കൃപയും ശക്തിയും. 'നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍' എന്ന് വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ എഴുതിയിട്ടുണ്ട് (എഫേ. 3:20, 21). പരിശുദ്ധാത്മാവുമായി വ്യക്തിപരമായി നാം പുലര്‍ത്തുന്ന സ്‌നേഹബന്ധമാണ് നമ്മുടെ ആന്തരിക ജീവിതത്തെ ആനന്ദത്തിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത്. പറഞ്ഞ ഉത്തരത്തിലേക്ക് വരാം. ബേത്‌ലെഹെമിലെ പുല്‍ത്തൊട്ടിയും ഗൊല്‍ഗോഥായില കുരിശുമാണ് ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തിന്റെ ശാശ്വതമുദ്രകള്‍. രണ്ടിടത്തെയും നായകന്‍ ഒരാള്‍ തന്നെയാണ്. പുല്‍ത്തൊട്ടിയില്‍ ദൈവം യേശുവിലൂടെ തന്നെത്തന്നെ നമുക്ക് സംലഭ്യനാക്കിയെങ്കില്‍, കുരിശില്‍ നമ്മെ വീണ്ടെടുക്കാനായി ദൈവം യേശുവിലൂടെ തന്നെത്തന്നെ മരണത്തിന് വിട്ടുനല്‍കി. മാനവചരിത്രഗതിയില്‍ ഈ രണ്ടു സന്ദര്‍ഭങ്ങളും സജ്ജമാക്കിക്കൊണ്ടാണ് അവിടുന്ന് തന്റെ സ്‌നേഹത്തിലേക്ക് നമ്മെ ക്ഷണിക്കുന്നത്. ആട്ടെ, ഏഴാം ഭാഗത്ത് ആരെപ്പറ്റിയാണ് പറഞ്ഞത്?''

''പരിശുദ്ധ കന്യകാമറിയത്തെപ്പറ്റിയാണ് പറഞ്ഞത്. യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദിവ്യകാരുണ്യം, ദൈവവചനം എന്നിവയ്ക്കു ശേഷം കത്തോലിക്കരുടെ അഞ്ചാം പ്രണയമാണ് മറിയം എന്നാണ് പറഞ്ഞത്.''

''ഇന്‍കാര്‍ണേഷന്‍, ഉണ്ണീശോ, പുല്‍ക്കൂട്, നക്ഷത്രം, ദൈവദൂതര്‍, ആട്ടിടയര്‍, രാജാക്കന്മാര്‍, സാന്റാക്ലോസ്, കരോള്‍ഗീതങ്ങള്‍ എന്നിങ്ങനെ തനതു ബിംബങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ക്രിസ്മസ് മറിയത്തിന്റെ കൂടി ഉത്സവമാണ്. അഥവാ മറിയോത്സവമാണ്. അതിനാല്‍ ഒക്‌ടോബറില്‍ എന്നതുപോലെ ഡിസംബറിലും മറിയത്തെ സവിശേഷമായി ഉപാസിക്കുന്നത് സമുചിതമാണ്. ഡിസംബറിലെ മറിയം ശക്തയും അനുപമമായ ദൈവകൃപ നിറഞ്ഞവളുമാണ്. അവളേക്കാള്‍ ശക്തയായ ഒരു സ്ത്രീ പ്രപഞ്ചത്തിലുണ്ടെങ്കില്‍ അത് കുരിശിന്‍ചുവട്ടിലെ മറിയം മാത്രമായിരിക്കും! ഈ പറഞ്ഞതില്‍ നിന്നെല്ലാം എന്ത് മനസ്സിലായി?''

''മറിയം എന്ന അഞ്ചാം പ്രണയം തുടരുകയാണല്ലേ?''

''അതെ. മറ്റു പ്രണയങ്ങള്‍ പോലെ കത്തോലിക്കരുടെ മറിയത്തോടുള്ള പ്രണയവും നിലയ്ക്കാത്ത ഒന്നാണ്. അതിനാല്‍ മറിയം എന്ന പ്രണയം തുടരുകയാണ്.''

''ഒരു സംശയം! യേശു എന്താണ് യൂദയായിലെ ബേത്‌ലെഹെമില്‍ ജനിച്ചത്? യേശുവിന് വേണമെങ്കില്‍ ഇന്ത്യയിലെ കേരളത്തില്‍ ജനിക്കാമായിരുന്നില്ലേ!?''

''തീര്‍ച്ചയായും! മറിയം ജീവിച്ചിരുന്നത് കേരളത്തിലെ ഒരു പട്ടണത്തില്‍ ആയിരുന്നെങ്കില്‍ നിശ്ചയമായും യേശു കേരളത്തില്‍ ജനിക്കുമായിരുന്നു. പക്ഷേ, മറിയം ജീവിച്ചത് ഗലീലിയിലെ നസറത്ത് എന്ന പട്ടണത്തില്‍ ആയിരുന്നതിനാല്‍ യേശു 'നസറത്തിലെ യേശു' ആയി മാറി. 'നസറത്തിലെ കന്യകയെ' (ലൂക്കാ 1:26) അല്ലാതെ അമലോത്ഭവയും വരപ്രസാദപൂര്‍ണ്ണയുമായി മറ്റൊരാളെ തന്റെ പുത്രന് അമ്മയായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പിതാവായ ദൈവം കണ്ടെത്തുമായിരുന്നല്ലോ! എന്നാല്‍ അപ്രകാരമുള്ള മറ്റൊരാള്‍ ഇല്ലാത്തവിധം മറിയം ദൈവകൃപയാല്‍ പൂരിതയായിരുന്നതിനാല്‍ അവള്‍ ദൈവമാതാവായി; രക്ഷകനായ യേശുക്രിസ്തുവിന്റെ അമ്മയായി; സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി. ആട്ടെ, പരിശുദ്ധ കന്യകാമറിയത്തെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചോളൂ.''

''പരിശുദ്ധ മറിയം സത്യമായും ദൈവമാണെന്ന് ഈയിടെ ഒരച്ചന്‍ പറഞ്ഞല്ലോ?''

''പരിശുദ്ധ കത്തോലിക്കാ സഭ അങ്ങനെ പഠിപ്പിക്കുന്നില്ല. പത്താം ക്ലാസിലെ വേദ പാഠ പുസ്തകത്തില്‍ പാഷണ്ഡതകളെയും ശീശ്മകളെയും പറ്റി പഠിച്ചത് ഓര്‍ക്കുന്നുണ്ടല്ലോ. അബദ്ധപ്രബോധനങ്ങള്‍ ആരു നല്കിയാലും തെറ്റുതന്നെയാണ്. പരിശുദ്ധ കന്യകാമറിയം ദൈവമല്ല. എന്നാല്‍ നാം വണങ്ങുന്ന അനേകം വിശുദ്ധരില്‍ ഒരാളുമല്ല. മൂന്നു വാക്കുകള്‍ കൊണ്ടാണ് സഭ ഇത് വിശദീകരിക്കുന്നത്. Latria, dulia, hyperdulia എന്നിവയാണ് ആ വാക്കുകള്‍. the highest kind of worship that paid to God alone ആണ് ലാട്രിയ. ദൈവത്തിനു മാത്രം നല്കുന്ന ഉന്നതമായ ആരാധനയാണത്. veneration accorded to saints and angels അഥവാ വിശുദ്ധര്‍ക്കും ദൈവദൂതന്മാര്‍ക്കും നല്കുന്ന വണക്കമാണ് ദൂളിയ. veneration given to the Virgin Mary അഥവാ കന്യകാമറിയത്തിന് നല്കുന്ന ഉന്നതമായ വണക്കമാണ് ഹൈപര്‍ദൂളിയ. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മറിയത്തെ നാം ആരാധിക്കുന്നില്ല. എന്നാല്‍ മറ്റു വിശുദ്ധരെ പോലെ വണങ്ങുക മാത്രവുമല്ല; പിന്നെയോ ദൈവത്തിന് മാത്രം നല്കുന്ന ഉന്നതമായ ആരാധനയ്ക്കും വിശുദ്ധര്‍ക്കും ദൈവദൂതന്മാര്‍ക്കും നല്കുന്ന വണക്കത്തിനും മദ്ധ്യേയാണ് മറിയത്തോടുള്ള നമ്മുടെ ഭക്തി നിലയുറപ്പിച്ചിരിക്കുന്നത്. 'അവന്‍ അവകാശമാക്കിയ നാമം ദൈവദൂതന്മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്' എന്ന മനോഹരമായ ഒരു വചനം ഹെബ്രായര്‍ക്കുള്ള ലേഖനത്തിലുണ്ട് (1:4). യേശുക്രിസ്തുവിനെപ്പറ്റിയുള്ള ഈ വചനം അവിടുത്തെ മാതാവായ മറിയത്തിനും ചേരുന്ന വിധം ഇപ്രകാരം മൊഴിമാറ്റാവുന്നതാണ്: അവള്‍ അവകാശമാക്കിയ നാമം ദൈവദൂതന്‍മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവളും അവരെക്കാള്‍ ശ്രേഷ്ഠയാണ്.''

''മറിയത്തെപ്പറ്റിയുള്ള വിശ്വാസസത്യങ്ങള്‍ ഏതൊക്കെയാണ്?''

''മരിയന്‍ ഡോഗ്മാ അഥവാ മറിയത്തെപ്പറ്റിയുള്ള വിശ്വാസസത്യങ്ങള്‍ വിപുലമായ വിഷയമാണ്. എങ്കിലും ചുരുക്കിപ്പറയാം. ഏറ്റവും ആദ്യം പ്രഖ്യാപിക്കപ്പെട്ട മരിയന്‍ ഡോഗ്മാ മറിയത്തിന്റെ ദൈവമാതൃത്വമാണ്. എ.ഡി. 431-ലെ എഫേസോസ് കൗണ്‍സിലാണ് മറിയം ദൈവമാതാവാണ് എന്നത് വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. 'എന്റെ കര്‍ത്താവിന്റെ അമ്മ' എന്ന് എലിസബത്ത് വിശേഷിപ്പിച്ചത് (ലൂക്കാ 1:43) സഭ ഔപചാരികമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. 'എമ്മാനുവേല്‍ യഥാര്‍ത്ഥ ദൈവമാണെന്നും അതുകൊണ്ട് പരിശുദ്ധ കന്യക ദൈവ-സംവാഹകയാണെന്നും (തെയോ-തോക്കോസ്) ഏറ്റു പറയാത്തവനു ശാപം' എന്ന് കൗണ്‍സില്‍ പ്രഖ്യാപിക്കുന്നുണ്ട്. 'മറിയത്തെ ദൈവത്തിന്റെ അമ്മയെന്നു വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന്‍ ദൈവമാണെന്ന് ഏറ്റു പറയുകയാണ്' എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. മറിയത്തിന്റെ വിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ദൈവമാതാവ് എന്നതാണ്. മറിയത്തിന്റെ നിത്യകന്യകാത്വമാണ് രണ്ടാമതായി പ്രഖ്യാപിക്കപ്പെട്ട വിശ്വാസസത്യം. എ.ഡി. 649-ലെ ലാറ്ററന്‍ കൗണ്‍സിലാണ് മറിയം നിത്യകന്യകയാണെന്ന് നാം വിശ്വസിക്കണമെന്ന് പ്രഖ്യാപിച്ചത്. ആദിമസഭയില്‍ പോലും മറിയത്തിന്റെ നിത്യകന്യകാത്വം അംഗീകരിക്കപ്പെട്ടിരുന്നു. 'യേശുവിന് യഥാര്‍ത്ഥ മാനുഷിക മാതാവുണ്ടായിരിക്കണമെന്നും എന്നാല്‍, ദൈവം മാത്രമായിരിക്കണം അവിടുത്തെ പിതാവെന്നുമുള്ള ദൈവത്തിന്റെ നിശ്ചയമാണ്' മറിയത്തിന്റെ നിത്യകന്യകാത്വത്തിന് ആധാരം എന്ന് മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. യേശുവിന്റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ച് സുവിശേഷങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ siblings എന്ന അര്‍ത്ഥത്തിലല്ല cousins എന്ന അര്‍ത്ഥത്തില്‍ വേണം നാം മനസ്സിലാക്കാന്‍. യേശു ദൈവത്തിന്റെയും മറിയത്തിന്റെയും ഒറ്റമോനായിരുന്നു! 'ദൈവം മാലാഖമാര്‍ക്കുവേണ്ടി ഒരു ലോകം സൃഷ്ടിച്ചു - സ്വര്‍ഗം. മനുഷ്യര്‍ക്കു വേണ്ടി ഒരു ലോകം സൃഷ്ടിച്ചു - ഭൂമി. തനിക്കുവേണ്ടിത്തന്നെ ഒരു ലോകം സൃഷ്ടിച്ചു - മറിയം' എന്ന് വിശുദ്ധ ബര്‍ണ്ണാര്‍ഡ് പഠിപ്പിക്കുന്നുണ്ട്. 'ദൈവത്തിന്റെ ലോകം' പാപത്തിന്റെ ലാഞ്ഛന പോലും ഇല്ലാത്തതായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചതില്‍ അസ്വാഭാവികതയില്ലല്ലോ. ''ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി'' എന്ന മുഖ്യദൂതനായ ഗബ്രിയേലിന്റെ അഭിവാദനവും ഇതിനു തെളിവാണ്. ഇതാണ് മറിയം അമലോത്ഭവയാണ് എന്ന മൂന്നാമത്തെ വിശ്വാസസത്യത്തിന്റെ അടിസ്ഥാനം. 1854-ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ''അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു'' എന്നാണ് വിശ്വാസസത്യപ്രഖ്യാപനം സ്പഷ്ടമാക്കുന്നത്. മറിയത്തിന്റെ സ്വര്‍ഗാരോപണമാണ് നാലാമത്തെ മരിയന്‍ ഡോഗ്മാ. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് മറിയം സ്വര്‍ഗാരോപിതയായി എന്നത് വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ദൈവത്തിന്റെ കൂടാരമായവളെ ദൈവം മണ്ണിന് വിട്ടുകൊടുത്തില്ല. ഹെനോക്കിനെപ്പോലെയും (ഉല്പ. 5:24) ഏലിയാ പ്ര വാചകനെപ്പോലെയും (2 രാജാ. 2:11) പരിശുദ്ധ മറിയം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടു. മറിയത്തെപ്പറ്റിയുള്ള വിശ്വാസസത്യങ്ങള്‍ വ്യക്തമായോ?''

''വ്യക്തമായി.''

''മറിയത്തിന്റെ modus operandi കൂടി പറഞ്ഞിട്ട് അഞ്ചാം പ്രണയം അവസാനിപ്പിക്കാം.''

''മോഡസ് ഒപെറാന്‍ഡിയോ?''

''അതെ. method of working അഥവാ പ്രവര്‍ത്തനരീതി എന്നര്‍ത്ഥം. പൊതുവായി പറഞ്ഞാല്‍ ജപമാലയിലെ ലുത്തിനിയയില്‍ നാം പ്രകീര്‍ത്തിക്കുന്നതൊക്കെ മറിയത്തിന്റെ പ്രവര്‍ത്തനരീതികളാണ്. എന്നാല്‍ തന്റെ പ്രവര്‍ത്തനരീതി മറിയം തന്നെ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്: ''അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍'' (യോഹ. 2:5). അന്നുമിന്നും അതൊന്നു മാത്രമേ മറിയത്തിന് മനുഷ്യവംശത്തോട് പറയാനുള്ളൂ. അവള്‍ ആരെയും തന്നിലേക്ക് ആകര്‍ഷിക്കുന്നില്ല. തന്റെ മഹിമയും മാഹാത്മ്യവും ആരോടും വര്‍ണ്ണിക്കുന്നില്ല. പറയാന്‍ ഒട്ടേറെയുണ്ടെങ്കിലും, എല്ലാം പറയാന്‍ അവകാശമുണ്ടെങ്കിലും ഒന്നും പറയാതെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുന്നവളുടെ പേരാണല്ലോ മറിയം. പുല്‍ത്തൊട്ടിയിലും കാല്‍വരിയിലും തന്റെ മാറിലുംമടിയിലും മയങ്ങിയ പ്രിയ പുത്രനുമായി അവള്‍ നമ്മെ സമീപിക്കുകയാണ്. ഹൃദയ വാതില്‍ തുറന്ന് പുത്രനോടു കൂടെ മറിയത്തെ സ്വീകരിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്. 'Solitary boast of tainted humanity - കറപുരണ്ട മനുഷ്യപ്രകൃതിയുടെ ഏക അഭിമാനം' എന്നാണ് വിശ്വപ്രസിദ്ധ കവി വില്യംവേഡ്‌സ്‌വര്‍ത്ത് മറിയത്തെ വിശേഷിപ്പിച്ചത്. നിര്‍മ്മലരായി ജീവിക്കാനും എപ്പോഴും അവന്‍ പറയുന്നതു ചെയ്യാനുമുള്ള കൃപയ്ക്കായ് അവളുടെ സഹായം തേടാം. ദൈവത്തിന്റെ പരിശുദ്ധമായ കരങ്ങളില്‍ 'ഇപ്പോഴും മരണസമയത്തും' നമ്മെ സമര്‍പ്പിക്കാനായി മറിയത്തിന്റെ നിര്‍മ്മലമായ കരങ്ങളില്‍ നമ്മെത്തന്നെ നമുക്ക് സമര്‍പ്പിക്കാം. ''മറിയം താങ്ങുമ്പോള്‍ നീ വീഴുകയില്ല; അവള്‍ സം രക്ഷിക്കുമ്പോള്‍ നീ ഭയപ്പെടേണ്ട; അവള്‍ നയിക്കുമ്പോള്‍ നീ ക്ഷീണിക്കുകയില്ല. അവള്‍ അനുകൂലയായിരിക്കുമ്പോള്‍ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്ത് ചെന്നെത്തും'' എന്ന വിശുദ്ധ ബര്‍ണ്ണാര്‍ഡിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍മ്മിക്കാം. ദൈവദൂതന്മാരോടും വിശുദ്ധരോടുമൊപ്പം നമുക്കും ആവര്‍ത്തിക്കാം: 'മറിയമേ സ്വസ്തി, നാഥേ സ്വസ്തി, സമുദ്രതാരമേ സ്വസ്തി.' ക്രിസ്തു ജനനോത്സവത്തിന്റെയും മറിയോത്സവത്തിന്റെയും മംഗളങ്ങള്‍ നേരുന്നു. പുതുവര്‍ഷത്തില്‍ പുതിയ പ്രണയവുമായ് വീണ്ടും കാണാം. ഈശോ അനുഗ്രഹിക്കട്ടെ.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org