കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?'' [ഭാഗം 9]
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

''കഴിഞ്ഞ വര്‍ഷം വലന്റൈന്‍സ് ദിനാഘോഷത്തെ തുടര്‍ന്നാണ് കത്തോലിക്കരുടെ പ്രണയവിവരണം ആരംഭിച്ചത്. ഇതാ അടുത്ത വലന്റൈന്‍സ് ദിനം ആകാറായി. സത്യം പറഞ്ഞാല്‍ മടുത്തില്ലേ?''

''ഇല്ല.''

''പിന്നെന്തിനാണ് ഇനി എത്ര പ്രണയങ്ങളുണ്ടെന്ന് ഇടയ്ക്കിടെ ചോദിക്കുന്നത്?''

''വേറെയും ചോദ്യങ്ങള്‍ ചോദിക്കാനുണ്ടല്ലോ! കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ എന്ന ചോദ്യം ഇത്ര നീണ്ട ഒരു പരമ്പരയായി മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.''

''ഉത്തരങ്ങളും സ്വപ്നത്തില്‍ കരുതിയതല്ല! അങ്ങനെ സംഭവിച്ചതാണ്. എത്ര 'കാഷ്വല്‍' ആയ ചോദ്യമായിരുന്നു അത്. എന്നാല്‍ വെളിപാട് പോലെ അതിന് ലഭിച്ച ഉത്തരങ്ങള്‍ ഇതാ ഒമ്പതാം ഭാഗമായി. അതാണ് പരിശുദ്ധ റൂഹാ തമ്പുരാന്റെ കൃപയും മിടുക്കും! നമ്മള്‍ സാധാരണയായി 'റേഞ്ച്' എന്ന് പറയാറില്ലേ? വ്യാപ്തി അല്ലെങ്കില്‍ പ്രയാണപരിധി എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം. എന്നാല്‍ പരിധിയില്ല എന്നതാണ് പരിശുദ്ധാരൂപിയുടെ ശക്തിയുടെയും പ്രയാണത്തിന്റെയും സവിശേഷത. അനന്തമായ അത്തരമൊരു ശക്തിയെയും വ്യക്തിയെയുമാണ് യേശു നമുക്ക് സഹായകനും അധ്യാപകനുമായി നല്കിയത്. സ്വപ്നങ്ങളില്‍ പോലും നമ്മെ അനാഥരായി വിടുന്നത് യേശുവിന് ഇഷ്ടമല്ല. അതിനാലാണ് നമ്മുടെ സ്വപ്നങ്ങള്‍ക്കും സമസ്യകള്‍ക്കുമൊക്കെ നാഥനും വഴികാട്ടിയുമായി പരിശുദ്ധാത്മാവിനെ നമുക്ക് നല്കിയത്. ''എന്നേക്കും കൂടെയായിരിക്കാന്‍'' പിതാവിനോട് അപേക്ഷിച്ച് യേശു നല്കിയ ഈ സഹായകനാണല്ലോ നമ്മെ ''എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും'' യേശു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യുന്നത് (യോഹ. 14:26). ഒരു കത്തോലിക്കാ ക്രിസ്ത്യാനി എന്ന നിലയില്‍ നമുക്കുവേണ്ട ഏറ്റവും വലിയ സഹായം എന്താണ്? വിശ്വാസത്തിലൂടെ യേശുക്രിസ്തുവിന്റെ മാധുര്യമാര്‍ന്ന സ്‌നേഹം അറിയാനും അനുഭവിക്കാനും പകരാനും കഴിയുന്നതിനാണ് നമുക്ക് പരിശീലനവും സഹായവും ആവശ്യമായിരിക്കുന്നത്. മറ്റൊരു വാക്കില്‍, ശിഷ്യത്വത്തിന്റെയും സാക്ഷ്യത്തിന്റെയും ജീവിതം നയിക്കാനാണ് നമുക്ക് ശക്തിയും സഹായവും വേണ്ടത്. അതാകട്ടെ പരിശുദ്ധാരൂപിയോളം മികവോടും ശക്തിയോടും പൂര്‍ണ്ണതയോടും കൂടി മറ്റാര്‍ക്കും നല്കാന്‍ കഴിയാത്തതുമാണ്. കത്തോലിക്കരുടെ പ്രണയങ്ങളെ 'പിടിച്ചാല്‍ കിട്ടാത്തതിന്റെ' കാരണം ഇതാണ്. ആട്ടെ, പറഞ്ഞ പ്രണയങ്ങളെല്ലാം ഓര്‍മ്മയുണ്ടോ?''

''ഉണ്ടല്ലോ! ഒന്നാം പ്രണയം യേശുക്രിസ്തു. രണ്ടാം പ്രണയം പരിശുദ്ധാത്മാവ്. ദിവ്യകാരുണ്യം എന്ന മൂന്നാം പ്രണയം രണ്ടു ഭാഗങ്ങളില്‍ വിവരിച്ചു. ദൈവവചനം എന്ന നാലാം പ്രണയത്തിനും പരിശുദ്ധ കന്യകാമറിയം എന്ന അഞ്ചാം പ്രണയത്തിനും രണ്ടു ഭാഗങ്ങള്‍ വീതമുണ്ടായിരുന്നു. അങ്ങനെ ആകെ എട്ടു ഭാഗങ്ങളിലായി അഞ്ച് പ്രണയങ്ങള്‍ വിവരിച്ചു.''

''ശരി. എങ്കില്‍ ആറാം പ്രണയം തുടങ്ങാം. എന്തെങ്കിലും ഊഹമുണ്ടോ?''

''ഇല്ല.''

''ചില സൂചനകള്‍ തരാം. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം എന്താണ്?''

''ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നാണ് പാഠപ്പുസ്തകങ്ങള്‍ പറയുന്നത്.''

''പാഠപ്പുസ്തകങ്ങള്‍ എപ്പോഴും പരിപൂര്‍ണ്ണതയുടെ പാഠങ്ങള്‍ പകരണമെന്നില്ല. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ഉള്ളതുകൊണ്ട് മാത്രമല്ല നാം ഈ ഭൂമിയില്‍ ജീവിക്കുന്നത്. അഥവാ നമുക്ക് മറ്റൊരു ഭക്ഷണവും മറ്റൊരു പാര്‍പ്പിടവും മറ്റൊരു വസ്ത്രവും ആവശ്യമുണ്ട്. അതാണ് നമ്മുടെ അടിസ്ഥാന ആവശ്യം. അതില്ലാതെ നമുക്ക് ജീവിക്കാനാവില്ല.''

''പറയട്ടെ!... സ്‌നേഹം!!''

''അതെ! സ്‌നേഹമാണ് നമ്മുടെ അടിസ്ഥാന ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വേണ്ടിയാണ് നാം ഈ ഭൂമിയില്‍ മനുഷ്യരായി തുടരുന്നത്.''

''എന്തുകൊണ്ടാണ് സ്‌നേഹം മനുഷ്യന് ഇത്ര സുപ്രധാനമായിരിക്കുന്നത്?''

''സ്‌നേഹത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍ എന്നതാണ് കാരണം. സ്‌നേഹം, സ്‌നേഹത്താല്‍, സ്‌നേഹത്തിനുവേണ്ടി സൃഷ്ടിച്ചതാണ് ഓരോ മനുഷ്യനെയും. ''നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം'' എന്ന ഉല്പത്തി പുസ്തകത്തിലെ ദൈവത്തിന്റെ വാക്കുകള്‍ ഓര്‍മ്മയില്ലേ? (1:26). എന്താണ് ദൈവത്തിന്റെ ഛായയും സാദൃശ്യവും? ദൈവം സ്‌നേഹമാകയാല്‍ (1 യോഹ. 4:8) അവിടുത്തെ ഛായയും സാദൃശ്യവുമെന്നത് സ്‌നേഹമാണ്. ആ ഛായയില്‍ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് സ്‌നേഹം മനുഷ്യന് ഇത്രമേല്‍ പ്രധാനമായിരിക്കുന്നത്. അനന്തവും അനശ്വരവുമായ ആ സ്‌നേഹത്തിന്റെ നിത്യമായ മുദ്രയും ചിഹ്നവും പ്രതീകവും അടയാളവുമാണ് കത്തോലിക്കരുടെ ആറാം പ്രണയം. പിടികിട്ടിയോ?''

''ഇല്ല.''

''സ്‌നേഹത്തിന്റെ ചിഹ്നമായി നിങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ളത് എന്താണ്?''

''ചുവന്ന ഹൃദയം!''

''ഈ പ്രണയത്തിലും ചുവന്ന ഹൃദയുമുണ്ട്. മറ്റു പ്രതീകമെന്താണ്?''

''ചുവന്ന പനിനീര്‍പ്പൂവ്!''

''ഈ പ്രണയത്തിലും ചുവന്ന പുഷ്പമുണ്ട്. കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോള്‍ 'രക്തവും വെള്ളവും പുറപ്പെട്ട' (യോഹ. 19:34) ചുവന്ന ഹൃദയത്തിന്റെ ഉടമയാണ് ഈ പ്രണയത്തിലെ നായകന്‍. 'പൂത്തുലഞ്ഞ രക്തപുഷ്പം' എന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരുവനാണ് ഈ പ്രണയത്തിലെ ഹീറോ.''

''ദൈവമേ! പറയട്ടെ! കാല്‍വരിയിലെ ഈശോ അല്ലേ?!!''

''അതെ കുഞ്ഞേ! ക്രൂശിതനായ യേശുവാണ് കത്തോലിക്കരുടെ ആറാം പ്രണയം. കുരിശിലെ യേശുവിനെ അഥവാ യേശുവിന്റെ കുരിശിനെ പ്രണയിക്കാതെ ഒരു ക്രിസ്ത്യാനിയുടെ പ്രണയജീവിതം പൂര്‍ണ്ണമാകില്ല. എത്ര പൊലിപ്പിച്ചും മിനുക്കിയും പറഞ്ഞാലും ഓരോ മനുഷ്യന്റെയും ജീവിതമെന്നത് ഒരു കുരിശുയാത്രല്ലേ? നമുക്കെല്ലാവര്‍ക്കും കുരിശുകളുണ്ട്. ചെറുതും വലുതുമായ കുരിശുകള്‍. ഭാരമുള്ളതും ഭാരം കുറഞ്ഞതുമായ കുരിശുകള്‍. നാം തന്നെ നമുക്കു വിധിക്കുന്നതും മറ്റുള്ളവര്‍ ചുമത്തിത്തരുന്നതുമായ കുരിശുകള്‍. ദൈവം നമുക്ക് നല്കുന്ന കുരിശുകള്‍. നമുക്ക് മാത്രം വഹിക്കാനാകുന്ന നമ്മുടെ സ്വന്തം കുരിശുകള്‍. ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ'' എന്ന് യേശു പറയുന്നുണ്ടല്ലോ (ലൂക്കാ 9:23). ഈ വചനത്തിലെ ഏറ്റവും ശ്രദ്ധേയമായ പദം 'അനുദിനം' എന്നതാണ്. ആണ്ടിലൊരിക്കല്‍ പരിഹാര പ്രദക്ഷിണത്തിന് പോകുമ്പോഴും മലകയറാന്‍ പോകുമ്പോഴും മാത്രം കുരിശു വഹിക്കേണ്ടവരല്ല നാം. പിന്നെയോ അനുദിനം കുരിശു വഹിക്കേണ്ടവരാണ്. നമുക്ക് അനുദിനം വഹിക്കാന്‍ കുരിശുകളുണ്ടെന്ന് അവിടുന്ന് ഉറപ്പാക്കിയിട്ടുണ്ടല്ലോ! ''എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍'' എന്ന് (മത്താ. 11:29) അവിടുന്ന് പറയുന്നതിന്റെ പൊരുളതാണ്. സത്യത്തില്‍ നമ്മുടെ ചെറിയ കുരിശുകളാണ് യേശുവിന്റെ വലിയ കുരിശിലേക്കുള്ള പാലം. കുരിശുകള്‍ എപ്രകാരം വഹിക്കണം എന്നതാണ് ക്രൂശിതനില്‍ നിന്ന് നമുക്ക് പഠിക്കാനാകുന്ന ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ പാഠം. ഈറ്റില്ലം എന്ന വാക്ക് കേട്ടിട്ടില്ലേ? ഗര്‍ഭഗൃഹം അഥവാ പ്രസവമുറി എന്നാണര്‍ത്ഥം. കാല്‍വരിയാണ് ഓരോ ക്രൈസ്തവന്റെയും ഈറ്റില്ലം. സത്യത്തില്‍ ഓരോ ക്രിസ്തുവിശ്വാസിയും പിറവിയെടുക്കുന്നതും 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ മുക്കപ്പെടുന്നതും' കാല്‍വരിയിലെ കുരിശിന്‍ ചുവട്ടി ലാണ്. പ്രസവവേദന മൂലമുള്ള നിലവിളിയാണ് ഈറ്റുവിളി. അങ്ങനെയെങ്കില്‍, ''എലോയ്, എലോയ്, ലാമാ സബക്ക്ത്താനീ?'' എന്നത് വേദനയാല്‍ പിടയുന്ന ഒരു മനുഷ്യന്റെ നിലവിളി മാത്രമായിരിക്കില്ല, പിന്നെയോ വിശ്വാസത്തിലൂടെ തന്നില്‍ നിന്നു പിറക്കുന്ന സഹസ്രകോടി മക്കള്‍ക്കായി, മാതൃസത്തയും മനസ്സുമുള്ള ഒരു ദൈവത്തിന്റെ ഈറ്റുവിളിയുമാകാം. അതിനാല്‍ കുരിശിലെ യേശുവിനെയും യേശുവിന്റെ കുരിശിനെയും നാം സവിശേഷമായി ധ്യാനിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ കുരിശുയുദ്ധത്തിന്റെ കാലത്ത് അത് കൂടുതല്‍ പ്രസക്തമാണ്.''

''കുരിശുയുദ്ധമോ?! എവിടെയാണത്?''

''അതെ. നമ്മുടെ സീറോ മലബാര്‍ സഭയില്‍ ഒരു കുരിശുയുദ്ധം നടക്കുകയാണല്ലോ. യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ് നമ്മുടെ വിശ്വാസത്തിന്റെയും രക്ഷയുടെയും അടിസ്ഥാനവും കേന്ദ്രവും. അതിനാല്‍ത്തന്നെ നമ്മുടെ ഭക്തിയും ലിറ്റര്‍ജിയുമെല്ലാം ക്രൂശിതരൂപത്തില്‍ കേന്ദ്രീകൃതമാണ്. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഓരോ ക്രൈസ്തവനും ക്രൂശിതരൂപത്തോടുള്ള വൈകാരികമായ സ്‌നേഹബന്ധത്തില്‍ വളരുന്നതിന്റെ കാരണതാണ്. എന്നാല്‍ ആ ക്രൂശിതരൂപം ഇന്ന് നമ്മുടെ സഭയിലെ ഒരു വിഭാഗത്തിന് കണ്ടുകൂടാതായിരിക്കുന്നു. അള്‍ത്താരകളില്‍ നിന്നും ബലിപീഠങ്ങളില്‍ നിന്നും ക്രൂശിതരൂപം നീക്കം ചെയ്യപ്പെടുന്നു. പാരമ്പര്യത്തിന്റെ പേരില്‍, യേശുവിന്റെ ക്രൂശിതരൂപത്തിനു പകരം യേശുവില്ലാത്തതും യേശുവിന്റെ കുരിശിന്റെ ആകൃതിയില്ലാത്തതുമായ ഒരു മുദ്ര, കുരിശ് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നു. 'അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു' എന്നും (52:14), 'അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു' എന്നും (55:3) യേശുവിന്റെ പീഡാസഹനത്തെ ദീര്‍ഘദര്‍ശനം ചെയ്ത് ഏശയ്യാ പ്രവാചകന്‍ പറയുന്നുണ്ട്. അത് നമ്മുടെ സഭയില്‍ ഇപ്പോള്‍ നിറവേറിയിരിക്കുകയാണ്. കുരിശിലെ യേശുവിനെയും യേശുവിന്റെ കുരിശിനെയും കണ്ട് പലരും അമ്പരക്കുകയും വെറുപ്പോടെ മുഖം തിരിക്കുകയും ചെയ്യുന്നു. 'അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും; ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും' എന്ന് സഖറിയാ പ്രവചിക്കുന്നുണ്ട് (12:10). വാസ്തവത്തില്‍ അതാണ് നാം ചെയ്യേണ്ടത്. നമ്മള്‍ കുത്തിമുറിവേല്പിച്ച യേശുവിനെ നിതാന്തമായി നോക്കിക്കൊണ്ടിരിക്കുകയാണ് നാം ചെയ്യേണ്ടത്. അനുതാപത്തോടും നന്ദിയോടും പ്രത്യാശയോടും കൂടി ക്രൂശിതനായ യേശുവിന്റെ മുമ്പില്‍ എപ്പോഴം അണയുകയാണ് നാം ചെയ്യേണ്ടത്. കാരണം നമ്മുടെ രക്ഷയ്ക്ക് കുരിശിലെ യേശുവും യേശുവിന്റെ കുരിശുമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മാധ്യമവും സര്‍വശക്തനായ ദൈവത്തിനുപോലും കണ്ടെത്താനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 'എന്റെ സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു' എന്ന് ഹെബ്രായ ഗ്രന്ഥകാരന്‍ പറയുന്നുണ്ട് (10:19, 20). കുരിശിലെ യേശുവാണ് നമുക്ക് എല്ലാം നേടിത്തന്നത്. കുരിശില്‍ തന്റെ ശരീരമാകുന്ന വിരി കീറിപ്പറിക്കാന്‍ വിട്ടുകൊടുത്തുകൊണ്ടാണ് യേശു നമുക്കായി രക്ഷയുടെ 'റെഡ് കാര്‍പറ്റ്' വിരിച്ചുതന്നത്. കുരിശിലെ ശരീരമാണല്ലോ ദിവ്യകാരുണ്യത്തിലെ ശരീരമായി മാറിയത്. അതിനാല്‍ ക്രൂശിതരൂപത്തെ നിരാകരിച്ചുള്ള ജീവിതവും വിശ്വാസവും ഭക്തിയും നമുക്ക് അംഗീകരിക്കാനാവില്ല.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org