കാറ്റക്കോമ്പ്‌സ്‌

കാറ്റക്കോമ്പ്‌സ്‌
Published on
  • ഫാ. സേവി പഠിക്കപ്പറമ്പില്‍

ക്രിസ്ത്യാനികളെ മതമര്‍ദനത്തിന് വിധേയമാക്കിയ സ്ഥലമായിട്ട് പലപ്പോഴും കാറ്റക്കോമ്പുകള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഭൂഗര്‍ഭ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാണ് കാറ്റക്കോമ്പുകള്‍ എന്ന് വിളിക്കുന്നവരും രക്തസാക്ഷികളുടെ കബറിടമാണെന്ന് തെറ്റായി മനസ്സിലാക്കിയവരുമുണ്ട്

എന്താണ് കാറ്റക്കോമ്പുകള്‍? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റക്കോമ്പുകള്‍ ഉണ്ട്. ഇതില്‍ സഭാ ചരിത്രത്തില്‍ പ്രധാനപ്പെട്ടത് റോമിലെ കാറ്റക്കോമ്പുകളാണ്. മൃതശരീരം അടക്കം ചെയ്യുന്നതിനായി ഭൂമിക്കടിയില്‍ തയ്യാറാക്കിയ ഭൂഗര്‍ഭ സെമിത്തേരികളാണ് കാറ്റക്കോമ്പുകള്‍. ടണലുകള്‍ കുഴിച്ച് ഇരു വശങ്ങളിലും അറകളുണ്ടാക്കി അനേക നിലകളായിട്ടാണ് ഈ ഭൂഗര്‍ഭ സെമിത്തേരികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ കാറ്റക്കോമ്പുകളില്‍ ക്രിസ്ത്യാനികളോടൊപ്പം തന്നെ യഹൂദരെയും വിജാതീയരേയുമെല്ലാം അടക്കിയിരുന്നു. കാറ്റക്കോമ്പില്‍ മൃതശരീരം അടക്കം ചെയ്ത അറകള്‍ മൂടിയിരുന്ന കല്ലുകളില്‍ ചിത്രീകരിച്ചിരുന്ന ക്രിസ്ത്യന്‍ പ്രതീകങ്ങളാണ് അത് ക്രിസ്ത്യാനിയുടെ കബറിടം ആണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത്. ആദിമ സഭാ ചരിത്ര പഠനത്തിന് ഈ ചിത്രീകരണങ്ങള്‍ ഇന്ന് വളരെയേറെ സഹായിക്കുന്നുണ്ട്.

വിശുദ്ധ സിസിലിയെ അടക്കിയ കാറ്റക്കോമ്പ്‌
വിശുദ്ധ സിസിലിയെ അടക്കിയ കാറ്റക്കോമ്പ്‌

റോമിലെ വിശുദ്ധ കലിസ്റ്റസിന്റെ പേരിലുള്ള കാറ്റക്കോമ്പും വിശുദ്ധ സെബാസ്റ്റ്യന്റെ പേരിലുള്ള കാറ്റക്കൊമ്പുമെല്ലാം പ്രസിദ്ധങ്ങളാണ്. വി. പത്രോസിന്റെയും വി. പൗലോസിന്റെയും മൃതശരീരം ക്രിസ്ത്യാനികള്‍ കാറ്റക്കോമ്പില്‍ അടക്കം ചെയ്തു സൂക്ഷിക്കുകയും പവിത്രമായി വണങ്ങുകയും ചെയ്തിട്ടുണ്ട്.

വി. സെബസ്റ്റ്യാനോസ്, വി. സിസിലി തുടങ്ങിയ രക്തസാക്ഷികളുടെ കബറിടവും ഈ കാറ്റക്കോമ്പുകളില്‍ ഉണ്ട്. രക്തസാക്ഷികളുടെ കബറിടം സ്ഥിതിചെയ്യുന്നു എന്ന നിലയില്‍ മാത്രമാണ് കാറ്റക്കോമ്പുകള്‍ മതമര്‍ദനവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പ്രാര്‍ത്ഥനാലയം ആയിരുന്നില്ലെങ്കിലും രക്തസാക്ഷികളുടെ ഓര്‍മ്മദിനങ്ങള്‍ കാറ്റക്കോമ്പുകളില്‍ ആചരിച്ചിരുന്നു.

വിശുദ്ധ സെബാസ്റ്റ്യാനോസിനെ അടക്കിയ കാറ്റക്കോമ്പ്‌
വിശുദ്ധ സെബാസ്റ്റ്യാനോസിനെ അടക്കിയ കാറ്റക്കോമ്പ്‌

മതമര്‍ദന കാലഘട്ടങ്ങള്‍ക്കുശേഷം ദേവാലയങ്ങളോട് ചേര്‍ന്ന് പൊതു സെമിത്തേരികളില്‍ ക്രിസ്ത്യാനികളെ അടക്കം ചെയ്യുന്ന രീതികള്‍ ആരംഭിച്ചപ്പോള്‍ കാറ്റക്കോമ്പുകള്‍ അപ്രസക്തമായി.

രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ റോമിലെ ബസിലിക്കകളിലേക്ക് മാറ്റി സ്ഥാപിച്ചതോടെ കാറ്റക്കോമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായി. 1578 നുശേഷം നടന്ന പര്യവേഷണങ്ങളാണ് കാറ്റക്കോമ്പുകളെ നമുക്ക് പരിചയപ്പെടുത്തി തരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org