
ഫ്രാന്‍സിസ് തറമ്മേല്‍
ഡിസംബറിന്റെ മഞ്ഞും തണുപ്പും വകഞ്ഞൊതുക്കി റെയിന്‍ഡിയര്‍ വലിക്കുന്ന തേര് തെളിക്കുന്ന പാപ്പയ്ക്കൊപ്പം സ്വപ്ന സഞ്ചാരത്തിലാണ് ജോസ്മോന്. ക്രിസ്മസ് പാപ്പ അവനോടു ചോദിച്ചു - ലോകം മുഴവനും ഈശോയുടെ പിറവിദിനം ആഘോഷക്കുവാനൊരുങ്ങുന്ന ഈ സന്തോഷവേളയില്‍ എന്തേ നിനക്കിത്ര സങ്കടം? എന്റെ പപ്പ വലിയ സ ന്തോഷത്തോടെയാണ് എല്ലാവര്‍ക്കുമുള്ള പുത്തനുടുപ്പുകളും നക്ഷത്രവും, ക്രിസ്മസ് കേക്കുമെല്ലാം വാങ്ങി വീട്ടില്‍ വന്നത്. ഞാനും എന്റെ കൂട്ടകാരുമൊത്ത് വീടിന്റെ മുറ്റത്ത് പുല്‍ക്കൂട് പണിയിലായിരുന്നു. നാലു കാലുകള്‍ മണ്ണിലുറപ്പിച്ച് മുകള്‍ തട്ടൊരുക്കി അതിനു നടുവിലായ് ഈശോയ്ക്ക് കിടക്കുവാനുള്ള മെത്തയും തീര്‍ത്തു. ഇനി മേല്ക്കൂരയുണ്ടാക്കണം. അപ്പോള്‍ എനിക്കുള്ള പുത്തനുടുപ്പ് നീട്ടി പപ്പ പറഞ്ഞു മോനേ ഹാപ്പി ക്രിസ്മസ്.
എനിക്കിത് വേണ്ട നിറം കൊള്ളില്ല. അതുകേട്ട് വലിയ വിഷമത്തോടെ പപ്പ അമ്മയെ നോക്കി. അമ്മ പറഞ്ഞു. നല്ലതാണല്ലോ? കൂട്ടുകാരും പറഞ്ഞു നിനക്ക് നല്ലതാ നന്നായി ചേരും. ഞാന്‍ കരച്ചിലോടെ ഓടി മുറിയില്‍ കയറി വാതിലടച്ചു കിടന്നുറങ്ങി. സന്മനസ്സുകളാണ് സമ്മാനങ്ങള്‍ നീട്ടുന്നത് അവരെ സങ്കടപ്പെടുത്തിക്കൂടാ. പിന്നെ നിറങ്ങള്‍ - നിറങ്ങള്‍ക്ക് മങ്ങല്‍ വരാം. എന്നാല്‍ നമ്മിലെ ഗുണങ്ങള്‍ക്ക് തിളക്കം കൂട്ടണം. റെയിന്‍ഡിയര്‍ - തേര് ചെന്നു നിന്നത് കന്നുകാലികള്‍ വസിക്കുന്ന വലിയൊരു പശുവിന് തൊഴുത്തിനടുത്താണ്.
ഇതാണ് എന്റെ ക്രിസ്മസ് സമ്മാനം പാപ്പ അവനെ അവിടെയിറക്കി തേര് പായിച്ചുപോയി! ഇപ്പോള്‍ ജോസ്മോന് കൂട്ടായി ഒരു ദരിദ്രബാലന്‍ അവന്റെ വേഷം പഴക്കം ചെന്നതും കീറലുകള്‍ വീണതുമാണ്. കന്നുകാലികളെ പരിചരിച്ച് അവയ്ക്കൊപ്പം വസിക്കുന്നു. യജമാനന് ഏല്പിച്ച ജോലികളില്‍ അലസതയോ മടിയോ കാട്ടുന്നില്ല. ജോലികള്‍ക്കിടയിലും പുഞ്ചിരി സമ്മാനിക്കുന്ന ഈ ദരിദ്രബാലന്‍ നല്ലൊരു പുതുവസ്ത്രം സമ്മാനനിക്കണം. എന്നിട്ട് കൂടെ കൂട്ടി സ്വന്തമാക്കണം എന്ന ചിന്ത അവനില്‍ വന്നതും ആ ബാലന്റെ ഇമ്പസ്വരം ദരിദ്രരെ ചേര്‍ത്തു പിടിക്കുവാനും നല്ലതു കൊടുക്കുവാനുള്ള ഈ ഹൃദയമാണ് എനിക്കുള്ള സമ്മാനം. മനുഷ്യവാസയോഗ്യമായ അനേകം ഭവനങ്ങള്‍ അങ്ങയുടെ യജമാനനുണ്ടായിട്ടും എന്തേ ഈ പശുവിന് തൊഴുത്തില്‍! പെട്ടെന്ന് സ്വപ്നലോകം വിട്ടുണര്‍ന്നു.
ജോസ്മോന് വേഗം പുല്ക്കൂടിനടുത്തെത്തി അവിടെ കണ്ട കാഴ്ച അവന്റെയുള്ളില്‍ ഭക്തിയുടെ കുളിര്‍മഴ പെയ്തു. പാതിതീര്‍ത്ത കൂട്ടില്‍ അവരൊരുക്കിയ മെത്തയില്‍ ഒരു പൊന്നുണ്ണി! ജോസ്മോന് കുമ്പിട്ടാരാധിച്ചു. അപ്പോള്‍ അവനു പുഞ്ചിരി ചൊരിഞ്ഞു മറഞ്ഞു. പോരായ്മ തേടുന്ന മനുഷ്യഹൃദയം പൂര്‍ണ്ണതയിലും പാതിയേ കാണുന്നുള്ളൂ. എന്നാല്‍ പാതിയിലെ പൂര്‍ണ്ണതയറിയുന്ന ദൈവം. വര്‍ണ്ണക്കടലാസില്‍ പൊതിയാതെ പപ്പ തന്ന സമ്മാനം അവന് തിരിച്ചറിവിന്റേതായി.. ദൈവത്തിന് നന്ദി!