ബാലനോവല്‍ : [6]
നെവിന്‍ കളത്തിവീട്ടില്‍
കാര്‍ലോ ജീവിതത്തില്‍ സിംഗിള്‍ ആയിരുന്നു. കാര്‍ലോയ്ക്കു പ്രപ്പോസല്‍ ഒന്നും കിട്ടാഞ്ഞത് കൊണ്ടല്ല. മറിച്ചു കാര്‍ലോയുടെ ലക്ഷ്യം അതായിരുന്നില്ല. ഒരിക്കല്‍ അവന്റെ അമ്മ അവനെ കളിയാക്കി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ വളരെ ഗൗരവത്തില്‍ ഒരു മറുപടി പറഞ്ഞു, 'എന്റെ ജീവത്തില്‍ ഒരു പെണ്ണുണ്ടെങ്കില്‍ അത് പരിശുദ്ധ മറിയം മാത്രമാണ്'. ഉത്തരം മുട്ടിയപ്പോള്‍ കാര്‍ലോ തമാശയായി പറഞ്ഞതാണെന്നാണ് എല്ലാവരും കരുതിയത്.
എന്നാല്‍ അത് തമാശയല്ല എന്ന് തെളിഞ്ഞതു കാര്‍ലോയ്ക്കു മാതാവിനോടുള്ള അതിരറ്റ സ്‌നേഹം കണ്ടിട്ടാണ്. കാര്‍ലോ ജീവിതത്തില്‍ മുടക്കം വരുത്താതിരുന്ന രണ്ടേ രണ്ടു കാര്യമേ ഉണ്ടായിരുന്നുള്ളൂ, ദിവ്യകാരുണ്യ സ്വീകരണവും ജപമാല പ്രാര്‍ഥനയും. കാര്‍ലോ ജപമാല ചൊല്ലാന്‍ പോകുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്; 'ദിവസേനെയുള്ള അവന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്പോയ്ന്റ്‌മെന്റ് ആണ് അതെന്നാണ്.'
കാര്‍ലോയുടെ ഈ ജപമാല ഭക്തിയുടെ സ്രോതസ് അവന്റെ മുത്തശ്ശി ആണ്. പോംപൈയിലുള്ള അത്ഭുത ജപമാല മാതാവിന്റെ ദേവാലയത്തിന് അടുത്തായിരുന്നു മുത്തശ്ശി താമസിച്ചിരുന്നത്. മുത്തശ്ശിയുടെ കൂടെയുള്ള അവധിക്കാലങ്ങളില്‍ അത്ഭുത മാതാവിന്റെ കഥകള്‍ കേട്ട് മുത്തശ്ശിയുടെ കൂടെ ജപമാല ചൊല്ലിയാണ് കാര്‍ലോ കൊന്ത ചൊല്ലാന്‍ പഠിച്ചത്. മുത്തശ്ശിയും ഒരിക്കല്‍ പോലും കൊന്ത മുടക്കിയിരുന്നില്ല.
കാര്‍ലോ ഒരിക്കല്‍ പോംപെയിലെ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചു, 'മാതാവേ, എന്റെ സുഹൃത്തിന്റെ അമ്മ വളരെ കാലമായി നിന്നോടും നിന്റെ പുത്രനോടുമുള്ള സ്‌നേഹം ഉപേക്ഷിച്ചിട്ട്. എന്റെ പ്രാര്‍ഥന സ്വീകരിച്ച് ആ അമ്മയെ നീ വീണ്ടെടുക്കണമേ.' കാര്‍ലോയുടെ ഈ പ്രാര്‍ഥനയ്ക്കുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് അവന്‍ അറിഞ്ഞു തന്റെ സുഹൃത്തിന്റെ അമ്മ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് വിശ്വാസത്തിലേക്ക് തിരിച്ചു വന്നു എന്ന്.
കാര്‍ലോയുടെ മരിയ ഭക്തിയുടെ മറ്റൊരു ഉദാഹരണമാണ് 2005 ല്‍ കാര്‍ലോ നടത്തിയ ലൂര്‍ദ് സന്ദര്‍ശനവും, 2006 ല്‍ നടത്തിയ ഫാത്തിമ സന്ദര്‍ശനവും. അന്ന് തന്റെ കൂടെ സന്ദര്‍ശനത്തിന് കൂടിയ തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുകള്‍ക്കും ലൂര്‍ദിലെയും ഫാത്തിമയിലെയും അത്ഭുതങ്ങള്‍ അതിന്റെ മനോഹാരിതയും, തുടര്‍ച്ചയും നഷ്ടപ്പെടാത്ത രീതിയില്‍, കാലവും, സമയവും, സ്ഥലവും, സാഹചര്യവും വരെ കാര്‍ലോ വിവരിച്ചു പറഞ്ഞുകൊടുത്തു. അവരെപ്പോലെ തന്നെ ആദ്യമായി ഈ സ്ഥലമൊക്കെ കാണുന്ന കാര്‍ലോ എങ്ങനെയാണ് ഇതൊക്കെ കൃത്യമായി വിശദീകരിക്കുന്നത് എന്ന് അവര്‍ തന്നെ അത്ഭുതപ്പെട്ടുപോയി.
ജപമാല മാസം അവസാനിക്കുകയാണ്. നമുക്ക് മാതാവിനോടുള്ള സ്‌നേഹം അവസാനിക്കാതെ തുടരാം. കാര്‍ലോയെ പ്പോലെ വിശുദ്ധരായി തീരുവാന്‍ മാതാവിന്റെ സ്‌നേഹം ആവശ്യമാണ്. കൊന്തമാസം അവസാനിച്ചാലും കൊന്ത ചൊല്ലല്‍ അവസാനിപ്പിക്കില്ലെന്നു നമുക്കും തീരുമാനമെടുക്കാം.
(തുടരും)