പുല്‍ക്കൂടിന്റെ സന്ദേശം

പുല്‍ക്കൂടിന്റെ സന്ദേശം

ഫാ. ജോസ് വടക്കന്‍

(അസി. ഡയറക്ടര്‍, വിശ്വാസപരിശീലനകേന്ദ്രം, എറണാകുളം-അങ്കമാലി അതിരൂപത)

നീണ്ടകാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മനുഷ്യന് പ്രത്യാശ നല്‍കിയ ജനനത്തിരുനാളാണ് ക്രിസ്മസ്. അന്ധകാരത്തില്‍ കഴിഞ്ഞ ജനം പ്രകാശം കണ്ടു. അതുകൊണ്ടാണ് ക്രിസ്മസ് നാളുകള്‍ പ്രകാശമാനമാകുന്നത്. നിത്യപ്രകാശമായ ഈശോയെ അനുസ്മരിക്കലാണ് ക്രിസ്മസ്. ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ 'സാന്റാക്ലോസി'നെ ഒഴിവാക്കിയുള്ള ഒരാഘോഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. ആരും മിണ്ടാനൊ സൗഹൃദം പങ്കുവയ്ക്കാനൊ ഇല്ലാത്ത കുട്ടികള്‍ക്ക് കൂട്ടിന് ഒപ്പം ഞാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന 'സാന്റാ' ഒരു പ്രത്യാശയുടെ പ്രതീകമാണ്. ഇമ്മാനുവേല്‍ 'ദൈവം നമ്മോടു കൂടെ' എന്നാണല്ലൊ ആ വാക്കിന്റെ അര്‍ത്ഥംതന്നെ. ഭൂമിയില്‍ മനുഷ്യര്‍ പെറ്റുപെരുകുകയാണ്. എന്നാല്‍, ഇപ്പോഴും അവന്‍ ഏകനാണ്. ദൈവം കണ്ടു - മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ല, ഏകമായിരിക്കുന്നതാണ് ഉത്തമം. കുടുംബജീവിതത്തില്‍ ഏക ശരീരമാകുന്നതുപോലെ വിശ്വാസത്തില്‍ ഏകമനസ്സാകുന്നതു പോലെ, സ്‌നേഹത്തില്‍ പിതാവ് പുത്രനില്‍ ഒന്നായിരിക്കുന്നതു പോലെ. നമ്മോടൊപ്പം നടക്കാന്‍ വന്ന ദൈവത്തോടൊപ്പം നടന്നു സഹോദരങ്ങളോടൊപ്പം ഐക്യത്തില്‍ ജീവിക്കാനുള്ള ആഹ്വാനം നല്‍കുകയാണ് ക്രിസ്മസ്.

പുല്‍ക്കൂട് ഒരു കാഴ്ച്ചയാണ്

പുല്‍ക്കൂട് - എല്ലാറ്റിന്റെയും ഒപ്പമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. ഒരിക്കല്‍ ഒരച്ചന്‍ പുല്‍ക്കൂടിനെക്കുറിച്ച് പറഞ്ഞത്, ദൈവം മനുഷ്യനോടൊപ്പം നിന്നെടുത്ത ഒരു 'സെല്ഫി'യാണെന്നാണ്. ആദിമുതലെ മനുഷ്യരോടൊപ്പം ആയിരിക്കാന്‍ കൊതിച്ച ദൈവം, ആദിമാതാപിതാക്കളോടൊപ്പം ഏദന്‍തോട്ടത്തില്‍ നടക്കുന്ന ദൈവം, മേഘസ്തംഭമായ് ഇസ്രായേല്‍ ജനത്തോടൊപ്പം നടന്ന ദൈവം, അവസാനം ശരീരം എടുത്ത് മനഷ്യരോടൊപ്പം വസിച്ചു. പരസ്യജീവിതകാലത്ത് തന്റെ ഒപ്പം നടക്കാന്‍ അപ്പസ്‌തോലന്മാരെയും ശിഷ്യന്മാരെയും തിരഞ്ഞെടുത്ത ദൈവം. തന്റെ ഒപ്പം നടന്നവര്‍ തന്നെ ഒറ്റിക്കൊടുക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ ഒപ്പം നടക്കാന്‍ ഒരമ്മയെ നല്‍കി. ഒപ്പമായിരിക്കാന്‍ അപ്പമായിതീര്‍ന്നു.

ഇന്ന് മനുഷ്യര്‍ക്ക് പരക്കെയുള്ള വേദന എന്നത് ആഘോഷങ്ങളില്‍ ഒപ്പം നടക്കുകയും ആവശ്യങ്ങളില്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബന്ധങ്ങളാണ്. യുദ്ധക്കളത്തില്‍ രണ്ട് സൈനികര്‍ ഒപ്പം നടന്ന് ശത്രുക്കളെ ചെറുക്കുന്നു. കാരണം, ഒരുവന്‍ മറ്റൊരുവന് സംരക്ഷണമാണ്. എന്നാല്‍, അതില്‍ ഒരുവന്‍ മണ്ണിനടിയിലെ കുഴിബോംബില്‍ ചവിട്ടുമ്പോള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്ന സാഹചര്യം. കൂടെ നടക്കാനും, വീഴുമ്പോള്‍ തോളിലേറ്റാനും കഴിയണമെന്നുള്ള ചിന്തയാണ് പുല്‍ക്കൂട് സമ്മാനിക്കുന്നത്.

പുല്‍ക്കൂട് ഒരു കണ്ണാടിയാണ്

നമ്മുടെ മനസ്സിന്റെ കണ്ണാടിയാകണം പുല്‍ക്കൂട്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന കണ്ണാടി. കണ്ണാടിയില്‍ എന്ത് പതിച്ചാലും അത് തിരികെ നല്‍കും. പുല്‍ക്കൂട്ടില്‍ സര്‍വപ്രപഞ്ചവും ഉള്‍ക്കൊള്ളുന്നു. പാവപ്പെട്ടവനെയും ധനികനെയും പ്രതിനിധീകരിക്കുന്ന ആട്ടിടയന്മാരും പൂജരാജാക്കന്മാരും ഉണ്ട്. സ്വര്‍ഗീയവൃന്ദങ്ങളെയും ഭൗമികലോകത്തെയും പ്രതിനിധീകരിക്കുന്ന മാലാഖമാരും നക്ഷത്രങ്ങളും ഉണ്ട്. പ്രസവവേദനയുടെയും ദാരിദ്ര്യത്തിന്റെയും കണ്ണീരുണ്ട്. രക്ഷകന്‍ പിറന്നതിന്റെ സന്തോഷമുണ്ട്. മിണ്ടാപ്രാണികളുണ്ട്. അതു കൊണ്ടാണ് എന്തിനെയും ഉള്‍ക്കൊള്ളുന്ന കണ്ണാടിയാണ് പുല്‍ക്കൂട് എന്നു പറയുന്നത്. അതു പോലെ തന്നെയാണല്ലൊ എന്റെ ഹൃദയമാകുന്ന പുല്‍ക്കൂടും. വീട്ടിലും നാട്ടിലും പള്ളിയിലും പുല്‍ക്കൂടുണ്ടാക്കുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളണം എന്ന ജീവിതശൈലിയാണ് വേണ്ടത് എന്നു നമ്മെ ഓര്‍മ്മപ്പെടുത്തട്ടെ.

പുല്‍ക്കൂട് ഒരു ബലമാണ്

'ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്' ആകണം. കാരണം, ഒറ്റക്കെട്ടായ് നില്‍ക്കുന്നത് ബലമാണ്. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരു ചുള്ളിക്കമ്പ് വളരെ ദുര്‍ ബലമാണ്. ആര്‍ക്കും അതിനെ ഒടിക്കാം. എന്നാല്‍, ഒരുകൂട്ടം ചുള്ളിക്കമ്പുകള്‍ ചേര്‍ന്നാല്‍ അതിനെ ഒടിക്കുക അത്യന്തം ശ്രമകരമാണ്. കുടുംബം ഒരുമിച്ചു നില്‍ക്കണം. ഇടവകയിലെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം - ഇത് പുല്‍ക്കൂടിന്റെ സന്ദേശമാണ്. ഒന്നും ഇല്ലാത്തവനും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവനും എന്തും നേട്ടമാണ്. അതാണ് അവന്റെ സ്ഥലം. പുല്‍ക്കൂട്ടിലെ ഈ ഇല്ലായ്മയാണ് അതിന്റെ ബലം.

പുല്‍ക്കൂട് ഒരു തിരുത്തലാണ്

യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ കൊട്ടാരത്തില്‍ സര്‍വ സൗകര്യത്തിലും അധികാരത്തിലും മഹത്വത്തിലും ജനിക്കുന്ന ഒരു വ്യക്തിയായിരുന്നു. അവരെ തിരുത്തിക്കൊണ്ട് ലാളിത്യത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്ന ഒരുവനായിരുന്നു പുല്‍ക്കൂട്ടില്‍ ജാതനായ പൊന്നുണ്ണി. അവന്‍ കാപട്യത്തെ വെറുത്തു. അനീതിയെ ചോദ്യം ചെയ്തു. അതിനാല്‍, അവന്‍ ക്രൂശിക്കപ്പെട്ടു. കൊട്ടാരസമാനമായ ദൈവാലയങ്ങളും സ്വര്‍ണ്ണം പൂശിയ കോപ്പകളും സമര്‍പ്പിക്കുമ്പോള്‍ പുല്‍ക്കൂട് മനുഷ്യന്റെ തത്ത്വശാസ്ത്രത്തെയും അവനെത്തന്നെയും മുഴുവനായും തിരുത്തുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വന്ദ്യ വൈദികരെയും സന്യാസിനി-സന്യാസികളെയും, വിശ്വാസപരിശീലകരായ എല്ലാ അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. വിശ്വാസപരിശീലന കേന്ദ്രത്തില്‍നിന്നും ഹൃദ്യമായ ക്രിസ്മസ് പുതുവത്സരാശംസകള്‍!!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org