കുമ്പസാരം: അനുരഞ്ജനത്തിന്റെ കൂദാശ

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ 'കൂദാശകള്‍' : ഒരു പുനര്‍വായന - [ഭാഗം 7]
കുമ്പസാരം: അനുരഞ്ജനത്തിന്റെ കൂദാശ
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂദാശകളെ പുനര്‍വ്യഖ്യാനിക്കുകയും ക്രിസ്തീയ ജീവിതവുമായി ബന്ധപ്പെടുത്തി ഒരു പുതിയ വീക്ഷണം നല്കുകയും ചെയ്തു. കുമ്പസാരം എന്ന കൂദാശയെ സംബന്ധിച്ചും ഇത് വാസ്തവം തന്നെ. കുമ്പസാരം എന്ന പദത്തില്‍ നിന്നും അനുരഞ്ജനം എന്ന പദത്തിലേക്കുള്ള മാറ്റമാണ് അതില്‍ പ്രധാനം. കാലങ്ങളായി സഭ ഈ കൂദാശയെ 'കുമ്പസാരം' (Sacrament of Confession), 'പാപപരിഹാരത്തിന്റെ കൂദാശ' (Sacrament of Penance), 'അനുതാപ കൂദാശ' എന്നിങ്ങനെ പറഞ്ഞവച്ചിരുന്നിടത്തു നിന്ന് ഇത് അനുരഞ്ജനത്തിന്റെ കൂദാശയാണ് എന്നതിന് ഊന്നല്‍ നല്കിയതുവഴി മനുഷ്യന്റേയും ദൈവത്തിന്റേയും പ്രവര്‍ത്തനവും പങ്കും സമഞ്ജസമായി ഒത്തുചേരുന്നതും അത് സഹോദരങ്ങളോടും സഭയോടും മറ്റ് സൃഷ്ടവസ്തുക്കളോടും ബന്ധപ്പെടുത്തുന്നതിലൂടെ ബന്ധ ങ്ങളുടെ തകര്‍ച്ചയാണ് പാപം എന്ന വിചാര ത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.
  • എന്താണ് പാപം ?

കാലങ്ങളായി നാം ഉരുവിടുന്നത് കല്പനകളുടെ ലംഘനമാണ് പാപം എന്നാണ്. അത് ശരിയുമാണു താനും. പത്ത് കല്പനകളും തിരുസഭയുടെ കല്പനകളും തുടങ്ങി കല്പനകളുടെ ലിസ്റ്റ് വച്ച് നാം ശാപത്തിന്റേയും പാപത്തിന്റേയും അളവ് നിശ്ചയിക്കുന്നു. എന്നാല്‍ പുതിയ നിയമ വീക്ഷണത്തില്‍ ക്രിസ്തുനാഥന്‍ നല്കിയ ഒരേ ഒരു കല്പനയുടെ ലംഘനമാണ് പാപം. അത് സ്‌നേഹമെന്ന കല്പനയാണ്. ''നിങ്ങള്‍ക്ക് ഞാന്‍ ഒരു പുതിയ കല്പന നല്കുന്നു. നിങ്ങള്‍ പരസ്പരം സനേഹിക്കുവിന്‍ ഞാന്‍ നിങ്ങളെ സനേഹച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. നിങ്ങള്‍ക്ക് പരസ്പര സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം ലോകം അറിയും'' (യോഹ. 13:34-35) എന്ന കല്പനയിലൂടെ അവന്‍ തന്റെ ശിഷ്യരായ നമുക്ക് തന്ന ഒരേ ഒരു തനിമ (identity) സ്‌നേഹം മാത്രമാണ്. മറ്റെല്ലാ ഐഡന്റിറ്റികളും നാം ഉണ്ടാക്കിയതാണ്. റീത്തിന്റെ, ഭാഷയുടെ, ആരാധന രീതികളുടെ, ദൈവശാസ്ത്ര-ആദ്ധ്യാത്മിക വ്യത്യാസങ്ങളുടെ തുടങ്ങിയ എല്ലാ തനിമകളും കാലത്തിന്റെ ഗതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. സ്‌നേഹത്തെ ക്രിസ്തു വ്യാഖ്യാനിച്ച രീതിയിലാണ് നാം സ്വീകരിക്കേണ്ടതും പാലിക്കേണ്ടതും. ജീവിതത്തിന്റെ ബലിക്കല്ലില്‍ അപരര്‍ക്കുവേണ്ടി ഹോമിക്കന്നതാണ് സ്‌നേഹത്തിന്റെ അവസ്ഥയെന്ന് സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയവന്റെ ശിഷ്യരെന്ന നിലയില്‍ സ്‌നേഹത്തെ സ്വാര്‍ത്ഥതയുടെ അകത്തളങ്ങളില്‍ അടച്ചിടാതെ ബന്ധങ്ങളെ ബലപ്പെടുത്തുന്ന ജീവിതചര്യയില്‍ ഇടറിപ്പോയ നിമിഷങ്ങളാണ് പാപം എന്ന തിരിച്ചറിവിലേക്ക് നാം ഉണരണം.

ദൈവത്തെ ആര്‍ക്കും നേരിട്ട് സ്‌നേഹിക്കാനോ ദ്രോഹിക്കാനോ കഴിയില്ല. ദൈവസ്‌നേഹത്തേയും പരസ്‌നേഹത്തേയും വേര്‍തിരിക്കാന്‍ ആവാത്തവണ്ണം കൂട്ടികെട്ടിയിട്ട് അവന്‍ അസന്നിഗ്ദ്ധമായി പഠിപ്പിച്ചു. സമസ്ത നിയമവും പ്രവാചകന്മാരും ഈ കല്പനയില്‍ അധിഷ്ഠിതമായിരിക്കുന്നു (മത്താ. 22:40). പഴയ നിയമത്തെ മുഴുവന്‍ അവന്‍ വ്യഖ്യാനിച്ചത് ഈ സുവര്‍ണ്ണ നിയമം കൊണ്ടാണ്. ''മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍'' ഇതാണ് നിയമവും പ്രവാചകന്മാരും (മത്താ. 7:12). സഹോദരങ്ങളുമായുള്ള നിന്റെ ബന്ധമാണ് ദൈവവുമായുള്ള ബന്ധത്തിന്റെ അളവുകോല്‍ എന്നത് ക്രിസ്തു നിയമമാണ്. ''ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ സ്‌നേഹിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ കള്ളം പറയുന്നു. കാരണം കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല'' (1 യോഹ. 4:20).

പാപം എന്നത് കേവലം വ്യക്തിനിഷ്ഠമായ കല്പന ലംഘനം എന്നതിനപ്പുറം ക്രിസ്തുവിന്റെ വീക്ഷണത്തില്‍ പാപത്തിന് വ്യാപകമായ മാനമുണ്ട്. അത് ഒരുവന്റെ ശരീരത്തേയും മനസ്സിനേയും ബുദ്ധിയേയും ആത്മാവിനേയും ഒരുപോലെ ഗ്രസിക്കുന്നതാണ്. ശത്രുക്കളെ സ്‌നേഹിക്കാനും ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും അധിക്ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും ചോദിക്കുന്ന ഏവര്‍ക്കും കൊടുക്കാനും ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കാനും ആവശ്യപ്പെടുന്ന ഒരു നവ സുവിശേഷ സന്ദേശത്തിന്റെ ലംഘനമാണത് (ലൂക്കാ 6:27-30). ബന്ധങ്ങളുടെ വിശുദ്ധിയെ മലിനപ്പെടുത്തുന്ന ഹൃദയവിചാരങ്ങള്‍ പോലും സ്‌നേഹത്തിന്റെ സുവര്‍ണ്ണ കല്പനയെ മുറിപ്പെടുത്തുന്നതാണ് എന്നവന്‍ പറഞ്ഞുവച്ചു (മത്താ. 5:28).

നമ്മോട് സ്‌നേഹം കാണിക്കുന്നവരെ തിരിച്ച് സ്‌നേഹിക്കുന്നവരും നമുക്ക് ഉപകാരം ചെയ്യുന്നവര്‍ക്കു മാത്രം പ്രത്യുപകാരം ചെയ്യുകയും തിരിച്ചു തരുമെന്ന് ഉറപ്പുള്ളവര്‍ക്കു മാത്രം വായ്പ കൊടുക്കുകയും നമ്മെ അകറ്റിനിറുത്തുന്നവരെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാത്തവരുമൊക്കെയായി സാധാരണ ജീവിതത്തില്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ ക്രിസ്തുവിന്റെ സുവര്‍ണ്ണ നിയമത്തെ നാം ലംഘിക്കുകയാണ് എന്ന വിചാരം നമ്മെ അസ്വസ്ഥരാക്കുന്നുണ്ടോ? (ലൂക്കാ 6:32-36) പ്രവൃത്തിക്കൊണ്ടു മാത്രമല്ല ഉപേക്ഷകൊണ്ടു കൂടി നാം പാപം ചെയ്യുന്നു എന്നത് ഈ സുവര്‍ണ്ണ നിയമത്തിന്റെ മറ്റൊരു സവിശേഷതയാണ്. തിന്മ ചെയ്യുന്നതുപോലെ തന്നെ ചെയ്യാവുന്ന നന്മ ചെയ്യാതിരിക്കുന്നതും ക്രിസ്തുവിന്റെ സ്‌നേഹനിയമത്തിന്റെ ലംഘനമാണ് എന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ അവിടുന്ന് പ്രഖ്യാപിച്ചു (ലൂക്കാ 16:14-31). നായ്ക്കള്‍ നക്കിയിരുന്ന വ്രണങ്ങള്‍കൊണ്ട് ചീഞ്ഞുനാറിയ ലാസര്‍ ധനവാന്റെ പടിവാതില്‍ ക്കല്‍ കിടന്നിരുന്നതിനെ ഒഴിവാക്കാന്‍ ധനവാന്‍ ഒന്നും തന്നെ ചെയ്തതായി സുവിശേഷം പറയുന്നില്ല. നമ്മളായിരുന്നെങ്കില്‍ പണ്ടേ അവനെ നമ്മുടെ പടിപ്പുരയില്‍ നിന്നും പറഞ്ഞു വിട്ടേനെ. ലാസറിനോട് ഒരു ദ്രോഹവും ചെയ്യാതിരുന്നിട്ടും ധനവാന്റെ വഴി നരകത്തിലേക്കായിരുന്നു എന്ന സൂചനയിലൂടെ അവന്‍ നമ്മോടു പറയുന്നത് ചുറ്റുമുള്ളതിനെ കണ്ണു തുറന്നു നോക്കിക്കാണാനാണ് - നൊമ്പരങ്ങളു ടേയും നെടുവീര്‍പ്പുകളുടേയും സ്വരം കേള്‍ക്കാനാണ്. ''കണ്ണുള്ളവന്‍ കാണട്ടെ; ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.'' ഒരു പുതിയ കാഴ്ചയും ഒരു പുതിയ കേള്‍വിയും തന്നെ അനുഗമിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്ന ധ്വനിയാണത്. സ്‌നേഹത്തെ ക്രിസ്തു വ്യാഖ്യാനിച്ച വ്യാപകമായ വീക്ഷണത്തിന്റെയും രീതി ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വേണം പാപത്തെ നാം മനസ്സിലാക്കുവാന്‍.

  • പാപത്തിന്റെ സാമൂഹ്യമാനം

മേല്‍പ്പറഞ്ഞതില്‍ നിന്നും പാപം വ്യക്തിപരമയ മുറിവ് എന്നതിനുമപ്പുറം ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നതുകൊണ്ട് അതിനു സാമൂഹ്യമായ ഒരു മാനമുണ്ട്. അപരരുമായുള്ള നിന്റെ ബന്ധമാണ് നിന്റെ ആത്മീയതയുടെ അളവുകോല്‍. മനുഷ്യരുമായി രമ്യതപ്പെട്ടാലെ ദൈവവുമായി രമ്യതപ്പെടാന്‍ സാധിക്കുകയുള്ളൂ. സഹോദരനോട് ക്ഷമിക്കുന്നതാണ് ദൈവം നിന്നോട് ക്ഷമിക്കാന്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം (മത്താ. 6:15). സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന പത്രോസിന്റെ ചോദ്യത്തിന് ഏഴ് എഴുപതു പ്രാവശ്യം (മത്താ. 18:22) എന്ന മറുപടിയിലൂടെ തെറ്റ് ചെയ്യുമ്പോഴെല്ലാം ക്ഷമിക്കാനാണ് ആഹ്വാനം. നീ ബലിവേദിയിലേക്ക് വരുമ്പോള്‍ നിനക്ക് നീരസമുള്ളവരോടല്ല നിന്നോട് നീരസമുള്ള എല്ലാവരോടും രമ്യതപ്പെട്ടിട്ടുവേണം വന്നു ബലി അര്‍പ്പിക്കാന്‍ (മത്താ. 5:23) എന്നതില്‍ നിന്നും സഹജീവികളോടും സൃഷ്ടപ്രപഞ്ചത്തോടും രമ്യതയിലായിരിക്കുന്നതാണ് ക്രൈസ്തവ ആദ്ധ്യാത്മികതയുടെ മര്‍മ്മം എന്നതും ഇതിന് വിഘാതമായ ഏതൊരു അവസ്ഥയും പാപാവസ്ഥയുമാണ് എന്നും വരുന്നു.

നാം ജീവിക്കുന്ന സമൂഹത്തിന്റെ സംതുലനാവസ്ഥയും സഹവര്‍ത്തിത്വവും സ്ഥായിയായ സമാധാന അന്തരീക്ഷത്തേയും മുറിപ്പെടുത്തുന്ന സംഘാത പാപങ്ങളെ (structural sin) ക്കുറിച്ചുള്ള അവബോധം നമ്മുടെ കുമ്പസാര കൂടുകളെ ഗ്രസിക്കുന്നില്ലെങ്കില്‍ നാം ക്രിസ്തുബോധത്തില്‍ നിന്നും ഏറെ അകലെയാണ്.

സഭയിലും സമൂഹത്തിലും രാഷ്ട്രത്തിലും നീതി നിഷേധിക്കപ്പെടുമ്പോള്‍, സത്യം കുരിശിലേറ്റപ്പെടുമ്പോള്‍, ദൈവത്തിന്റെ പേരില്‍ കലഹിക്കുമ്പോള്‍, ബഹുസ്വരതയുടെ ലയങ്ങളെ ഇല്ലായ്മ ചെയ്യുമ്പോള്‍, പോഷകാഹാരകുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുമ്പോള്‍ നിശബ്ദരും നിസ്സംഗരുമായി നാം മാറിയാല്‍ പാപത്തിന്റെ ഈ സാമൂഹ്യാവസ്ഥയില്‍ നാമും പങ്കുചേരുകയാണ്.

മണ്ണില്‍ പണിയെടുത്ത് നടുവൊടിഞ്ഞ കര്‍ഷകന്‍ കടക്കെണിയില്‍ വീണ് കുടുംബം ഒന്നാകെ കൂട്ട ആത്മഹത്യ ചെയ്യുന്ന ഈ സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ ഉത്തരവാദിത്വത്തില്‍ നിന്നും എനിക്ക് ഒഴിഞ്ഞുമാറാനാകില്ല.

വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ട ദൈവത്തിന്റെ സ്വയം പ്രകാശനമായ ഈ പ്രകൃതിയുടെ സമ്പത്ത് ആര്‍ത്തിമൂത്ത് ചൂഷണം ചെയ്യപ്പെടുമ്പോള്‍, പ്ലാസ്റ്റിക് കത്തിച്ച് വായുവിനെ വിഷലിപ്തമാക്കുമ്പോള്‍, മാലിന്യം വഴിവക്കിലേക്ക് വലിച്ചെറിയുമ്പോള്‍, കാട് ഇല്ലാതാവുകയും പുഴ മലിനപ്പെടുകും ചെയ്യുമ്പോള്‍ സംഘാതമായ പാപാവസ്ഥയിലുള്ള എന്റെ പങ്കുചേരലിനെക്കുറിച്ച് നമ്മുടെ കുമ്പസാരക്കൂടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടോ?

  • അനുരഞ്ജനത്തിന്റെ സഭാ മാനം

ക്രിസ്തുവിന്റെ ശരീരമായ സഭ രക്ഷയുടെ കൂദാശയാണ്. ശരീരത്തിന്റെ ഒരു അവയവത്തിന് ഉണ്ടാകുന്ന മുറിവ് ശരീരത്തെ ആകെ അസ്വസ്ഥമാക്കുന്നു. സഭയുമായുള്ള അനുരഞ്ജനത്തിലൂടെ സഭയ്ക്കുണ്ടായ മുറിവ് ഉണക്കി ദൈവവുമായുള്ള അനുരഞ്ജനം സാധിതമാക്കുന്നു. തന്റെ അവയവങ്ങളില്‍ ഒന്നിന്റെ പാപം സഹിക്കേണ്ടി വന്ന സഭയുടെ ജീവനെ അനുരഞ്ജന കൂദാശ വഴി പുനര്‍ജ്ജീവിപ്പിക്കുന്നു (ccc 1469).

സഭയിലെ ഒരു അംഗം എന്ന നിലയില്‍ വ്യക്തിപരമായ പാപം വഴി മാമ്മോദീസായിലൂടെ നമുക്ക് ലഭിച്ച പ്രസാദവരത്തിന്റേയും ദൈവീകജീവന്റേയും ശോഭയ്ക്കു മങ്ങലേല്ക്കുമ്പോള്‍ സഭയുടെ സംഘാതമായ പ്രസാദവരജീവന്റെ ഒഴുക്കിനെ അത് തടസ്സപ്പെടുത്തുന്നു. ക്രൈസ്തവ പ്രാരംഭം കൂദാശകളിലൂടെ ക്രിസ്തുവിന്റെ പുതിയ ജീവന്‍ സ്വീകരിക്കുന്നു എങ്കിലും നാം ഈ ജീവനെ മണ്‍പാത്രങ്ങളിലാണ് സംവഹിക്കുന്നത്. അതുകൊണ്ട് തന്നെ പാപം മൂലം ഈ ജീവന്‍ ദുര്‍ബലപ്പെടാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട് (ccc 1420). അനുരഞ്ജന കൂദാശയുടെ അര്‍ത്ഥവത്തായ സ്വീകരണത്തിലൂടെ നമ്മോടുതന്നെയും സഭയോടും അനുരഞ്ജനപ്പെടുന്നതിലൂടെ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭാഗാത്രത്തെ നാം പണിതുയര്‍ത്തുകയാണ് ചെയ്യുന്നത്.

അനുരഞ്ജനത്തിന്റെ കൂദാശ യേശു സ്ഥാപിച്ച് സഭയെയാണ് ഭരമേല്പിച്ചത്. ഉത്ഥാനം ചെയ്ത ക്രിസ്തുനാഥന്‍ ശിഷ്യരുടെമേല്‍ നിശ്വസിച്ച് പരിശുദ്ധാത്മാവിനെ അവര്‍ക്കു നല്കിക്കൊണ്ട് പാപങ്ങള്‍ മോചിക്കാനുള്ള അധികാരം അവര്‍ക്ക് നല്കി (യോഹ. 20:22-23). പത്രോസാകുന്ന പാറമേല്‍ തന്റെ സഭ സ്ഥാപിച്ചുകൊണ്ട് ഭൂമിയില്‍ കെട്ടാനും അഴിക്കാനമുള്ള അധികാരം നല്കി (മത്താ. 16;19). പിന്നീട് ഈ അധികാരം അവിടുന്ന് മറ്റ് ശിഷ്യന്മാര്‍ക്കും നല്കി (മത്താ. 18:18).

  • എന്തിന് വൈദീകനോട് ?

എന്തിന് വൈദികനോട് പാപങ്ങള്‍ ഏറ്റുപറയണം. നേരിട്ട് ദൈവത്തോടു പറഞ്ഞാല്‍ പോരേ? പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ മാത്രമല്ല കത്തോലിക്കരില്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പാപത്തിന്റെ വ്യക്തിപരവും സഭാപരവും സാമൂഹ്യപരവുമായ മാനങ്ങളുടെ പശ്ചാത്തലത്തില്‍ നാം ഒന്ന് തിരിച്ചറിയണം. തന്നോടു തന്നെയും മറ്റുള്ളവരോടും ഈ പ്രപഞ്ചത്തോടുമുള്ള ബന്ധം നശിക്കുന്നതിലൂടെ ദൈവവുമായുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടാകുന്ന അവസ്ഥയാണ് പാപം. അനുരഞ്ജനത്തിലൂടെ നഷ്ടപ്പെട്ട ബന്ധങ്ങളെ പുനഃസ്ഥാപിച്ച് ദൈവവുമായി ഐക്യപ്പെടാനുള്ള ദിവ്യകൂദാശയാണ് വി. കുമ്പസാരം. ഒരു തിരിച്ചു നടക്കലാണത്. നല്ല കുമ്പസാരത്തിന് സഭ നിഷ്‌ക്കര്‍ഷിക്കുന്ന 5 കാര്യങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം അതിപ്രധാനമാണ്. പാപത്തെക്കുറിച്ച് അവബോധം ഉണ്ടാകുക, പശ്ചാത്തപിക്കുക, മാനസാന്തരപ്പെട്ട് പാപം ആവര്‍ത്തിക്കുകയില്ല എന്ന പ്രതിജ്ഞ ചെയ്യുക. ഈ മൂന്നു കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമുള്ള 2 പടികളാണ് വൈദീകനോട് പാപങ്ങള്‍ ഏറ്റുപറയുന്നതും നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തം ചെയ്യുന്നതും. സ്വയം അനുരഞ്ജനപ്പെട്ട് സഹോദരങ്ങളോടും സൃഷ്ടവസ്തുക്കളോടും ദൈവത്തോടും പാപം ഏറ്റുപറഞ്ഞ് അനുരഞ്ജനപ്പെടുന്നതിന്റെ പ്രതീകമായി മനുഷ്യകുലത്തിന്റേയും സൃഷ്ടപ്രപഞ്ചത്തിന്റെയും പ്രതിനിധി എന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്ന നിലയിലുമാണ് വൈദീകനോട് പാപങ്ങള്‍ ഏറ്റുപറയുന്നത്. വൈദീകന്‍ പാപം മോചിക്കുന്നത് യേശു നല്കിയ അധികാരം ഉപയോഗിച്ച് യേശുവിനുവേണ്ടിയാണ്. വൈദീകന്റെ വ്യക്തിപരമായ വിശുദ്ധിയല്ല കൈവയ്പ്പു വഴി അദ്ദേഹത്തിനു നല്കപ്പെട്ട ക്രിസ്തുവിന്റെ പ്രസാദവര ജീവനാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് വൈദീകന്‍ വ്യക്തിപരമായ പാപാവസ്ഥയില്‍ ആയാല്‍പ്പോലും അനുരഞ്ജന കൂദാശയ്ക്ക് അതില്‍തന്നെ ഫലം ഉണ്ട് എന്ന് സഭ പഠിപ്പിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന്റേയും കരുണയുടേയും ഉപകരണമാണ് പുരോഹിതന്‍. പുരോഹിതന്‍ ക്ഷമിക്കലിന്റെ യജമാനനല്ല; ശുശ്രൂഷകനാണ് (ccc 1466) ഒറ്റിക്കൊടുത്തവന്റേയും പാദം കഴുകി, അവനും തന്നെത്തന്നെ പകുത്തു നല്കിയ ക്രിസ്തുവിനെ കണക്ക്.

അവസാനമായി പാപത്തിന്റെ പ്രായശ്ചിത്തമാണ്. അനുരഞ്ജനം പൂര്‍ത്തിയാകുന്നത് പ്രായശ്ചിത്തത്തിലാണ്. എന്റെ പാപത്തിന് ഞാന്‍ കൊടുക്കുന്ന വിലയാണത്. പാപത്തിന്റെ ശമ്പളം മരണമാണെങ്കിലും ക്രിസ്തു എനിക്ക് നല്കിയ പുതുജീവന് ഞാന്‍ നല്‌കേണ്ട പ്രതിസമ്മാനമാണത്.

പാപത്തിനുള്ള പ്രായശ്ചിത്തം അനുയോജ്യമായതാവണം (Appropriate Penance) എന്ന് സഭാനിയമം അനുശാസിക്കുന്നു. നമുക്ക് ആരോടെങ്കിലുമുള്ള വ്യക്തിവിരോധത്തിന്റേയോ മറ്റെന്തെങ്കിലും പേരിലോ ഒരാളെക്കുറിച്ച് ഇല്ലാത്തതോ നമുക്ക് അറിവില്ലാത്തതോ ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന് അയാളെ വ്യക്തിഹത്യ നടത്തിയിട്ട് പള്ളിയകത്തിരുന്ന് മൂന്ന് ത്രിത്വസ്തുതി ചൊല്ലിയാല്‍ ഉചിതമായ പരിഹാരമാകുമോ? മറിച്ച് ആ വ്യക്തിയുടെ നന്മകളെ കണ്ടെത്തി അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ നമ്മിലുള്ള തിന്മയുടെ വാസനകളെ ഉന്മൂലനം ചെയ്ത് ക്രിസ്തു സ്‌നേഹത്തിലേക്ക് ഉണരാന്‍ അത്തരം പരിഹാര പ്രവര്‍ത്തി നമ്മെ സഹായിക്കും.

അനര്‍ഹമായി നേടിയതെല്ലാം നാലിരട്ടിയായി തിരിച്ചു കൊടുക്കാന്‍ തയ്യാറായ സക്കേവൂസിന്റെ പങ്കുവയ്ക്കലിന്റെ പരിഹാരത്തെ ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഈശോ സ്ഥിരീകരിച്ചത്.

അങ്ങനെ അനുതപിക്കുന്നവന്റെ എല്ലാ പാപക്കറകളേയും കഴുകി കളഞ്ഞ് അവനെ മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ പ്രാപ്തനാക്കുന്ന അനുരഞ്ജനത്തിന്റെ ദിവ്യകൂദാശയാണ് വി. കുമ്പസാരം.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org