കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ: സഭയോടൊപ്പം നടക്കട്ടെ...

കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ: സഭയോടൊപ്പം നടക്കട്ടെ...

ക്രിസ്തു ജീവിക്കുന്നു (christus vivit) എന്ന പ്രബോധന രേഖയിലൂടെ ഫ്രാന്‍സിസ് പാപ്പ പറയുന്നു: ''പല കാരണങ്ങളാല്‍ യുവജനങ്ങളില്‍ ഒരു വലിയ സംഖ്യ സഭയോടൊന്നും ചോദിക്കുന്നില്ല; കാരണം സഭ തങ്ങളുടെ ജീവിതത്തില്‍ പ്രസക്തമാണെന്ന് അവര്‍ കാണുന്നില്ല (christus vivit 40). കുട്ടികള്‍ ചോദിക്കുന്നില്ല എന്നത് അപകടകരമായ അവസ്ഥയാണ്. അവര്‍ സഭയില്‍നിന്നും അകലുന്നതിന്റെ ലക്ഷണമാണത്. കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കട്ടെ. അതിനെ അനുഗ്രഹമായി കാണാന്‍ നമുക്കു കഴിയണം. അവരുടെ ചോദ്യങ്ങളെ പോസിറ്റീവ് ആയി കണ്ട്, വേണ്ട വിധത്തില്‍ അഭിസംബോധന ചെയ്യാനും, ഉത്തരങ്ങള്‍ നല്കാനും അജപാലകര്‍ക്കും, അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും, മുതിര്‍ന്ന തലമുറയ്ക്കും കഴിയണം. തുറവിയുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. കുട്ടികളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ചോദ്യങ്ങള്‍ ചിലപ്പോള്‍ വിമര്‍ശനാത്മകമാകാം. ചോദ്യങ്ങള്‍ ചോദിക്കുന്ന യേശുവിനെ സുവിശേഷത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നു (ലൂക്കാ 2:46). ചോദ്യങ്ങളും അവയ്ക്കു ലഭിക്കുന്ന ശരിയായ ഉത്തരവും സഭയോടൊപ്പം നടക്കാന്‍ ഇളംതലമുറയ്ക്കു പ്രേരണയാകണം. മറിയം ദൈവദൂതന്റെ സന്ദേശം സ്വീകരിച്ചെങ്കിലും അവള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് (ലൂക്കാ 1:34) (christus vivit 43) മറിയത്തിന്റെ ചോദ്യങ്ങള്‍ക്കു ലഭിക്കുന്ന കൃത്യമായ ഉത്തരമാണ് അവളെ ആത്മാവിന്റെ നിറവോടെ പ്രത്യുത്തരത്തിനു പേരിപ്പിച്ചത്: ''ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു എന്നില്‍ നിറവേറട്ടെ'' (ലൂക്കാ 1:38)

''എപ്പോഴും പ്രതിരോധത്തിലായിരിക്കുന്ന സഭ തന്റെ എളിമ നഷ്ടമാക്കിയും ശ്രവണം നിര്‍ത്തലാക്കിയും, ചോദ്യങ്ങള്‍ക്കുള്ള അവസരം ഒഴിവാക്കിയും തന്റെ യൗവനം കളഞ്ഞു കുളിക്കുന്നു'' (christus vivit 41); എന്നു പാപ്പ പറയുന്നു. ''അവള്‍ക്ക് ഇളംതലമുറയുടെ സ്വപ്നങ്ങള്‍ക്ക് പ്രത്യുത്തരം നല്കാന്‍ കഴിയില്ല എന്നും പാപ്പ ചൂണ്ടിക്കാട്ടുന്നു. തുറന്ന ചിന്തയും, സംവാദങ്ങളും, ചോദ്യോത്തരങ്ങളും പുതു തലമുറയിലേക്കെത്താനുള്ള വാതായനങ്ങളാണ്. സംവാദങ്ങളിലൂടെ കുട്ടികള്‍ക്കൊപ്പം നടക്കാന്‍ സഭയ്ക്കും, വിശ്വാസ പരിശീലകര്‍ക്കും കഴിയണം ദൈവം, മതം, വിശ്വാസം, ലോകജീവിതം, മൂല്യങ്ങള്‍, സഭ എന്നിങ്ങനെ എല്ലാത്തിനേക്കുറിച്ചും കുട്ടികള്‍ ചോദിക്കട്ടെ. ചോദ്യങ്ങള്‍ ചോദിക്കുന്ന ഇളംതലമുറ സഭയുടെ സൗഭാഗ്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org