
കൂട്ടുകാരേ, ബൈബിള്‍ പറയുന്നില്ലേ തായ്ത്തണ്ടിനോട് ചേര്‍ന്ന് നില്‍ക്കാന്‍… തായ്ത്തണ്ടിനോട് ചേര്‍ന്നു നിന്നാല്‍ മാത്രമേ ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ നമുക്ക് സാധിക്കൂ. ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ ഒരു കഥ പറയാം കേട്ടോ… മുട്ടകളുടെ കഥ. ഇരുപതു കോഴിമുട്ടകള്‍ കൂടി ഒരു സമ്മേളനം നടത്തി. അവര്‍ പറഞ്ഞു 'നമ്മുടെ സ്ഥിതി എത്ര പരിതാപകരം; അപകടകരം! ഒന്നു തട്ടുകയോ മുട്ടുകയോ ചെയ്താല്‍ നമ്മള്‍ ഉടഞ്ഞതുതന്നെ. നമുക്കിതിനൊരു പരി ഹാരം കാണണം.' പക്ഷേ, എത്ര ആലോചി ച്ചിട്ടും കാര്യമായ ഒരു പരിഹാരം കണ്ടെത്താന്‍ പറ്റിയില്ല. അപ്പോഴാണ് ഒരു അമ്മച്ചിക്കോഴി ആ വഴി വന്നത്. മുട്ടകള്‍ അമ്മച്ചി ക്കോഴിയുടെ മുമ്പില്‍ തങ്ങളുടെ ഗുരുതരമായ പ്രശ്‌നം അവതരിപ്പിച്ചു. തള്ളക്കോഴിക്ക് സന്തോഷ മായി.
അല്പം ചിന്തിച്ചശേഷം അത് കൊക്കിക്കൊക്കി പറഞ്ഞു: 'പരിഹാരമുണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യ ണം. എല്ലാവരും അടുത്തടു ത്തിരിക്കണം. ഞാന്‍ 21 ദിവസം നിങ്ങളുടെ മുകളില്‍ കയറി ഇരിക്കും. ഇരുപത്തൊന്നാം ദിവസം നിങ്ങള്‍ തട്ടിയാല്‍ ഉടയാത്ത കോഴിക്കുഞ്ഞുങ്ങളായി മാറും. അമ്മച്ചിക്കോഴിയുടെ അഭിപ്രായത്തോട് മിക്ക മുട്ടകളും തന്നെ യോജിച്ചു. എന്നാല്‍ മൂന്നു മുട്ടകള്‍ യോജിച്ചില്ല: "മുതുക്കിയുടെ പ്രശ്‌ന പരിഹാരം കേട്ടോ? നമ്മുടെ മുകളില്‍ കയറി ഇരിക്കണമെന്ന്. വേണ്ട; അത് ഇവിടെ ചെലവാകില്ല." അവര്‍ മാറി നിന്നു.
ബാക്കി 17 മുട്ടകള്‍ ഒന്നിച്ചായി. തള്ളക്കോഴി ചിറകു വിരിച്ച് അവയുടെ മുകളിലിരുന്നു. ഭക്ഷണവും പാനീയ വുമൊക്കെ മറന്ന് നിരന്തരമായ ചൂടും സ്‌നേഹവും നല്‍കി അവരോടൊത്തിരുന്നു. അത്ഭുതമേ, 21-ാം ദിവസം മുട്ടത്തോട് ഭേദിച്ച് സുന്ദരരായ 17 കോഴിക്കുഞ്ഞുങ്ങള്‍ പുറത്തു വന്നു. മാറി നിന്ന മുട്ടകളോ, ചീമുട്ടകളായി. തള്ളക്കോഴിയുടെ സഹവാസം, സ്‌നേഹം മുട്ടകളെ കോഴിക്കുഞ്ഞുങ്ങളാക്കി മാറ്റി. തന്നെ സ്വീകരിക്കാന്‍ സന്നദ്ധതയുണ്ടെങ്കില്‍ നമ്മെ ദൈവമക്കളാക്കുന്ന അത്ഭുതം പ്രവര്‍ത്തിക്കാമെന്ന് യേശു നമുക്ക് ഉറപ്പുതരികയാണ്.