കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 1]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' [ഭാഗം 1]

''കത്തോലിക്കര്‍ക്ക് പ്രേമിക്കാമോ?''

''വലന്റൈന്‍സ് ദിനം ആഘോഷിച്ചതിന്റെ ഹാങ്ങ്ഓവറിലുള്ള ചോദ്യമാണോ?''

''അല്ല. കുറെനാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യമാണ്.''

''കത്തോലിക്കര്‍ പ്രേമിക്കാന്‍ പാടില്ലെന്ന ധ്വനിയുണ്ടല്ലോ ചോദ്യത്തില്‍?''

''അങ്ങനെയല്ലേ സങ്കല്പം?''

''ആരുടെ സങ്കല്പം?''

''പൊതുവെയുള്ള ധാരണ അതല്ലേ?''

''ആരുടെ ധാരണ?''

''കത്തോലിക്കരുടെ ധാരണ.''

''ആട്ടെ; ആരെയെങ്കിലും പ്രേമിക്കുകയോ പ്രേമിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടോ?''

''മറുപടി അറിഞ്ഞിട്ട് വേണം തീരുമാനിക്കാന്‍!''

''കൊള്ളാം! നിര്‍ണ്ണായകമായ നയ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഗുരുക്കന്മാരോട് ചോദിക്കാനുള്ള സന്മനസ്സ് അഭിനന്ദനാര്‍ഹം തന്നെ. നിഷിദ്ധമല്ലെങ്കിലും ചില ഉപാധികള്‍ക്കു വിധേയമായി മാത്രമേ കത്തോലിക്കര്‍ക്ക് പ്രേമിക്കാനാവൂ.''

''അങ്ങനെ വരട്ടെ! പറയൂ, എന്തൊക്കെയാണ് ഉപാധികള്‍?''

''തന്റെ സ്‌നേഹഭാജനങ്ങളായി തിരഞ്ഞെടുത്തവരോട് ദൈവം കാണിക്കുന്ന വാത്‌സല്യങ്ങളെക്കുറിച്ചുള്ള വാഴ്ത്തുകളാല്‍ സമ്പന്നമാണ് വേദപുസ്തകം. 'നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥമായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?' എന്ന് നിയമാവര്‍ത്തനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ (7:7). 'കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും' എന്ന് അപ്പസ്‌തോലനും അത് പ്രഖ്യാപിക്കുന്നുണ്ട് (1 യോഹ. 3:1). ദിവ്യമായ ഒരു പ്രണയമേഖലയിലേക്ക് ഉപാധികളില്ലാതെ ക്ഷണിക്കപ്പെട്ടവരാണ് കത്തോലിക്കര്‍. മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും ദൈവകടാക്ഷത്തിന്റെയും (divine grace) ദൈവതേജസ്സിന്റെയും (divine radiance) സവിശേഷമായ ഒരു പ്രേമമണ്ഡലത്തിലേക്ക് പ്രവേശനം ലഭിച്ചവര്‍! അതിനാല്‍ പ്രേമം കത്തോലിക്കര്‍ക്ക് തുറന്ന ജാലകമോ പരിധികളില്ലാത്ത ആകാശമോ അല്ല. തന്റെ അടിസ്ഥാന പ്രണയങ്ങളോടു ബന്ധപ്പെടുത്തി മാത്രമേ കത്തോലിക്കന് പ്രണയത്തെക്കുറിച്ച് നിലപാട് സ്വീകരിക്കാന്‍ കഴിയൂ.''

''വിശദീകരിക്കുമല്ലോ.''

''ഒരു കത്തോലിക്കന് നാല് അടിസ്ഥാനപ്രണയങ്ങള്‍ ഉണ്ട്. അവയെ പരിപാലിക്കാനും പരിപോഷിപ്പിക്കാനും സഹായകരമായ പ്രണയബന്ധങ്ങള്‍ മാത്രമേ അവന് സ്വീകരിക്കാനാകൂ.''

''ഒന്നാമത്തേത് യേശുക്രിസ്തു ആയിരിക്കും; അല്ലേ?''

''സംശയമെന്ത്! 'ഏകജാതന്റെ സ്‌നേഹിതരാകാന്‍,' 'ലോകസ്ഥാപനത്തിനു മുമ്പുതന്നെ തിരഞ്ഞെടുക്കപ്പെട്ടവര്‍' (എഫേ. 1:4) എന്ന നിലയില്‍ നമ്മുടെ ആദ്യപ്രണയം അഥവാ ഫസ്റ്റ് ലവ് യേശുക്രിസ്തു തന്നെയാണ്. കഴിഞ്ഞ ദിവസം പരിചയെപ്പട്ട ഒരു പെണ്‍കുട്ടിയുടെ വാട്‌സാപ് പ്രൊഫൈല്‍ ഹൃദ്യമായി തോന്നി. "In love with the man who died for me' എന്ന് കുരിശിന്റെ പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് അവള്‍ ചേര്‍ത്തിരിക്കുന്നത്. തനിക്കുവേണ്ടി മരിച്ച ഒരു മനുഷ്യനുമായി പ്രണയത്തിലാണെന്ന് ലോകത്തോടു മുഴുവനും അവള്‍ വിളിച്ചു പറയുകയാണ്. ഒരര്‍ത്ഥത്തില്‍ അവളുടേത് ഒരു സുവിശേഷ പ്രഘോഷണമല്ലേ? മനസ്സുവച്ചാല്‍ ഇക്കാലത്ത് ഏതെല്ലാം തരത്തില്‍ സുവിശേഷ പ്രഘോഷണം നടത്താന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്നോ! യേശുവിന്റെ പ്രണയത്തിന്റെ വശ്യതയും വ്യത്യസ്തതയും ഇതാണ് - അത് ജീവനര്‍പ്പിക്കുന്ന പ്രണയമാണ്; അഥവാ മരിക്കുന്ന പ്രണയമാണ്. 'സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല' (യോഹ. 15:13) എന്ന് ആ നിത്യപ്രണയി പറഞ്ഞിട്ടുണ്ടല്ലോ. 'സര്‍വ സമ്പൂര്‍ണതയും നിവസിക്കുകയും', 'ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികള്‍ ഒളിഞ്ഞു കിടക്കുകയും' (കൊളോ. 1:19 & 2:3) ചെയ്യുന്ന ആ പ്രണയിയുടെ പ്രണയം ആവോളം നുകര്‍ന്നതിനാലാണ് 'അവനെ പ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്' എന്ന് (ഫിലി. 2:8) ഒരാള്‍ കുറിച്ചത്. നിങ്ങളുടെ തലമുറയിലെ 'നി. കൊ. ഞാ. ചാ.' പ്രണയങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ പ്രണയം. പ്രണയനിരാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ദാരുണമായി കൊലെപ്പടുത്തിയ എത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടു. ഇക്കാലത്ത് പ്രണയിക്കാന്‍ പേടിക്കണം. ഇന്നത്തെ തലമുറയുടെ പ്രണയങ്ങളെ അപഗ്രഥിച്ചു നോക്കൂ. നിര്‍മ്മലവും ഉദാത്തവുമായ സ്‌നേഹമല്ല അതില്‍ നിഴലിക്കുന്നത്; പിന്നെയോ, ഉപരിപ്ലവവും കളങ്കിതവുമായ അഭിനിവേശങ്ങളാണ്. മറ്റൊരു വാക്കില്‍, ഇന്നത്തെ മിക്കവാറും പ്രണയങ്ങളും ആത്മനിബദ്ധമായ അനുരാഗമല്ല; മാംസനിബദ്ധമായ കാമമാണ്. 'പ്രേമത്തിന് കണ്ണില്ല' എന്നാണ് പണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാലത്ത് പ്രേമത്തിന് കണ്ണ് മാത്രമല്ല; ചിന്തയും ഹൃദയവും വിവേകവും കരുണയും ക്ഷമയും വിശുദ്ധിയും ഒന്നുമില്ലെന്ന് പറയേണ്ടി വരും. കത്തോലിക്കന്റെ ഒന്നാം പ്രണയമായ യേശുവിലേക്ക് തിരികെ വരാം. കുരിശിനു കുറുകെ മേലങ്കിയുള്ള വിഖ്യാതമായ ആ ചിത്രത്തിലെ വരികള്‍ ഓര്‍മ്മയില്ലേ? "I asked Jesus: How much do you love me? He replied: This much; and He stretched His arms and died.' വെറുതെ നമ്മുടെ ഹൃദയം ചോദിക്കുകയല്ല യേശു ചെയ്യുന്നത്. പിന്നെയോ, കുരിശില്‍ അവസാനതുള്ളി രക്തവും ചൊരിഞ്ഞ് നമ്മെ സ്‌നേഹിച്ചിട്ടാണ്. 'a boy's sweet heart' ആണ് ഗേള്‍ഫ്രണ്ട് അഥവാ കാമുകി. 'a girl's sweet heart' ആണ് ബോയ്ഫ്രണ്ട് അഥവാ കാമുകന്‍. അങ്ങനെയെങ്കില്‍ എല്ലാ മനുഷ്യരുടെയും 'സ്വീറ്റ് ഹാര്‍ട്ട്' ആകാനാണ് യേശുവിന്റെ ഹൃദയം കുരിശില്‍ പിളര്‍ക്കപ്പെട്ടത്. 'ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ' എന്ന് നാം വെറുതെ ജപിക്കുന്നതല്ല. സത്യത്തില്‍, തിരുഹൃദയ ലുത്തിനിയ ആ നിത്യഹരിതനായകന് ഒരു കത്തോലിക്കനര്‍പ്പിക്കുന്ന ഒന്നാന്തരം പ്രണയാര്‍ച്ചനയാണ്. ചുരുക്കത്തില്‍, എല്ലാ മനുഷ്യഹൃദയങ്ങളും യേശുവിന് അവകാശപ്പെട്ടതാണ്. ഒട്ടേറെപ്പേര്‍ നിഷേധിക്കുന്നുണ്ടെങ്കിലും എല്ലാ ഹൃദയങ്ങളുടെയും പ്രണയം അവന്റെ അവകാശമാണ്. ബില്ല്യാര്‍ഡ്‌സും ടെന്നീസും പോലെയുള്ള ചില കളികളില്‍ സ്‌കോര്‍ ഒന്നും കിട്ടാത്ത അവസ്ഥയെ വിളിക്കുന്ന Love all എന്ന വാക്കുകള്‍ ഓര്‍മ്മയില്ലേ? യേശുവിന്റെ പ്രണയവും അത്തരത്തിലുള്ളതാണ്. തിരികെ ലഭിക്കുന്നില്ലെങ്കിലും, 'സ്‌കോര്‍' ഒന്നും നേടാനാകുന്നില്ലെങ്കിലും നമ്മെ പ്രണയിക്കുന്നതില്‍നിന്ന് അവന്‍ പിന്‍വാങ്ങുന്നില്ല. അവന്‍ എല്ലാവരെയും സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. കാരണം അവന്‍ സ്‌നഹമാണ്. സ്‌നേഹത്തിന് സ്‌നേഹിക്കാനേ കഴിയൂ. അപ്പോള്‍ കത്തോലിക്കരുടെ ഒന്നാം പ്രണയം വ്യക്തമായോ?''

''വ്യക്തമായി. ബാക്കി മൂന്നെണ്ണം ഏതാണ്?''

''അത് അടുത്തലക്കങ്ങളില്‍ വിശദീകരിക്കാം. ഈശോ അനുഗ്രഹിക്കട്ടെ.''

''നന്ദി.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org