കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

[ഭാഗം 2]
കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍'

''കത്തോലിക്കരുടെ പ്രണയം തുടരാം; അല്ലേ?''

''തുടരാമല്ലോ.''

''കത്തോലിക്കരുടെ എല്ലാ പ്രണയങ്ങളിലേക്കുമുള്ള കവാടം യേശുക്രിസ്തുവിനോടുള്ള പ്രണയമാണെന്ന് കഴിഞ്ഞ ലക്കത്തില്‍ വ്യക്തമാക്കിയല്ലോ. യേശുക്രിസ്തു കഴിഞ്ഞാല്‍ പിന്നെ കത്തോലിക്കന്റെ രണ്ടാം പ്രണയം ആരോടാണെന്ന് അറിയണ്ടേ?''

''വേണം. കാത്തിരിക്കുകയായിരുന്നല്ലോ!''

''എന്തെങ്കിലും ഊഹമുണ്ടോ?''

''ഒരു ക്ലൂ തരാമോ?''

''ഓ! ക്ലൂ കുട്ടികളുടെ അവകാശമാണല്ലോ; തരാം. മൂന്നാമത്തെ 'ആളാണ്' രണ്ടാമത്തെ പ്രണയഭാജനം.''

''മൂന്നാമത്തെ ആളോ? ഒന്നാമത്തെയും രണ്ടാമത്തെയും ആളുകളെ അറിയാതെ മൂന്നാമത്തെ ആളെ അറിയുന്നതെങ്ങനെ?''

''മൂന്നാളുകളും അറിയുന്നവര്‍ തന്നെയാണ്. ഒന്നാമത്തെ ആളുടേതാണ് രണ്ടാമത്തെയും മൂന്നാമത്തെയും ആളുകള്‍. രണ്ടാമത്തെ ആളാണ് മൂന്നാമത്തെ ആളെ സമ്മാനിച്ചത്. മൂന്നാമത്തെ ആളാണ് ഒന്നാമത്തെയും രണ്ടാമത്തെയും ആളുകളെ വെളിപ്പെടുത്തുന്നതും പഠിപ്പിക്കുന്നതും സ്‌നേഹിപ്പിക്കുന്നതുമെല്ലാം. മൂന്നാളുകളും കൂടി ഒന്നാണ്! ''

''കര്‍ത്താവേ! കുഴഞ്ഞല്ലോ?''

''കുഴയുകയുമൊന്നും വേണ്ട. എല്ലാ കുഴച്ചിലുകളും മാറ്റുന്നത് മൂന്നാമത്തെ ആളാണ്. കരളിലെ കലക്കങ്ങളൊക്കെ മാറ്റി ഉള്ളില്‍ നിന്ന് തെളിനീരുറവകള്‍ - യേശുവിന്റെ ഭാഷയില്‍, ജീവജലത്തിന്റെ അരുവികള്‍ - ഒഴുക്കുന്നത് ഈ ആളാണ്.''

''ക്ഷമയെ പരീക്ഷിക്കല്ലേ.''

''ക്ഷമയുടെ പരീക്ഷകളില്‍ വി ജയിപ്പിക്കുന്നതും പരീക്ഷകളെ ക്ഷമയോടെ നേരിടാന്‍ സഹായിക്കുന്നതുമൊക്കെ ഈ ആളത്രെ.''

''എന്റെ മാഷേ! വട്ടു പിടിപ്പിക്കല്ലേ!!''

''വട്ടുപിടിപ്പിക്കാതിരിക്കുന്ന തും പിടിച്ച വട്ട് മാറ്റിത്തരുന്നതും ദൈവത്തിനുവേണ്ടി സ്‌നേഹത്തിന്റെ പുതിയ വട്ടുകള്‍ പിടിപ്പിക്കുന്നതുമൊക്കെ ഈ ആള്‍ തന്നെയാണ്. ആട്ടെ, തോല്‍വി സമ്മതിച്ചോ?''

''തോറ്റു തുന്നം പാടിയല്ലോ!''

''അതു പരിശുദ്ധാത്മാവാണ്! കടല്‍ക്കരയില്‍ കര്‍ത്താവിനെ കണ്ടപ്പോള്‍ 'അതു കര്‍ത്താവാണ്' എന്ന് യോഹന്നാന്‍ പറഞ്ഞില്ലേ; ആ ശൈലിയില്‍ പറയട്ടെ: അതു പരിശുദ്ധാത്മാവ് തന്നെയാണ്. പരിശുദ്ധാത്മാവ് മാത്രമാണ്. പരിശുദ്ധാത്മാവിനെ അറിഞ്ഞാല്‍, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ ചെയ്യുന്നത് എന്തെന്നറിഞ്ഞാല്‍, പരിശുദ്ധാത്മാവ് നമ്മെ എവിടേക്ക് നയിക്കുമെന്നും എങ്ങനെയെല്ലാം സഹായിക്കുമെന്നും അറിഞ്ഞാല്‍, പിന്നെ നാമൊരിക്കലും ക്രിസ്തുവിനെ തള്ളിപ്പറയില്ല: സത്യവിശ്വാസം ഉപേക്ഷിക്കില്ല; നിരാശരാകില്ല; ഒന്നും നമ്മെ അലട്ടുകയോ തോല്പിക്കുകയോ ഇല്ല. ഈ ഭൂമിയിലെ പിന്നീടുള്ള നമ്മുടെ ജീവിതം മറ്റൊരു ഭ്രമണപഥത്തിലായിരിക്കും നാം ജീവിക്കുന്നത്.''

''അല്ല! പിതാവിന് സ്തുതി കൊടുക്കുന്നത് മനസ്സിലാക്കാം. പുത്രനും സ്തുതി കൊടുക്കുന്നത് മനസ്സിലാക്കാം. പരിശുദ്ധാത്മാവിന് സ്തുതി കൊടുക്കുന്നത് എന്തിനാണെന്ന് ഞാനും ചിന്തിക്കാറുണ്ടായിരുന്നു. സത്യത്തില്‍ പരിശുദ്ധാത്മാവ് ആരാണ്? നമ്മുടെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് എന്താണ് ചെയ്യുന്നത്?''

''ഈ ചോദ്യത്തില്‍ അത്ഭുതമില്ല. അപ്പസ്‌തോല പ്രവര്‍ത്തന ഗ്രന്ഥത്തില്‍ ഒരു രംഗമുണ്ട്. എഫേസോസിലെത്തിയ പൗലോസ് അപ്പസ്‌തോലന്‍ അവിടെ കണ്ട ഏതാനും ശിഷ്യരോട് 'നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ?' എന്നു ചോദിക്കുന്നുണ്ട്. അതിന് അവര്‍ പറഞ്ഞ ഉത്തരം, 'ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല' എന്നാണ് (19:2). ഇന്നും ഇതുപോലെയുള്ള അനേകം കത്തോലിക്കരുണ്ട് എന്നതാണ് ദുഃഖകരമായ സത്യം. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് കേള്‍ക്കുക പോലും ചെയ്യാത്തവര്‍; കേട്ടിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തി വൈഭവങ്ങള്‍ ഗ്രഹിച്ചിട്ടില്ലാത്തവര്‍; കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്‌തെങ്കിലും പരിശുദ്ധാത്മാവിനെ സ്വന്തമാക്കാന്‍ ഒട്ടുമേ ആഗ്രഹമില്ലാത്തവര്‍. പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ ''യൂ കാറ്റ്' നല്കുന്ന ഗംഭീരമായ ഉത്തരം നോക്കൂ: 'പരിശുദ്ധാത്മാവ് നമ്മെ ദൈവത്തെ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരാക്കുന്നു, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സഹായിക്കാന്‍ കഴിവു നല്കുന്നു. ''നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥി'' എന്നാണ് പരിശുദ്ധാത്മാവിനെ വിശുദ്ധ ആഗസ്തീനോസ് വിളിച്ചത്. അവിടുത്തെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനസ്സാക്ഷിയില്‍, അല്ലെങ്കില്‍ ആന്തരികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുക എന്ന തിന്റെ അര്‍ത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്റെ ''ലി വിങ്ങ് റൂം'' ആണെന്നു പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നമ്മള്‍ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടുന്ന് നമ്മുടെ ജീവിതത്തിന്റെ യജമാനനായിരിക്കും.' ഇതാണ് യൂ കാറ്റ് പഠിപ്പിക്കുന്നത്.''

''ഇതൊക്കെ പുതിയ അറിവാണല്ലോ.''

''ഇനിയും എന്തൊക്കെ അറിയാനിരിക്കുന്നു! അറിവും ജ്ഞാനവും ബുദ്ധിയും ആലോചനയും ആത്മശക്തിയും ഭക്തിയും ദൈവ ഭയവുമൊക്കെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണെന്ന് നമസ്‌ക്കാരപ്പുസ്തകത്തില്‍ പഠിച്ചിട്ടില്ലേ? പരിശുദ്ധാത്മാവിനോടുള്ള ജപം ഓര്‍ത്തു നോക്കൂ. 'എത്രയും നല്ല ആ ശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ, മധുരമായ തണുപ്പേ, കരച്ചിലില്‍ സൈ്വരമേ, അലച്ചിലില്‍ സുഖമേ എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട്, അറപ്പുള്ളതു കഴുകാനും വാടിപ്പോയതു നനയ്ക്കാനും മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കാനും രോഗികളെ സുഖപ്പെടുത്താനും കടുപ്പമുള്ളതു മയപ്പെടുത്താനും തണുപ്പുള്ളതു ചൂടുപിടിപ്പിക്കാനും നേര്‍വഴിയല്ലാതെ പോയതു തിരിക്കാനും വേണ്ടിയാണ് എഴുന്നള്ളി വരാന്‍ അവിടുത്തോട് യാചിക്കുന്നത്. പരിശുദ്ധാത്മാവാണ് ദൈവത്തിന്റെ ശക്തിയും ജ്ഞാനവും സ്‌നേഹവും. പരിശുദ്ധാത്മാവിനു വേണ്ടി നാം തീക്ഷ്ണമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സത്യത്തില്‍ പരിശുദ്ധാത്മാവിനെ ലഭിക്കാന്‍ വേണ്ടി മാത്രം നാം പ്രാര്‍ത്ഥിച്ചാല്‍ മതിയാകും. ''മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!'' എന്ന് യേശു പഠിപ്പിക്കുന്നുണ്ടല്ലോ'' (ലൂക്കാ. 11:13).

''ദൈവമേ! ഇതൊക്കെ അറിയാന്‍ വൈകിപ്പോയല്ലോ.''

''സാരമില്ല. ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് അറിയണം. അപ്പസ്‌തോലന്‍ ക്ഷോഭത്തോടെ ചോദിക്കുന്നത് നോക്കൂ: 'നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ' (1 കോറി. 3:16, 17). ഇന്ന് ഈ പ്രബോധനം വളരെ പ്രാധാന്യത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം ശരീരത്തിന്റെ പവിത്രതയെക്കുറിച്ചുള്ള എല്ലാ മൂല്യ സങ്കല്പങ്ങളും തകര്‍ന്നു കഴിഞ്ഞു. ഇന്ന് അനേകര്‍ക്ക് ഉടല്‍ ക്ഷേത്രമോ ദേവാലയമോ അല്ല; പിന്നെയോ സുഖിക്കാനുള്ള ഉപാധി മാത്രമാണ്. ഭാര്യമാരെ പങ്കുവച്ച കേസും ടാറ്റൂ കേസുമൊക്കെ ഓര്‍ത്തു നോക്കൂ. 'ത്വക്കിനു പുറത്ത് സൂചി പ്രയോഗത്താല്‍ പാടുകള്‍ വരുത്തി മായാത്ത മഷികള്‍ കൊണ്ട് ചിത്രണം ചെയ്യുന്ന രീതി അഥവാ പച്ചകുത്തല്‍' ആണ് ടാറ്റൂ. അങ്ങനെ ചെയ്യുന്നതു കൊണ്ടുള്ള നേട്ടമെന്താണ്? ആര്‍ക്കറിയാമല്ലേ? വെറുതെ ഒരു രസം; അല്ലെങ്കില്‍ സ്വാതന്ത്ര്യം; അതിന്റെ പേരിലല്ലേ നിങ്ങളുടെ തലമുറ പലതും ചെയ്തു കൂട്ടുന്നത്? ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നമുക്ക് മറ്റൊരു 'ടാറ്റൂവര്‍' (tattooer) അഥവാ പച്ചകുത്തുന്നവന്‍ ഉണ്ട്. ത്വക്കിനു പുറത്തല്ല, ആത്മാവിനകത്ത് ഒരിക്കലും മായാത്ത മഷികൊണ്ട് ടാറ്റൂ കുത്തുന്നവന്‍! മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും ആ ടാറ്റൂവര്‍ നിത്യമായി മുദ്രകുത്തി നമ്മെ സ്വന്തമാക്കിയിരിക്കുകയാണ്. 'രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്' എന്ന് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നതിന്റെ കാരണമതാണ് (എഫേ. 4:30). നമുക്ക് നിത്യജീവന്റെ ടാറ്റൂവറെ ആരാധിക്കാം. അവിടുത്തെ രക്ഷാകരമായ മുദ്രയുടെ ആനന്ദം നുകരാം. മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, ജഡികപാപങ്ങള്‍ എന്നിങ്ങനെ ശരീരത്തിന്റെ പരിശുദ്ധിക്കെതിരായ എല്ലാ പ്രവൃത്തികളും വിശാലമായ അര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെതിരായ പാപങ്ങളാണ്. 'നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിന് സമര്‍പ്പിക്കുവിന്‍' എന്നും (റോമാ 6:13) ശരീരത്തെ 'വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍' എന്നുമൊക്കെ (റോമാ 12:1) അപ്പസ്‌തോലന്‍ ആവശ്യപ്പെടുന്നതിന്റെ കാരണമതാണ്. 'യഥാര്‍ത്ഥമായ ആരാധന' എന്നാണ് ഈ സമര്‍പ്പണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ശരീരം ദേവാലയമാണെന്നും ആ ദേവാലയത്തില്‍ വിശുദ്ധിയുടെ ഒരു ബലിപീഠമുണ്ടെന്നും ആ ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളാണ് യഥാര്‍ത്ഥ ആരാധനയെന്നുമുള്ള അവബോധം തരുന്നത് പരിശുദ്ധാത്മാവാണ്. കത്തോലിക്കരുടെ രണ്ടാം പ്രണയത്തെക്കുറിച്ച് ഇത്രയും മതിയോ?''

''തമ്പുരാനേ! മതിയേ!!''

''ഇതൊക്കെയാണ് കത്തോലിക്കരോട് പരിശുദ്ധാത്മാവ് ചെയ്യുന്നത്. അങ്ങനെയുള്ള കത്തോലിക്കര്‍ക്ക് എങ്ങനെ യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയുമൊക്കെ ഉപേക്ഷിച്ച് പോയി ആരെയെങ്കിലുമൊക്കെ പ്രേമിക്കാനാകും? പരിശുദ്ധാത്മാവിനെപ്പറ്റി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പരിശുദ്ധാത്മാവ് തന്നെ പഠിപ്പിച്ചു തരട്ടെ. കഴിയുമെങ്കില്‍ വിശുദ്ധ യോഹന്നാന്റെ സുവിശേഷവും 'പരിശുദ്ധാത്മാവിന്റെ സുവിശേഷം' എന്ന് വിളിക്കപ്പെടുന്ന അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥവും പലയാവര്‍ത്തി വായിക്കുക. 'പരിശുദ്ധാത്മാവിന്റെ വീണ' എന്നാണ് വിശുദ്ധ അപ്രേം അറിയപ്പെടുന്നത്. തീക്ഷ്ണമായി ഉപാസിച്ചാല്‍ നമ്മെയും അവിടുന്ന് തന്റെ കുഞ്ഞുവീണകളാക്കി മാറ്റും. എന്താ ആഗ്രഹമുണ്ടോ?''

''ശരിക്കും ആഗ്രഹമുണ്ട്.''

''പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org