
നോഹയുടെ പുത്രനായ ഹാമിന്റെ പുത്രനാണ് കാനാന്‍. കാനാന്‍ എന്ന പേരിന് പല അര്‍ത്ഥങ്ങളാണ് പണ്ഡിതന്മാര്‍ കല്‍പ്പിക്കുന്നത്. 'വ്യാപാരി, വ്യാപാരം' എന്ന അര്‍ത്ഥത്തില്‍ കാനാന്‍ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.' വളയുക, കുനിയുക, കുമ്പിടുക' എന്നൊക്കെയും അര്‍ത്ഥം നല്‍കുന്നുണ്ട്. ഇത് ബൈബിളില്‍ കാണുന്ന കാനാനു ലഭിച്ച ശാപവുമായി ബന്ധപ്പെടുത്തിയായിരിക്കണം! കാനാന്‍ സഹോദരങ്ങള്‍ക്ക് ദാസ്യവേല ചെയ്യുന്നവനാകട്ടെ എന്ന് നോഹ ശപിക്കുന്നു. ഷേമിന്റെ അടിമയാകും എന്ന അര്‍ത്ഥത്തിലായിരിക്കണം ദാസ്യവേലയുടെ അടയാളമായ കുനിയുക, കുമ്പിടുക എന്ന അര്‍ത്ഥം ഈ പേരിന് കല്‍പ്പിക്കുന്നത്.
പിതാവായ ഹാം ചെയ്യുന്ന തെറ്റിന് ശപിക്കപ്പെടുന്നത് മകനായ കാനാനാണ്. ഇസ്രായേല്യരും കാനാന്‍കാരും തമ്മിലുള്ള ശത്രുതയെക്കുറിച്ചുള്ള മുന്‍ കൂട്ടിയുള്ള വിവരണമാണ് ഇതെന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ ഇതിനെ മനസ്സിലാക്കുന്നത്. ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്നും വരുംമുമ്പ് പാലസ്തീനയില്‍ വസിച്ചിരുന്ന ജനതകളാണ് കാനാന്‍കാര്‍. 'ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ ഗാഷ്യര്‍, ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍, അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വികനായിരുന്നു കാനാന്‍. പില്ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു. കാനാന്‍ വംശജരുടെ നാട് സീദോനില്‍ തുടങ്ങി ഗെരാറിന് നേര്‍ക്ക് ഗാസ വരെയും സോദോമിനും ഗൊമോറായ്ക്കും അദ്മായ്ക്കും സെബോയിമിനും നേര്‍ക്ക് ലാഷാ വരെയും നീണ്ടുകിടന്നു' (ഉല്പ. 10:16-19). ഈ കാനാന്‍കാരുടെ ദേശമാണ് ഇസ്രായേല്യര്‍ സ്വന്തമാക്കുന്നത്. ഷേമിന്റെ പുത്രന്മാരായ ഇസ്രായേല്യര്‍ കാനാന്‍കാരുടെ ദേശം പിടിച്ചെടുത്തതിനാലാണ് കാനാന്‍ ഷേമിനു ദാസ്യവേല ചെയ്യും എന്ന് എഴുതപ്പെട്ടത്.
മ്ലേച്ഛപാപങ്ങളുടെ ഇടം കൂടിയായിരുന്നു കാനാന്‍ ദേശം. രക്തബന്ധമുള്ളവരുമായുള്ള അവിഹിത ബന്ധങ്ങള്‍ ഉള്ളതിനാലാണ് കാനാന്‍ ശപിക്കപ്പെട്ടത്. ഇത് വ്യക്തമാക്കാനാണ് ഹാം കാനാന്റെ പിതാവാണെന്ന് ഊന്നിപ്പറയുന്നതും, ഹാമിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ജനതകളുടെ പിതാവായ കാനാന്‍ ശപിക്കപ്പെട്ടതും. ബൈബിളില്‍ ഒത്തിരി പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കാനാന്‍. എന്തെന്നാല്‍ അവന്റെ തലമുറയാണ് പിന്നീട് ഇസ്രായേല്യരുടെ പ്രധാന എതിരാളികളായി വിവരിക്കപ്പെടുന്നത്. യഹൂദര്‍ എന്നതിന്റെ വിവരീത പദമായിട്ട് ഇത് കരുതപ്പെടുന്നു.
നിങ്ങള്‍ ചെന്നുപാര്‍ക്കാന്‍ പോകുന്ന സ്ഥലത്തെ ജനതകളുടെ മ്ലേച്ഛതകള്‍ നിങ്ങള്‍ അനുകരിക്കരുതെന്ന് കര്‍ത്താവ് ഇസ്രായേല്യരോട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മക്കളെ ദേവന്മാര്‍ക്ക് കാനാന്‍ കാര്‍ ബലിയര്‍പ്പിച്ചിരുന്നു. ഈ പ്രവൃത്തി ഇസ്രായേല്യര്‍ ചെയ്യരുതെന്ന് കര്‍ത്താവ് പഠിപ്പിക്കുന്ന സംഭവമാണ് യഥാര്‍ത്ഥത്തില്‍ അബ്രഹാം ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോകുന്ന കഥ. കുട്ടിയുടെമേല്‍ കൈവയ്ക്കുന്നത് കര്‍ത്താവ് വിലക്കുന്നു. മ്ലേച്ഛപാപങ്ങള്‍ നിമിത്തം കര്‍ത്താവ് സൊദോം ഗോമോറാ ദേശങ്ങളെ നശിപ്പിച്ചു. ഇതേ പാപങ്ങള്‍ ചെയ്യുന്നവരായിരുന്നു കാനാന്‍കാരും. അതിനാലാണ് കാനാന്‍ ശപിക്കപ്പെട്ടതത്രെ!
നമ്മളെ സംബന്ധിച്ച് കാനാന്‍ദേശം ഒരു പോസിറ്റീവ് വാക്കാണ്. അത് വാഗ്ദത്ത ഭൂമിയാണ്; സ്വര്‍ഗത്തിന്റെ അടയാളമാണ്. നമ്മള്‍ ആയിരിക്കുന്ന ഏതിടവും, അത് കാനാന്‍ പോലെ പാപത്താല്‍ എത്ര മോശവുമായിക്കൊള്ളട്ടെ, നമ്മുടെ വാഗ്ദത്ത ഭൂമിയാക്കാന്‍ സാധിക്കും. നമ്മള്‍ കാനാന്‍കാരുടെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ വിശുദ്ധരായി ജീവിച്ചാല്‍ അങ്ങനെ സംഭവിക്കുമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു (നിയമാവര്‍ത്തനം 28).