![കത്തോലിക്കര്‍ എന്ന 'പ്രേമാവിഷ്ടര്‍' : [ഭാഗം 5]](https://gumlet.assettype.com/sathyadeepam%2F2022-08%2F051c7a2b-9889-4bcb-9e28-c8b7d56f32b9%2Fcat_room.jpg?auto=format%2Ccompress&fit=max)
''കത്തോലിക്കരുടെ പ്രണയം ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.''
''രണ്ടു മാസമായി കണ്ടില്ലല്ലോ.''
''ചില തിരക്കുകള്‍ മൂലം തുടരാനായില്ല. ജൂണ്‍ എട്ട് ലക്കത്തിലാണ് നാലാം ഭാഗം എഴുതിയത്. കാത്തിരുന്ന് മടുത്തോ?''
''ഇല്ല.''
''ഉദാത്തമായ പ്രണയം ക്ഷമയോടും പ്രാര്‍ത്ഥനയോടും കൂടിയ കാത്തിരിപ്പാണ്. നമ്മുടേത് വ്യത്യസ്തമായ പ്രണയങ്ങളാകയാല്‍ നാം പ്രണയിക്കു ന്നവയെ പ്രണയിക്കാന്‍ കഴിഞ്ഞതുതന്നെ ആനന്ദകരമായ അനുഭവമല്ലേ? അപ്പസ്‌തോലന്‍ പറയുന്ന തു നോക്കൂ: 'അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് അവാച്യവും മഹത്വപൂര്‍ണ്ണവുമായ സന്തോഷത്തില്‍ നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു' (1 പത്രോ സ് 1:8,9). നേരില്‍ കണ്ടിട്ടല്ല നമ്മള്‍ യേശുവിനെ സ്‌നേഹിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ തേജോമയനായി അവന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിട്ടും നമ്മള്‍ അവനില്‍ വിശ്വസിക്കുന്നു. അവനെ സ്‌നേഹിക്കുന്നു. അവനെ അനുയാത്ര ചെയ്യുന്നു. ഹൃദയം ശ്രീകോവിലാക്കി അവന് വാസമൊരുക്കുന്നു. അതുവഴി മഹത്വപൂര്‍ണമായ ആനന്ദത്തില്‍ മുഴുകുകയും ചെയ്യുന്നു. ഒരിക്കല്‍ പോലും യേശുവിനെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ പിന്നീട് അവന്റെ ഏറ്റവും വലിയ ആരാധകനായി മാറുന്നുണ്ട്. ആരണെന്ന് അറിയാമോ?''
''വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍! മുന്‍പൊരിക്കല്‍ പറഞ്ഞു തന്നിരുന്നു.''
''അതെ. അദ്ദേഹത്തിന് ആകെ ഒരു ദര്‍ശനം മാത്രമേ ഉണ്ടായുള്ളൂ. എന്നിട്ടും അദ്ദേഹം ക്രിസ്തുവിന്റെ ഏറ്റവും വലിയ ആരാധകനും ക്രിസ്തീയതയുടെ ഏറ്റവും വലിയ അധ്യാപകനുമായി. ആട്ടെ; നാലു ഭാഗങ്ങളിലായി എത്ര പ്രണയങ്ങള്‍ പറഞ്ഞെ ന്ന് ഓര്‍മ്മയുണ്ടോ?''
''ഉണ്ട്. യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദിവ്യകാരുണ്യം എന്നീ മൂന്നു പ്രണയങ്ങളാണ് വിശദീകരിച്ചത്. ദിവ്യകാരുണ്യത്തെപ്പറ്റി രണ്ടു ഭാഗങ്ങളുണ്ടായിരുന്നു.''
''ശരി. അങ്ങനെയെങ്കില്‍ കത്തോലിക്കരുടെ നാലാം പ്രണയം എന്തായിരിക്കും? വല്ല ഊഹവുമുണ്ടോ?''
''ഒരു സൂചന തരാമോ?''
''ഒരു പുസ്തകമാണ്. വെറും പുസ്തകമല്ല; പു സ്തകങ്ങളുടെ പുസ്തകമാണ്. ജീവന്റെ ഗ്രന്ഥമാണ്.''
''ഓ! പിടികിട്ടി. വിശുദ്ധ ബൈബിള്‍.''
''അതെ. വിശുദ്ധ ഗ്രന്ഥം, വേദ പുസ്തകം, വിശുദ്ധ ലിഖിതം എ ന്നൊക്കെ അറിയപ്പെടുന്ന ദൈവവചനമാണ് കത്തോലിക്കരുടെ നാ ലാം പ്രണയം. യേശുക്രിസ്തുവി നെയും പരിശുദ്ധാത്മാവിനെയും ദിവ്യകാരുണ്യത്തെയും സ്‌നേഹിക്കുന്നതുപോലെ തന്നെ ഒരു ക ത്തോലിക്കന്‍ സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്ന ഒന്നാണ് ദൈവവചനം. 'നമ്മുടെ കര്‍ത്താവിന്റെ തിരുശരീരത്തെ വണങ്ങുന്നതുപോലെയാണ് വിശുദ്ധ ഗ്രന്ഥത്തേയും സഭ എന്നും വണങ്ങിപ്പോന്നിട്ടുള്ളത്' എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (ദൈവാവിഷ്‌ക്കരണം 6:21). 'The Book' എന്നാണ് ബൈബിള്‍ വിളിക്കപ്പെടുന്നത് എന്നറിയാമല്ലോ. ലളിതമായി പറ ഞ്ഞാല്‍ പഴയ നിയമവും പുതിയ നിയമവും ഉള്‍പ്പെടുന്ന ക്രിസ്തുമത ഗ്രന്ഥം അഥവാ ക്രിസ്തീയ വേദ പുസ്തകം ആണ് ബൈബിള്‍. എ ന്നാല്‍ അത് വെറുമൊരു ഗ്രന്ഥം മാത്രമല്ല; ക്രൈസ്തവ വിശ്വാസത്തിന് ആധാരമായ കുറെ നിയമങ്ങളുെടയും സിദ്ധാന്തങ്ങളുടെയും സമാഹാരമല്ല. ഇതൊക്കെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതൊന്നും മാത്രമല്ല ബൈബിള്‍! പിന്നെയോ അത് ദൈവവചനമാണ്; അഥവാ ഒരു വ്യക്തിയാണ്.''
''ദൈവവചനം ഒരു വ്യക്തിയാണെന്നോ? അതെങ്ങനെയാണ്?''
''പറയാം. ക്രൈസ്തവരായ നമു ക്ക് വെളിപ്പെടുത്തപ്പെട്ട സുവിശേഷവും നാം പാലിക്കേണ്ട ജീവിതനിയമവും നെഞ്ചേറ്റേണ്ട സത്യവും സഞ്ചരിക്കേണ്ട മാര്‍ഗ്ഗവും സ്വപ്നം കാണുന്ന ലക്ഷ്യവുമെല്ലാം ഒരു വ്യക്തിയാണ്. നമ്മുടെ ജീവനും ജീവിതവും മരണവും പുനരുത്ഥാനവും സ്വര്‍ഗ്ഗരാജ്യവും നിത്യതയുമെല്ലാം ഒരു വ്യക്തിയാണ്. ആരാണെന്നറിയാമല്ലോ?''
''യേശുക്രിസ്തു.''
''അതെ. അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നതു നോക്കൂ. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതി ചെ യ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും'' (കൊളോ. 3:3, 4). അതായത് നമ്മുടെ ഇപ്പോഴത്തെ ജീവനും ജീവിതവുമല്ല യഥാര്‍ത്ഥ ജീവനും ജീവിതവും. അത് വരാനിരിക്കുന്നതേയുള്ളൂ. ഇതിനെല്ലാം ആധാരം യേശുക്രിസ്തു എന്ന വ്യക്തിയാണ്. അങ്ങനെയെങ്കില്‍ ദൈവവചനത്തെയും ഒരു ഗ്രന്ഥമായല്ല, ഒരു വ്യക്തിയായിത്തന്നെ കാണണം. ക്രിസ്തുമതം ഒരു ഗ്രന്ഥത്തിന്റെ മതമല്ല. ക്രിസ്തുമതഗ്രന്ഥം വെറുമൊരു ഗ്രന്ഥവുമല്ല. പിന്നെയോ അത് യേശു്രകിസ്തു എന്ന വ്യക്തിയില്‍ ഒന്നായിത്തീരുന്ന ജീവിതമാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാചകം ഓര്‍ക്കുന്നില്ലേ? 'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല (1:1, 2, 3). 'അ വന്‍' എന്നാണ് വചനത്തെ അദ്ദേ ഹം വിശേഷിപ്പിക്കുന്നത്. അവന്‍ ആരെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നതിനാലാണ് 'വചനം മാംസമായി നമ്മു ടെ ഇടയില്‍ വസിച്ചു' എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് (1:14). നമ്മുടെ ഇടയില്‍ നിത്യമായി വസിക്കാന്‍ മാംസമായി മാറിയത് കുറെ അക്ഷരങ്ങളും വാക്കുകളുമുള്ള ഒരു പുസ്തകമല്ല; 'ദൈവത്വത്തിന്റെ പൂര്‍ണത മുഴുവന്‍ മൂര്‍ത്തീഭവിച്ചിരിക്കുന്ന' (കൊളോ. 2:9). ഒരു വ്യക്തിയാണ്. ആ വ്യക്തി യേശുക്രിസ്തുവാണ്. പരമമായ ഈ സത്യം തന്റെ ആദ്യലേഖനത്തിന്റെ ആരംഭത്തിലും യോഹന്നാന്‍ സുവിശേ ഷകന്‍ ആവര്‍ത്തിക്കുന്നുണ്ട്. 'ആദി മുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈ കൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു' (1 യോഹ. 1:1) എന്നാണ് അദ്ദേഹം സ്പഷ്ടമാക്കുന്നത്. കേട്ടതും കണ്ടതും തൊട്ടതും അക്ഷരങ്ങളെയും വാക്കുകളെയുമല്ല; ജീവനുള്ള വ്യക്തിയെയാണ്. നമുക്കും കേള്‍ക്കാനും കാണാ നും സൂക്ഷിച്ചുവീക്ഷിക്കാനും തൊട്ടറിയാനുമുള്ളത് യേശു എന്ന വ്യക്തിയെത്തന്നെയാണ്. നേരിട്ട് അ തിന് കഴിയാത്തതുകൊണ്ടാണ് ദിവ്യകാരുണ്യത്തിലൂടെയും ദൈവവചനത്തിലൂടെയും പരസ്പര സ്‌നേഹത്തിലൂടെയും കരുണയുടെ പ്രവൃത്തികളിലൂടെയും നാം യേശുവിനെ തൊടാന്‍ ശ്രമിക്കുന്നത്. വെളിപാട് ഗ്രന്ഥത്തില്‍ 'സ്വര്‍ഗ്ഗത്തില്‍ വിജയഗീതം' എന്ന അദ്ധ്യായത്തില്‍ തുറക്കപ്പെട്ട സ്വര്‍ഗ്ഗത്തില്‍ വെള്ളക്കുതിരമേല്‍ ഉപവിഷ്ടനായിരിക്കുന്ന ഒരുവനെ വര്‍ണ്ണിക്കുന്നുണ്ട്. 'അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്' അവിടെ നാം വായിക്കു ന്നത് (19:13). ഇതില്‍ നിന്നെല്ലാം വചനം എന്നാല്‍ യേശുക്രിസ്തു എന്ന വ്യക്തിയാണെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടാണ് 'വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണ്' എന്ന് സഭാ പിതാവായ വിശുദ്ധ ജെറോം പഠിപ്പിക്കുന്നത്.
(തുടരും)