
ഇടവാല്‍ ജി.എസ്. ജോസ്
'മുഖാവരണ'മില്ലാതെ നീലിമയില്‍ പല വര്‍ണകിളികള്‍ പാറുമ്പോള്‍… ഭൂമിയുടെ വിരിമാറില്‍ മൃഗങ്ങളും യഥേഷ്ടം വിഹരിക്കുന്നു. ഇവിടെ കൂട്ടിലായത് മനുഷ്യര്‍മാത്രം; ശരിക്കും നമ്മുടെ കുട്ടികള്‍ തന്നെ!
ഗുരുമുഖത്ത് നിന്നു പൊഴിയുന്ന 'ജീവനുറ്റ' പഠന ഉപ്പിന്റെ രുചി നിലച്ചപ്പോള്‍.. 'ജീവശവ'മായ ഉപ്പിലിട്ട പഠനത്തിന്റെ രുചിക്ക് കാതോര്‍ക്കേണ്ടിവന്നു പോയി; ഈ കൊറോണക്കാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്.
നാളെ വിദ്യാലയങ്ങളി ലെത്തുമ്പോള്‍.. ഗുരുനാഥരേ അനുസരിക്കാത്തവരും കൂടി മിടുക്കരായിത്തീരും; അത്ര മാത്രം ക്ലാസ്സ് മുറികളിലെ അദ്ധ്യാപകരുടെ അമൂല്യവില, കുട്ടികള്‍ വീട്ടിലിരുന്നു മനസ്സിലാക്കിക്കഴിഞ്ഞു.
ഒരു കുഞ്ഞുവൈറസിന്റെ തിരുമുന്നില്‍.. അഹങ്കാരായുധങ്ങള്‍ വച്ച്, കീഴടങ്ങിക്കരയേണ്ടി വന്നൂ നമുക്കിന്ന്. ദൈവമില്ലെന്ന് പറഞ്ഞു പരത്തിയവര്‍ പോലും, "ദൈവമേ.. എന്നെ രക്ഷിക്കണമേ…!" എന്ന്. അവരുടെ നിലവിളിയൊച്ച നമ്മുടെ കാതുകളിലും മാറ്റൊലികൊണ്ടു; ഈ കൊറോണവര്‍ഷം!
കുട്ടികള്‍ 'വീട്ടിലായി' പോയി എന്ന് സങ്കടപ്പെടുമ്പോഴും… ലോകത്തിലെ ഏറ്റവും സുരക്ഷിതവലയത്തിലാണെന്ന സത്യവും നാം മറന്നുകൂടാ. കുഞ്ഞുങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ കണ്ടും കേട്ടും പഠിച്ച് വളരാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരം കൂടിയാണ് ഈ കൊറോണക്കാലം വീടുകള്‍.
പണവും സമ്പത്തും, 'കുടുംബസമാധാന'ത്തേക്കാള്‍ വലുതാണെന്ന് കരുതി മാതാപിതാക്കള്‍ പിണങ്ങി നെട്ടോട്ടമോടുമ്പോള്‍… കുട്ടികള്‍ ശരിക്കും 'വീട്ടിലേ-കൂട്ടി'ലായിപ്പോകും. അവരോട് കൂട്ടുകൂടാനും കളിക്കാനും പഠന ക്രമീകരണത്തിനൊ ന്നും മനസ്സില്ലാതാവുന്നതും അതുകൊണ്ടാണ്.
'കൂടുമ്പോള്‍ ഇമ്പമാകേണ്ട കുടുംബം' ഭൂകമ്പമായാല്‍.. ദമ്പതികളുടെ എന്ത് മാതൃകയാണ് ഈ കൊറോണക്കാലം, മക്കള്‍ക്ക് വീട്ടിലിരുന്ന പഠിക്കാനും നാളെ അനുകരിക്കാനും ഉണ്ടാവുക?
ഭാര്യാ ഭര്‍ത്താവിന്റെ കളിചിരികളും സ്‌നേഹം പങ്കുവയ്ക്കലും പ്രാര്‍ത്ഥനയും ഭക്ഷണവും ഉറക്കവും എല്ലാം ഒന്നിച്ചാകുമ്പോള്‍… നല്ലൊരു കുടുംബമാതൃക കണ്ടുപഠിക്കാനാകും; ക്രമേണ വീട് കുട്ടികള്‍ക്ക് കൂട്ടല്ലാതായി മാറും.
കുടുംബത്തില്‍ 'സ്‌നേഹ'മെന്ന പ്രാണവായു ഉണ്ടാവണം. ആ ജീവസ്‌നേഹം പങ്കുവയ്ക്കാനായാല്‍… ദീര്‍ഘായുസ്സും പ്രതിരോധശേഷിയും വര്‍ദ്ധിക്കും. ഹൃദയ പ്രശ്‌നങ്ങളും ആത്മഹത്യാ ചിന്തയും വേദനകളും വഴിമാറിപോകും.
ദൈവം തനിക്ക് ചേര്‍ത്ത് തന്ന ജീവിതപങ്കാളി, മറ്റൊരാളിന് നല്കിയതിനെക്കാള്‍ പതിന്‍മടങ്ങ് വിലയുള്ള അമൂല്യ രത്‌നമാണെന്ന് കരുതിയാല്‍… വീട്ടിനുള്ളിലെ 'വിവാഹമോചനം' കുഞ്ഞുങ്ങള്‍ കണ്ടു വളരേണ്ടിയും വരില്ല.
ഇനിയെങ്കിലും നന്മയും സ്‌നേഹവും ഉള്ളവരാകാന്‍ ഒരിക്കല്‍ കൂടി ദൈവം തന്ന സുവര്‍ണാവസരമാണ് ഈ മഹാമാരിക്കാലം.
കലര്‍പ്പില്ലാത്ത മരുന്നായ 'പ്രാര്‍ത്ഥന'യില്‍ കുടംബാംഗങ്ങള്‍ ഒന്നിച്ച് ചേരണം. ആ നിമിഷം, നമ്മുടെ കുട്ടികളും വീടാകുന്ന കൂട്ടില്‍നിന്ന് ശലഭങ്ങളെ പോലെ പാറാന്‍ തുടങ്ങും… ഈ മഹാമാരിയേയും അതിജീവിച്ച പുഞ്ചിരിയോടെ!