
കാര്‍ലോയുടെ ഏഴാമത്തെ വയസ്സിലായിരുന്നു പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. 1998-ല്‍ വിശുദ്ധ അംബ്രോസിന്റെ ദൈവാലയത്തില്‍വച്ചു ഈശോയെ ആദ്യമായി സ്വീകരിച്ചുകൊണ്ട് കാര്‍ലോ പറഞ്ഞു: "സ്വര്‍ഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേയാണ് ദിവ്യകാരുണ്യം."
കാര്‍ലോ പറഞ്ഞു: "നാം യേശുവിന്റെ കരവേലയാണ്. ഇവിടെ നമ്മള്‍ അവനുവേണ്ടി ജീവിക്കണം. അവസാനം നമ്മള്‍ അവനില്‍ത്തന്നെ എത്തിച്ചേരണം. അതിനാണു യേശു ദിവ്യകാരുണ്യമായി നമ്മിലേക്ക് എന്നും ഇറങ്ങി വരുന്നത്."
കാര്‍ലോയുടെ ജീവിതത്തില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനു ശേഷം വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ സ്വീകരണവും മുടക്കിയിട്ടില്ല. അനുദിന വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ സ്വീകരണവും തനിക്ക് ആത്മീയശക്തി നല്കുന്നു എന്നാണു കാര്‍ലോ പങ്കുവച്ചത്. കാര്‍ലോ കൂട്ടുകാരോടു പറയുമായിരുന്നു: 'ഓരോ ദിവ്യകാരുണ്യ സ്വീകരണവും എന്നെ സ്വര്‍ഗ്ഗത്തിലേക്കടുപ്പിക്കുന്ന ചവിട്ടുപടികളാണ്. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുന്നതിനൊപ്പം തിരുസഭയെയും ഈ ലോകത്തെ മുഴുവനെയും
രക്ഷിച്ച ക്രിസ്തുവിന്റെ കൈകളായി നമ്മള്‍ മാറുന്നു. ആയതിനാല്‍ എന്റെ ദൗത്യം ലോകത്തെയും തിരുസഭയെയും സംരക്ഷിക്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുകയെന്നതാണ്. ആയതിനാല്‍ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ക്രിസ്തുവിന്റെ ഈ പ്രത്യേക വിളിയില്‍ നമ്മള്‍ പങ്കുചേരുന്നു. ഇതു നമ്മെ നീതിയിലൂടെ നടക്കാനും സത്യത്തിനു സാക്ഷ്യംവഹിക്കാനും സഹായിക്കുന്നു.