അഷ്‌ക്കെനാസ്

സിപ്പോറിം 19
അഷ്‌ക്കെനാസ്
Published on

ഗോമറിന്റെ മൂന്ന് പുത്രന്മാരില്‍ ആദ്യത്തെതാണ് അഷ്‌ക്കെനാസ് (ഏലി 10:3). ഉല്‍പ്പത്തിയിലും 1 ദിനവൃത്താന്തത്തിലും, വംശാവലി യില്‍ അഷ്‌ക്കെനാസ് ഒരു വ്യക്തിയായും, ജെറമിയ 51:27 ല്‍ ഒരു രാജ്യമായും പറയപ്പെടുന്നു. പേരിന്റെ സാമ്യം കാരണം, കരിങ്കടലിനും കാസ്പിയന്‍ കടലിനുമിടയില്‍ ബി സി 8, 7 നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്ന നെയോഅസീറിയന്‍ വംശമായ ഇഷ്‌കുസാ, അഷ്‌ക്കെനാസിന്റെ പിന്മുറക്കാരാണെന്ന് കരുതപ്പെടുന്നു. ചരിത്രകാരനായ ഹെറോഡോട്ടസിന്റെ അഭിപ്രായത്തില്‍ ഇവരാണ് പിന്നീട് സിഥിയര്‍ എന്ന് അറിയപ്പെട്ടവര്‍. പേര്‍ഷ്യക്കാര്‍ ഇവരെ ശകര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതുതന്നെയാണ് സംസ്‌കൃതത്തിലും ഉപയോഗിക്കപ്പെട്ടത്. കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന മധ്യേഷ്യന്‍ നാടോടി ഗോത്രങ്ങളായിരുന്നു ശകര്‍ അഥവാ സിഥിയര്‍. ബി സി ഏഴാം നൂറ്റാണ്ടില്‍ തുടങ്ങി കരിങ്കടലിന്റെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ വസിച്ചിരുന്ന പ്രത്യേക ഗോത്രങ്ങളെ വിവരിക്കാനും സിഥിയര്‍ എന്ന പദം ഉപയോഗിക്കുന്നു. കരിങ്കടല്‍ മുതല്‍ തെക്കന്‍ സൈബീരിയ വരെ നീളുന്ന സ്ഥലങ്ങളില്‍, ബി സി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന കുതിര സവാരി നടത്തുന്ന ഇടയന്മാരുടെ പൊതുവായ പേരായും ഇത് ഉപയോഗിച്ചിരുന്നു. പുതിയനിയമത്തില്‍ കൊളോസോസുകാര്‍ ക്കെഴുതിയ ലേഖനം 3:11 ല്‍ സിഥിയന്‍മാരെപ്പറ്റി പരാമര്‍ശമുണ്ട്.

സിഥിയര്‍ക്ക് എഴുത്ത് വശമില്ലായിരുന്നു. അവരുടേതായി കണക്കാക്കപ്പെടുന്ന ചില ചിത്രങ്ങളിലെല്ലാം മൃഗങ്ങളുടെ രൂപങ്ങളാണ് കണ്ടുവരുന്നത്. അവരെപ്പറ്റി മറ്റ് സംസ്‌കൃതികളില്‍ നിന്നാണ് നമ്മള്‍ മനസിലാക്കുന്നത്. അസീറിയന്‍, ബാബിലോണിയന്‍, പേര്‍ഷ്യന്‍, ഗ്രീക്ക് രേഖകളില്‍ ഇവരെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. സിഥിയന്‍ സമ്പദ്‌വ്യവസ്ഥ അവരുടെ ആടുകളേയും കന്നുകാലികളേയും കുതിരകളേയും അടിസ്ഥാന മാക്കിയുള്ളതായിരുന്നു. കുതിരപ്പുറത്തും തേരുകളിലും സീസണനുസരിച്ച് ഒരു മേച്ചില്‍പ്പുറത്തുനിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന നാടോടികളായിരുന്നു അവര്‍. ഓരോ ദേശത്തെത്തുമ്പോഴും അവിടെയുള്ളവരില്‍ നിന്നും ധാന്യങ്ങളും, ലോഹങ്ങളും ആഡംബര വസ്തുക്കളും അവര്‍ വാങ്ങിയിരുന്നു. സിഥിയന്മാര്‍ അവരുടെ സൈനിക വൈദഗ്ധ്യത്തിന് പേരുകേട്ടവരും ബാബിലോണിയക്കാര്‍ക്കും മറ്റ് സമീപ കിഴക്കന്‍ രാജ്യങ്ങള്‍ക്കും കൂലിപ്പടയാളികളായും, ഏഥന്‍സുകാര്‍ക്ക് പൊലീസുകാരായും സേവനമനുഷ്ഠിച്ചിട്ടുള്ളവരുമാണ്.

ബൈബിളിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ശകന്മാര്‍ക്ക് രണ്ട് വശങ്ങളുണ്ട്: (1) വളരെ ക്രൂരന്മാരായ ഒരു ജനത എന്ന കുപ്രസിദ്ധിയുള്ളവര്‍. ജെറമിയ 4:29; 5:15-17; 6:22-26; 50:41-42 ലും 2 മക്കബായര്‍ 4:47 ലും കാനോനീക പുസ്തകങ്ങളല്ലാത്ത 3 മക്കബായര്‍ 7:5 ലും 4 മക്കബായര്‍ 10:7 ലും വളരെ ക്രൂരന്മാരാണ് ഇവരെന്ന ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. (2) എന്നാല്‍ രണ്ടാമതായി, അവരെപ്പറ്റി വളരെ പോസിറ്റി വായ ഒരു ചിത്രവും ലഭ്യമാണ്. ബാബിലോണിയന്‍ വിപ്രവാസാന ന്തരം, ജെറമിയായുടേയും സെഫാനിയായുടേയും പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇവര്‍ കാരണക്കാരാകു ന്നുണ്ട്. ഇസ്രായേല്‍ യൂദയാദേശങ്ങള്‍ക്കെ തിരെ നിലകൊണ്ട ജനതകളെ കര്‍ത്താവ് ശിക്ഷിക്കും (ജെറ. 46:51). എന്തെന്നാല്‍ കര്‍ത്താവ് തന്റെ ജനത്തെ മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. ജനതകള്‍ക്കുള്ള ഈ ശിക്ഷ നടപ്പിലാക്കാന്‍ കര്‍ത്താവ് നാനാദേശങ്ങളില്‍ നിന്നും നിരവധി സൈന്യങ്ങളെ ഉയര്‍ത്തും. അതില്‍ യുദ്ധപ്രാവീണ്യമുള്ള ഒരു ജനതയാണ് സിഥിയര്‍. അരാറാത്, മിന്നി എന്നീ വംശജരോടൊപ്പം അവരെ കര്‍ത്താവ്, ഇസ്രായേല്യരെ അടിമകളാക്കിയിരിക്കുന്ന ബാബിലോണിയായ്ക്ക് എതിരെ അയക്കുന്നു (ജെറ. 51:27). കര്‍ത്താവ്, താന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി മനുഷ്യന്‍ ചിന്തിക്കാത്ത രീതികളിലും പ്രവര്‍ത്തിക്കുമെന്ന്, അഷ്‌ക്കെനാസിന്റെ പിന്‍തലമുറയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org