ആരോഗ്യനൈവേദ്യം
ഫാ. പീറ്റര്‍ തിരുതനത്തില്‍
ആന്തരികവളര്‍ച്ചയിലേക്കും ഉണര്‍വിലേക്കും കടക്കാനുള്ള ചവിട്ടുപടിയാണ് പ്രത്യാഹാരം. അഷ്ടാംഗയോഗത്തിലെ ബാഹ്യതലങ്ങളെയും ആന്തരീകതലങ്ങളെയും വേര്‍തിരിക്കുകയോ ഇണക്കി ചേര്‍ക്കുകയോ ചെയ്യുന്ന നൂല്‍പാലമാണ് ഇന്ദ്രിയ നിഗ്രഹം എന്നറിയപ്പെടുന്ന പ്രത്യാഹാരം. ഇന്ദ്രിയങ്ങള്‍ എണ്ണത്തില്‍ അഞ്ചുണ്ട്. ക ണ്ണ്, നാക്ക്, കാത്, മൂക്ക്, ത്വക്ക്. ഓരോ ഇന്ദ്രിയങ്ങള്‍ക്കും തത്തുല്യമായ ആഹാര വിഷയങ്ങളുമുണ്ട്.
കണ്ണിന്‍റെ ആഹാരം കാഴ്ച
മൂക്കിന്‍റെ ആഹാരം ഗന്ധം
ത്വക്കിന്‍റെ ആഹാരം സ്പര്‍ശം
നാവിന്‍റെ ആഹാരം രുചി
കാതിന്‍റെ ആഹാരം കേള്‍വി
പഞ്ചേന്ദ്രിയ ബന്ധമാണ് നമ്മുടെ അറിവുകളെല്ലാം. നാം എന്തായിരിക്കുന്നുവോ അതിന്‍റെ പിന്നില്‍ അഞ്ച് ഇന്ദ്രിയങ്ങളുടെയും വിവരശേഖരമുണ്ട്. സൃഷ്ടപ്രപഞ്ചം ഉള്ളിലേക്കു കടക്കുന്നത് പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകളിലൂടെയാണ്.
ഇച്ഛാശക്തിയോടെ ഇന്ദ്രിയപൂരണ വിഷയങ്ങളെ നിയന്ത്രണ വിധേയമാക്കുന്നവര്‍ക്കാണ് ആത്മീയവളര്‍ച്ച സാധിതമാകുന്നത്. എന്‍റെ മനസ്സ് ഏകബിന്ദു (ക്രിസ്തു) കേന്ദ്രീകൃതമാകണമെങ്കില്‍ മനസ്സിനെ പ്രശാന്തമാക്കേണ്ടതുണ്ട്.
എന്‍റെ കണ്ണിന് ആനന്ദകരമായ കാഴ്ചകള്‍ക്കും (പ്രഭാ. 31:3), കേള്‍ക്കാനുള്ള വെമ്പലുകള്‍ക്കും സംസാരിക്കാനുള്ള തിടുക്കങ്ങള്‍ക്കും (യാക്കോ. 3:6), ഭക്ഷണത്തോടുള്ള അതി വ്യഗ്രതകള്‍ക്കും (പ്രഭാ. 31:20), സുഖസമ്പന്നമായ സ്പര്‍ശനങ്ങള്‍ക്കും പരിധി കല്‍പിക്കേണ്ടിവരും (പ്രഭാ. 23:16). ഈയൊരു അച്ചടക്കത്തെയാണ് ഇന്ദ്രിയനിഗ്രഹം എന്നു പറയുന്നത്.
നമ്മുടെ നിശബ്ദമായ പ്രാര്‍ത്ഥനാവേളകളെ പരിശോധിച്ചാലറിയാം-അരുതാത്തതും ആഗ്രഹിക്കാത്തതും, അനാവശ്യവുമായ സംഗതികളായിരിക്കും മനോമുകുരങ്ങളില്‍ തെളിഞ്ഞു വരിക. അതെ, തൊട്ടു മുമ്പ് കേട്ട വാര്‍ത്തകളായിരിക്കാം, കണ്ട കാഴ്ചയാകാം, അബദ്ധത്തില്‍ കൈവിട്ടു പോയ വാക്കുകളെക്കുറിച്ചുള്ള പരിദേവനങ്ങളാകാം, സുഖസ്പര്‍ശനങ്ങളുടെ ഓര്‍മ്മകളാകാം. ഇതാണ് ഒരു സാമാന്യ മനുഷ്യന്‍റെ അവസ്ഥ. എത്രമാത്രം ഇന്ദ്രിയ സുഖ ദായകമായ ജീവിതമാണോ അത്രയുമോ അതിന്‍റെ പതിന്‍മടങ്ങോ പിന്‍വലിയലുകളില്ലാതെ ആത്മീയയാത്ര ഫലം കാണില്ല.
പ്രശാന്തമായ മനസ്സിനായി, ഇച്ഛാശക്തിയോടെ വിവേകപൂര്‍ണ്ണമായ പ്രത്യാഹാരത്തിലൂടെ ഒരുക്കിയെടുക്കാം. അങ്ങനെ ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ച് ആത്മീയാനന്ദത്തില്‍ പരിലസിക്കട്ടെ. നീ പ്രാര്‍ത്ഥിക്കുമ്പോള്‍, നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച് രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക (മത്താ. 6:6).