ഫാ. ജോര്‍ജ് തേലേക്കാട്ട്
ഈശോയുടെ ശ്രോതാക്കളില്‍ ഭൂരിഭാഗവും സാധാരണ ജനങ്ങളായിരുന്നു. അവരോട് അനുരൂപപ്പെട്ട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലായിരുന്നു അവരോട് ഈശോ സംസാരിച്ചിരുന്നത്. ഭാഷയോടൊപ്പം പങ്കുവയ്ക്കുന്ന ആശയങ്ങളും വളരെ ലളിതമായി അവതരിപ്പിക്കാന്‍ ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അതുകൊണ്ടുതന്നെ തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങളിലൂടെയാണ് ഈശോ തന്റെ അധ്യാപനം നടത്തിയിരുന്നത്. ഈശോയെ ബന്ധിക്കാന്‍ പുരോഹിതപ്രമുഖന്മാരും ഫരിസേയരും അയച്ച സേവകര്‍ പോലും ഈശോയുടെ വാക്കുകള്‍ കേട്ട് അത്ഭുതപ്പെട്ട് വെറുംകയ്യോടെ മടങ്ങിപ്പോയി (യോഹന്നാന്‍ 7:32; 45-46) എന്നുള്ള തിരുവചനം ഈശോയുടെ പഠനരീതിക്കുള്ള അംഗീകാരമാണ്.
ജനക്കൂട്ടത്തിന് ആവശ്യമുള്ളപ്പോള്‍ അവരെ പഠിപ്പിക്കാനും (ലൂക്കാ 5:1-3, മത്തായി 5:1) ശിഷ്യഗണത്തിന് ഉള്‍ക്കൊള്ളാവുന്നതില്‍ അധികം കാര്യങ്ങള്‍ പഠിപ്പിക്കാതിരിക്കാനും (യോഹന്നാന്‍ 16:12) ഈശോ ശ്രദ്ധ പുലര്‍ത്തി. കേള്‍ക്കുന്നവരുടെ ബൗദ്ധികമാനസ്സിക നിലവാരത്തോട് അനുരൂപപ്പെട്ട് ഗുരുക്കന്മാര്‍ പഠിപ്പിക്കണമെന്ന് ഈശോ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.