പങ്കുവയ്പിന്റെ സന്തോഷം

പങ്കുവയ്പിന്റെ സന്തോഷം

ബൈബിളില്‍ യേശു ഒരു കഥ പറയുന്നുണ്ട്: ധനവാനായ ഒരു മനുഷ്യന്‍, വിലയേറിയ ഉടയാടകള്‍ ധരിച്ച്, ആഡംബരത്തോടെ ആനന്ദിച്ചു ജീവിച്ചിരുന്നു. ലാസര്‍ എന്ന ദരിദ്രനായ ഒരു മനുഷ്യന്‍ അയാളുടെ പടിവാതില്ക്കല്‍ കിടന്നിരുന്നു. ധനവാന്‍റെ മേശയില്‍നിന്നു വീഴുന്ന ഉച്ഛിഷ്ടംകൊണ്ടു വിശപ്പടക്കാന്‍ അയാള്‍ ആഗ്രഹിച്ചു. ആ ദരിദ്രന്‍ മരിച്ചു. അയാളെ ദൈവദൂതന്മാര്‍ സ്വര്‍ഗത്തിലേക്കു കൊണ്ടുപോയി. ധനികനും മരിച്ചു. അയാള്‍ നരകത്തിലേക്കാണ് എടുക്കപ്പെട്ടത്. സ്വര്‍ഗത്തിലിരിക്കുന്ന ലാസറിനെ കണ്ട് അയാള്‍ ആശ്വാസത്തിനായി കേണപേക്ഷിച്ചു. അപ്പോള്‍ ദൈവം അയാളോടു പറഞ്ഞു: നിന്‍റെ ജീവിതകാലത്തു നിനക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചു. ലാസര്‍ കഷ്ടതകള്‍ അനുഭവിച്ചു. ഇപ്പോള്‍ ലാസര്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.

ഈ കഥയില്‍ ധനവാന്‍ ലാസറിനെതിരെ യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. പക്ഷേ, അയാള്‍ ലാസറിനെ അവഗണിച്ചു. തന്‍റെ സമ്പത്ത് ലാസറുമായി പങ്കുവയ്ക്കാന്‍ തയ്യാറായതുമില്ല. സ്വാര്‍ത്ഥ സുഖലോലുപതയും ദരിദ്രനോടുള്ള പരിഗണനയില്ലായ്മയുമാണ് അയാളെ നരകത്തിലെത്തിച്ചത്.

ആഡംബരവും സുഖലോലുപതയും ഇന്നത്തെ നമ്മുടെ ജീവിതശൈലിയായി മാറിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ പണവും സമ്പത്തും വാരിക്കൂട്ടാനുള്ള പരക്കംപാച്ചിലിലാണ് ആധുനികസമൂഹം. എങ്ങനെയും എനിക്കു മുന്നേറണം, എനിക്കു കിട്ടണം എന്നതാണ് ഇന്നത്തെ ആദര്‍ശവാക്യം. വിദ്യാഭ്യാസരംഗത്തും സമൂഹത്തിന്‍റെ മറ്റു തലങ്ങളിലുമൊക്കെ മത്സരിച്ച് മുന്നേറുക എന്നതാണ് ഏറെ മുഴങ്ങി കേള്‍ക്കുന്ന ആഹ്വാനം. പങ്കുവയ്ക്കലിന്‍റെ മനോഭാവത്തിനു വിരുദ്ധമായ ജീവിതമനോഭാവമാണിത്.

* മററുള്ളവരേക്കാള്‍ തനിക്കു മാര്‍ക്ക് കൂടുതല്‍ കിട്ടണം എന്ന ചിന്തകൊണ്ട് അറിയാവുന്ന പാഠങ്ങള്‍ മറ്റു കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാതിരിക്കുന്ന കുട്ടികളുണ്ട്.

* മറ്റുള്ളവര്‍ക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ, എനിക്ക് എന്‍റെ സ്ഥാനം ഉറപ്പിക്കണം എന്നു കരുതുന്നവരുണ്ട്.

* സുഖവും സൗകര്യങ്ങളും എനിക്കും എന്‍റെ ആള്‍ക്കാര്‍ക്കും മതി എന്ന മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. നേതൃത്വ- അധികാരസ്ഥാനങ്ങളിരിക്കുന്നവര്‍ ഉള്‍പ്പെടെ.

* പാവപ്പെട്ടവരെയും അധഃസ്ഥിതരെയും തീര്‍ത്തും അവഗണിച്ചുകൊണ്ട്, അവരെ ഒഴിവാക്കിക്കൊണ്ടു വന്‍കിട പദ്ധതികളും വ്യവസായ സമുച്ചയങ്ങളും നടത്തുന്ന ഗവണ്‍മെന്‍റ് പാവപ്പെട്ടവരുടെ ആവശ്യം പരിഗണിക്കാതെ സമ്പന്നവിഭാഗത്തിന്‍റെ താത്പര്യങ്ങള്‍ക്കനുസൃതമായുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുന്നു.

മനുഷ്യന്‍ പങ്കുവയ്ക്കുന്നതിലൂടെയാണു സമൂഹം ക്ഷേമത്തിലേക്കു വളരുന്നത്. മനുഷ്യന്‍ ഒറ്റയായി ജീവിക്കാനുള്ളവനല്ല. പാരസ്പര്യത്തിലും പങ്കുവയ്ക്കലിലുമാണു മനുഷ്യജീവിതം സ്വാര്‍ത്ഥകമാകുന്നത്. കൊടുക്കുമ്പോഴാണു നമുക്കു ലഭിക്കുന്നതെന്നും പങ്കുവയ്ക്കുമ്പോഴാണ് ഉള്ളവും ഉള്ളതും നിറയുന്നതെന്നുമോര്‍ക്കുക.

"എല്ലാം കൊടുക്കുക, കുറച്ചു മാത്രമുള്ളവരുണ്ട്. ഇവരാണു ജീവിതത്തിലും ജീവിതത്തിന്‍റെ നിധിശേഖരത്തിലും വിശ്വസിക്കുന്നവര്‍. അവരുടെ ഖജനാവ് ഒരിക്കലും ഒഴിയുന്നില്ല. സന്തോഷത്തോടെ നല്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പാരിതോഷികം."
-ഖലീന്‍ ജിബ്രാന്‍

പങ്കുവയ്ക്കല്‍ എങ്ങനെയെല്ലാം പരിപോഷിപ്പിക്കാം? ഏതാനും ഉദാഹരണങ്ങള്‍:
* പഠനത്തില്‍ മറ്റുള്ളവരെ സഹായിക്കുക, പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കുക, പ്രത്യേകിച്ചു പഠനത്തില്‍ പിന്നോക്കം നില്ക്കുന്നവര്‍ക്ക്.

* പുസ്തകങ്ങളും നോട്ടുകളും മറ്റു വിജ്ഞാന സ്രോതസ്സുകളും പങ്കുവയ്ക്കാന്‍ സന്നദ്ധത കാണിക്കുക.

* കൂടുതല്‍ ഉണ്ടെന്നു തോന്നുന്നതും മറ്റുള്ളവര്‍ക്ക് ആവശ്യമെന്നു തോന്നുന്നതു മായ വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പങ്കുവയ്ക്കാന്‍ തയ്യാറാവുക.

* വീട്ടുജോലികളില്‍ സഹായിക്കുക.

* അനുഭവങ്ങള്‍ കൈമാറുക, മാതാപിതാക്കളോടും മറ്റും.

* പാവപ്പെട്ടവരെ സഹായിക്കുക.

* കഴിവുകളും ജന്മവാസനകളും ഔദാര്യപൂര്‍വം വിനിയോഗിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org