ക്രിസ്മസ് സര്‍പ്രൈസ്

ക്രിസ്മസ് സര്‍പ്രൈസ്

കുട്ടികള്‍ക്കായി ക്രിസ്മസ് അവധിയില്‍ പള്ളിയില്‍ നടത്തപ്പെട്ട ക്യാമ്പിന്റെ മൂന്നാം ദിനം. ക്യാമ്പ് നടത്തുന്ന ബ്രദര്‍ കുട്ടികളോടായി പറഞ്ഞു: 'ഇനി രണ്ടു ദിവസം കൂടിയേ ക്യാമ്പ് അവസാനിക്കാനുള്ളൂ. മാത്രമല്ല രണ്ടു ദിവസം കഴിഞ്ഞാല്‍ ക്രിസ്മസുമാണ്. അതുകൊണ്ട് ഒരു ചെറിയ ഹോം വര്‍ക്ക് തരുന്നു. ഈ രണ്ടു ദിവസത്തിനുള്ളില്‍ നിങ്ങള്‍ ഓരോരുത്തരും ആര്‍ക്കെങ്കിലും; അതായത് മാതാപിതാക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ അല്ലെങ്കില്‍ പരിചയമില്ലാത്തവര്‍ക്കോ, ആര്‍ക്കെങ്കിലും ഒരു നല്ല സര്‍പ്രൈസ്, ഉണ്ണീശോ ഇഷ്ടപ്പെടുന്ന ഒരു സര്‍പ്രൈസ് കൊടുക്കണം. നമുക്കതിനെ ക്രിസ്മസ് സര്‍പ്രൈസ് എന്നു വിളിക്കാം. എന്നിട്ടത് അവസാന ദിവസം ഇവിടെ പറയണം. തീര്‍ച്ചയായും സമ്മാനമുണ്ട്.'

യു പി ക്ലാസിലെ കുഞ്ഞുങ്ങളാണ്. എല്ലാവരും അതുകേട്ട് ഉത്സാഹത്തോടെ വീട്ടിലേക്ക് മടങ്ങി.

കൂട്ടത്തില്‍ നമ്മുടെ കൊച്ചു മിടുക്കന്‍, ഏഴാം ക്ലാസുകാരന്‍ സാവിയോയും... വീട്ടിലെത്തിയപ്പോള്‍ അവന്‍ തന്റെ മേശയില്‍ വച്ചിരിക്കുന്ന ഉണ്ണീശോയുടെ രൂപത്തിനരികില്‍ ചെന്ന് ചോദിച്ചു: 'ഉണ്ണീശോയെ, ഞാനാര്‍ക്കാ സര്‍പ്രൈസ് കൊടുക്കുക!! എന്താ കൊടുക്കുക!' ഉണ്ണീശോ ചിരിച്ചതു പോലെ. 'അതൊക്കെ ഞാന്‍ പറഞ്ഞു തരാം' എന്നാണ് ആ ചിരിയുടെ അര്‍ത്ഥം എന്ന് അവന് തോന്നി.

പിറ്റേന്നു രാവിലെ പതിവുപോലെ സാവിയോ നേരത്തേ എണീറ്റു. വേനലവധി ആരംഭിച്ചപ്പോള്‍ പപ്പ വാങ്ങിക്കൊടുത്ത അവന്റെ പുതിയ സൈക്കിളുമായി പുറത്തിറങ്ങി. ക്യാമ്പിനു പോകുന്നതിനു മുമ്പായി സൈക്കിളില്‍ മൂന്നു നാലു റൗണ്ട് റോഡിലൂടെ കറങ്ങുന്നത് ഒരു പതിവാണ്. ഒരു റൗണ്ട് സൈക്കിള്‍ ഓടിച്ചപ്പോള്‍ തന്നെ അവനു മനസ്സിലായി തന്നെ ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന്. അവനും ശ്രദ്ധിച്ചു. പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയും മുഷിഞ്ഞ ഷര്‍ട്ടും ട്രൗസറുമൊക്കെയിട്ട് അത്ര വൃത്തിയില്ലാത്ത രൂപത്തില്‍ ഒരു കുട്ടി. നാലോ അഞ്ചോ വയസ്സു പ്രായം തോന്നും. തൊട്ടപ്പുറമുള്ള റോഡില്‍ കേബിളിടാന്‍ കുഴിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുള്ള കുട്ടിയാണ്.

വീണ്ടും ഒരു റൗണ്ടുകൂടി ആ കുഞ്ഞിനു മുന്നിലുടെ സൈക്കിളോടിച്ചപ്പോള്‍ സാവിയോയുടെ മനസ്സില്‍ നിറഞ്ഞത്, അവന്റെ മേശയിലിരിക്കുന്ന ഉണ്ണീശോയുടെ ചിരിക്കുന്ന രൂപമാണ്. പെട്ടെന്ന് ബ്രദര്‍ പറഞ്ഞ ക്രിസ്മസ് സര്‍പ്രൈസിനെ കുറിച്ചോര്‍മ്മ വന്നു. എന്തുകൊണ്ടെന്നറിയില്ല, ആ നിമിഷങ്ങളില്‍ ആ കുഞ്ഞിനോട് ഒത്തിരി സ്‌നേഹം തോന്നി അവന്. പതിയെ സൈക്കിളുമായി അവനരികില്‍ ചെന്നു. ചിരിച്ചു. അവന്റെ കൈയില്‍ പിടിച്ചു. ഭാഷയറിയാത്തതിനാല്‍ ഒന്നും പറഞ്ഞില്ല. അവനെ സൈക്കിളിനു പുറകില്‍ ഇരുത്തി. നന്നായി പിടിച്ചിട്ടുണ്ടെന്നുറപ്പു വരുത്തി അവന്‍ പതിയെ സൈക്കിള്‍ ചവിട്ടി. പിന്നെ സ്പീഡു കൂട്ടി. ആദ്യമൊക്കെ പുറകില്‍ പകച്ചിരുന്ന ആ കുഞ്ഞ് പേടിമാറിയപ്പോള്‍ ചിരിക്കാന്‍ തുടങ്ങി. അവന്റെ ചിരി കേട്ടപ്പോള്‍ സാവിയോയും ചിരിച്ചു. മൂന്നു നാലു റൗണ്ട് അങ്ങനെ സൈക്കിള്‍ ഓടിച്ച് ഒടുവില്‍ പഴയ സ്ഥലത്തു തന്നെ അവനെ ഇറക്കി നിര്‍ത്തി.

ആ കുഞ്ഞിന്റെ കവിളിലൊന്നു പതിയെ തട്ടി സാവിയോ തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ അവന്റെ ഷര്‍ട്ടില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു. എന്നിട്ട് അവന്റെ മുഷിഞ്ഞ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ഒരു കോലുമിഠായി എടുത്ത് സാവിയോയുടെ നേരേ നീട്ടി. എത്ര സുന്ദരമായ നിമിഷങ്ങള്‍. ഒരുപക്ഷേ ആ നിമിഷങ്ങളില്‍ വെള്ളചിറകുകളുള്ള ഒരായിരം മാലാഖമാര്‍ അവര്‍ക്കു ചുറ്റും നിന്നു പാടിയിട്ടുണ്ടാട്ടാവും.

'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org