ഏതാണ് ശരി...

ഏതാണ് ശരി...

സ്‌കൂള്‍ വാര്‍ഷികം നടക്കുകയാണ്. സോനുവും സ്മിതയും ദിയയും എല്ലാം നന്നായി ആസ്വദിച്ചു. പരിപാടികള്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഏതാണ്ട് 9 മണിയായി. വീട്ടിലേക്കുള്ള വഴിയില്‍ ആളുകള്‍ കുറവാണ്, എങ്കിലും മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പോകാമല്ലോ... മൂന്നുപേര്‍ക്കും നല്ല ധൈര്യം തോന്നി. അങ്ങനെ നില്‍ക്കുമ്പോഴാണ്

''മക്കളെ ഒന്ന് കൈപിടിച്ചേ... റോഡ് മുറിച്ചു കടക്കാന്‍ ധൈര്യം പോരാ... തിമിരത്തിന്റെ അസുഖോണ്ട്.''

രണ്ടുമൂന്നു വീടിനപ്പുറത്തുള്ള നാണിയമ്മയാണ്.

''ആ... സൂക്ഷിച്ച്... ഞങ്ങളുടെ കൂടെ നിന്നോ ...എന്റെ കയ്യില്‍ മുറുകെ പിടിച്ചോട്ടോ...''

സോനു നാണിച്ചേടത്തിയെ സുരക്ഷിതമായി റോഡ് മുറിച്ച് കടത്തി.

''മക്കള്‍ ആ വഴിക്കല്ലേ, ഞാനും കൂടെയുണ്ട്.''

നാണിച്ചേടത്തി വിടാനുള്ള ഭാവമില്ല.

''നീ വേഗം വരുന്നുണ്ടോ സോനു. ഈ അമ്മാമ്മേടെ കൂടെ നടന്നാ, എപ്പോ വീട്ടിലെത്താനാണ്? ഹോംവര്‍ക്ക് ചെയ്യാനുള്ളതല്ലേ. നാളെ ക്ലാസ്സ് ഉള്ളതാ. ദിയയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

''സാരമില്ല ദിയ, നമ്മള്‍ ആ വഴിക്കല്ലേ. അവിടം വരെ അമ്മാമ്മയെയും കൂട്ടി പോകാല്ലോ.''

''നീ പോരെ, ഞങ്ങള്‍ നടക്കുന്നു...'' ആ അഭിപ്രായത്തോട് സ്മിതയും കൂടി.

അവര്‍ വേഗം നടന്നു.

''കൊച്ചുമോളുടെ ഡാന്‍സ് ഉണ്ടായിരുന്നു. അത് കഴിഞ്ഞതേ അവളെയും കൊണ്ട് അവളുടെ അച്ഛനും അമ്മയും സ്‌കൂട്ടറിന് പോന്നു. ഇത്രേ വൈകൂന്നു ഞാനും വിചാരിച്ചതല്ല.''

അവളോട് വിശേഷങ്ങള്‍ പറഞ്ഞ നാണിയമ്മ സാവധാനം നടന്നു.

''എന്തായാലും മോളെ കിട്ടിയത് നന്നായി... ദാ... മോളുടെ വീട്ടിലേക്കുള്ള വഴി എത്തിയല്ലോ. എന്നാ ശരി, മോളെ അമ്മാമ്മ എങ്ങനെയെങ്കിലും പൊയ്‌ക്കോളാം...''

''സാരമില്ല അമ്മാമ്മേ ഞാന്‍ അവിടെ കൊണ്ടാക്കാം. എന്റെ കയ്യില്‍ വെളിച്ചമുണ്ടല്ലോ.''

''വല്യ ഉപകാരം... കുഞ്ഞേ... മോളെ ദൈവം അനുഗ്രഹിക്കട്ടെ.''

തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. അല്പം കലിപ്പിലാണ്.

സ്മിതയും ദിയയും അമ്മയെ എന്തോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അവള്‍ മനസ്സിലോര്‍ത്തു.

''സോനു'' അവിടെ നില്‍ക്ക്. നാളെ നിനക്ക് ക്ലാസ്സ് ഉള്ളതല്ലേ. ഹോം വര്‍ക്ക് ചെയ്യാനുള്ളതല്ലേ. എന്താ നീ ഇത്രയും വൈകിയത്? ആ സ്മിതയുംദിയായും ഒക്കെ എപ്പോ വീട്ടിലെത്തിയതാ.

''അല്ലെങ്കിലും പഠിക്കണം, സ്‌കൂളില്‍ പോണം എന്ന് ഒരു വിചാരവും ഇല്ലല്ലോ.''

ഉടനെ അവള്‍ ഒന്നും പറഞ്ഞില്ല. പിന്നീട് അല്പ്പം സാവധാനത്തില്‍ അമ്മയോടായി അവള്‍ പറഞ്ഞു.

''അമ്മ പറഞ്ഞിട്ടില്ലേ, എന്റെ മോള്‍ പഠനത്തില്‍ അല്പം പിന്നിലായാലും മറ്റുള്ളവരെ സ്‌നേഹിക്കുന്ന കാര്യത്തിലും, അവരെ സഹായിക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ ആയിരിക്കണമെന്ന്. നാണിയമ്മ ഒരു സഹായം ചോദിച്ചപ്പോള്‍ അമ്മയുടെ ഈ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വന്നത്. അവളെല്ലാ വിശേഷങ്ങളും അമ്മയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു:

''മോളെ, നീ ചെയ്തതാണ് ശരി.''

പ്രിയപ്പെട്ട കുട്ടികളെ അവധിക്കാലം ആരംഭിച്ചു കഴിഞ്ഞു. നമുക്ക് പലതരത്തില്‍ സമയം ചിലവഴിക്കാന്‍ സാഹചര്യങ്ങള്‍ ഏറെയുണ്ട്. എന്നും നമ്മള്‍ സ്‌കൂളില്‍ പോയിരുന്നപ്പോള്‍ അമ്മ വളരെ നേരത്തെ എഴുന്നേല്‍ക്കുകയും, നമുക്ക് ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കുകയും പാത്രത്തിലാക്കി നമ്മുടെ ബാഗില്‍ തരികയും ചെയ്യുമായിരുന്നു. ഈ രണ്ടു മാസം നമ്മള്‍ ഫ്രീയായി ഇരിക്കുകയല്ലേ…കുറച്ചു നേരത്തെ എഴുന്നേല്‍ക്കാനും അമ്മയെ പല കാര്യങ്ങളില്‍ സഹായിക്കാനും നമുക്ക് സാധിക്കും. രാവിലെ എഴുന്നേറ്റ് എന്നും പള്ളിയില്‍ പോകുക എന്നത് വളരെ ത്യാഗം ആവശ്യപ്പെടുന്ന കാര്യം തന്നെയാണ്. അത്തരമൊരു ശീലം അവധിക്കാലത്ത് ഉണ്ടായാല്‍ അതും നമ്മുടെ ജീവിതത്തിന് ഏറെ ഗുണം ചെയ്യും.

പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന നമുക്ക് …നല്ല റിസള്‍ട്ട് കിട്ടാന്‍ പ്രാര്‍ത്ഥിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്…മനുഷ്യജീവിതത്തിന്റെ ഭാഗമാണ് വിജയ പരാജയങ്ങളെല്ലാം തന്നെ. ഒരുപക്ഷേ നമ്മള്‍ പ്രതീക്ഷിച്ച മാര്‍ക്കിലേക്ക് എത്താന്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് സാധിച്ചില്ലെന്നു വരാം. ഒരിക്കലും നമ്മള്‍ നിരാശരാവുകയോ ദൈവത്തെ പഴിക്കുകയോ ചെയ്യേണ്ട കാര്യമില്ല. വിജയവും പരാജയവും നമുക്ക് നല്‍കുന്നത് ദൈവത്തിന്റെ പദ്ധതിയില്‍ നിന്ന് തന്നെയാണ്. ദൈവത്തിന് നമ്മെക്കുറിച്ച് വലിയൊരു സ്വപ്‌നമുണ്ട്.

അതുകൊണ്ട് നമ്മുടെ മനസ്സാക്ഷിയുടെ നൈര്‍മല്യം കളയാതെ, ശരി തെറ്റുകളെ തിരിച്ചറിഞ്ഞ് ശരിയായത് ചെയ്യാനുള്ള വിവേകത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നന്മ ചെയ്യുന്നതില്‍ നമ്മെ തടസ്സപ്പെടുത്തുന്നത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തായാല്‍ പോലും, ആ നന്മയില്‍ നിന്നും ഒഴിഞ്ഞുമാറാതിരിക്കാനുള്ള ആര്‍ജവത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org