You can with Jesus

You can with Jesus

1973-ല്‍ സിനിമയായ മനോഹരമായ ഒരു നോവലാണ് 'ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍'. ജെറ്റ് വിമാനത്തിന്റെ പൈലറ്റായിരുന്ന അമേരിക്കന്‍ നോവലിസ്റ്റ് റിച്ചാര്‍ഡ് ബാഷ എഴുതിയ ഈ നോവല്‍ സമ്മാനതകളില്ലാത്ത ജോനാഥന്‍ എന്ന കടല്‍ക്കാക്കയെയാണ് അവതരിപ്പിക്കുന്നത്. ജോനാഥന്‍ തന്നെയായിരുന്നു ഈ കഥയിലെ ഹീറോയും. എല്ലാ കടല്‍ക്കാക്കകളും കടലില്‍നിന്നും മീന്‍പിടിച്ച് തീരത്തു മാത്രം ജീവിക്കുമ്പോള്‍ ജോനാഥാന്റെ സ്വപ്‌നം മറ്റൊന്നായിരുന്നു... ഇരുളിനെ കീറിമുറിച്ച് ഉയരങ്ങളില്‍ എത്തുക... അതിനായി എന്ത് സാഹസികതയും സഹനങ്ങളും ഏറ്റെടുക്കുക. അതിനിടയില്‍ വരുന്ന എല്ലാ പ്രതിബന്ധങ്ങളോടും ധൈര്യത്തോടെ ഏറ്റുമുട്ടുക. അതുവരെ തുടര്‍ന്നുകൊണ്ടിരുന്ന നന്മകളല്ലാത്ത പലതിനോടും No എന്ന് പറയാനുള്ള ആര്‍ജ്ജവമായിരുന്നു അതിനെല്ലാം അവനെ പ്രേരിപ്പിച്ച ശക്തി. ജീവിതത്തെ കളര്‍ഫുളാക്കാന്‍ മനുഷ്യന് ദൈവം തന്നിരിക്കുന്ന പ്രത്യേക സിദ്ധിയാണ് അവന്റെ സവിശേഷമായ ബുദ്ധി. എല്ലാവരും ചെയ്യുന്ന പോലെ പലതും പലര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ വ്യത്യസ്തമായി ചിന്തിക്കുക, തീരുമാനിക്കുക, നടപ്പിലാക്കുക ഇത്തരം കാര്യങ്ങള്‍ നല്ല നിലപാടുകളുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. നാം ജീവിക്കുന്ന ഈ ലോകത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ ഇതുപോലുള്ള ഒരുപാട് പേരുടെ തീവ്ര പരിശ്രമമുണ്ട്.

നമ്മുടെ കൊച്ചു കേരളത്തിന്റെ തുടക്ക കാലഘട്ടങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാല്‍, തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും നിലനിന്നിരുന്ന ഒരു കേരളം ഇന്ന് എങ്ങനെ ഇത്ര സുന്ദരമായി..? നവോത്ഥാന നായകന്മാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന ധാരാളം നല്ല വ്യക്തിത്വങ്ങളുടെ ഉറച്ച തീരുമാനങ്ങളുടെയും ചുവടുവെപ്പുകളുടെയും അധ്വാനങ്ങളുടെയും ഫലമാണിത്. ചില മനുഷ്യരുടെ മരണങ്ങള്‍ നമ്മുടെ മനസ്സുകളില്‍ ചിരസ്മരണയായി മാറുന്നത് ജീവിതം കൊണ്ട് അവര്‍ പൂരിപ്പിച്ച ചില നന്മകളുടെ പേരില്‍ മാത്രമാണ്.

നമുക്കനുകരിക്കാവുന്ന ഏറ്റവും ഉദാത്ത മാതൃക ക്രിസ്തുവില്‍ തന്നെയുണ്ട്. അവനിലേക്ക് വിരല്‍ ചൂണ്ടിയാല്‍ നമ്മുടെ എല്ലാ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരമുണ്ട്. ചരിത്രം തന്നെ അവനിലൂടെ പരിണാമവിധേയമാകുന്നു. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി കടന്നുവന്നവന്‍ അത് നേടും വരെ അധ്വാനിക്കുന്നു... നിര്‍ഭയത്വമായിരുന്നു അവന്റെ മുഖമുദ്ര. അവനിലൂടെ കാലഘട്ടത്തിനനുസരിച്ച് കാഴ്ചപ്പാടുകളിലെ വികലതകള്‍ മാറ്റുരയ്ക്കപ്പെട്ടു.

നന്മകള്‍ക്ക് തിടം വയ്ക്കുന്നതും തുരുമ്പെടുത്തവയും, വിഷലിപ്തമായവയും തുടച്ചുമാറ്റപ്പെടുന്നതും ക്രിസ്തുവിലൂടെ തന്നെ നാം തിരിച്ചറിയുന്നുണ്ട്. 'പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലാണ് ഒഴിച്ചു വയ്‌ക്കേണ്ടത്' (ലൂക്കാ 5:38). ഇതായിരുന്നു ക്രിസ്തുവിന്റെ നിലപാട്.

ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ അവന് കഴിയുമായിരുന്നു. പെട്ടെന്നുള്ള മരണത്തിനപ്പുറം സഹനമരണത്തെ സ്‌നേഹത്തോടെ ആലിംഗനം ചെയ്തതും ഇതിനു വേണ്ടി മാത്രമായിരുന്നു. അവനെ സ്‌നേഹിച്ചവരും, തിരിച്ചറിഞ്ഞവരും.... ശിഷ്യരും സുഹൃത്തുക്കളുമായി അവന്റെ വഴി തന്നെ തിരഞ്ഞെടുത്തു. എത്ര ധീരതയോടെയാണ് അവരും മരണം പുല്‍കിയത്. തലമുറകളില്‍ നിന്ന് കൈമാറി, കൈമാറി നമ്മുടെ കൈകളിലേക്ക് എത്തുമ്പോഴേക്കും ഈ ചരിത്രവും വിശ്വാസവുമൊക്കെ നമ്മില്‍നിന്ന് ചോര്‍ന്നു പോയിരിക്കുന്നു എന്ന സത്യം അല്പം ഭയത്തോടെയല്ലാതെ നമുക്ക് കാണാനാവില്ല.

മാതാപിതാക്കളില്‍ നിന്നും മക്കളിലേക്കും, അധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികളിലേക്കും, മുതിര്‍ന്നവരില്‍ നിന്ന് താഴെയുള്ളവരിലേക്കും പകര്‍ന്നു കൊടുക്കേണ്ട പല മൂല്യങ്ങളും ഇന്ന് അന്യംനിന്ന് പോയിരിക്കുന്നു. പ്രതീക്ഷയോടെ നാം വീണ്ടും തിരിച്ചറിയുകയാണ് നഷ്ടപ്പെട്ടതൊന്നും തീര്‍ന്നു പോയിട്ടില്ല. എല്ലാം എത്തിപ്പിടിക്കാന്‍ മാത്രം കൈയെത്തും ദൂരത്തുണ്ട്. മനസ്സിന്റെ ചില ശേഷികളെ ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ മതി. പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുകയും, കണ്ടെത്തിയവ, മുതിര്‍ന്ന പക്വതയുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു നടപ്പിലാക്കുക.

നമുക്ക് ശരിയാണെന്ന് ഉറപ്പുള്ള കാര്യം ചിലപ്പോള്‍ ശരിയാകണമെന്നില്ല. ശരിയായി രൂപപ്പെടുത്തിയ മനസ്സാക്ഷിയല്ലെങ്കില്‍ ഒരുപാട് തെറ്റുകള്‍ പലപ്പോഴും നമ്മള്‍ ആവര്‍ത്തിക്കേണ്ടി വന്നേക്കാം. അതുകൊണ്ട് ഉയരങ്ങളിലേക്കുള്ള പറക്കലില്‍ നമ്മുടെ ഒരു നിയന്ത്രണം, നമ്മെ സ്‌നേഹിക്കുന്ന മാതാപിതാക്കളോ, ഗുരുഭൂതരോ അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ട മറ്റ് ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആദ്യം സൂചിപ്പിച്ച ജോനാഥന്‍ എന്ന കടല്‍കാക്ക രണ്ട് നല്ല സുഹൃത്തുക്കളെ ഗുരു കണക്കേ ചേര്‍ത്തു പിടിച്ചിരുന്നു. അതവന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചു.

ഈശോയുടെ ബാല്യം ശ്രദ്ധിച്ചിട്ടുണ്ടോ... പരിശുദ്ധ അമ്മയുടെയും വളര്‍ത്തപ്പനായ വിശുദ്ധ യൗസേപ്പിതാവിന്റെയും സംരക്ഷണയിലും പരിചരണത്തിലും ശ്രദ്ധയിലുമാണ് അവന്‍ വളര്‍ന്നു വന്നത്. 'യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു' (ലൂക്കാ 2:52) എന്ന തിരുവചനം നമുക്ക് മറക്കാതിരിക്കാം. ശരിയായ ലക്ഷ്യത്തിലേക്ക് ശരിയായ മാര്‍ഗം തന്നെ തിരഞ്ഞെടുത്ത് നമുക്ക് ധൈര്യത്തോടെ യാത്ര ചെയ്യാം. 'Life should be great, rather than long.' അതായത് 'ദീര്‍ഘകാലം ജീവിക്കുക എന്നതല്ല, മഹത്തായി ജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org