തിരുത്തലുകള്‍

തിരുത്തലുകള്‍
Published on

ബ്രദര്‍ ടോജോ വാഴയില്‍

പള്ളിപ്പെരുന്നാളിനു പോയി അത്ഭുതം വിടര്‍ന്ന മിഴികളുമായി കളിപ്പാട്ടങ്ങളുടെ മുന്നിലൂടെ നീങ്ങിയ ഒരു അഞ്ചാം ക്ലാസ്സുകാരന്‍, ഒരു കളിപ്പാട്ടക്കടയുടെ മുമ്പില്‍ ഒരു വിസില്‍ വീണുകിടക്കുന്നതു കണ്ടു. ഏതാണ്ടു പത്തു രൂപ വിലയുള്ള ആ വിസില്‍ ആരുമറിയാതെ അവന്‍ കൈക്കലാക്കി വീട്ടിലേക്ക് ഓടി. താന്‍ കൊടുത്തയച്ച അഞ്ചു രൂപയുംകൊണ്ടു പള്ളിപ്പെരുന്നാളിനു പോയ മകന്‍റെ കയ്യില്‍ പത്തു രൂപയുടെ വിസില്‍ കണ്ട് അവന്‍റെ അപ്പന്‍ അവനെ ചോദ്യം ചെയ്തു. അന്യന്‍റെ വസ്തു എന്തിനെടുത്തു? നിലത്തു വീണുകിടന്ന വിസില്‍ എന്തുകൊണ്ടു കടക്കാരനു കൊടുത്തില്ല? വിസില്‍ കിട്ടാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തന്നോടു ചോദിക്കാതിരുന്നതെന്തുകൊണ്ട്?

ഓരോ ചോദ്യത്തിനും ഓരോ അടിയും കിട്ടി. ഒടുവില്‍ അവനെയും കൂട്ടി തിരിച്ചു പള്ളിപ്പറമ്പില്‍ ചെന്ന് ആ വിസില്‍ പണം കൊടുത്ത് അവനു വാങ്ങിക്കൊടുത്തു. ഇനി ഒരിക്കലും ആ മകനു മനഃപൂര്‍വം ഒരു തെറ്റും ചെയ്യാന്‍ കഴിയില്ല. സ്വര്‍ണലിപിയിലായിരിക്കും അപ്പന്‍റെ തിരുത്തല്‍ ആ കുഞ്ഞുഹൃദയത്തില്‍ പതിച്ചിരിക്കുക.

പലപ്പോഴും തിരുത്തലുകള്‍ ഇഷ്ടപ്പെടാത്ത മക്കളും മക്കള്‍ കടുംകൈ ചെയ്യുമെന്നോര്‍ത്തു തിരുത്തലുകള്‍ നല്കാത്ത മാതാപിതാക്കളും മക്കളെ നേടുകയല്ല മറിച്ച്, ഇല്ലാതാക്കുകയാണ്. ഇന്നു കയ്ക്കുന്നതു നാളത്തെ മധുരമാണ് എന്ന കാര്യം മറക്കരുത്.

തിരുത്തലുകള്‍ സ്വീകരിക്കാനുള്ള എളിമയുള്ള മനസ്സാണ് ആദ്യം നമുക്കു വേണ്ടത്. ആര് പറയുന്നു എന്നതിലധികം എന്തു പറയുന്നു എന്നതാണ് പ്രധാനം.
പക്ഷേ, തിരുത്തുന്നത് മറ്റേയാളെ ചെറുതാക്കാനോ, ഇടിച്ചുതാഴ്ത്താനോ അവഹേളനപാത്രമാക്കാനോ ആകരുത്. മറിച്ച് വളര്‍ത്താനും ഉയര്‍ത്താനുമായിരിക്കണം. തിരുത്തുന്നതിന് മുമ്പ് നാം അപരനെ കേള്‍ക്കണം. സത്യം മനസ്സിലാക്കണം. അല്ലെങ്കില്‍ നാം ചെയ്യുന്നത് വലിയ ആപത്തായിമാറും.

കണ്ണുരുട്ടിയും ശബ്ദമുയര്‍ത്തിയും തിരുത്തിയില്ലെങ്കില്‍ ആ തിരുത്തലുകള്‍ക്ക് ബലം പോരാ എന്നു ചിന്തിക്കുന്നവരാണ് പലരും.

പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആര്‍ക്കും ആരേയും നേടാനാവില്ല. മറിച്ച് സ്നേഹത്തോടും കരുണയോടും കൂടി തിരുത്തുകയാണെങ്കില്‍ അതിന്‍റെ ഫലം മധുരതരമായിരിക്കും.

ഒരു കാര്യം തിരുത്തുന്നതിനു മുമ്പ് അതിനുള്ള യോഗ്യത എനിക്കുണ്ടോ എന്നു ചിന്തിക്കുക. സ്വയം തിരുത്തുക, ഒപ്പം തന്നെ അപരനെയും.

"ആദ്യം സ്വന്തം കണ്ണില്‍ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍റെ കണ്ണിലെ കരടെടുത്തു കളയാന്‍ നിനക്കു കാഴ്ച തെളിയും." (മത്താ. 7:5).

തിരുത്താന്‍ മറക്കരുത്; തിരുത്തലുകളെ മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org