ആയുസ്സിന്റെ പുസ്തകം

ആയുസ്സിന്റെ പുസ്തകം

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഓരോ കാല ഘട്ടത്തിലും തിരുസഭ നമ്മെ ഒരുക്കുന്നുണ്ട്. എത്ര കാലം ജീവിച്ചു എന്നതല്ല ജീവിച്ച കാലം എങ്ങനെയായിരുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിരീശ്വരനായ വോള്‍ട്ടയറെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. അദ്ദേഹം മരണാസന്നനായി മരണകിടക്കയില്‍ കിടക്കുകയാണ്. സഭയ്ക്കും ബൈബിളിനും എതിരായി ഒരുപാട് എഴുതുകയും സംവദിക്കുകയും ചെയ്ത അദ്ദേഹം, തന്റെ മരണ വിനാഴികയില്‍ വളരെ അസ്വസ്ഥനും ഭയചകിതനും ആയിരിക്കുന്നതായി കാണപ്പെട്ടു. താന്‍ ചെയ്തതെല്ലാം തെറ്റായിപ്പോയി എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി. തനിക്ക് ക്രിസ്തീയവിശ്വാസമുള്ള ഒരു ആത്മീയഗുരുവിനെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നിരീശ്വര വാദികളായ ശിഷ്യന്മാര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഒടുവില്‍ ചികിത്സിക്കുന്ന ഡോക്ടറോട് തന്റെ ആയുസ്സ് ആറുമാസം നീട്ടിത്തരാന്‍ അദ്ദേഹം കെഞ്ചി. ആറാഴ്ച പോലും മെഡിക്കല്‍ സയന്‍സ് പ്രകാരം താങ്കള്‍ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് ജീവിതം നീട്ടി കിട്ടാന്‍ താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'യേശുക്രിസ്തു ദൈവമാണെന്നും സകലരും അവിടത്തെ രക്ഷിതാവായി സ്വീകരിക്കണമെന്നും എനിക്ക് ലോകത്തെ അറിയിക്കണം. തെറ്റിപ്പോയ എന്റെ നിലപാടുകള്‍ തിരുത്തി എനിക്കൊരു പുതിയ ജീവിതം കുറച്ചു നാള്‍ എങ്കിലും നയിക്കണം...''

'സുഹൃത്തേ, താങ്കള്‍ വളരെ വൈകി പോയിരിക്കുന്നു' എന്നാണ് ഡോക്ടര്‍ മറുപടി പറഞ്ഞത്. ഇതുകേട്ട്, തന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ എന്നു നില വിളിച്ച് അദ്ദേഹം ലോകത്തോട് വിടവാങ്ങി എന്നാണ് ചരിത്രം പറഞ്ഞുവയ്ക്കുന്നത്.

ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഏതൊരു മനുഷ്യനെയും കൂടുതല്‍ അസ്വസ്ഥനും ഭയചകിതനും ആക്കുന്നത് മരണവിനാഴികയിലാണ് എന്നൊരു സത്യമുണ്ട്. എന്നാല്‍ മരണം മാത്രമാണോ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. അല്ല, ഒരിക്കലുമല്ല. സത്യത്തില്‍ അത് ജീവിതം തന്നെയാണ്. ഈ ലോകജീവിതം തന്നെയാണ് ഒരു വിധത്തില്‍ യാഥാര്‍ത്ഥ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെയല്ലേ ദൈവം പോലും മനുഷ്യനായത്? മനുഷ്യനിലൂടെ എന്തൊക്കെയോ ചെയ്യാനുണ്ട്. അല്ലെങ്കില്‍ ഒരുപാട് ചെയ്യാനുണ്ട് എന്നതാണ് ഈ ലോക ജീവിതത്തിന്റെ സത്യം. ബൈബിള്‍ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. എന്തെന്നാല്‍, 'എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു.' എവിടെ ഈ ലോകത്ത് തന്നെ. 'എനിക്ക് ദാഹിച്ചു കുടിക്കാന്‍ തന്നു, പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ സ്വീകരിച്ചു. നഗ്‌നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.' ഇതൊക്കെ എവിടെ നടക്കേണ്ട കാര്യങ്ങളാണ് എന്ന് സ്പഷ്ടം. ഈ പ്രവൃത്തി അനുസരിച്ചാണ് നിത്യജീവിതത്തില്‍ നമ്മെ വിധിക്കുന്നത് എന്ന് ക്രിസ്തു പറയുന്നു. ദൈവമായിരുന്നിട്ടും അതിന്റേതായ മഹത്വമൊന്നും വിലയുള്ളതായി പരിഗണിക്കാതെ മനുഷ്യനായി പിറന്നവന്‍, ദൈവം തന്നെ എന്ന് തിരിച്ചറിയുന്നിടത്താണ് നമ്മളൊക്കെ ആത്മീയ മനുഷ്യനായി മാറുന്നത്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിലേക്ക് നോക്കി, ജീവിതത്തിന്റെ നാള്‍വഴികളെ പ്രത്യാശഭരിതമാക്കാന്‍ ക്ഷണം ലഭിച്ചവരാണ് ഈ ലോകത്തിലെ ഓരോ മനുഷ്യനും. അവിടെ മതത്തിന്റെയോ, വര്‍ണ്ണ വര്‍ഗ്ഗത്തിന്റെയോ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്നുകൂടെ നാം തിരിച്ചറിയേണ്ടതുണ്ട്.

ഓരോ നിമിഷവും നമ്മുടെ ജീവിതം നിത്യതയിലേക്കുള്ള ചുവടുവയ്പ്പുകളാണ്. ഇവിടെ നാം എന്തു ചെയ്തു, ചെയ്യാമായിരുന്ന എന്തൊക്കെ നന്മകള്‍ സൗകര്യപൂര്‍വ്വം വേണ്ടെന്നുവച്ചു എന്നുള്ളത് അന്ത്യവിധിയില്‍ വെളിപ്പെടുത്തപ്പെടും. ജീവിത ചെയ്തികളാണ് നമ്മെ നാമാക്കി മാറ്റുന്നത്. നാം പാടാറില്ലേ

'മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ, കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും...' എന്ന്. അതുകൊണ്ട്, ജീവിക്കുന്ന നാളുകള്‍ സല്‍കൃത്യങ്ങള്‍ ചെയ്ത്, ഓരോ ദിവസവും വിലയുള്ളതാക്കാം. വിശുദ്ധ ചാവറ പിതാവ് പറയുന്നു. 'അന്യര്‍ക്ക് വല്ല ഉപകാരവും ചെയ്യാത്ത ദിവസം നിന്റെ ആയുസ്സിന്റെ കണക്കില്‍പ്പെടുകയില്ല' എന്ന്. അതുകൊണ്ട് ജീവിക്കുന്ന നാളുകള്‍ നന്മ ചെയ്ത് ഒരിക്കലും പിരിയാനാവാത്തവിധം ദൈവവുമായി ഒരൊത്തുതീര്‍പ്പിലാകാം നമുക്ക്. അതായിരിക്കട്ടെ നമ്മുടെ ജീവിത സ്വപ്നവും സാക്ഷാത്കാരവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org