മണ്ണ് എന്ന അമ്മ

കവിത : സുമ എ.എല്‍.
മണ്ണ് എന്ന അമ്മ

മണ്ണില്‍ വീഴുന്ന ഓരോ കണ്ണുനീര്‍

തുള്ളിക്കും നാം ഉത്തരം നല്‍കേണം

മാനത്ത് നിന്ന് വീഴുന്ന ഓരോ മഴതുള്ളിക്കും

മണ്ണിന്‍ സുഗന്ധമെന്ന് ഓര്‍ക്കേണം

കാറ്റിന്‍ശക്തിയാല്‍ വീഴുന്ന ഓരോ വൃക്ഷവും

മണ്ണായ് തീരുന്നുവെന്ന് നാം ഓര്‍ക്കേണം

മണ്ണിന്റെ മക്കളായ നാമെല്ലാം മണ്ണായ്

തീരേണ്ടവരാണെന്നോര്‍ക്കേണം

മണ്ണില്‍ പിച്ചവെച്ചതും മണ്ണപ്പം

ചുട്ടുകളിച്ചതും നാം മറക്കരുതേ

എത്ര കൊടുമുടികയറിയാലും

ഒരുനാള്‍ മണ്ണില്‍ ഇറങ്ങേണം.

വലിയവര്‍ ചെറിയവര്‍ വ്യത്യാസമില്ലാതെ

മണ്ണെന്നൊരമ്മ നമ്മെ സ്വീകരിക്കുന്നു.

മണ്ണെന്നൊരമ്മയുടെ നെഞ്ചില്‍ ചവിട്ടിയും

ശിരസ്സില്‍ സൗധങ്ങള്‍ കെട്ടിപ്പടുത്തും

ഞെളിഞ്ഞും ചമഞ്ഞും നടക്കുന്ന

മര്‍ത്യനോടായീയമ്മതന്‍ ചോദ്യം:

നിന്റെ കാല്‍ വേദനിച്ചുവോ മകനേ..

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org