
സജീവ് പാറേക്കാട്ടില്‍
"താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണെന്നും ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല എന്നും ഈശോ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും നമ്മള്‍ മരിച്ചു പോകുകയാണല്ലോ. അപ്പോള്‍ ഈശോ പറഞ്ഞത് കള്ളമല്ലേ?"
(കഴിഞ്ഞ ലക്കം തുടര്‍ച്ച)
"എലീഷാ പ്രവാചകന്‍ വീണ്ടും ഗില്‍ഗാലില്‍ എത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുമ്പിലിരിക്കെ അവന്‍ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിന് വലിയ പാത്രത്തില്‍ അവിയല്‍ തയ്യാറാക്കുക. അവരിലൊരാള്‍ വയലില്‍നിന്നു സസ്യങ്ങള്‍ ശേഖരിക്കു മ്പോള്‍ ഒരു കാട്ടുമുന്തിരി കാണുകയും അതില്‍നിന്നു മടിനിറയെ കായ്കള്‍ പറി ച്ചെടുക്കുകയും ചെയ്തു. അവ എന്താണെന്നു മനസ്സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു. അനന്തരം, അവിയല്‍ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോള്‍ അവര്‍ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തില്‍ മരണം പതിയിരിക്കുന്നു. അവര്‍ക്കു ഭക്ഷിക്കാന്‍ കഴിഞ്ഞില്ല. എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരിക. അവന്‍ മാവ് പാത്രത്തില്‍ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നു പറഞ്ഞു. അപകടം നീങ്ങിയിരുന്നു." (4:38-41)
"പ്രവാചകന്‍ കൊള്ളാമല്ലോ!"
"കാര്യം മനസ്സിലായോ?"
"പറഞ്ഞുതന്നാലല്ലേ മനസ്സിലാവൂ!"
"ഒരു ക്ലൂ തരാം. പാത്രത്തില്‍ മരണം പതിയിരിക്കുന്നു എന്ന നിലവിളിയാണ് ധ്യാനിക്കേണ്ടത്; പിന്നെ വിഷമയമായ അവിയല്‍ ശുദ്ധീകരിക്കാന്‍ പ്രവാചകന്‍ ഇട്ട മാവിനെയും."
"രക്ഷയില്ല!"
"നമ്മുടെ ഹൃദയം അഥവാ ഉള്ളം ആണ് പാത്രം. യേശു പറഞ്ഞതുപോലെ, പുറം മിനുക്കി വെടിപ്പാക്കുമ്പോഴും കുഴിമാടങ്ങള്‍ക്കു തുല്ല്യമായിരിക്കുന്ന ഹൃദയം മരണം പതിയിരിക്കുന്ന പാത്രമാണ്. ആസക്തികളിലും സുഖഭോഗങ്ങളിലും എരിഞ്ഞു തീരുന്ന മനസ്സ് മരണം പതിയിരിക്കുന്ന പാത്രമാണ്. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്ന ഇന്ദ്രിയങ്ങള്‍ മരണം പതിയിരിക്കുന്ന പാത്രമാണ്. കുഞ്ഞുണ്ണിമാഷ് കുറിച്ചതുപോലെ 'ഞാന്‍, എന്റെ, എനിക്ക്' എന്ന് മാത്രം മന്ത്രിച്ച് ജീവിക്കുന്ന മനുഷ്യന്‍ മരണം പതിയിരിക്കുന്ന പാത്രമാണ്. മാതാപിതാക്കള്‍ അറിയാതെ കുട്ടികള്‍ കളിക്കുന്ന അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ മരണം പതിയിരിക്കുന്ന പാത്രമാണ്.
ദൈവത്തെ മറന്ന് ജീവിക്കുന്ന, ദൈവത്തെ അറിയണമെന്ന് ആഗ്രഹിക്കുകപോലും ചെയ്യാത്ത ഒരു മനുഷ്യന്‍ ഫലത്തില്‍ മരണം പതിയിരിക്കുന്ന പാത്രങ്ങളുടെ മൊത്തവ്യാപാരിയാണ്. മരണം പതിയിരിക്കുന്ന പാത്രങ്ങള്‍ കണ്ട് നാം നിലവിളിക്കുന്നില്ല എന്നു മാത്രമല്ല; ആ വിഷപ്പാത്രങ്ങളെ തീവ്രമായ അഭിനിവേശത്തോടെ പുല്‍കുകയും ചെയ്യുന്നു എന്നതാണ് ദുഃഖകരം."
"കൊള്ളാമല്ലോ! ആട്ടെ, അവിയല്‍ പാത്രവും കുര്‍ബാനയുമായുള്ള ബന്ധം എന്താണ്?"
"അതോ! വിഷമയമായ ഭക്ഷണം ശുദ്ധീകരിക്കാന്‍ പ്രവാചകന്‍ അതില്‍ ചേര്‍ത്തത് എന്താണ്? അപ്പം ഉണ്ടാക്കുന്നതിനുള്ള മാവ് അല്ലേ? അതുപോലെ, നമ്മുടെ ജീവിതത്തിന്റെ വിരുന്നുമേശകളില്‍ കാലവും ലോകവും വിളമ്പിത്തരുന്ന വിഷം കലര്‍ന്ന ഭക്ഷണത്തില്‍ നിന്ന് നമ്മെ ശുദ്ധീകരിക്കുന്ന മാവ് ആണ് പരിശുദ്ധ കര്‍ബാന. മരണം പതിയിരിക്കുന്ന നമ്മുടെ ജീവിതത്തിന്റെ പാനപാത്രങ്ങളെ നിലയ്ക്കാത്ത ജീവന്റെ അക്ഷയപാത്രങ്ങളാക്കുന്ന മാവാണ് ദിവ്യകാരുണ്യം. എലീഷാ പ്രവാചകന്റെ സ്ഥാനത്ത് യേശുക്രിസ്തുവാണ് എന്ന് മാത്രം. നമുക്ക് 'ജീവന്‍ ഉണ്ടാകാനും ജീവന്റെ സമൃദ്ധി ഉണ്ടാകാനുമായി' (യോഹ. 10:10) അവന്‍ നമുക്കു നല്കുന്ന അവന്റെ ശരീരവും രക്തവുമാകുന്ന 'മാവ്' ആണ് കുര്‍ബാന. അവന്‍ അപ്പത്തിന്റെ നാഥനാണ്. 'അപ്പത്തിന്റെ ഭവനമായ' ബെത്‌ലഹെമില്‍ വന്നു പിറന്ന അപ്പത്തിന്റെ നാഥന്‍! പെസഹാ വിരുന്നില്‍, അപ്പമെടുത്ത് "ഇത് എന്റെ ശരീരമാണ്." (മത്താ. 26:26) എന്ന് യേശു പറഞ്ഞതുകൊണ്ടാണ് നാം കാണുന്ന കുഞ്ഞോസ്തി യേശുവിന്റെ ശരീരമാണെന്ന് നാം വിശ്വസിക്കുന്നത്. പാനപാത്രമെടുത്ത്, "ഇത് എന്റെ രക്തമാണ്" എന്ന് യേശു പറഞ്ഞതു കൊണ്ടാണ് മുന്തിരിച്ചാറ് യേശുവിന്റെ രക്തമാണെന്ന് നാം വിശ്വസിക്കുന്നത്. കുര്‍ബാനയില്‍ കള്ളമില്ല. ദിവ്യകാരുണ്യമാണ് പരമമായ സത്യവും പരമമായ ജീവനും. ദിവ്യകാരുണ്യമാണ് ആരാധനകളുടെ ആരാധനയും പ്രാര്‍ത്ഥനകളുടെ പ്രാര്‍ത്ഥനയും. അതിനപ്പുറം ഒരു ആരാധനയും പ്രാര്‍ത്ഥനയുമില്ല. അതുകൊണ്ടാണ്, "ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിനെ ആരാധിക്കാത്തവര്‍ പാപം ചെയ്യുന്നു" എന്ന് സെന്റ് അഗസ്റ്റിന്‍ പഠിപ്പിച്ചത്. നോക്കൂ, യേശുവിന് ഏതാണ്ട് 700-600 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടതാണ് രാജാക്കന്മാരുടെ പുസ്തകം! എന്നിട്ടും അതില്‍പ്പോലും കുര്‍ബാനയുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന മനോഹരമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടോ! സമയവും ദേശവും കാലവുമൊക്കെ മനുഷ്യനേയുള്ളൂ. ദൈവത്തിന് അതൊന്നുമില്ല. യുഗാന്തം വരെ എന്നും നമ്മോടുകൂടെ ഉണ്ടായിരിക്കാനാണ് (മത്താ. 28:20) 'എമ്മാനുവേല്‍' എന്ന് വിളിക്കപ്പെടുന്ന യേശു കുര്‍ബാനയായത്. നാം ദിവ്യകാരുണ്യത്തിന്റെ തോണിയിലേറി നിത്യതയുടെ തീരമണയണമെന്നാണ് യേശുവിന്റെ ആഗ്രഹം."
"കൊള്ളാം! മനോഹരമായിരിക്കുന്നു. ഇനി രണ്ടാമത്തെ സംഭവകഥ പറയൂ."
"അത് പിന്നീടാകാം. യേശു പറഞ്ഞത് കള്ളമല്ലെന്ന് മനസ്സിലായില്ലേ?"
"മനസ്സിലായേ!"
"എങ്കില്‍ ദിവ്യകാരുണ്യനാഥനെ സ്തുതിക്കൂ."
"പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ."
"ആമ്മേന്‍!"