യേശു പറഞ്ഞ ‘കള്ളം’

യേശു പറഞ്ഞ ‘കള്ളം’

സജീവ് പാറേക്കാട്ടില്‍

"താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണെന്നും ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല എന്നും ഈശോ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും നമ്മള്‍ മരിച്ചു പോകുകയാണല്ലോ. അപ്പോള്‍ ഈശോ പറഞ്ഞത് കള്ളമല്ലേ?"

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

"ഗംഭീരമായ യുക്തി ആണല്ലോ! 'ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല' (യോഹ. 6:50) എന്നും 'ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും' (വാക്യം 51) എന്നും യേശു പറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. മരണം, ജീവന്‍ എന്നിവ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് യേശു കള്ളം പറഞ്ഞതായി തെറ്റിദ്ധരിച്ചത്. യേശു പറഞ്ഞത് കള്ളമല്ല. പരിപൂര്‍ണ്ണസത്യമായ യേശുവില്‍ കള്ളമില്ല. "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹ. 8:32) എന്ന് യേശു പറഞ്ഞിട്ടുണ്ട്. നമുക്ക് അറിയാനും നമ്മെ സ്വതന്ത്രരാക്കാനുമുള്ള സത്യം ആരാണ്? അത് യേശു തന്നെയാണ്. ആട്ടെ, മരിക്കേണ്ടി വരു ന്നതില്‍ ദുഃഖവും ദേഷ്യവുമുണ്ടോ? എന്തിനാണ് മരിക്കാതിരിക്കാനും ദീര്‍ഘമായി ജീവിക്കാനും മനുഷ്യന്‍ ആഗ്രഹിക്കു ന്നത്?"

"ദീര്‍ഘായുസ്സ് ഒരു തെറ്റാണോ?"

"ഒരിക്കലുമില്ല. എന്നാല്‍ അത് ആഗ്രഹിക്കുന്നത് എന്തിനാണ് എന്നതാണ് ചോദ്യം."

"അതോ! ഭൂമിയിലെ ജീവിതമല്ലേ നമുക്ക് പരിചയമുള്ളത്. നന്മ ചെ യ്തും ദൈവത്തെ മഹത്വപ്പെടുത്തിയും ഇവിടെ ഏറെനാള്‍ ജീവിക്കുന്ന തും നന്മയല്ലേ?"

"നന്മയാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആരു ണ്ട്? എന്ന് ഒരു പാസ്റ്റര്‍ ചോദിച്ചു. കൂടിയിരുന്ന എല്ലാവരും കൈപൊക്കി. ആദ്യം പോകാന്‍ ആരുണ്ട്? എന്ന അടുത്ത ചോദ്യത്തിന് ആരും കൈപൊക്കിയില്ല. സ്വര്‍ഗ്ഗത്തിലേക്കാണെങ്കിലും ഭൂമിയില്‍ നിന്ന് മടങ്ങുന്നത് സാവകാശം മതി എന്നതാണ് നമ്മുടെയൊക്കെ ആഗ്രഹം. ആദത്തിന്റെ ജീവിതകാലം തൊള്ളായിരത്തിമുപ്പതുവര്‍ഷമെന്നും സേത്തിന്റെ ജീവിതകാലം തൊള്ളായിരത്തിപ്പന്ത്രണ്ടു വര്‍ഷമെന്നും നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതു വര്‍ഷമെന്നുമൊക്കെ ഉല്പത്തിയുടെ പുസ്തകത്തില്‍ നാം കാണുന്നുണ്ടല്ലോ. എന്തു ചെയ്യാം! നമുക്കാര്‍ക്കും അതുപോലെ ജീവിക്കാന്‍ കഴിയില്ല. 'ഏറിയാല്‍ എണ്‍പത്' എന്നാണ് പ്രമാണം. മനുഷ്യനായ് ഭൂമിയില്‍ ജനിച്ചതിനാല്‍ നാം മരിച്ചേ മതിയാകൂ. മരിക്കാതിരിക്കണമെങ്കില്‍ ജനിക്കാതിരിക്കണമായിരുന്നു! ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുമൊക്കെ അവബോധം ഉണ്ടാകുക എന്നതാണ് സുപ്രധാനം. എന്തിനുവേണ്ടി ജീവിക്കുന്നു എന്നറിയുന്നത് പരമപ്രധാനമാണ്. "അങ്ങയെ സ്തുതിക്കാന്‍ വേണ്ടി ഞാന്‍ ജീവിക്ക ട്ടെ!" എന്ന് സങ്കീര്‍ത്തകന്‍ പറയുന്നുണ്ട് (119:175). അദ്ദേഹത്തിന് തന്റെ ജീവിതത്തിന്റെ 'പര്‍പ്പസ്' എന്നത് ദൈവ ത്തെ സ്തുതിക്കലാണ്. നാം എന്തിനാണ് ഇവിടെ ജീവിക്കുന്നത്? നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്?"

"എങ്കിലും ഭൂമിയിലെ മനുഷ്യന്റെ ജീവിതം എത്ര പെട്ടെന്ന് കഴിഞ്ഞുേപാകുന്നു?!"

"ശരിയാണ്. ഭൂമിയിലെ നമ്മുടെ ജീവിതം ക്ഷണികമാണ്. അതുകൊണ്ടാണ് ആചാര്യന്മാര്‍ ജീവിതത്തെ വെള്ളത്തിലെ കുമിളയോട് ഉപമിച്ചത്."

"മോഹങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്‌നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം"
എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ ആദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ചോദിക്കുന്നില്ലേ? പ്രപഞ്ചത്തില്‍ ഭോഗങ്ങളെല്ലാം മിന്നല്‍പോലെ അസ്ഥിരമാണ്. ഓരോ നിമിഷവും ആയുസ്സ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മനുഷ്യജന്മം, തീയില്‍ ചുട്ടുപഴു ത്ത ഇരുമ്പിന്മേല്‍ വീണ വെള്ളത്തുള്ളിപോലെ എളുപ്പം നശിക്കുന്നതാണ് എന്നാണ് ആ വരികളുടെ അര്‍ത്ഥം. പ്രഭാഷകന്റെ പുസ്തകത്തില്‍ മനോഹരമായ ഒരു വചനമുണ്ട്. "നിത്യതയോടു തുലനം ചെയ്യുമ്പോള്‍ ഈ ഏതാനും വത്സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ ത്തരിപോലെയും മാത്രം" (18:10). മനുഷ്യന്‍ ഇന്ന് എന്താണ് ചെയ്യുന്നത്? ഭൂമിയിലെ ഒരു തുള്ളി സുഖത്തിനുവേണ്ടി നിത്യാനന്ദത്തിന്റെ കടല്‍ നഷ്ടമാക്കുന്നു. ഒരു പഴത്തിനുവേണ്ടി പറുദീസ നഷ്ടപ്പെടുത്തിയ മൗഢ്യത്തിന്റെയും ഒരു കോപ്പ ചെമന്ന പയറുപായസത്തിനുവേണ്ടി കടിഞ്ഞൂല്‍ അവകാശത്തിന്റെ കൃപകള്‍ നഷ്ടപ്പെടുത്തിയ ആത്മവഞ്ചനയുടെയും ആവര്‍ത്തനങ്ങള്‍. യേശു പറഞ്ഞ കള്ളത്തിലേക്ക് തിരികെ വരാം. മരിക്കുകയില്ല എന്ന് പറഞ്ഞിട്ടും നാം മരിക്കുന്നതാണല്ലോ പ്രശ്‌നം. സത്യത്തില്‍ നാം മരിക്കാതിരിക്കുന്നതിനുള്ള ഉപായവും ഉപാധിയുമാണ് പരിശുദ്ധ കുര്‍ബാന അഥവാ ദിവ്യകാരുണ്യം. നാം മരണമില്ലാത്തവരായി എന്നേക്കും ജീവിക്കുന്നവരാകാന്‍ വേണ്ടിയാണ് യേശു തന്റെ ശരീരവും രക്തവും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ നമുക്ക് നല്കുന്നത്. നശ്വരമായ അപ്പംകൊണ്ട് മാത്രം നമ്മുടെ വിശപ്പും ദാഹവും മാറില്ലെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് "മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍" എന്ന് (യോഹ. 6:27) യേശു പറഞ്ഞത്. അനശ്വരതയുടെ അപ്പമാണ് പരിശുദ്ധ കുര്‍ബാന. അമര്‍ത്യതയുടെ ഔഷധമാണ് പരിശുദ്ധ കുര്‍ബാന. സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന് ലോകത്തിനു ജീവന്‍ നല്കുന്ന ദൈവത്തിന്റെ അപ്പമായ യേശുവിനെ (വാക്യം 33) സ്വീകരിക്കുന്നവന് പിന്നീ ട് ഒരിക്കലും വിശക്കുക യും ദാഹിക്കുകയുമില്ല. 'അവന്‍ എന്നേക്കും ജീവി ക്കും' (വാക്യം 58). കഥ കേള്‍ക്കുന്നത് ഇഷ്ടമാണോ?"

"പിന്നല്ലാതെ!"

"എങ്കില്‍ പഴയ നിയമഗ്രന്ഥത്തില്‍ നിന്ന് രണ്ടു കഥകള്‍ പറയാം."

"പഴയനിയമത്തില്‍ കഥകളുണ്ടോ?"

"പഴയനിയമത്തിലാണ് കഥകള്‍ ഉള്ളത്! വെറും കഥകളല്ല; കഥകളെ വെല്ലുന്ന, ത്രസിപ്പിക്കുന്ന സംഭവങ്ങള്‍! സംഭവകഥകള്‍!"

"ശരി, വേഗമാകട്ടെ!"

"രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ നാലും അഞ്ചും അദ്ധ്യായങ്ങളില്‍ കാണുന്ന രണ്ടു സംഭവങ്ങളാണ് പറയാന്‍ പോകുന്നത്. രണ്ടിലെയും താരം എലീഷാ പ്രവാചകനാണ്."

"കഥ പറയൂ!"

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org