സുവര്‍ണ്ണ താരകം സിസ്റ്റര്‍ താര

സുവര്‍ണ്ണ താരകം സിസ്റ്റര്‍ താര

'സമ്പൂര്‍ണ്ണ മനുഷ്യനാണ് ദൈവത്തിന്റെ മഹത്വം' (വിശുദ്ധ ഇരനെവൂസ്). മനുഷ്യനെക്കുറിച്ച് ദൈവത്തിന്റെ സ്വപ്‌നമാണ് അവന്റെ പൂര്‍ണ്ണത. സ്‌നേഹത്തിന്റെ പൂര്‍ണ്ണതയാണ് വിശുദ്ധിയിലേക്കുള്ള വിളി. ദൈവത്തോടൊത്ത് തോളോടു തോള്‍ ചേര്‍ന്നുനടന്ന മനുഷ്യന് ദൈവത്തിന്റെ ഛായയും സാദൃശ്യവും വന്നതില്‍ അതിശയോക്തിയില്ല. കാരണം, എന്റെ ചെറുജീവിതത്തില്‍ ദൈവത്തെ എന്ന പോലെ, ഞാന്‍ സ്‌നേഹത്തോടെ കണ്ടുമുട്ടിയ മനുഷ്യര്‍ തന്നെ. ചിന്ത ഉദിക്കുന്നതിനു മുന്‍പേ എനിക്കത് തിരിച്ചറിയാനായത് എന്റെ ഇടവകയിലെ പ്രിയപ്പെട്ട എസ് ഡി സഭാംഗമായ സിസ്റ്റര്‍ താരയിലൂടെ ആയിരുന്നു. വെള്ളയുടുപ്പിട്ട, സുന്ദരിയായ ഞങ്ങളുടെ മ്യൂസിക് ടീച്ചര്‍ ആയിരുന്നു താരാമ്മ. അതിലുപരി നാട്ടുകാരുടെ എല്ലാവരുടെയും മനസ്സുകളില്‍ ഒരുപോലെ സ്ഥാനം പിടിച്ച സ്‌നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ഒരു സ്ത്രീ മനസ്സ്, അമ്മ മനസ്സ്. താരാമ്മയുടെ മാത്രം പ്രത്യേകതയായിരുന്നു!

പാട്ട് ഗ്രൂപ്പിലുള്ള ഞങ്ങള്‍ നിര്‍ബന്ധമായും എന്നും രാവിലെ പള്ളിയില്‍ എത്തണം. രണ്ടു ദിവസത്തില്‍ കൂടുതല്‍ മുടങ്ങിയാല്‍ കൊച്ചുകൊച്ചു പണിഷ്‌മെന്റുകള്‍ ഉറപ്പ്. അതില്‍ മാതാപിതാക്കള്‍ക്കോ കുട്ടികളായ ഞങ്ങള്‍ക്കോ പരാതിയൊന്നുമില്ല. പാട്ടു പഠിക്കാന്‍ മിക്കവാറും കുട്ടികളായ ഞങ്ങള്‍ സ്‌കൂള്‍ വിട്ട് മഠത്തിലെത്തും. ഞങ്ങളുടെ അമ്മവീട് പോലെയായിരുന്നു ഞങ്ങള്‍ക്ക് മഠം. മാങ്ങ, സപ്പോട്ട, ചാമ്പക്ക, പേരയ്ക്ക ഞങ്ങള്‍ എന്തുമാത്രം ആസ്വദിച്ച ബാല്യമായിരുന്നു അത്. മുതിര്‍ന്നപ്പോള്‍ പലപ്പോഴും താരാമ്മയുടെ മിഴികള്‍ നിറഞ്ഞു കവിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്തിനെന്ന് പിന്നീട് ചോദിച്ചിട്ടുണ്ട്. സന്യാസ ജീവിതം റോസാപ്പൂ വിരിച്ച പട്ടുമെത്ത മാത്രമല്ല എന്ന് എനിക്ക് മനസ്സിലാകാന്‍ പ്രായമായപ്പോള്‍ എന്നോട് പറയുമായിരുന്നു. എങ്കിലും ഒരു ദിവസം മേഴ്‌സി എന്ന പെണ്‍കുട്ടി, സന്യാസത്തിന്റെ വാതില്‍ തുറന്ന് പവിത്ര സ്‌നേഹത്തിന്റെ, ക്രിസ്തു എന്ന ഉടയവന്റേതായിത്തീര്‍ന്ന ജീവിതാനുഭവം പങ്കുവച്ചത് എത്ര ആകാംക്ഷയോടെയാണ് മനവും മിഴിയും തുറന്നു ഞാന്‍ കേട്ടത്! സഹനത്തിന്റെ കൊച്ചു നൊമ്പരങ്ങളില്‍, സുന്ദരമായ പാട്ടുകള്‍ തരാമ്മ സ്വയം കുറിക്കുമായിരുന്നു. താളം പിടിച്ചും, തലയാട്ടിയും കുട്ടികളായ ഞങ്ങള്‍ക്ക് പാട്ടിന്റെ രാഗവും, ശ്രുതിയും താളവുമൊക്കെ ആധികാരികമായി സിസ്റ്റര്‍ പഠിപ്പിച്ചു തരുമായിരുന്നു. തുറവൂര്‍ ഇടവകയുടെ നക്ഷത്രത്തിളക്കമായിരുന്നു താരാമ്മ.

ഞങ്ങളുടെ ഇടവകയിലെ എല്ലാവരുടെയും ഫോക്കസ് താരാമ്മ ആയിരുന്നു. പൊട്ടിത്തെറിക്കാത്ത, നിര്‍ബന്ധം പിടിക്കാത്ത, എല്ലാറ്റിനെയും ഒരു പുഞ്ചിരിയോടെ സമീപിക്കുന്ന, സമരസപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ട താരാമ്മ, ഒരുപാട് തലമുറയുടെ തരംഗമായിരുന്നു. അന്നത്തെ ഒത്തിരി പേര്‍ സന്യാസത്തിലേക്കും, പൗരോഹിത്യത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നോടൊപ്പം അനുജത്തിയും സന്യാസത്തിലേക്ക് പോന്നു. ഞങ്ങള്‍ രണ്ടുപേരും ഇടവകയിലെ നല്ല പാട്ടുകാരായിത്തന്നെ വളര്‍ന്നുവന്നതും, ഇന്നും ആ തലത്തില്‍ നിലനില്‍ക്കുന്നതും സിസ്റ്റര്‍ താരയിലൂടെ ദൈവം നല്‍കിയ കൃപയൊന്നുകൊണ്ട് മാത്രമാണ്. ഏതാണ്ട് 27 വര്‍ഷങ്ങള്‍ തുറവൂര്‍ നാടിന്റെ സംഗീതമായി, ജീവിതം ഒരു ഗാനം പോലെ. സ്‌നേഹത്തോടെ പാടിത്തീര്‍ത്ത സിസ്റ്റര്‍ സന്യാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി നിറവിലാണ് ഈ വര്‍ഷം. ഇന്നോളമുള്ള ജീവിതത്തെ തിരിഞ്ഞു നോക്കുമ്പോള്‍, താരാമ്മയെപ്പോലെ ഒരു വ്യക്തിക്കും എന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രമാത്രം സാധാരണത്തിന്റെ അസാധാരണ ഭാവം. സ്‌നേഹത്തിന്റെ അസാധ്യ സാന്നിധ്യം. നന്മയുടെ പൂര്‍ണ്ണതയുള്ള പെരുമാറ്റം. മറ്റാരിലും പകരം വയ്ക്കാന്‍ മാത്രം മറ്റൊരു വ്യക്തിത്വത്തെ കണ്ടെത്താനായിട്ടില്ല. എങ്കിലും ആ ഗുരുവിനോളം വളരാന്‍ ഇതുവരെയും കഴിയുന്നില്ലല്ലോ എന്ന കൊച്ചു സങ്കടവും ബാക്കി നില്‍ക്കെ, സന്യാസജീവിതത്തില്‍ ഇന്ന് ഞാന്‍ അനുഭവിക്കുന്ന സ്‌നേഹവും, സംതൃപ്തിയും, നിര്‍ഭയത്വവും. താരാമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണെന്ന സാക്ഷ്യവും, നന്ദിയും മാത്രം. 'ഗുരു ദക്ഷിണയായി' ആ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org