
ഈശോയുടെ വളര്‍ത്തുപിതാവായ വി. യൗസേപ്പ്, പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ച കഥാപാത്രമാണ്. യൗസേപ്പിനെക്കുറിച്ച് വേണ്ടത്ര പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഇല്ലാത്തതാണ് അതിനു കാരണം. ഈശോയുടെ ബാല്യകാല ചരിതത്തില്‍ മാത്രമാണ് യൗസേപ്പിനെ പേരെടുത്ത് ഒരു കഥാപാത്രമായി പരാമര്‍ശിക്കുന്നത്. യോഹന്നാന്‍ യൗസേപ്പിനെ പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ജീവിച്ചിരിക്കുന്നതിന് തെളിവൊന്നുമില്ല. തന്നെയുമല്ല, ബൈബിളിതര ഗ്രന്ഥങ്ങളില്‍ കാണുന്ന യൗസേപ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പലതും നമുക്ക് സ്വീകാര്യവുമല്ല. ആയതിനാല്‍ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെങ്കില്‍ക്കൂടി വി. യൗസേപ്പിന്റെ വ്യക്തിത്വത്തെക്കുറിച്ച് നമുക്ക് ആഴമായ അറിവൊന്നുമില്ല.
ലഭ്യമായ കുറച്ച് പരാമര്‍ശങ്ങളില്‍നിന്നും വി. യൗസേപ്പിനെക്കുറിച്ച് മനസിലാക്കുകയേ വഴിയുള്ളൂ. നീതിമാന്‍ എന്നതാണ് യൗസേപ്പിനെക്കുറിച്ചുള്ള ആദ്യ വിശേഷണം. നിയമത്തെ, നീതിയെ, ധര്‍മ്മത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ യൗസേപ്പ് ശ്രമിച്ചു. അതിന്റെയെല്ലാം ഉടയവനായ ദൈവപുത്രന് കാവാലാകേണ്ടയാള്‍ അതൊക്കെ അനുസരിക്കുന്നവനാകണം എന്നതായിരുന്നു ദൈവതിരുമനസ്സ്.
ധ്യാനാത്മകതയുടെ മാതൃകയെന്ന് യൗസേപ്പ് വിശേഷിപ്പിക്കപ്പെടുന്നു. നിശബ്ദനായ ഒരു കഥാപാത്രമായതിനാലും, ദൈവികവെളിപാടുകള്‍ സ്വപ്‌നത്തില്‍ ലഭിക്കുന്നതിനാലുമാണ് അദ്ദേഹം ആ വിശേഷണത്തിന് അര്‍ഹനായത്. പരി. മറിയത്തോടും, സഖറിയായോടും ദൂതന്‍ നേരിട്ട് സംസാരിക്കുമ്പോള്‍, വി. യൗസേപ്പിനോടാകട്ടെ സ്വപ്‌നത്തില്‍ മാത്രമാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എന്നിട്ടും അതൊക്കെ അണുവിടതെറ്റാതെ അദ്ദേഹം അനുസരിച്ചത് പ്രാര്‍ത്ഥനയില്‍ ഉരുത്തിരിഞ്ഞ ദൈവത്തോടുള്ള വിധേയത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ്.
ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷകനെന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിശേഷണം. മറിയം ഗര്‍ഭംധരിച്ച ശിശുവിന്റെ സംരക്ഷണത്തിനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കാന്‍ തയ്യാറാവുകയും ശത്രുക്കളില്‍നിന്നും ആ ശിശുവിനെ സംരക്ഷിക്കാന്‍ നിരവധി ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു.
തൊഴിലിന്റെ മഹത്വം ദൈവപുത്രന് കാണിച്ചുകൊടുത്തതിലൂടെയും, ഈശോയെ തൊഴില്‍ പഠിപ്പിച്ച ആശാന്‍ ആയതിനാലും തൊഴിലാളി മധ്യസ്ഥനെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
കന്യാത്വത്തിന്റെ സംരക്ഷകനെന്നാണ് മറ്റൊരു വിശേഷണം. പരമപരിശുദ്ധനായ ദൈവം ഭൂമിയില്‍ മനുഷ്യനായി അവതരിക്കാന്‍ ഉപകരണമാക്കിയ പരി. മറിയത്തെ ആ കന്യാത്വത്തിന്റെ പരിശുദ്ധിയില്‍ സംരക്ഷിച്ചവനാകയാല്‍ ബ്രഹ്മചാരികളുടെ മധ്യസ്ഥനായി വി. യൗസേപ്പ് നിലകൊള്ളുന്നു.
യൗസേപ്പ് മറിയത്തെ വിവാഹം ചെയ്തപ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വിഭിന്നങ്ങളായ പാരമ്പര്യങ്ങളാണുള്ളത്. അതിനാല്‍ എത്രനാളുവരെ ഈശോയോടുകൂടെ അദ്ദേഹം ജീവിച്ചു എന്നതിനും കൃത്യതയില്ല. കാരണം യൗസേപ്പിന്റെ മരണത്തെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശങ്ങളില്ല. എങ്കിലും ദൈവപുത്രനായ ഈശോയുടെ മടിയില്‍ തലചായ്ച്ചുകിടന്ന് മരിക്കാന്‍ ഭാഗ്യംലഭിച്ചയാളാണ് യൗസേപ്പ് എന്നതിനാല്‍ പാരമ്പര്യമായി നല്‍മരണത്തിന്റെ മധ്യസ്ഥനായി വി. യൗസേപ്പ് കരുതപ്പെടുന്നു. കെദ്രോന്‍ അരുവിക്ക് കിഴക്ക് ഒലിവുമലയിലെ ഗത്സമെനിത്തോട്ടത്തിന്റെ താഴെയുള്ള കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടു എന്നതാണ് പാരമ്പര്യം. അവിടെ പരി. മറിയത്തിന്റെയും അവളുടെ മാതാപിതാക്കളുടെയും കല്ലറകള്‍കൂടി കാണാനാകും.
വി. യൗസേപ്പിന്റെ പ്രാധാന്യം ഏറ്റവും വ്യക്തമായി മനസ്സിലാകുന്നത് മത്തായിയുടെ സുവിശേഷവിവരണത്തിലാണ്. വിശ്വാസ ചരിത്രത്തില്‍ മറിയം ഏതൊരു വിശേഷണങ്ങള്‍ക്കും അപ്പുറം പ്രാധാന്യമുള്ളവള്‍ ആണെങ്കിലും, രക്ഷാകര ചരിത്രത്തില്‍ യൗസേപ്പിന്റെ പ്രാധാന്യം അതുല്യമാണ്. വാഗ്ദാനപ്രകാരം രക്ഷകന്‍ ക്രിസ്തുവാണ്. യഹൂദ പാരമ്പര്യപ്രകാരം രക്ഷകനായ ക്രിസ്തു ജനിക്കേണ്ടത് ദാവീദിന്റെ കുടുംബത്തിലാണ്. മറിയത്തില്‍നിന്നും ജനിക്കുന്ന ഈശോ ദൈവപുത്രനാണെങ്കിലും അവന് രക്ഷകനാകാന്‍ ക്രിസ്തുവെന്ന പദവി വേണം. മറിയം ലേവീ ഗോത്രജയാകയാല്‍ മറിയത്തില്‍നിന്നും ജനിക്കുന്ന ഈശോയ്ക്ക് ക്രിസ്തുപദവി ലഭിക്കില്ല. അത് ലഭിക്കണമെങ്കില്‍ ദാവീദിന്റെ ഗോത്രത്തിലുള്ള ഒരാളുടെ സഹായം വേണം. ഇവിടെ യഹൂദ നിയമപ്രകാരം യൗസേപ്പ് ഈശോയെ ദത്തെടുക്കുന്നതിലൂടെ ഈശോ ക്രിസ്തുവായിത്തീരുന്നു. ദൈവത്തിന് മനുഷ്യനാകാന്‍ മറിയമെന്ന അമ്മയെ വേണ്ടിവന്നതുപോലെ ദൈവത്തിന് രക്ഷകനായ ക്രിസ്തുവാകാന്‍ യൗസേപ്പെന്ന അപ്പനെ വേണ്ടിവന്നു. അതാണ് രക്ഷാകര ചരിത്രത്തിലെ യൗസേപ്പിന്റെ പ്രാധാന്യം.