
വളരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നമ്മുടെ അവകാശങ്ങള്‍ മാത്രം ഉപകാരപ്പെടുത്തുക. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതെങ്കിലും വിട്ടുകൊടുക്കുക. അവരും നമുക്കൊപ്പം വളരട്ടെ.
മറിയാമ്മച്ചേടത്തി പതിവു പോലെ കര്‍ക്കടമാസത്തില്‍ പൊരുന്നകോഴിയെ അടയിരുത്തി. ഈ പ്രാവശ്യം പന്ത്രണ്ടു മുട്ടയാണ് വച്ചത്. ആറ്, ഒമ്പത് പന്ത്രണ്ട് അങ്ങനെ മൂന്നിന്റെ ഗുണിതങ്ങള്‍ വയ്ക്കണം എന്നാണ് നിയമം. ആരോ പണ്ടത്തെ കാര്‍ന്നോത്തികള്‍ ഉണ്ടാക്കിയ നിയമം. അതിപ്പോഴും മറിയാമ്മച്ചേടത്തി തെറ്റിക്കാറില്ല. മുട്ട കൂടിപ്പോയാലും കുഴപ്പമാണ് ഒരിക്കല്‍ പതിനഞ്ചു മുട്ട വച്ചു. ആ പ്രാവശ്യം കൂടുതല്‍ മുട്ട ചീഞ്ഞു പോയി. എല്ലാ മുട്ടയ്ക്കും ക്രമമായി വേണ്ട ചൂടു കൊടുക്കാന്‍ കോഴിക്ക് സാധിച്ചില്ല എന്നതാണ് ഉണ്ടായ കാര്യം. അതില്‍പിന്നെ ഒമ്പതാണ് പതിവ്.
കുഞ്ഞുങ്ങളെ നന്നായി നോക്കുന്ന പുള്ളിക്കോഴിയെ പൊരുന്നകോഴിയായ് കിട്ടിയതിനാല്‍ പന്ത്രണ്ട് അങ്ങ് ആക്കിയതാണ്.
പഴയ വലിയ മണ്‍ചട്ടിയില്‍ മുറ്റത്തെ മണല്‍ നിറച്ചു മുകളില്‍ നെല്ലിന്റെ ഉമി വിരിച്ച് അതിന്റെ മുകളിലാണ് മുട്ട വയ്ക്കുന്നത്. ഓരോ മുട്ടയുടെയും പുറത്ത് അടുപ്പിലെ കരികൊണ്ടു കുരിശടയാളം വരച്ചാണ് ഉമിയുടെ മുകളില്‍ മുട്ട കമഴ്ത്തിവയ്ക്കുന്നത്. മൂന്നുദിവസം പൊരുന്നയായ കോഴിയെ ചേടത്തി പ്രതീക്ഷയോടെ മുട്ടയുടെ മുകളില്‍ പിടിച്ചിരുത്തി.
ആദ്യം കോഴി ഒന്ന് മടിച്ചാലും, ഒന്ന് ഇരുപ്പ് ഒത്തുകഴിഞ്ഞാല്‍ പിന്നെ ആ കോഴി രണ്ടു മൂന്ന് ദിവസം കൂടുമ്പോള്‍ കാഷ്ഠിക്കാനല്ലാതെ പുറത്തു വരാറില്ല. അങ്ങനെ ഇരുപത്തെട്ടു ദിവസ്സം തുടര്‍ച്ചയായി ഇരുന്നു കഴിയുമ്പോള്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നതു വരെ മറിയാമ്മച്ചേടത്തിക്കു ടെന്‍ഷന്‍ ആണ്. വലിയ ഇടിയും മഴയും വരുമ്പോള്‍ മറിയാമ്മച്ചേടത്തി പുണ്യാളനോട് പ്രാര്‍ത്ഥിക്കും, മുട്ടകള്‍ക്കൊന്നും പറ്റരുതേ എന്ന്.
ഏതായാലും ഇത്തവണ പുണ്യാളന്റെ കൃപയാല്‍ പന്ത്രണ്ടില്‍ പത്തും വിരിഞ്ഞു. മറിയാമ്മച്ചേടത്തിക്കു സന്തോഷമായി. രാത്രിയില്‍തന്നെ വിളക്കും കത്തിച്ചു കുഞ്ഞുങ്ങളെ കാണാന്‍ മക്കളേം വിളിച്ചോണ്ട് നിലവറ കുഴിയില്‍ പോയി. പല നിറത്തിലുള്ള കുഞ്ഞുങ്ങള്‍ ഉണ്ട്. എന്തു രസമാണ് കാണാന്‍ എന്ന് പറഞ്ഞു കുട്ടികള്‍ അവയെ തൊടാന്‍ നോക്കിയപ്പോള്‍ വിലക്കി.
രാവിലെ പണിക്കു പോകുന്നതിനു മുന്നേ മെടഞ്ഞ ഓലക്കീറു കൊണ്ടുള്ള ഒരു കൂടുണ്ടാക്കാന്‍ ഭര്‍ത്താവ് ചാക്കോചേട്ടനോട് ഉറങ്ങുന്നതിനു മുമ്പേ ചട്ടം കെട്ടി. അതാകുമ്പോള്‍ തള്ളയ്ക്കു പുറത്തു പോകാനും വരാനും പറ്റും, എന്നാല്‍ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുകയും ചെയ്യില്ല. പൂവനാണോ പെടയാണോ എന്നൊന്നും ഇപ്പോള്‍ തിരിച്ചറിയാന്‍ മേല. കുഞ്ഞായിരിക്കുമ്പോള്‍ വാലില്ലാത്തവ വളരുമ്പോള്‍ പൂവനായിരിക്കും എന്നുള്ള കണക്കില്‍ ച്ചേടത്തി എണ്ണംപിടിച്ചു.
മറിയാമ്മച്ചേടത്തി എന്നും കുഞ്ഞുങ്ങള്‍ക്ക് പൊടിയരി ഇട്ടു കൊടുത്തിട്ടു നോക്കിനില്‍ക്കും. എന്നിട്ടു കാക്കേം പുള്ളും കൊണ്ടോകാതെ എല്ലാം വളര്‍ന്നുകിട്ടാന്‍ ഇടവക പള്ളിയിലെ പുണ്യാളന് ഒന്നിനെ കൊടുത്തോളാമെന്ന് ഇത്തവണയും നേര്‍ച്ച നേരാന്‍ മറന്നില്ല.
ഈ തള്ളക്കോഴിയില്‍ മറിയാമ്മച്ചേടത്തിക്കു നല്ല വിശ്വാസമാണ്. പുള്ളിന്റെ കാലില്‍നിന്ന് വരെ കുഞ്ഞുങ്ങളെ രക്ഷിച്ചിട്ടുള്ള തള്ളയാണ് എന്ന് മറിയാമ്മ ചേടത്തി പറയുന്നത് കേള്‍ക്കാം. എന്നാലും ചേടത്തീടെ കണ്ണും ചെവിയും അവരുടെ മേല്‍ എപ്പോഴും ഉണ്ടാവും. തള്ളക്കോഴി ഒന്ന് കൊക്കിയാല്‍ ചേടത്തി മുറ്റത്തു പറന്നെത്തും. ഏതായാലും പതിവ് പോലെ കൂട്ടില്‍നിന്നും ഇറക്കി മുറ്റത്തു മേയാന്‍ വിട്ടപ്പോള്‍ എപ്പോഴോ ഒരു കുഞ്ഞിനെ കാണാതെ പോയി. മൂക്കത്തു വിരലും വച്ചു ബാക്കിയുള്ളവരെ തടുത്തു കൂട്ടില്‍ കയറ്റി. എന്നിട്ട് അന്നത്തെ ദിവസ്സം മുഴുവന്‍ പുണ്യാളനെ ശരിക്കും പഴി പറഞ്ഞോണ്ട് നടന്നു.
കാക്കപ്രായം കഴിഞ്ഞു, ഒമ്പത് കുഞ്ഞുങ്ങള്‍ വളര്‍ന്നു. തള്ള കുഞ്ഞുങ്ങളെ കൊത്തി പിരിക്കുന്ന ലക്ഷണം കാണാഞ്ഞതിനാല്‍ മറിയാമ്മ ചേടത്തി തള്ളകോഴിയെ കറിവേപ്പിന്റെ വേരില്‍ കെട്ടിയിട്ടു. അങ്ങനെ മൂന്ന് ദിവസ്സം കഴിഞ്ഞപ്പോള്‍ തള്ളയുടെ പൊരുന്ന പോയി. അത് കുഞ്ഞുങ്ങളെ നോക്കാതെ വിട്ടുപോയി. പുറകെ ചെന്ന കുഞ്ഞുങ്ങളെ കൊത്തിയോടിച്ചു. അങ്ങനെ അവര്‍ കൊത്തിപിരിഞ്ഞു.
തള്ളയുള്ളപ്പോള്‍ തന്നെ മറിയാമ്മച്ചേടത്തി മനസ്സിലാക്കിയിരുന്നു അതില്‍ ഒരു കുഞ്ഞു ഇച്ചിരെ കഴിവുള്ളവള്‍ ആണെന്ന്. അന്ന് അതിനെ വീട്ടുകാരെല്ലാം പുകഴ്ത്തി പ്രോത്സാഹിപ്പിച്ചു. അവര്‍ അതിനെ 'സ്മാര്‍ട്ട് കോഴി' എന്ന് പേരിട്ടു. അവള്‍ ഇട്ടുകൊടുക്കുന്ന തീറ്റിക്കകത്തു കയറിനിന്നു മറ്റുള്ളവര്‍ തിന്നുന്നതിനു തടസ്സമായി നില്‍ക്കും. വളരുംതോറും അതിന്റെ ആ സ്വഭാവം കൂടിക്കൂടി വന്നു. തിന്നുമ്പോള്‍ തന്റെ ചിറകു കൊണ്ട് മെല്ലെ മെല്ലെ മറ്റുള്ളവരെ അവരറിയാതെ തട്ടി തട്ടി മാറ്റുവാനും കൊത്തുവാനും തുടങ്ങി. അങ്ങനെ ഇട്ടുകൊടുത്തിട്ടു പോരുന്ന തീറ്റയില്‍ കൂടുതല്‍ പങ്കും തിന്നുന്നതിനാല്‍ ആ കോഴി പെട്ടന്നങ്ങു തടിച്ചു കൊഴുത്തു. അവള്‍ കൊഴുത്തും മറ്റുള്ളവ മെലിഞ്ഞും വന്നു.
പ്രതീക്ഷിച്ചപോലെ അവള്‍ തന്നെ ആദ്യം മുട്ടയിട്ടു. അതില്‍ മറിയാമ്മച്ചേടത്തിക്ക് അഭിമാനവും അവളോട് മമതയും കൂടി. ഒപ്പം മറ്റുള്ള കോഴികള്‍ മുട്ടയിടാത്തതില്‍ ഉല്‍ക്കണ്ഠയും. അവരെക്കൂടെ മുട്ട ഇടീക്കണ്ടേ..? അതിനു മറ്റുള്ളവര്‍ക്കായി പുരയുടെ അങ്ങേ വശത്തു തീറ്റ ഇട്ടു കൊടുക്കാന്‍ തുടങ്ങി. എങ്ങനെയോ മണത്തറിഞ്ഞു സ്മാര്‍ട്ട് കോഴി അവിടെയും വന്നു തുടങ്ങി. അത് മറിയാമ്മച്ചേടത്തിക്കു മാത്രമല്ല ചാക്കോച്ചേട്ടനും അത്ര ഇഷ്ടപ്പെട്ടില്ല. അങ്ങനെ അവളുടെ കഴിവിനെ പുകഴ്ത്തിയിരുന്നവര്‍ അവളെ വെറുക്കാന്‍ തുടങ്ങി. അവര്‍ അതിന്റെ പേരുമാറ്റി 'കുശുമ്പി കോഴി' എന്നാക്കി.
ഇതിനിടയില്‍ ക്രിസ്മസ്സ് വന്നു, പള്ളീല്‍ പെരുന്നാള്‍ വന്നു, ഈസ്റ്റര്‍ വന്നു. കൂടെയുണ്ടായിരുന്ന പൂവങ്കോഴികളെല്ലാം അങ്ങനെ ആയുസ്സെത്താതെ കടന്നുപോയി. ഇനി ഒരത്യാവശ്യം വന്നാല്‍ മുട്ട ഇടുന്ന കോഴികള്‍ മാത്രം. കോഴി ഇറച്ചിയോടുള്ള കൊതി ചാക്കോച്ചേട്ടന്റെയും മക്കടേം നാവില്‍ നിറഞ്ഞു നിന്നു. എന്തുചെയ്യാം മുട്ട ഇടുന്നതും മുട്ട ഇടാന്‍ പാകത്തിനായതുമായ പിടക്കോഴികള്‍ മാത്രമല്ലേ ഉള്ളൂ. അവയെ തൊടാന്‍ മറിയാമ്മ ചേടത്തി സമ്മതിക്കത്തില്ല.
അങ്ങനെ ഇരിക്കുമ്പോളാണ് ചേടത്തീടെ മിലിട്ടറിയില്‍ ഉള്ള ഇളയ ആങ്ങളയുടെ വരവ്. പെട്ടെന്നായതിനാല്‍ നാട്ടിന്‍പുറത്തു പോത്തിറച്ചി കിട്ടാനുമില്ല. പട്ടണത്തില്‍ പോയി മേടിക്കാന്‍ സമയവും ഇല്ല. അതിന് ഒട്ടു പൈസയും തികയത്തില്ല. മറിയാമ്മ ചേടത്തി മുറ്റത്തിറങ്ങി പൊന്നുപോലെ വളര്‍ത്തുന്ന തന്റെ കോഴികളെ മാറിമാറി നോക്കി. തീറ്റി ഇട്ടു വിളിച്ചപ്പോള്‍ കുശുമ്പി കോഴിയും ഓടി വന്നു. എന്നും മുട്ട തരുന്ന അവള്‍ മറിയാമ്മചേടത്തീടെ മനം കവര്‍ന്നിരുന്നു. എങ്കിലും തീറ്റി തിന്നാന്‍ തുടങ്ങിയപ്പോള്‍ പഴയ സ്വഭാവം.
അവസാനം മറിയാമ്മച്ചേടത്തി ഒരു തീരുമാനമെടുത്തു. ഏതേലും ഒരു കോഴിയെ കൊല്ലാതെ പറ്റില്ല. തന്റെ അരുമ സഹോദരനെ അത്രയ്ക്ക് ഇഷ്ടമാണ്. വര്‍ഷങ്ങള്‍ കൂടി വരുമ്പോള്‍ ഒരു കോഴിയെ പോലും കൊല്ലാതെ എങ്ങനെയാ... ഇത്തവണ ആ നറുക്കു മറ്റു കോഴികള്‍ക്ക് ശല്യമായ കുശുമ്പി കോഴിക്ക് തന്നെ വീണു. അതാകുമ്പോള്‍ മറ്റു കോഴികള്‍ക്കു സമാധാനമായി തീറ്റി തിന്നുകയും വളരുകയും ചെയ്യാമല്ലോ.
ആ അഭിപ്രായത്തോട് വീട്ടില്‍ എല്ലാവര്‍ക്കും യോജിപ്പായിരുന്നു.
അന്നുവരെ മറ്റുള്ളവരെ തട്ടി മാറ്റികൊണ്ടിരുന്ന കൊഴുത്ത ചിറകും കാലുകളും ചേടത്തീടെ സഹോദരന്റെ പാത്രത്തിലും ബാക്കിയുള്ളത് ചാക്കോച്ചേട്ടന്റേം മക്കളുടേം പാത്രത്തിലും വീണു. സങ്കടത്താല്‍ ചേടത്തി ചാറും ഉരുളക്കിഴങ്ങും മാത്രമേ കൂട്ടിയുള്ളൂ. എങ്കിലും അടവെച്ച അടുത്ത പന്ത്രണ്ടു മുട്ടകള്‍ വിരിഞ്ഞുവരുന്നുണ്ടല്ലോ എന്ന ചിന്ത അവരെ സമാധാനപ്പെടുത്തി.
ദിവസ്സങ്ങള്‍ക്കു ശേഷം പതിവിനു വിപരീതമായി മുട്ടയിട്ടിട്ട് ഒരു കോഴി കൊക്കിയിരുന്ന സ്ഥാനത്തു അഞ്ചു കോഴികള്‍ ഒരുമിച്ചു കൊക്കിയപ്പോള്‍ മറിയാമ്മ ചേടത്തി മനസ്സില്‍ പറഞ്ഞു, 'ഇത് ഞാന്‍ പണ്ടേ ചെയ്യേണ്ടതായിരുന്നു' എന്ന്.
ദിവസ്സങ്ങള്‍ കഴിഞ്ഞു. അടവച്ചിരുന്ന മുട്ടകള്‍ വിരിഞ്ഞു പുതിയ കുഞ്ഞുങ്ങള്‍ മുറ്റത്തിറങ്ങിയപ്പോഴേ മക്കളിലാരോ വിളിച്ചു പറഞ്ഞു, അമ്മേ ഇതിലും ഒരു കുശുമ്പി ഉണ്ടേ...
ഉടന്‍ അടുക്കളയില്‍ നിന്നും മറിയാമ്മ ചേടത്തീടെ മറുപടി, 'അതിനെ ഇങ്ങ് കയ്യോടെ പിടിച്ചോ സൂപ് വച്ചേക്കാം. അല്ലങ്കില്‍ അത് മറ്റുള്ളവരെ തീറ്റി തിന്നു വളരാന്‍ അനുവദിക്കത്തില്ല.'
വളരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നമ്മുടെ അവകാശങ്ങള്‍ മാത്രം ഉപകാരപ്പെടുത്തുക. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതെങ്കിലും വിട്ടുകൊടുക്കുക. അവരും നമുക്കൊപ്പം വളരട്ടെ.