ചെറിയോരിടം

ചെറിയോരിടം

പുല്ല്...

ചെങ്കല്ലില്‍ തളിര്‍ക്കുന്ന പുല്ല്

തെല്ലുണങ്ങിയാല്‍ സ്വര്‍ണ്ണനിറം.

നിന്നുണങ്ങണം നിറവും ഗുണവും വേണമെങ്കില്‍.

ഓര്‍മ്മയില്‍ വെട്ടിക്കൂട്ടിയ പുല്ലുകളത്രയും

കൂടുനിര്‍മ്മിക്കാനായിരുന്നു.

ചെറിയോരിടം, ചെറിയൊരു കൂട്.

ഇടമില്ലാത്ത കൂട്

കൂട്ടിലിടമില്ല, തെല്ലിടമില്ല.

അവന്‍ വെട്ടിവച്ച പുല്ലുകട്ട്

ഞാന്‍ കൂടുവച്ചാല്‍,

ഈ കൂട്ടില്‍ അവനെവിടാണിടം

ചെറിയോരിടം മതി

വലുതുവേണ്ടാ,

ചെറുത് ഇത്രത്തോനം ചെറുത്.

ചേര്‍ന്നുനില്‍ക്കാന്‍, ചേര്‍ത്തുനിര്‍ത്താന്‍

മുട്ടിപ്പറ്റിനില്‍ക്കാന്‍.

പുല്‍ക്കൂടുണ്ടാക്കുന്ന തിരക്കിലാണ്

ഇത്തവണ അവനൊരിടം ഞാന്‍ നല്‍കും

വാശിയാണ്, ഞാന്‍ കൊടുത്തിരിക്കും.

കുഴിച്ചും കുത്തിയും

വരിഞ്ഞുകെട്ടിയും...

വേദന തുടങ്ങിയ ഒരു പെണ്ണ്...

ഏങ്ങി അലറിക്കരയുന്നുണ്ട്,

ആസ്പത്രിയില്‍ കൊണ്ടോകാന്‍

ഒരുവണ്ടിക്കായി അലയുന്നുണ്ട് അവന്‍.

വീട്ടുമുറ്റത്തെ മാരുതി ആള്‍ട്ടോ

ഒരല്പം മാറ്റിയാല്‍ കൂടിന് നീളം

കൂട്ടാമായിരുന്നു

എന്ന ചിന്തയിലായിരുന്നു ഞാന്‍.

കൂട്ടില്‍ അവള്‍ക്കെവിടാണിടം?

അവനെവിടാണിടം?

വലുപ്പം, ഇടമില്ലാത്ത വലുപ്പം.

പുല്ലില്‍ പിറന്നവന്‍, മന്ത്രിക്കുന്നുണ്ട്...

ചില നോവുകളില്‍

മനസ്സലിവുണ്ടാകുവോളം,

കല്ലിലും മണ്ണിലും പുല്ലിലും

ഇനി ഒരുകൂടും നീ ഉണ്ടാക്കേണ്ടതില്ല.

എനിക്കായ് ഇനി ഒരിടവും വേണ്ട

അവനില്ലാത്ത, അവള്‍ക്കില്ലാത്ത,

ഒരിടവും എനിക്കിനിവേണ്ടാ...

പുല്‍ക്കൂടിനു വെട്ടിസൂക്ഷിച്ച

പുല്ലിലെ തൊട്ടാവാടി

ചെറുതായി എന്നെ ഒന്നുകുത്തി...

നോവ്, വീണ്ടും എന്നോട് മന്ത്രിച്ചു.

മനസ്സലിവുണ്ടാകുവോളം,

കല്ലിലും മണ്ണിലും പുല്ലിലും

ഇനി ഒരുകൂടും നീ ഉണ്ടാക്കേണ്ടതില്ല.

തീര്‍ക്കേണ്ടത് ചെറിയോരിടം,

അവനും അവള്‍ക്കും ചെറിയോരിടം

ചെറുതുമതി, വലുതുവേണ്ട.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org