ശാന്തതയോടെ പ്രതികരിക്കാം

ശാന്തതയോടെ പ്രതികരിക്കാം

മനുഷ്യരുടെ തമ്മില്‍ത്തമ്മിലുള്ള ഇടപെടലുകളില്‍ വലിയൊരു ഒഴിയാബാധയാണു വികാരങ്ങളുടെ വേലിയേറ്റം. കോപം, വിദ്വേഷം, വെറുപ്പ്, അസൂയ എന്നിങ്ങനെ ഒട്ടേറെ വികാരങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ നമ്മുടെ ചിന്താശക്തിയെ ദുര്‍ബലപ്പെടുത്തും. അങ്ങനെ വരുമ്പോഴാണു നാം പറയാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പോലും നാമറിയാതെതന്നെ അധരങ്ങളിലൂടെ പുറത്തുവരിക. പെട്ടെന്നുള്ള ആവേശത്തിലൂടെ, ഉള്‍പ്രേരണയിലൂടെ ഒരു നിമിഷംപോലും ഒന്നു ചിന്തിക്കാന്‍ മെനക്കെടാതെ നാം ചില കാര്യങ്ങള്‍ വിളിച്ചുപറഞ്ഞേക്കാം. അരുതാത്ത പ്രവൃത്തികള്‍ ചെയ്തേക്കാം. എന്നിട്ടു പണ്ടേതോ കവി എഴുതിയതുപോലെ വാര്‍ദ്ധക്യത്തില്‍ മരണം കാത്തുകിടക്കുന്ന കാലംവരെ കുത്തിയിരുന്നു കണ്ണുനീര്‍ വാര്‍ത്തേക്കാം, പശ്ചാത്തപിച്ചേക്കാം. മനുഷ്യബന്ധങ്ങളെ വല്ലാതെ ഉലയ്ക്കുന്ന ഇത്തരം അധമവികാരങ്ങളെ നിയന്ത്രിക്കുവാന്‍ നാം പഠിക്കണം. താപം കുറയ്ക്കണം; തണുക്കണം.

നന്നായി ചൂടുപിടിച്ചാണു നില്ക്കുന്നതെങ്കില്‍ അടുത്തുനില്ക്കുന്ന ആള്‍ക്കു മാനസികമായ ഒരു അകല്‍ച്ചയാണ് അനുഭവപ്പെടുക. അയാള്‍ നിങ്ങളോടു സംസാരിക്കുന്നുണ്ടെങ്കില്‍പോലും മനസ്സ് അസ്വസ്ഥമായിരിക്കും; മറ്റെവിടെയോ ആയിരിക്കും എന്നാണ് ഇര്‍വിംഗ് ഗോഫ്മാന്‍ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ പറയുന്നത്. നമ്മുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നു നമുക്കറിയാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു യുദ്ധത്തിലെന്നപോലെ അപരനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരിക്കും ചിന്ത.

ശാന്തതയോടെ പ്രതികരിക്കുന്ന വ്യക്തികളെക്കുറിച്ചു നമുക്കു നല്ല മതിപ്പാണു തോന്നുക. ഏതു നാട്ടിലെ മനുഷ്യരുമാകട്ടെ, ഏതു സാംസ്കാരികപാരമ്പര്യമുള്ളവരുമാകട്ടെ, നല്ല മൂഡോടെ, വിവേകത്തോടെ പ്രതികരിക്കുന്നവരെയാണ് ഏവരും ഇഷ്ടപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org