ശിമയോന്‍

ലൂക്കാ 2:25-35
ശിമയോന്‍

ബൈബിളിലെ ഒരു വ്യക്തിയെക്കുറിച്ച് നമുക്ക് വിവരങ്ങള്‍ ലഭിക്കാന്‍ മൂന്നുതരം ഉറവിടങ്ങളുണ്ട്: ബൈബിള്‍ തന്നെയാണ് ആദ്യത്തേത്; പിന്നെ ചില ചരിത്ര പുസ്തകങ്ങളും; ഒപ്പം ബൈബിളേതര ക്രിസ്ത്യന്‍ പുസ്തകങ്ങളും. നിരവധി സുവിശേഷങ്ങളും ലേഖനങ്ങളും ഉണ്ടെങ്കിലും, ദൈവനിവേശിതങ്ങളെന്ന് തിരുസഭയ്ക്ക് ബോധ്യമുള്ള പുസ്തകങ്ങളെ മാത്രമേ വിശുദ്ധ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അത്തരം പുസ്തകങ്ങളെ കാനോനിക പുസ്തകങ്ങളെന്നാണ് വിളിക്കുന്നത്. കാനോനികമല്ലാത്ത പുസ്തകങ്ങളും ബൈബിള്‍ കഥാപാത്രങ്ങളെപ്പറ്റി പഠിക്കാന്‍ സഹായകരമാണ്.

കാനോനിക സുവിശേഷങ്ങളില്‍ ലൂക്കാ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള, അതും ബാല്യകാല വിവരണത്തില്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് ശിമയോന്‍. ജറൂസലേമില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ് ശിമയോന്‍. അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ച് ലൂക്കാ യാതൊരു സൂചനയും തരുന്നില്ലെങ്കിലും, കൂടെ വിവരിക്കുന്ന അന്ന എന്ന കഥാപാത്രം വാര്‍ധക്യത്തിലായതിനാലും, മരണത്തെക്കുറിച്ചുള്ള റഫറന്‍സ് ഉള്ളതിനാലും സ്വഭാവ വിശേഷണങ്ങള്‍കൊണ്ടും ശിമയോന്‍ ഒരു വൃദ്ധനായിരുന്നെന്നാണ് പരക്കെയുള്ള അനുമാനം. ശിമയോന്‍ ഒരു പുരോഹിതനാണെന്ന സൂചനയും ലൂക്കാ നല്‍കുന്നില്ല. എങ്കിലും ദേവാലയവുമായുള്ള ബന്ധത്താലും, ഈശോയേയും മാതാപിതാക്കളെയും അനുഗ്രഹിക്കുന്നതിനാലും പുരോഹിതനായി കരുതപ്പെടുന്നു.

'യാക്കോബിന്റെ സുവിശേഷത്തില്‍', ശിമയോന്‍, സ്‌നാപകന്റെ പിതാവായ സഖറിയായുടെ പിന്‍ഗാമിയാണെന്നും ഒരു പ്രധാന പുരോഹിതനാണെന്നും പറയുന്നു. 'പീലാത്തോസിന്റെ നടപടിപ്പുസ്തകത്തില്‍' ഈശോ ശിമയോന്റെ മരിച്ച രണ്ടു മക്കളെ ഉയിര്‍പ്പിക്കുന്ന കഥ വിവരിക്കുന്നുണ്ട്. ഹില്ലേല്‍ എന്ന പുരോഹിതന്റെ മകനാണ് ശിമയോനെന്നും, അദ്ദേഹത്തിന്റെ മകനാണ് ഗമാലിയേലെന്നും (അര േ5:34; 22:3) കരുതപ്പെടുന്നു.

നാല് വിശേഷണങ്ങളാണ് ശിമയോന് ലൂക്കാ നല്‍കുന്നത്. 1) നീതിമാന്‍ (റശസമശീ)െ: സഖറിയായ്ക്കും എലിസബത്തിനും യൗസേപ്പിനും തിരുവചനം നല്‍കുന്ന അതേ വിശേഷണം തന്നെയാണ് ശിമയോനും നല്‍കിയിരിക്കുന്നത്. കര്‍ത്താവിന്റെ നിയമങ്ങളോടുള്ള വിശ്വസ്തതയാകാം ഈ വാക്കുകൊണ്ട് സുവിശേഷകന്‍ ഉദ്ദേശിക്കുന്നത്; 2) ദൈവഭക്തന്‍: ലൂക്കായുടെ നടപടിപ്പുസ്തകത്തിലെ ഈ വാക്കിന്റെ പ്രയോഗത്തില്‍നിന്നും, ദൈവത്തോടുള്ള ഭക്തിയാല്‍ നിയമങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിഷ്ഠയുള്ളവന്‍ എന്നാണ് അര്‍ത്ഥം മനസ്സിലാവുന്നത്; 3) ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിക്കുന്നവര്‍: എന്താണ് ഈ ആശ്വാസമെന്ന് കൃത്യമായി പറയുക സാധ്യമല്ലെങ്കിലും, പണ്ഡിതമതമനുസരിച്ച്, ഏശയ്യയുടെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണം മിശിഹായില്‍ സംഭവിക്കും എന്ന പ്രതീക്ഷയാണെന്ന് കരുതപ്പെടുന്നു. ഇതാണ് ഈശോ നസറത്തിലെ സിനഗോഗില്‍ വച്ച് പ്രഖ്യാപിക്കുന്നതും; 4) പരിശുദ്ധാത്മാവ് ഉള്ളവന്‍: പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ശിമയോനെ ഒരു പ്രവാചകനാക്കുന്നു. ഈശോയുടെ സാന്നിധ്യത്താലാണ് എലിസബത്തും സ്‌നാപകനും പിന്നീട് ശിഷ്യരും ആത്മാവാല്‍ നിറയപ്പെടുന്നത്. അല്ലാതെ ആത്മാവാല്‍ നിറഞ്ഞവരായി കാണപ്പെടുന്നത് പരി. മറിയവും ശിമയോനുമാണ്. ഈ ആത്മാവിന്റെ നിര്‍ദേശങ്ങളും വെളിപാടും വാഗ്ദാനവും ലഭിച്ചവനാണ് ശിമയോന്‍.

കീര്‍ത്തനങ്ങളുടെ പുസ്തകമെന്നാണ് ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നത്. മൂന്ന് കീര്‍ത്തനങ്ങള്‍ ബാല്യകാല വിവരണത്തില്‍ കാണാം (Gloria in excelsis Deo - ചേര്‍ത്താല്‍ 4). അതില്‍ അവസാനത്തേത് ശിമയോന്റെ കീര്‍ത്തനമാണ്. മൂന്ന് പ്രധാന കാര്യങ്ങള്‍ അതില്‍ കാണാം: 1) ക്രിസ്തുവിന്റെ രക്ഷ നല്‍കുന്ന യഥാര്‍ത്ഥ സമാധാനത്തിനായുള്ള പ്രാര്‍ത്ഥന (Jn 14:27); 2) ശിമയോന്റെ 'കണ്ണുകള്‍ ഭാഗ്യമുള്ളവ എന്തെന്നാല്‍ അവ കാണേണ്ടത് കണ്ടു' (Mt 13:16); 3) ഈശോ സര്‍വജനത്തിനുമുള്ള രക്ഷയുടെ പ്രകാശവും മഹത്വവുമാണ്.

ഒടുവില്‍ ഒരു ആശീര്‍വാദം നല്കിയതിനുശേഷം, ഈശോയേയും മറിയത്തേയുംപ്പറ്റി പ്രവചനം നടത്തിയാണ് ശിമയോന്‍ അരങ്ങൊഴിയുന്നത്. ദൈവത്തിനുവേണ്ടി എത്രത്തോളം തീക്ഷ്ണതയോടെ കാത്തിരിക്കണമെന്ന് ശിമയോന്‍ നമ്മെ പഠിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org