സാത്താന്‍

പ്രോസോപ്പോന്‍ 13
സാത്താന്‍

കഥാപാത്രങ്ങളില്‍ നായകനും അവന്റെ കൂട്ടാളികളും മാത്രമല്ല ഉണ്ടാവുക അവനെ എതിര്‍ക്കുന്ന വില്ലന്മാരും ഉണ്ടാകും. ചില മോശപ്പെട്ട കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുകഴിഞ്ഞു. തിരുവചനത്തിലെ വില്ലന്മാരിലെ പ്രധാന കഥാപാത്രമാണ് സാത്താന്‍. തടസ്സം എന്ന ഒറ്റവാക്കില്‍ സാത്താന്റെ അര്‍ത്ഥത്തെ മനസ്സിലാക്കാം. ദൈവത്തിന്റെ പക്കലേക്ക് പോകാന്‍, ദൈവത്തിന്റെ പദ്ധതി അനുസരിക്കാന്‍ മനുഷ്യനെ തടസ്സപ്പെടുത്തുന്നതെന്തും സാത്താനാണ്. സാത്താന്‍ എന്നത് ഒരു കോടതി വാക്കാണ്. കോടതിയില്‍ ഒരാളെപ്പറ്റി കുറ്റംപറയുകയോ, ഏഷണിപറയുകയോ, എതിരുനില്‍ക്കുകയോ ചെയ്യുന്നവനാണ് സാത്താന്‍. പഴയനിയമത്തില്‍ മനുഷ്യനെതിരെ ദൈവത്തോട് ഏഷണിപറയുന്ന സാത്താനെ കാണാനാകും. മുഖ്യപുരോഹിതനായ ജോഷ്വയ്‌ക്കെതിരായും ജോബിനെതിരായും അവന്‍ ദൈവത്തോട് കുറ്റംപറയുന്നു. ഹവ്വായെയും ദാവീദിനെയും പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

യഹൂദ ഏകദൈവവിശ്വാസത്തില്‍ സാത്താന് സത്യത്തില്‍ റോളൊന്നും ഇല്ല. സര്‍വശക്തനായ ദൈവത്തിന് എതിരുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. എന്നാല്‍ ബാബിലോണിയന്‍ വിപ്രവാസത്തിനുശേഷം പേര്‍ഷ്യന്‍ ചിന്തകള്‍ ഇസ്രയേലിന്റെ ദൈവശാസ്ത്രത്തെ സ്വാധീനിച്ചു. പേര്‍ഷ്യക്കാരുടെ ദുഷ്ടദൈവം എന്ന ആശയം കടമെടുത്ത്, യഹോവയ്‌ക്കെതിരെയുള്ള ഒരു ദുഷ്ടശക്തിയായി സാത്താനെ കാണാന്‍ തുടങ്ങി. അങ്ങനെ സാത്താന്‍ എന്ന കഥാപാത്രം ഉടലെടുത്തു. അതിനാല്‍ സാത്താന്‍ എന്ന ഹീബ്രുവാക്കിനെ പിശാച് എന്നും പരിഭാഷപ്പെടുത്താറുണ്ട്.

പുതിയനിയമം സാത്താന് നിരവധി പേരുകള്‍ നല്‍കിയിട്ടുണ്ട്: ബില്‍സബൂള്‍, ബലിയാല്‍, ദുഷ്ടന്‍, ശത്രു, നുണയന്‍, പുരാതനസര്‍പ്പം, പിശാചുക്കളുടെ തലവന്‍, പരീക്ഷകന്‍, ഈ ലോകത്തിന്റെ അധികാരി… പഴയനിയമത്തിലേതുപോലെ പുതിയനിയമത്തിലും സാത്താന്റെ ചെയ്തികള്‍ വിവരിക്കുന്നുണ്ട്. അവന്‍ ഒരു കൊലപാതകിയും നുണയനുമാണ്. പ്രകാശത്തിന്റെ ദൂതനായി വേഷംമാറി അവന്‍ സുവിശേഷം ഒളിച്ചുവയ്ക്കുന്നു. അവന്‍ മനുഷ്യരാശിയെ അടിച്ചമര്‍ത്തുന്നു, രോഗത്തിന് കാരണമാകുന്നു, അവന്റെ നിയന്ത്രണത്തിലുള്ളവര്‍ അവന്റെ മക്കളാണ്, ക്രിസ്ത്യാനികളെ തന്നിലേക്ക് ആകര്‍ഷിക്കാനും അവരെ പാപത്തില്‍ കുടുക്കാനും അവന്‍ പ്രവര്‍ത്തിക്കുന്നു, അവരുടെ ജോലിയെ തടസ്സപ്പെടുത്താനും അവരെ കുറ്റപ്പെടുത്താനും അവന്‍ ശ്രമിക്കുന്നു.

സാത്താന്‍, ആദ്യമാതാപിതാക്കള്‍ ഉള്‍പ്പെടുന്ന മനുഷ്യരെ മാത്രമല്ല അവതരിച്ച ദൈവമായ ഈശോയെയും പരീക്ഷിക്കാന്‍ നോക്കി. ഈശോ വന്നതാകട്ടെ സാത്താനെന്ന വില്ലന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാനും അവനെ സ്വര്‍ഗത്തുനിന്നും ഭൂമിയില്‍നിന്നും ആട്ടിപ്പായിക്കാനുമാണ്. എന്നാല്‍ അത് തുടങ്ങിവച്ചെങ്കിലും പൂര്‍ത്തീകരിക്കപ്പെടുന്നത് കാലത്തിന്റെ തികവിലാണ്. അതുവരെയും നായകനായ ഈശോയുടെ പക്ഷംചേര്‍ന്നുനില്‍ക്കുന്ന സഭ സാത്താന്റെ കുതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം (എഫേ. 6:11; യാക്കോ 4:7; 2 കോറി 2:11).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org